എഴുതപ്പെടാത്ത കവിത
text_fieldsകുറച്ചു നാളായി ഉള്ളിലൊരു
ചിന്ത വേവുന്നു;
ഇന്നോളം എഴുതാൻ മടിച്ച
ഒരു കവിത എഴുതണം.
കേൾക്കപ്പെടാൻ വെറി പിടിച്ച
ചില ശബ്ദങ്ങൾ
നെഞ്ചിൻ കൂട്ടിൽ
പെരുമ്പറ മുഴക്കം തുടങ്ങിയിട്ടുണ്ട്.
ഈ കോളിളക്കവും
ആരുമറിയാതെ ഒടുങ്ങിത്തീരുമോ
എന്നൊരു ശങ്ക തോന്നാതില്ല.
അടിച്ചമർത്തിവയ്ക്കൽ
ഒരു ശീലമായിപ്പോയിരിക്കുന്നു.
കരിങ്കാലി എന്ന വിശേഷണത്തോട്
എന്തോ ഒരു അതൃപ്തിയാണു.
ഉയർത്തിക്കാട്ടപ്പെടുന്ന
കറുത്ത കൊടി പേടിസ്വപ്നവും.
അതുകൊണ്ട് മിണ്ടാതിരിയ്ക്കാറാണു.
എണ്ണം കൂടിക്കൂടി വരുന്ന
കൊടിപിടിയന്മാരെ
ഞാൻ കണ്ടില്ലെന്നു നടിയ്ക്കുന്നു.
എന്‍റെ നേരെ വിരൽ ചൂണ്ടപ്പെടാത്തത്ര കാലം
ഞാൻ സുരക്ഷിതയാണ്.
ചോദ്യം ചെയ്യലുകൾ
ഞാൻ പരിചയിച്ചിട്ടില്ല.
അല്ലെങ്കിൽ പണ്ടേയാവാമായിരുന്നു.
ഉച്ചയൂണിടവേളയിൽ
വീട്ടിലേയ്ക്ക് ഒരു ദിവസം
കൂട്ടിക്കൊണ്ടുവന്ന
കൂട്ടുകാരെക്കുറിച്ച്,
വഴിയേ കണ്ട അയൽക്കാർ
പിന്നീട് പലപ്പോഴും
"നിന്‍റെ കൂട്ടുകാർ! ഹഹ''
എന്ന് പറയാറുണ്ടായിരുന്നത്
എന്തുകൊണ്ടായിരുന്നെന്നത്
അന്നെനിക്ക് അവ്യക്തമായിരുന്നു.
മറ്റൊരിയ്ക്കൽ
എന്‍റെ നിർബന്ധത്തിനു വഴങ്ങി
കളിക്കാൻ വന്നിട്ടും
പടിവാതിലിന്‍റെ ചവിട്ടുകല്ലുതുഞ്ചത്ത്
മടിച്ച് മടിച്ച് മാത്രം കാൽ വച്ച്
ദാഹിക്കുന്നെന്നു പറഞ്ഞ സഹപാഠി-
വീട്ടിൽ പണിയെടുക്കുന്ന
സ്ത്രീയുടെ പേരക്കുട്ടി-
ഒരു ഗ്ലാസ് വെള്ളവുമായി
ഞാൻ പുറത്തെത്തുമ്പോഴേയ്ക്കും
എന്തിനാവാം
അപ്രത്യക്ഷയായത്?
പിന്നീട്,
മാറിമാറിത്താമസിച്ച
നഗരങ്ങളിലൊക്കെയും
തൊലിനിറം കണ്ട്
പലപ്പോഴും എന്‍റെ നാട് ഊഹിയ്ക്കപ്പെട്ടു;
സഹവാസികൾക്കിടയിലെ ഗാരോപ്പെൺകുട്ടി
പരദേശിയെന്ന് പലരാൽ വിളിയ്ക്കപ്പെട്ടു.
എന്നും ഞാൻ സാക്ഷി മാത്രമായിരുന്നു.
ഇന്നും ഞാൻ ഒന്നും ചെയ്തിട്ടല്ല;
വടിവാളും, കഠാരയുമായി
പിന്തുടരുന്ന ചെന്നായ്ക്കളെ ഭയന്ന് ഓടുന്ന
ഒരു വെള്ളമുയൽക്കുട്ടിയ്ക്ക്
എന്‍റെ സങ്കേതത്തിൽ ഒളിയ്ക്കാൻ
തെല്ലു നേരത്തേയ്ക്ക്
ഇടം കൊടുത്തെന്നു മാത്രം.
എനിക്ക് വീട്ടിലേയ്ക്കുള്ള വഴിയേ
സുരക്ഷയ്ക്ക്
ആളു വേണമെന്നായിരിയ്ക്കുന്നു;
പൊടുന്നനെ ഒരു ഭയം-
എന്‍റെ പേനയും, കടലാസും
അപഹരിയ്ക്കപ്പെട്ടേയ്ക്കുമോ?
അതോ എന്‍റെ വാതിലിൽ
ആയിരിക്കുമോ അടുത്ത
മുട്ടു കേൾക്കുക?
ഞാൻ എഴുതുന്നില്ല;
പിന്നീടാവാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.