Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightRachanachevron_rightബന്ധിത

ബന്ധിത

text_fields
bookmark_border
attappadi
cancel

ചുരം തുടങ്ങുന്നിടത്ത് ഗോ സ്ലോ എന്ന സൂചനാഫലകം കണ്ടപ്പോൾ ചന്ദ്രഹാസൻ കാറിന്‍റെ വേഗത ഒരല്പം കൂട്ടി. അയാളുടെ പ്രവൃത്തിയിൽ അതൃപ്തയായിക്കൊണ്ട് ജ്യോതി രൂക്ഷമായി അയാളെ ഒന്നുനോക്കി.

മുഴച്ചുനിന്ന പാറക്കല്ലുകളിൽ ഘനീഭവിച്ചുപോയ കാട്ടുചരിതം ആരാലും അറിയാതെ ഉറങ്ങിക്കിടന്നു. സച്ചരിതനായ ചന്ദ്രഹാസൻ ഒരിക്കൽ കൂടി അവളുടെ മുഖത്തേക്ക് നോക്കി.

"ഈ ചുരത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?"

ഒന്നാം വളവ് തിരിഞ്ഞ് രണ്ടാംവളവിലേക്ക് നീങ്ങുന്നതിനിടയിൽ അയാൾ ജ്യോതിയോട് ചോദിച്ചു.

"ചുരം കേറിയാ അട്ടപ്പാട്യാണെന്നറിയാ"

അവളുടെ മറുപടി കേട്ട് ചന്ദ്രഹാസൻ ഒന്നു ചിരിച്ചു.

"അട്ടപ്പാടി ചുരം കേറിയാ പിന്നെ മൂന്നാറെത്തോ മണ്ടിപ്പെണ്ണേ"

ജ്യോതി ജാള്യത മറച്ചുവയ്ക്കാതെ ചിരിക്കാൻ ശ്രമിച്ചു.

കനത്ത നിശബ്ദതയിൽ ആഴ്ന്നിറങ്ങിയ മഹാശാഖികൾക്കിടയിലൂടെ വണ്ടി കുതിച്ചു.

"ന്നാലും അട്ടപ്പാടില് എന്താ?''

വിട്ടുമാറാത്ത സംശയത്തെ അകലങ്ങളിലേക്ക് പറത്താൻ ജ്യോതി വെമ്പൽക്കൊണ്ടു.

"നമ്മള് പോവല്ലേ അപ്പൊ കാണാല്ലോ"

ചന്ദ്രഹാസന്‍റെ മറുപടി അവളെ നിരാശയിലേക്ക് തള്ളിവിട്ടു.

പിന്നീട് ഏഴാം വളവെത്തുന്നതുവരെ ജ്യോതി ഒന്നും മിണ്ടിയില്ല. ഇടതു വശത്ത് റോഡിനപ്പുറം താഴ്ന്നുപോയ അഗാധഗർത്തവും അതിനപ്പുറത്തെ മനോഹരമായ കുന്നും അവളുടെ ചുണ്ടുകളിൽ മന്ദഹാസം വിരിയിച്ചു.

"ഇപ്പൊ തടവിൽ നിന്ന് രക്ഷപ്പെട്ടതുപോലെ തോന്നുന്നുണ്ടോ?"

ചന്ദ്രഹാസന്‍റെ ചോദ്യം കേട്ട് അവൾ ഗർത്തത്തിൽ നിന്നും താനേ പൊങ്ങിവന്നു.

"ഇനിയായിരിക്കും ശരിക്കും പെടുക, എന്തപ്പതിനു മാത്രം ണ്ടായേന്ന് കാണ്ന്നോരെല്ലാം ചോയിക്കാ നിക്കറീല ന്താ പറയണ്ടേന്ന്."

