ഹൗസ് വൈഫ് - കഥ
text_fields‘ഇങ്ങള് കൊറച്ച് കയിഞ്ഞ് വിളിക്ക്... അല്ലെങ്കി തന്നെ നേരം വൈകീട്ടുണ്ട്. നാലരക്ക് അലാറം വെച്ചതായിരുന്നു. അലാറം അടിച്ചത് അറിഞ്ഞില്ല. നീച്ചപ്പൊതന്നെ അഞ്ചര മണി ആയി’ ബീവി തെല്ലൊരു അരിശത്തോടെ പറഞ്ഞു.
ഇവൾക്കിതെന്തു പറ്റി? തിളക്കുന്ന എണ്ണയിൽ കടുക് വറുക്കണ പ്രതികരണമാണല്ലോ രാവിലെ തന്നെ. പിന്നെ വിളിക്കാമെന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.
എനിക്ക് രാവിലെ സൗദി സമയം ഏഴ് മണിക്കാണ് ഡ്യൂട്ടി തുടങ്ങുന്നത്. നാട്ടിൽ രണ്ടര മണിക്കൂർ പിറകോട്ടാണല്ലോ... രാവിലെ ഉണർന്ന ഉടനെ മൊബൈൽ തപ്പി വാട്സപ്പെടുത്ത് ബീവിയുടെ ഇൻബോക്സ് നോക്കും. കിന്നാരവും പൊന്നാരവും കൂട്ടി കുഴച്ച് പലതും വന്ന് കിടപ്പുണ്ടാവും. ഒന്നും കാണാത്തപ്പോ മാത്രമാണ് നന്നെ രാവിലെ അങ്ങോട്ട് വിളിക്കാറുള്ളൂ. കാരണം അവളുടെ തിരക്കുകൾ തന്നെ.
എന്നും പുലർച്ചെ നാലര മണിക്കാണ് ബീവിയുടെ അലാറം സെറ്റ് ചെയ്തിട്ടുള്ളത്. വലിയ മകൾ അഫ്രീന്റേത് അഞ്ചര മണിക്കും. അഫ്രി മോൾക്ക് ആറ് മണിക്ക് മദ്റസ തുടങ്ങും. അതിന് മുമ്പ് എണീറ്റ് കുളിച്ച് നിസ്കരിച്ച് ചായ കുടിച്ചിട്ട് വേണം മദ്റസയിൽ പോവാൻ. അപ്പോഴേക്ക് ചായയും കടിയും ആവണം. അതിനാണ് ബീവി നാലരക്ക് അലാറം വെച്ച് എണീക്കുന്നത്.
സ്കൂൾ തുറക്കലും വർഷകാലവും ഒരുമിച്ചാണെത്തുന്നത്. അതോടൊപ്പം അതിരാവിലെ കുട്ടികളുടെ മദ്റസാപഠനവും. മഴ ഉണ്ടേലും ഇല്ലേലും എല്ലാ കാലാവസ്ഥയിലും പുലർച്ചെ നാലര മുതൽ രാവിലെ ഒമ്പതുവരെ മൂന്ന് കുട്ടികളെയും പറഞ്ഞയക്കുന്നതുവരെ എണ്ണയിട്ട യന്ത്രംപോലെ തന്നെ പ്രവർത്തിക്കണം. ഇടക്കെവിടെയെങ്കിലും താമസിക്കുകയോ ബ്രേക്ക് ആവുകയോ ചെയ്താൽ ടൈം ടേബിൾ ആകെ താളം തെറ്റും. ‘ഓഞ്ചെ റബ്ബേ... നേരത്രെ ആയി?’ അഫ്രീനേ നീച്ചാ... ജ് മദ്റസ്ക്ക് പോണില്ലേ? പെരും മഴേണ്. ഇച്ചെന്നെ നീച്ചാൻ പൂതി ഇല്ല. പൊതച്ചു മൂടി കടക്കാനാണ് പൂതി. ഇങ്ങളെയൊക്കെ കരുതീട്ടാണ് ഞാനീ കൊട്ടിപ്പെടീണത്’ അതും പറഞ്ഞ് ബീവി അപ്പം മറിച്ചിടാനായി അടുപ്പത്തേക്കോടി.
