ശവംതീനികൾ
text_fieldsകുഞ്ഞച്ചൻ മരിച്ചു. ഭൂതകാലത്ത് ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന രാഷ്ട്രീയ കലാസാംസ്കാരിക സാമൂഹിക സാമ്പത്തിക മതരംഗങ്ങളിലെല്ലാം തന്നെ തന്റെ വ്യക്തിമുദ്ര പതിപ്പിക്കുകയും മരണംവരെ ഈ സംഘടനകളിൽ ഓരോന്നിന്റെയും ഉന്നതസ്ഥാനം വഹിക്കുകയും ചെയ്തയാളായിരുന്നു, ടിയാൻ. ഒപ്പം വർഷങ്ങൾക്ക് മുമ്പ് മരുപ്പച്ച തേടിപ്പോയ മണലാരണ്യത്തിലെ മിക്ക പ്രവാസി സംഘടനകളുടെയും മാറ്റി നിർത്താൻ കഴിയാത്ത ഒരു വ്യക്തിയുമായിരുന്നു. മരണവാർത്തയറിഞ്ഞ് ജനം കുഞ്ഞച്ചന്റെ വീട്ടിലേക്കൊഴുകി.
നാട്ടിലെ റീത്തുകച്ചവടക്കാർക്ക് ചാകരകയറിയ ദിവസമായിരുന്നു അന്ന്. എല്ലാ പാർട്ടികളിലും സംഘടനകളിലുംപെട്ട ആളായതുകൊണ്ട് സപ്തവർണങ്ങളും കൂട്ടിക്കുഴച്ച നിറങ്ങളുമുള്ള റീത്തുകൾ കൊണ്ട് കുഞ്ഞച്ചന്റെ വീടും പരിസരവും നിറഞ്ഞു; അല്ല നിറഞ്ഞു കവിഞ്ഞു.
കൊടിവെച്ച കാറുകളും സൈറൺ മുഴക്കിയ ജീപ്പുകളും മുന്തിയതരം വിദേശവാഹനങ്ങളും പിന്നെ മതാചാര്യന്മാരും കലാസാംസ്കാരിക നായകന്മാരും ആൾദൈവങ്ങളും... ദൈവമേ! ഒന്നും പറയേണ്ട, നാട്ടിലെ എല്ലാ വിഭാഗങ്ങളെയും ജാതി മത വർഗ വർണ വ്യത്യാസമില്ലാതെ ഒരു കൂരയ്ക്കുതാഴെ കാണാൻ ഞങ്ങൾക്ക് കഴിഞ്ഞു. കുറ്റം പറയരുതല്ലോ, പ്രവാസലോകത്തുനിന്നും തങ്ങളുടെ സാന്നിധ്യമറിയിക്കാനും കോട്ടും സൂട്ടുമിട്ട ആളുകളെത്തി. ഗൾഫിൽ മരിക്കുന്ന മിക്ക പ്രേതങ്ങളെയും ഏറ്റെടുത്ത് നാടുകാണാൻ സഹായിച്ചയാളോട് പ്രവാസികൾക്ക് നന്ദിയും കടപ്പാടും വേണ്ടേ? വന്നവർ മരിച്ച ദേഹത്തെ വാനോളം പുകഴ്ത്തി.
അവസാനം ശവമടക്കിനുള്ള സമയമറിയിച്ച് സെമിത്തേരിയിൽനിന്നും ശവമഞ്ചവുമായി ആളുകളെത്തി. അവസാനമായി മൃതദേഹം ഒരുനോക്കുകാണാൻ തടിച്ചുകൂടിയവർ മൂക്ക് പിഴിഞ്ഞു. കണ്ണുനീരില്ലാത്തവർ അതുള്ളതായി അഭിനയിച്ചുതീർത്തു. കുഞ്ഞച്ചന്റെ ഇതിഹാസ ചരിത്രങ്ങൾ പറയാൻ ജനം മത്സരിച്ചു. പള്ളിക്കാരെയും ബന്ധുക്കളെയും മാറ്റി നിർത്തി പൊതുജനം ശവത്തിന് ചുറ്റുംകൂടി. വിശന്നുവലഞ്ഞ നായ്ക്കൾ എല്ലിൻ കഷണത്തിനായി കൂടുന്നതുപോലെ...
അവർ കുഞ്ഞച്ചനെന്ന മൃതദേഹത്തെ വീതംവെക്കാൻ തുടങ്ങി. ചുരുക്കിപ്പറഞ്ഞാൽ ശവപ്പറമ്പിലേക്കെടുക്കാൻ മൂപ്പരുടെ കുടുംബക്കാർക്ക് നേർച്ചക്കുപോലും ടിയാന്റെ ഒരു പീസുപോലും കിട്ടിയില്ല. കുഞ്ഞച്ചനെന്ന പ്രേതത്തിന്റെ ‘പേറ്റൻറ്’ തങ്ങൾക്കാണെന്ന അവകാശവാദങ്ങളുടെ പേരിലുള്ള തർക്കങ്ങളിൽ അയാൾ അംഗമായിരുന്ന രാഷ്ട്രീയ പാർട്ടിയും സംഘടനകളും പ്രവാസി ഗ്രൂപ്പുകളും മറ്റുള്ളവരും ചേർന്ന് പാവം മൃതദേഹത്തെ വീതം വെച്ചുകഴിഞ്ഞിരുന്നു....
കുഞ്ഞച്ചന്റെ പേരിലുള്ള പത്തോളം സ്മാരകങ്ങളെ കണി കണ്ടുകൊണ്ടാണ് അടുത്ത ദിവസം ഞങ്ങളുടെ നാട്ടിലെ കോഴി കൂവിയത്....
സൗദിയിലെ പ്രവാസി മലയാളികളുടെ
രചനകൾ (ലേഖനം, അനുഭവക്കുറിപ്പുകൾ,
കവിത, ചെറുകഥ, വരകൾ, യാത്രാവിവരണം
തുടങ്ങിയവ) പ്രസിദ്ധീകരിക്കുന്നതിനുള്ള
ഇടമാണ് ആർട്സ് ക്ലബ്. രചനകൾ അയക്കേ ണ്ട വിലാസം- saudiinbox@gulfmadhyamam.net
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.