നീണ്ടുനിന്ന നിശബ്ദത നിരത്തിന്‍റെ അറ്റത്തുയർന്നു നിന്ന കമ്പിവേലികളിൽ തട്ടി ഗർത്തത്തിന്‍റെ അഗാധമായ ഇരുട്ടിലേക്ക് കൂപ്പുകുത്തി. വാക്കുകളേക്കാൾ മൂർച്ചയേറിയ നിശബ്ദത തന്നെ അരിയുന്നതുപോലെ അവൾക്ക് തോന്നി.

പത്താംവളവിലെ വിശാലമായ മരച്ചുവട്ടിൽ ചന്ദ്രഹാസൻ കാർ നിറുത്തി. അകലെ ആയിരമായിരം കാതങ്ങളകലേക്ക് വിരൽ ചൂണ്ടി എന്തോ പറഞ്ഞുക്കൊണ്ടിരുന്ന മധ്യവയസ്കനെ പിന്നിലാക്കി അയാളും ജ്യോതിയും മുന്നോട്ടുനടന്നു. സഹ്യന്‍റെ നെഞ്ചിൽ നിന്ന് ഉടലെടുത്ത ഇളംതെന്നൽ അവളുടെ ലിപ്സ്റ്റിക്കിൽ ചുംബിച്ചു.

"ദേ നോക്ക് ഇവിടെ വെച്ച് നമ്മള് പുതിയൊരു ജീവിതം തൊടങ്ങാണ്"

അവളുടെ കണ്ണുകൾ ചന്ദ്രഹാസനെ പൂർണമായും പിടിച്ചെടുത്തു. നര വീണ അയാളുടെ മുന്നിലെ മുടികളും കൂർത്തുനിന്ന മുൻപല്ലും അയാളുടെ ചിത്രത്തിൽ നിന്നും അവൾ മനഃപൂർവ്വം ഒഴിവാക്കി.

അയാളുടെ വാക്കുകൾ കേട്ട് അവൾ തലതാഴ്‌ത്തി നിന്നു. കള്ളമല കയറിയിറങ്ങിയ അടുത്ത കാറ്റിൽ അകപ്പെടുംമുമ്പേ ചന്ദ്രഹാസൻ ജ്യോതിയുടെ വലതുകൈയിൽ അമർത്തിപ്പിടിച്ചുക്കൊണ്ട് കാറിനരികിലേക്ക് നടന്നു.

സ്ഥിരം പുലി ഇറങ്ങാറുള്ള അരുവിയുടെ കരയിലെത്തിയപ്പോൾ അയാൾ വണ്ടിയൊതുക്കി. ദേ ഇവിടെയാണ് പുലി സ്ഥിരം വെള്ളം കുടിക്കാൻ വരാറുള്ളതെന്ന് ചന്ദ്രഹാസൻ പറഞ്ഞപ്പോൾ ജ്യോതി വണ്ടി വേഗത്തിൽ മുന്നോട്ടെടുക്കാൻ മുറവിളി കൂട്ടി.

മുക്കാലിയെത്തിയപ്പോൾ തകർന്ന റോഡിലൂടെ വണ്ടി ആനവായ് ലക്ഷ്യമാക്കി ഇഴഞ്ഞു. എണ്ണമയമില്ലാത്ത തലമുടിയ്ക്കുടമകളായ അനേകംപേരെ ജ്യോതി സൂക്ഷ്മനിരീക്ഷണത്തിന് വിധേയരാക്കി.

ചിണ്ടക്കിയിലെ വലിയ മരങ്ങൾക്കപ്പുറത്ത് വെളുത്തുതുടുത്ത വെള്ളാരങ്കല്ലുകൾക്കപ്പുറം നെല്ലിപ്പുഴയുടെ ബാല്യം മനോഹരമായി ഒഴുകുന്നുണ്ടായിരുന്നു. കട്ട പതിപ്പിച്ച പാതയിലൂടെ കാർ മുന്നോട്ടുനീങ്ങി...