‘ഇന്ന് എന്താ എന്നും പണ്ടും ഇല്ലാത്ത ഒരു ഒട്ടിപ്പിടിക്കൽ അനക്ക്. അല്ലേലും നേരം വെഗുമ്പൊ ഇങ്ങനെ തന്നെ.’ അവൾ അപ്പത്തിനോടായി പറഞ്ഞു. നേരം വൈകിയ ബദ്ധപ്പാടിൽ വെള്ളവും അരിപ്പൊടിയും ചേരുവ മാറിപ്പോയെന്ന് തോന്നുന്നു. ഇതിനിടയിൽ അപ്പുറത്തെ അടുപ്പത്തെ ചായകുടുക്ക ഇറക്കിവെച്ച് ചോറിനുള്ള വെള്ളം വെച്ചു.
ആകെ രണ്ട് കജല്ലേ ഉള്ളൂ എല്ലാത്തിനും... അപ്പം ചുടൽ കഴിഞ്ഞിട്ട് വേണം സ്കൂളിലേക്ക് കുട്ടികൾക്ക് ചോറിന് കൂട്ടാൻ കൊണ്ടുപോവാൻ ഉപ്പേരി എന്തേലും ഉണ്ടാക്കണം.
‘അഫ്രീനേ... ജ് നീച്ച്ണ് ണ്ടോ?’ അവൾ അടുക്കളയിൽ നിന്നും വീണ്ടും നീട്ടി വിളിച്ചു.
അത് കേട്ട് അഫ്രീൻ ഒന്നൂടി പൊതപ്പിനുള്ളിലേക്ക് ഊളിയിട്ടു. ഇജ്ജാതി മഴേത്ത് രണ്ട് കൈയ്യും രണ്ട് കാലിനുള്ളിൽ പൂഴ്ത്തി പുതപ്പിനുള്ളിൽ ചുരുണ്ട് കൂടി കിടക്കാൻ എന്ത് കുളിരാണ്. ‘മദ്രസീക്ക് നാളെയും പോവാലോ...’ അഫ്രീന്റെ ആത്മഗതം. രണ്ടുമൂന്ന് വട്ടം അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും കിടന്ന് അഫ്രീൻ കിടക്കയിൽനിന്നും എണീറ്റു.
എണീറ്റാൽ പിന്നെ പല്ല് തേക്കാനും കുളിക്കാനും ഒന്നും അവൾക്ക് മടിയില്ല. മദ്രസ വിട്ട് വന്ന് സ്കൂളിൽ പോവുന്നതിന് മുമ്പ് കുളിക്കാൻ സമയമുണ്ടാവില്ല. അതുകൊണ്ട് രാവിലെ തന്നെ പല്ല് തേപ്പും കുളിയും ഒക്കെ ഒപ്പമാണ്. ഒപ്പം വുളു എടുത്ത് സുബ്ഹി നിസ്കരിച്ചു. നിസ്കരിച്ചില്ലേൽ ഉസ്താദിെൻറ ചോദ്യവും അടിയും ഒക്കെയുണ്ടാവും. പുസ്തകങ്ങളൊക്കെ തലേന്ന് രാത്രി തന്നെ ടൈംടേബിൾ പ്രകാരം ബാഗിലാക്കി എടുത്തുവെക്കും. മദ്രസയിൽ പോവാൻ പർദ്ദയൊക്കെ ഇട്ട് വേഗം അടുക്കളയിലെത്തി.
‘ഇമ്മാ ചായ...’ ചായയും അപ്പവും ചെറുപയർ കറിയും തീൻ മേശപ്പുറത്തെത്തി.
‘ഇച്ച് ഇതൊന്നും മാണ്ട. കട്ടായി ഇല്ലേ? അല്ലെങ്കിൽ നൂഡിൽസ്’
‘എന്തേലുമൊക്കെ തിന്ന് പൊയ്ക്കോ അഫ്രീനെ... ഇതന്നെ ഞാൻ ഒന്നും ഉണ്ടാക്കാത്തത്’ അതും പറഞ്ഞ് ബീവി വിരുന്നുകാർ വരുമ്പോ കൊടുക്കാൻ എടുത്തുവെച്ച രണ്ട് കട്ടായി എടുത്ത് കൊടുത്തു. അഫ്രീൻ വേഗം ചായയും കട്ടായിയും സമം ചേർത്ത് എങ്ങനെയൊക്കെയോ പെട്ടെന്ന് ഉള്ളിലാക്കി. കാരണം നേരമില്ലല്ലോ...
