ഡാനിയുടെ വീട്
text_fieldsകൂറ്റനാം ഇരയെ
തികഞ്ഞ അവധാനതയോടെ
വിഴുങ്ങാൻ ശ്രമിക്കുന്ന
ഒരു ജീവിയെപ്പോലെ
വീട് തികഞ്ഞ അച്ചടക്കത്തോടെ നിലകൊണ്ടു.
തണുപ്പിന്‍റെ പക്ഷികൾ
അതിന്‍റെ തൊലി മാന്തിപ്പൊളിക്കാൻ
തക്കംപാർത്തിരിക്കുന്നതു
ഡാനിയൽ കണ്ടു.
അയാളുടെ ബൂട്ടിന്‍റെ ഉറച്ച ശബ്ദം
അന്തരീക്ഷത്തിനു ചൂടു പകർന്നു.
ധൃതിയിൽ അകത്തുകടന്ന്
തണുപ്പിനെ വിരട്ടിയോടിച്ച ശേഷം,
ഉണക്കി,വൃത്തിയായരിഞ്ഞുവെച്ചിരുന്ന ആട്ടിറച്ചിക്കഷണങ്ങൾ
അയാൾ സോസിൽ മുക്കി
കഴിക്കുവാൻ തുടങ്ങി.
എന്തുകൊണ്ടോ ഡാനിക്കപ്പോൾ കാമുകിയുടെ ഇടത്തേമുലയെ
ഓർമ്മ വന്നു.
ഒരു കുഞ്ഞെന്നപോലെ
അയാളിലേക്കു തുള്ളിക്കുതിച്ചു വരുമായിരുന്ന ആ ഇടത്തേ മുല!
നിഗൂഢമായി തോന്നിയേക്കാം,
തന്‍റെ ചുണ്ടുകളെയല്ല,
കാതുകളെയാണ് അയാൾ
മുലകളുടെ കാര്യം നോക്കാൻ
ഏർപ്പാടാക്കിയിരുന്നത്.
ചുഴി,മലരികളണിഞ്ഞ
രഹസ്യനദിയുടെ ആരവങ്ങൾ
അയാളുടെ കാതുകൾ
സദാ ഏറ്റുവാങ്ങിക്കൊണ്ടിരുന്നു
തുറമുഖം വിട്ടുപോകാൻ
വിസമ്മതിക്കുന്ന അയാളുടെ ശരീരം.
'എന്താ വേണ്ടത്,
മഴനനയണോ
കാറ്റു കൊള്ളണോ
മുങ്ങാങ്കുഴിയിടണോ,
അതോ കടലിനെ
നിന്‍റെ ശല്ക്കമായി മാറ്റേണമോ'
എന്ന് അയാളുടെ നിയന്ത്രണം
പൂർണമായ് ഏറ്റെടുക്കുമവൾ !
ആ വസന്തകാലത്തെ
അപൂർണ്ണമാക്കിക്കൊണ്ട്,
ആണിപ്പഴുതുകൾ ദൃശ്യമായ
തന്‍റെ കരങ്ങളെ ഡാനിയുടെ ഞെട്ടലുകൾക്കെറിഞ്ഞുകൊടുത്തിട്ട്
ദക്ഷിണായനങ്ങളിലേക്കു ലയിച്ചുപോയവൾ!
---
പാത്രം ശൂന്യമായി.
ഡാനിയേലിന്‍റെ മനസ്സും.
ആ വീടിനപ്പോൾ
വട്ടപ്പൊട്ടണിഞ്ഞ്,
അയാളുടെ മുഖത്തേക്കു കുനിഞ്ഞ്,
ചുണ്ടുകളെ മുദ്രവെയ്ക്കാൻ തോന്നി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.