ഈയിടെ
text_fieldsഒഴിഞ്ഞ വലംകഴുത്ത്
ഒളിഞ്ഞുവന്നുള്ള
നിന്‍റെ ചുണ്ടമർത്തലുകളെ
എല്ലായ്പ്പോഴും തേടുകയാൽ
വള്ളിനാരകപ്പന്തലിനു കീഴേ
വെറുതെ നടക്കുമ്പോൾ
വിരലുകളാൽ കോതിയൊതുക്കി
ഇടംചുമലിലേയ്ക്ക്
മുടി പകുത്തിടാറില്ല ഈയിടെ.
നീ പൂരിപ്പിക്കാത്ത വിരലിടകൾ
ഒരുഷ്ണബാഷ്പത്തിൽ അകപ്പെട്ടപോലെ
വേവുകയാൽ
പൂമുഖപ്പടി തൊട്ട് വഴിവക്കോളമുള്ള
ഇത്തിരിദൂരം താണ്ടുമ്പോഴൊക്കെയും
ഇരുകൈകളാൽ സ്വയം
അണച്ചുപിടിക്കാറാണീയിടെ.
ഇടയിലെ ആൾത്തിരക്ക്
സൃഷ്ടിച്ച മൈലുകളെ
വകഞ്ഞുകടന്ന് ഒപ്പമിരിക്കാൻ
മറവിയോടാമ്പൽ നീക്കി
നീ വീണ്ടും വീണ്ടും വരികയാൽ
നിത്യസായന്തനവരാന്തയിലെ ചാരുകസേരയെ
വേണ്ടെന്ന് വച്ചിരിക്കയാണീയിടെ.
ഏതു നാലക്ഷരനാമവും
നിന്‍റേതെന്നു വിഭ്രമിപ്പിക്കയാൽ
സന്ദർശക രജിസ്റ്ററിനെയും,
മുൻവാതിൽക്കൽ നിന്നുള്ള
ഏതൊരു ചിലമ്പലൊച്ചയും
നിന്‍റെ വിളിയെന്ന് തോന്നിക്കുകയാൽ
വീട്ടിലെ അറിയിപ്പുമണിയെയും
എടുത്തുകളഞ്ഞിരിക്കയാണീയിടെ.
ഇന്നലെകളിലേക്ക് മാത്രം
തുറക്കുന്ന പഴകിയ ജനൽപ്പൊളി
മാറ്റിപ്പണിഞ്ഞ് തീർക്കാനാവാതെ,
തോർന്നിട്ടും തീരാത്ത മഴയ്ക്ക് ചുവട്ടിൽ
ചൂടി നിൽക്കുന്ന
തുന്നാകെ വിട്ട ശീലക്കുട
ഇഴയടുത്തു കോർക്കാനാവാതെ
ഒറ്റയ്ക്ക് നനയുകയാണീയിടെ.
ഘടികാരചക്രത്തിലെ
ചടുലരായ ആരസൂചികളാൽ
ആഞ്ഞാഞ്ഞ് തള്ളപ്പെടുകയാൽ മാത്രം
ഭ്രമണം തുടരുന്നൊരു കരം പോലെ,
കാറ്റിൽ കറങ്ങിത്തിരിയുന്ന
കരിഞ്ഞൊരിതളിനെപ്പോലെ
ഉയിരറ്റതായിരിക്കുന്നു ഞാനീയിടെ.
പതിവ് തെറ്റാതെ പൂക്കുന്ന രാത്രിഗന്ധിക്കും,
പുലരുവോളം ഒരുമിച്ചെരിയുന്ന
നേർത്തവെട്ടവിളക്കിനും വരെ
പരിചിതനാണെന്നിരിയ്ക്കേ,
നിനവോളങ്ങളിലേറി ഞാനലയുന്ന
ഇരുൾനൗകയിൽ ഓർമ്മക്കൂട്ടിരിക്കുന്നത്
മറ്റാരാവാനാണു നീയല്ലാതെ;
വരുംകാലത്തിലൊക്കെയും
എന്ന അതേ മാതിരി;
ഈയിടെ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.