ആറു മണിക്ക് മദ്രസ തുടങ്ങും. വേഗം ബേഗും കുടയുമെടുത്ത് മുറ്റത്തേക്കിറങ്ങി.
‘ഇമ്മാ ഞാൻ പോവാ... അസ്സലാമു അലൈക്കും’ ബീവി മനസിൽ സലാം മടക്കിയിട്ടുണ്ടാവും. അഫ്രീൻ ഏതായാലും അതൊന്നും കേൾക്കാൻ നിക്കൂല. ഒറ്റയോട്ടമാണ്. ബീവി വീണ്ടും അടുപ്പത്തേക്കും. അടുത്ത അപ്പം കൂടി മറിച്ചിട്ട് ബെഡ് റൂമിലേക്ക്.
‘അഫ്ര മോളെ നീച്ണ് ല്ലേ? മദ്രസയിൽ പോവണ്ടേ? താത്ത ഇപ്പൊ വരും. താത്താക്ക് ചോറും കൂട്ടാനും ഉണ്ടാക്കണം. ഇന്ജെ കുട്ടി വേഗം നീച്ച്...’ രണ്ടാമത്തവൾ ആയതോണ്ട് വിളിയിൽ ചെറിയൊരു മയമുണ്ടാവും. ഇനി അഫ്ര മോളെ, എണീപ്പിക്കണം, പല്ല് തേപ്പിക്കണം, കുളിപ്പിക്കണം, മാറ്റിക്കൊടുക്കണം, ചായീം കടീം കൊടുക്കണം
തിന്ന്ക്ക്ണോന്ന് നോക്കണം. അങ്ങനെ എന്തൊക്കെ പണികളാ...
എത്ര പറഞ്ഞാലും ഒന്നും തിന്നൂല. ഒരു തുള്ളി ചായ കുടിച്ച് ഒറ്റ മണ്ടലാണ്. അതിമ്മെ തന്നെ സ്കൂൾക്കും പോവും. ബീവി ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ടിരുന്നു....
‘വേഗം നീച്ച് ഇന്ജെ കുട്ടി. താത്ത ഇപ്പൊ മദ്രസ വിട്ട് വരും... ഒരാൾ ഏഴരക്ക് മദ്റസ വിട്ട് വരുമ്പോഴേക്ക് ഒരാളെ മദ്രസയിലേക്ക് പോവാൻ ഒരുക്കണം. അത് കഴിഞ്ഞ് പിന്നെ, പിന്നെ ചെറിയ മോൻ നാലു വയസുകാരൻ സുട്ടുനെ എണീപ്പിക്കണം. അത് കഴിയുമ്പോഴേക്ക് കുട്ടികൾ മദ്രസവിട്ട് വരും. അത് കഴിഞ്ഞ് സ്കൂൾ വണ്ടി. അങ്ങനെ അങ്ങനെ... വർത്താനം പറയാൻ സമയമില്ല. ഇങ്ങള് കൊറച്ച് കയിഞ്ഞു വിളിക്ക്...’
‘ശരി ഷിബൂ... നീ ഫ്രീ ആവുമ്പൊ വിളി’
ഞാൻ പതിയെ ഫോൺ കട്ട് ചെയ്തു കമ്പ്യൂട്ടറിന്റെ സ്ക്രീനിൽ തന്നെ നോക്കിയിരുന്നു.
സൗദിയിലെ പ്രവാസി മലയാളികളുടെ
രചനകൾ (ലേഖനം, അനുഭവക്കുറിപ്പുകൾ,
കവിത, ചെറുകഥ, വരകൾ, യാത്രാവിവരണം
തുടങ്ങിയവ) പ്രസിദ്ധീകരിക്കുന്നതിനുള്ള
ഇടമാണ് ആർട്സ് ക്ലബ്. രചനകൾ
അയക്കേണ്ട വിലാസം
saudiinbox@gulfmadhyamam.net
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.