കുന്നുകയറി ഇടത്തോട്ട് തിരിഞ്ഞപ്പോൾ വലിയ മരങ്ങൾ ഇടംപിടിച്ച റിസോർട്ടിന്‍റെ മുറ്റം അവളുടെ കണ്ണുകളിൽ നിവർന്നുകിടന്നു. മതിലിനോട് ചേർന്ന് കാർ ചാരിയിട്ട് ചന്ദ്രഹാസൻ ഇറങ്ങി കൂടെ ജ്യോതിയും.

ചിതറിത്തെറിച്ച ഓർക്കിഡ് ചെടികൾക്കിടയിലൂടെ റിസപ്‌ഷനിലേക്കുള്ള വഴി നീണ്ടുപോയിരുന്നു. അതിഥികൾ കയറിവരുന്ന വഴിയുടെ അരികിലായി ഇടംപിടിച്ച സോഫയിലിരുന്ന് വിഷാദവും വിഷമവും സമംചേർത്ത് വിഴുങ്ങിക്കൊണ്ടിരുന്ന മാത്യുച്ചായന്‍റെ മുഖത്തേക്ക് നോക്കിയപ്പോൾ ലിനോയ്ക്ക് സങ്കടം തോന്നി.

മിനിയേയും തന്നേയും ഒരുമിച്ചു കാണുമ്പോൾ കളിയാക്കിച്ചിരിക്കുന്നവരെ കാണുമ്പോൾ മാത്യുച്ചായൻ മുഖം കറുപ്പിക്കും. ഒരിക്കൽ അയാൾ തന്‍റെ അമ്മച്ചിയോട് കയർക്കുകയും ചെയ്തു.

"എന്നതാ ഇത്! ഞാനിനി അവൾടെ ഗർഭപാത്രത്തീക്ക് ഒരു കൊച്ചിനെ കുത്തികേറ്റണംന്നാണോ അമ്മച്ചി പറേന്നെ..."

ആ ദേഷ്യത്തിന് വലിയ ആയുസ്സുണ്ടായില്ല. അടുത്ത നിമിഷം അയാൾക്ക് ഖേദം തോന്നി. കാഞ്ഞിരപ്പള്ളീന്ന് കുടിയേറി വന്ന തന്തപോയ മക്കളെ നന്നായി പഠിപ്പിക്കാൻ ഏലിയാമ്മ സഹിച്ച കഷ്ട്ടപ്പാടുകൾ നാട്ടുകാരിൽ നിന്നും അയാൾക്ക് ഇടയ്ക്കിടെ കേൾക്കാമായിരുന്നു.

കഴിഞ്ഞ ദിവസം മിനി മരിച്ചു. അമ്മച്ചിപോയി രണ്ടരമാസം കഴിയുംമുമ്പേ അവളും കർത്താവിങ്കലേക്ക് പോകുമെന്ന് മാത്യുച്ചായൻ പ്രതീക്ഷിച്ചിരുന്നില്ല.

സോഫയുടെ ഉയർന്ന തിട്ടയിൽ കൈയും വെച്ച് തലചാരിയിരിക്കുന്നതിനിടയിലാണ് ചന്ദ്രഹാസനും മിനിയും കയറിവന്നത്.

"ഒരു റൂം വേണം"

പുതിയ അതിഥികളെ കണ്ടമാത്രയിൽ ലിനോ അവരെ നോക്കി കൃത്രിമച്ചിരി പൊഴിച്ചു.

"ദാ സർ നൂറ്റിപ്പതിനാൽ അവിടെയാണ്"

മുറിയുടെ ചാവി അവർക്കുനേരെ നീട്ടിയ ശേഷം ആ കെട്ടിടത്തിന്‍റെ താഴെയായി നിലകൊണ്ടിരുന്ന ഓടിട്ട ടൂറിസ്റ്റ്ഹോമിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ലിനോ പറഞ്ഞു.

