ബി.പി.എൽ ഫീമെയിൽ ക്യാറ്റ് -കവിത
text_fieldsകണ്ണടച്ച് പാലു കുടിച്ചത്
അറിവില്ലായ്മ കൊണ്ടാണ്...
റേഷൻകാർഡിനവകാശമില്ലാത്ത,
പട്ടികരേഖക്ക് താഴെയുള്ള,
കെട്ടിയോനുപേക്ഷിച്ച,
ഗർഭിണിയാണ്....
ദാരിദ്ര്യം തിന്ന്
ജീവിക്കാനാവില്ലല്ലോ...
വഴിപിഴച്ച് പോയവരുടെ
സുവിശേഷങ്ങൾ
ഒരു മതവും എഴുതിവെക്കില്ല
ഒരു കഷണം
റൊട്ടി മുറിച്ചെടുത്തവന്‍റെയും
അരി മോഷ്ടിച്ചവന്‍റെയും
പാരമ്പര്യമാണെനിക്ക്...
വിശപ്പിന് ജാതിയില്ലല്ലോ...
നിറമില്ലല്ലോ....
വിരൽഞൊടുക്കി
വിളിക്കുമ്പോൾ
പാഞ്ഞെത്താറുള്ളത്
എച്ചിലാണെന്നറിയാതെയല്ല...
അടിമക്കെന്തു പുതിയരി...
ഇനിയൊരാവർത്തി നാവ് തത്തിക്കളിച്ചാലുമില്ലല്ലോ...
ജീവിതം ബാക്കി...
ഒന്നിലധികം
ജീവ് പേറുന്ന കാലം
പെണ്ണു വാഴ്ത്തപ്പെടും
വെറുതേയൊരാചാരം...
വിശന്നു കരഞ്ഞതും
കട്ടുതിന്നതും
ഞാനായിരിക്കാം,
പക്ഷേ
തൊണ്ട വറ്റിത്തുടങ്ങിയ
കുഞ്ഞുവയറ് നാലെണ്ണം
പൊള്ളിത്തുടങ്ങിയപ്പോഴായിരുന്നില്ലേ....
കണ്ണു മൂടിയ
നീതിദേവത ചിരിക്കുക...
വീട്ടുമുറ്റത്തെന്‍റെ തൂങ്ങിയാടിയ
നിറവയറു നോക്കി ചിരിക്കുക...
ഇതിനെയും മൃഗീയത എന്നു പറയുമോ...
മനുഷ്യത്വമല്ലേയിത്...
എന്‍റെ തലമുറയിവിടെ
ഒടുങ്ങട്ടെ...
തൂക്കിലേറ്റപ്പെട്ട
ഗർഭപാത്രം
പിഴച്ച സന്താനങ്ങളുടെ
ഊട്ടുപുരയാവട്ടെ
കറുത്ത മക്കൾ
നിറവയറോടെയമരട്ടെ
അടിമയ്ക്കില്ലല്ലോ
അവകാശങ്ങളൊന്നും...
ഹാ... മുഷിഞ്ഞു
നാറിത്തുടങ്ങും മുമ്പേ
കുഴിച്ചിട്ടേക്കണം...
പിഞ്ചിന്‍റെയിറച്ചി കാത്ത്
ദൂരെയൊരു കണ്ടൻകണ്ണിരിപ്പുണ്ട്...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.