പൈതൃകമായി വിമാനത്താവളത്തിലൊരു ഖത്തരി സൂഖ്
text_fieldsഹമദ് വിമാനത്താവളത്തിൽ ആരംഭിച്ച സൂഖ് അൽ മതാർ
ദോഹ: വിമാനയാത്രക്കാർക്ക് ദോഹയിലെ സൂഖിലെത്തി ഷോപ്പിങ് നടത്തി, ഒരു കറക് ചായയും കുടിച്ച് മടങ്ങുന്ന അനുഭവവുമായി ഹമദ് വിമാനത്താവളത്തിൽ ഒരു പരമ്പരാഗത ഖത്തരി സൂഖ്. വിമാനത്താവളത്തിലെ റീട്ടെയിൽ ഓപറേറ്റർമാരായ ഖത്തർ ഡ്യൂട്ടി ഫ്രീ ആണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ‘സൂഖ് അൽ മതാർ’ എന്ന പേരിൽ പരമ്പരാഗത സൂഖിന് തുടക്കം കുറിച്ചത്. ഹമദിലെ നോർത്ത് ടെർമിനലിലാണ് ഏഴ് കടകളും രണ്ട് റസ്റ്റാറൻറുകളും ഉൾപ്പെടുന്ന പരമ്പരാഗത ഖത്തരി സൂഖ് തുറന്നത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഉദ്ഘാടനവും നിർവഹിച്ചു.
ഖത്തറിലെ പ്രമുഖ ആർക്കിടെക്റ്റും അൽ തുമാമ സ്റ്റേഡിയം ശിൽപിയുമായ ഇബ്രാഹിം എം. ജെയ്ദയാണ് സൂഖ് അൽ മതാറിന്റെയും പിന്നണിയിൽ പ്രവർത്തിച്ചത്.
മേഖലയിലെ തന്നെ പ്രശസ്തമായ ട്രാൻസിറ്റ് ഹബായി മാറിയ ഹമദ് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക്, പുറത്തിറങ്ങാതെതന്നെ ഖത്തറിന്റെ പരമ്പരാഗത സംസ്കാരങ്ങൾ അനുഭവിച്ചറിയാനുള്ള അവസരം കൂടിയാണ് ഈ സൂഖ്. നെയ്ത്ത് തുണികളിലെ മേൽക്കൂരയും മരത്തിൽ തീർത്ത ചുമരും ജനലുകളും പഴമ വിളിച്ചോതുന്ന നിർമാണ ഭംഗിയുമായി സൂഖ് ശ്രദ്ധേയമാകുന്നു. പൈതൃക പ്രദർശനമായി പരമ്പരാഗത പായ്ക്കപ്പലിന്റെ മാതൃക നടുവിലായി സജ്ജീകരിച്ചിരിക്കുന്നു.
ഉദ്ഘാടനത്തിന്റെ ഭാഗമായി വിവിധ പാരമ്പരാഗത മാതൃകകളുടെ പ്രദർശനവും പുരോഗമിക്കുന്നുണ്ട്. സദു മാതൃകയിലെ നെയ്ത്തും കൊട്ട നിർമാണവുമെല്ലാം കാണാം. സന്ദർശകരെ ഗഹ്വ നൽകിയാണ് സ്വീകരിക്കുന്നത്. പരമ്പരാഗത മേൽക്കുപ്പായമായ ബിഷ്ത് അണിയാനും അതിന്റെ നിർമാണവും പരിചയപ്പെടുത്തുന്നു.
അന്താരാഷ്ട്ര യാത്രികർക്ക് ഏറ്റവും മികച്ച അനുഭവങ്ങൾ സമ്മാനിക്കുകയാണ് ഇതുവഴിയെന്ന് ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ എൻജി. ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. യാത്രക്കാർക്ക് സൂഖ് ഷോപ്പിങ്ങിനും ഭക്ഷണം രുചിക്കാനും പരമ്പരാഗത വാണിജ്യം അനുഭവിച്ചറിയാനും അവസരം നൽകുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.