ചന്ദ്രഹാസൻ ജ്യോതിയുടെ കൈയും പിടിച്ച് അവിടേക്ക് നടന്നു. അവരുടെ പുറകേ ഒരു ജഗ്ഗ് വെള്ളവും രണ്ട് ഗ്ലാസും പിടിച്ച് ഇരുപത് തികയാത്ത രാഹുലനും നടന്നു. കോൺക്രീറ്റ് കല്ലു പതിപ്പിച്ച വഴിയുടെ ഇടതുവശത്ത് സ്വിമ്മിങ്‌പൂൾ നിശ്ചലമായിക്കിടന്ന് ഉറക്കം നടിക്കുന്നുണ്ടായിരുന്നു. സിംഹവാലൻ കുരങ്ങിന്‍റേയും കൊമ്പനാനകളുടേയും മണം പിടിച്ചെത്തിയ നനുത്ത കാറ്റിൽ അത് പലവട്ടം ഓളങ്ങളെ സൃഷ്ടിച്ചു.

പരിക്ഷീണം ബാധിച്ചുതളർന്ന ചന്ദ്രഹാസൻ നേരേ ചെന്ന് മെത്തയിലേക്ക് ചാഞ്ഞു. രാഹുലൻ ടീപോയിലേക്ക് വെള്ളവും ഗ്ലാസുകളും വച്ച് വേഗത്തിൽ നടന്നകന്നു.അവൻ അങ്ങനെയാണ്. രണ്ടാമതൊരാളുടെ സ്വകാര്യതയിലേക്ക് പോലും അവൻ കടന്നുകയറാറില്ല. യഥാർത്ഥത്തിൽ രാഹുലന് സ്വകാര്യതകളേയില്ല. ശരീരം പോലും സ്വകാര്യതയല്ലാത്ത കാലത്ത്, സ്വന്തമായി ഫോണോ ഇന്‍റർനെറ്റോ ഇല്ലാത്ത അവനെന്ത് സ്വകാര്യത!. അമ്മയോടൊപ്പം ഒരു തവണ ചുരമിറങ്ങി മണ്ണാർക്കാട്ടെ താലൂക്ക് ആശുപത്രിയിൽ പോയതല്ലാതെ മറ്റൊന്നും അവന്‍റെ മനസ്സിലെ കാടകത്തെ പിളർത്തിയിട്ടില്ല. ആഴ്ചയിലൊരിക്കൽ മുക്കാലിയിലേക്ക് പോകുമ്പോൾ പലനാടുകളിൽ നിന്നും വരുന്ന മനുഷ്യരെ അവൻ സൂക്ഷ്മതയോടെ നോക്കും. അവനെ കാണുമ്പോൾ അവരവനെ ഒന്ന് പുച്ഛത്തോടെ നോക്കും.

ഒരിക്കൽ ഒരാൾ അവനെ സ്നേഹത്തോടെ നോക്കി. നിയന്ത്രണങ്ങളില്ലാതെ, നിയമങ്ങളില്ലാതെ ഉലകം ചുറ്റിക്കൊണ്ടിരുന്ന ഒരു സ്ത്രീയാണ് അവനെ സ്നേഹത്തോടെ നോക്കിയത്.

സന്താപമായ സായന്തനത്തിന്‍റെ അരണ്ടവെളിച്ചത്തിൽ അവൾ അവന്‍റെയടുത്തേക്ക് നടന്നു.

"നെന്‍റെ പേരെന്താ?"

റിസോർട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി മുതലാളിയെ കാത്തുനിന്നിരിന്ന രാഹുലന്‍റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ആർഷ ചോദിച്ചു.

"രാഹുലൻ"

"നല്ല പേരാണല്ലോ ആരാ ഇട്ട്"

അവളുടെ ചോദ്യം അവന്‍റെ കണ്ണുകളിൽ ചുവന്ന വരകൾ വീഴ്ത്തി.

"എൻ അമ്മയ്"

രാഹുലന്‍റെ മുഖത്തെ ഭാവമാറ്റം ആർഷയുടെ മനസ്സിനെ മറ്റേതോ ചിന്തകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.

