ബൈപോളാർ ഡിസോർഡർ അഥവാ ഉന്മാദ-വിഷാദ ധ്രുവ പാളങ്ങൾ
text_fieldsഎന്‍റെ തീവണ്ടിക്കിരുവശത്തുംകൂടെ
ഒരേ സമയം
എതിർദിശകളിലേക്ക്
തീവണ്ടികൾ
പൊയ്കൊണ്ടിരിക്കുന്നു.
ഒന്നാം തീവണ്ടിയിലെ വിഷാദവും
മൂന്നാം തീവണ്ടിയിലെ ഉൻമാദവും
കശക്കിയെറിഞ്ഞ
സീസൺ ടിക്കറ്റുകൾ
രണ്ടാം തീവണ്ടിയിലെന്‍റടുത്തേക്ക് പാറിവരുന്നുണ്ട്...
എന്‍റെ സിഗരറ്റതിലേക്ക്
കാട്ടുതീ പടർത്തിയേക്കും.
തീ പടർന്നാൽ, പടർന്നു കാടായാൽ,
എന്‍റെ ബോഗിയിലെ
ഒരു സിംഗിൾ-വിൻഡോ സീറ്റൊഴികെ
ആ വണ്ടിതന്നെ നിന്നു കത്തും.
ഒറ്റക്കനലായ ഇക്കവിത
ആ സിംഗിൾസീറ്റിലിരുന്ന്
emergency exitലൂടെ
തല പുറത്തേക്കിട്ട്
പാസ്സഞ്ചേഴ്സിനെയിങ്ങനെ
ഇതുപോലെ
നോക്കിയെന്നും വരും!
പറഞ്ഞു വന്നത്...
നിർത്തിയിട്ടിരിക്കുന്ന ഏതു തീവണ്ടിയിലും
തീയുണ്ടെന്നു തന്നെയാണ്!
ആകുലതയുടെ ചോപ്പും
മുഷിച്ചിലിന്‍റെ മഞ്ഞയും
കാത്തിരിപ്പിന്‍റെ മരുപ്പച്ചയുമാണ്
എനിക്കൊരു പ്ലാറ്റ്ഫോമുണ്ടായിരുന്നെങ്കിൽ,
ഉണ്ടായിരുന്നെങ്കിൽ
അതിലെ ക്ലോക്ക് പ്രതിഫലിപ്പിക്കുക.
'യാത്രക്കാരാരുംതന്നെ പാളം മുറിച്ചുകടക്കരുത്
നിങ്ങളുടെ ജീവൻ അപകടത്തിലാണെ'ന്ന
സംഗീതം നിങ്ങൾക്കിപ്പോൾ
കേൾക്കാനാവുന്നുണ്ടോ ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.