ദർബ് അൽ സാഇയിൽ കൂടാം
text_fieldsഖത്തറിന്റെ ദേശീയദിനമെന്നു കേൾക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്നതാണ് ‘ദർബ് അൽ സാഇ’. മറൂണും തൂവെള്ളയും നിറത്തിൽ പാറിക്കളിക്കുന്ന ദേശീയ പതാകക്കൊപ്പം നാടിന്റെ മഹിതമായ സംസ്കാരവും പാരമ്പര്യവുമെല്ലാം വിളംബരംചെയ്യുന്നൊരു ഉത്സവവിരുന്ന്. ദേശീയദിനമെത്തുന്നതിന്റെ ആരവമായി ആഴ്ചകൾ മുമ്പു തന്നെ ‘ദർബ് അൽ സാഇ’ക്ക് കൊടിയുയരും. പിന്നെ ആഘോഷങ്ങളുടെ പൂരനഗരിയാണിവിടം. ഖത്തർ സാംസ്കാരിക മന്ത്രാലയത്തിനു കീഴിൽ വിവിധ മന്ത്രാലയങ്ങളുടെ പങ്കാളിത്തത്തോടെ നടത്തിയിരുന്ന ‘ദർബ് അൽ സാഇ’ കഴിഞ്ഞ വർഷം മുതലാണ് പുതിയൊരു വേദിയിലേക്കു മാറിയത്. ദോഹയിൽനിന്ന് 28 കിലോമീറ്ററോളം ദൂരെ, ഉംസലാൽ മുഹമ്മദിലാണ് വിശാലമായ കോമ്പൗണ്ടിലാണ് ഇപ്പോൾ സ്ഥിരം വേദിയൊരുക്കിയത്. ഇവിടെയാണ് നാടിന്റെ പാരമ്പര്യവും പൈതൃകവും ഉദ്ഘോഷിക്കുന്ന ദർബ് അൽ സാഇ അരങ്ങേറുന്നത്.
‘റൂട്ട് ഓഫ് ദ മെസഞ്ചർ’
‘ദർബ് അൽ സാഇ’യുടെ ചരിത്രം ചികഞ്ഞാൽ രാഷ്ട്ര സ്ഥാപകൻ ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ ഥാനിയിലെത്തും. അദ്ദേഹത്തിന്റെ കാലത്ത് ഭരണാധികാരികളുടെ സന്ദേശങ്ങൾ എത്തിക്കുന്ന വാഹക സംഘവുമായി ബന്ധപ്പെട്ടതാണ് ‘ദർബ് അൽ സാഇ’. വിശ്വസ്തതയിലും കൂറിലും, ധൈര്യത്തിലുമെല്ലാം കേമന്മാരാണ് ഈ സന്ദേശവാഹകർ. ഒട്ടകപ്പുറത്തും കുതിരപ്പുറത്തും കുതിക്കാനും, ആയോധനമികവിലും മറ്റും വൈദഗ്ധ്യമുള്ള പോരാളികൾ. ഏതു പ്രക്ഷുബ്ധ സാഹചര്യത്തിലും തങ്ങളെ ഏൽപിച്ച ജോലി ചെയ്യുന്ന ഇവരുടെ വഴിയെ സൂചിപ്പിക്കുന്നതാണ് ‘ദർബ് അൽ സാഇ’ സംഘം.
ഖത്തറിന്റെ പൗരാണികതയുമായി ഏറെ ബന്ധമുള്ള ഈ പേരാണ് രാജ്യത്തിന്റെ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി പൈതൃകവും സംസ്കാരവുമെല്ലാം പുതുതലമുറയിലേക്ക് പകരാനുള്ള വേദിക്കും നൽകിയിരിക്കുന്നത്.
നൂറ്റാണ്ടുകൾ മുമ്പ് ഈ നാട്ടുകാർ എങ്ങനെ ജീവിച്ചിരുന്നുവോ, അതെല്ലാം കാണാനും പരിചയപ്പെടാനും അതുവഴി തങ്ങളുടെ പാരമ്പര്യത്തെ ഊട്ടിയുറപ്പിക്കാനുമുള്ള വേദിയാണ് ഓരോ വർഷത്തെയും ദർബ് അൽ സാഇയിലൂടെ ലക്ഷ്യമിടുന്നത്.
ഡിസംബർ 10ന് തുടക്കംകുറിച്ച ആഘോഷവേദി 18ന് അവസാനിക്കും. 1.50 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ദർബ് അൽ സാഇ ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി 11 വരെയാണ് പ്രവർത്തിക്കുന്നത്. സൈനിക ബാൻഡ്, കുതിര, ഒട്ടക സവാരിക്കാരുടെ പ്രദർശനം, പരമ്പരാഗത പായ്ക്കപ്പലായ ദൗ ബോട്ട്, സമുദ്ര പൈതൃകങ്ങൾ, പഴയകാല വീട്ടുപകരണങ്ങൾ, തൊഴിലുപകരണങ്ങൾ അങ്ങനെയെല്ലാം ഒരുക്കിയാണ് ദർബ് അൽ സാഇ സന്ദർശകരെ വരവേൽക്കുന്നത്.
ഇതിനു പുറമെ സാംസ്കാരിക സെമിനാറുകൾ, കവിതാ സായാഹ്നങ്ങൾ, ദൈനംദിന സാംസ്കാരിക, പൈതൃകപരിപാടികൾ എന്നിവയും നടക്കുന്നു. സാംസ്കാരിക മന്ത്രാലയത്തിനു കീഴിൽ വിവിധ ശിൽപശാലകളുമുണ്ട്. കുട്ടികൾക്കും കുടുംബങ്ങൾക്കും ആസ്വദിക്കാനും അറിയാനുമുള്ള ഇടമാണ് ഇവിടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.