"ദാ കഴിച്ചോ"

അവൾ നീട്ടിയ കറുത്ത ചോക്ലേറ്റിന്‍റെ കഷ്ണം കണ്ട് രാഹുലൻ അത്ഭുതപ്പെട്ടു. ഇതുവരെയാരും അവനു നേരേ ചോക്ലേറ്റിന്‍റെ കഷ്ണം നീട്ടിയിട്ടില്ല. ചിണ്ടക്കിയിലെ മേലേകോളനിയിലെ ഓലപ്പുരയിൽ കിഡ്‌നിരോഗം വന്ന് വയ്യാതായപ്പോഴാണ് സരസമ്മ രാഹുലന്‍റെ കൈപ്പിടിച്ച് മാത്യുച്ചായന്‍റെ മുന്നിലേക്ക് വന്നത്. ഇവനൊരു ജോലി കൊടുക്കണമെന്നും എന്തു വേണേലും ചെയ്യുമെന്നും തന്‍റെ ശൈലിയിൽ പറഞ്ഞവസാനിപ്പിക്കുമ്പോൾ സരസമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. അന്നു മുതലാണ് രാഹുലൻ സെർവന്‍റായത്. അതിഥികളായി വരുന്നവരിൽ മിക്കവരും അവനോട് ഒരു കുരങ്ങിനോടെന്ന പോലെയേ പെരുമാറാറുള്ളൂ.

ഇക്കഴിഞ്ഞ ജനുവരി മുപ്പത്തൊന്നിന് മദ്യവുമായി വന്ന ഒരുകൂട്ടം ചെറുപ്പക്കാർ അവനെ മദ്യം കുടിപ്പിക്കാൻ ശ്രമിച്ചു. 'വേണ്ട ചേട്ടന്മാരേന്ന്' കരഞ്ഞുപറഞ്ഞുകൊണ്ട് അവൻ അവിടെനിന്നും രക്ഷപ്പെട്ടു. അന്നേ ദിവസം തന്നെ രാത്രി പന്ത്രണ്ടരമണിക്ക് അവന്‍റെ മുഖത്തേക്ക് ഓംലറ്റിന്‍റെ കഷ്ണം വലിച്ചെറിയപ്പെട്ടു. ഓംലറ്റിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഒരു പെൺകുട്ടിയാണ് അവന്‍റെ മുഖത്തേക്കത് വലിച്ചെറിഞ്ഞത്.

അവനു നേരേ ചോക്ലേറ്റിന്‍റെ കഷ്ണം നീട്ടിയപ്പോൾ ആർഷയുടെ നെഞ്ചകം വേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു. പതിനേഴാം വയസ്സിൽ ബൈക്ക് അപകടത്തിൽ മരിച്ച പ്രിയപ്പെട്ട അനിയനെ അവൾക്ക് അവനിൽ കാണാനായി.

കുളിച്ച്, വസ്ത്രം മാറി മെത്തയിലേക്ക് ഇരുന്നപ്പോൾ ജ്യോതിയുടെ മനസ്സിലൂടെ പലചിന്തകൾ ഒരുമിച്ചു കുതിക്കാൻ ശ്രമിച്ചു. അതുകൊണ്ട് അതെല്ലാം തുടർച്ചയില്ലാത്ത വ്യംഗ്യാർത്ഥങ്ങളായി മാത്രം മാറി.

പക്ഷേ ചന്ദ്രഹാസന്‍റെ അരികിലേക്ക് കിടന്നപ്പോൾ ഒരു മുഖം അവളുടെ മനസ്സിൽ തെളിഞ്ഞുവന്നു. അയാളുടെ കട്ടിയുള്ള മീശയും വലതുവശത്തേക്ക് ചീകിവെച്ച നീളൻമുടിയും അവളെ മങ്ങിത്തുടങ്ങിയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. അയാളെക്കുറിച്ചുള്ള ചിന്തകൾ അവളെ ദുംഖത്തിലാഴ്ത്തി.

"അയാളെന്നെ സ്നേഹിച്ചിരുന്നോ?"

അവൾ സ്വഗാത്രത്തോട് തന്നെ ചോദിച്ചു.

"സ്നേഹിച്ചിരുന്നു പക്ഷേ..."

അന്നേരം അവളതോർത്തു. തന്‍റെ ഫോൺ ഓരോ തവണ റിങ് ചെയ്യുമ്പോഴും അതാരാണെന്നും എന്താണ് പറഞ്ഞതെന്നും അറിയാനുള്ള അയാളുടെ വ്യഗ്രത അവളെ വല്ലാതെ നിരാശപ്പെടുത്തിയിരുന്നു. അയാളോടൊപ്പമുള്ള ജീവിതയാത്രയിലൂടെ താൻ നടന്ന വഴികളിലൂടെ വീണ്ടും നടക്കാൻ കൊതിച്ചപ്പോൾ അവൾ നിദ്രയുടെ അഗാധഗർത്തത്തിലേക്ക് വഴുതിവീണു.

ഇരുട്ടിന്‍റെ മറവിൽ ആനത്താരകൾ സജീവമായി. ആനകളെ തടയാനായി നിർമ്മിച്ച ഇലക്ട്രിക് കമ്പികളിലൂടെ വൈദ്യുതി പ്രവഹിച്ചുതുടങ്ങി. ഇരുട്ട് കനത്ത ശേഷം ഇതുവഴി വരാൻ തോന്നിയതോർത്ത് രാത്രിയാത്രികർ സ്വയം പഴിച്ചു. നിശബ്ദതാഴ്‌വരയിൽ നിന്നും പതിവിന് വിപരീതമായി ഒരു കരച്ചിൽ കേട്ടു. പതിറ്റാണ്ടിന്‍റെ ജീവിതപാഠങ്ങൾ ഇളംതലമുറക്ക് പകർന്നുനൽകിയ ശേഷം മുത്തച്ഛനായ സിംഹവാലൻ കുരങ്ങ് ചക്രശ്വാസം വലിച്ചു.

മഹാശാഖികളുടെ ശിഖിരങ്ങളിലൂടെ വിഷപ്പാമ്പുകൾ ഇഴഞ്ഞുക്കൊണ്ടിരുന്നു. മന്ദൻപേട്ടിൽ അപൂർവ്വമായി വരാറുള്ള അതിഥി അന്ന് വന്നു. തണുത്ത അരുവിയിലേക്ക് ചാടിയിറങ്ങിയ പുലി കുറച്ചുനേരം അവിടെ വിഹരിച്ചശേഷം കാടിന്‍റെ അകത്തളത്തിലേക്ക് പിൻവാങ്ങി.

"ജ്യോതീ... എന്തുറക്കായിത് എണീറ്റെ"

ആറര മണിയായിട്ടും എഴുന്നേൽക്കാത്ത ജ്യോതിയെ തട്ടിക്കൊണ്ട് ചന്ദ്രഹാസൻ മൊഴിഞ്ഞു. ഉറക്കച്ചടവോടെ കുറച്ചുനേരം മെത്തയിൽ എഴുന്നേറ്റിരുന്ന ശേഷം അവൾ ബാത്റൂമിലേക്ക് പോയി.

രാഹുലൻ കൊണ്ടുവന്ന പൊറോട്ടയും ചിക്കനും അകത്താക്കി പുറത്തുവന്ന് കാറ്റു കൊള്ളുന്നതിനിടെ ജ്യോതിയുടെ ഫോൺ റിങ് ചെയ്തു.

"ആരാ? എന്താ പറഞ്ഞേ?"

ചന്ദ്രഹാസന്‍റെ ചോദ്യം കേട്ടപ്പോൾ ജ്യോതി വിറങ്ങലിച്ചു. മാറ്റമില്ലാത്ത പുരുഷാധീശത്വം മണ്ണിലുറച്ച പാറപോലെ കിടന്നു...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam storyshaheer pulikkal
News Summary - bandhitha story by shaheer pulikkal
Next Story