കൂറേ... കൂറേ...
text_fieldsഞാൻ അരവിന്ദാക്ഷൻ പിള്ള, പ്രായം അറുപത്തിയെട്ട്
ഭാര്യ സുലോചന.
മക്കൾ രണ്ടെണ്ണമുള്ളത് വിദേശത്ത് സസുഖം ജീവിക്കുന്നു. കഴിഞ്ഞ മാസം ആകെക്കൂടി മിണ്ടാനും പറയാനും കൂട്ടുണ്ടായിരുന്ന ഭാര്യ അവളുടെ പാട്ടിന് മരിച്ചും പോയി. ആശ്വാസം എന്തെന്നു പറയട്ടെ, ഭാര്യയിപ്പോൾ ഒരു പാറ്റയായി പുനർജനിച്ചിരിക്കുകയാണ്. വളരെ വിദഗ്ധമായ നിരീക്ഷണങ്ങൾക്കൊടുവിൽ ഞാൻ ആ സത്യം തിരിച്ചറിഞ്ഞിരിക്കുന്നു.
ഭാര്യയുടെ വിയോഗത്തിനുശേഷമാണ് പാറ്റകൾ എന്റെ വീട്ടിൽ കയറി താമസം തുടങ്ങുന്നത്. അവളുണ്ടായിരുന്നപ്പോൾ അവറ്റകളെ വീടിന് പരിസരത്തേക്ക് അടുപ്പിച്ചില്ല. അയൽപക്കത്തെ അടുക്കളപ്പുറത്തുനിന്നും ആർത്തിയോടെ പാറ്റകൾ ഞങ്ങളുടെ വീട്ടിലേക്കു നോക്കും. അടുക്കളജനാലയിലൂടെ പുച്ഛത്തോടെ ഭാര്യ പാറ്റകളെ നോക്കി കൊഞ്ഞനം കുത്തും.
ഇപ്പോൾ അവളില്ല, പകരം പാറ്റകൾ കുടുംബസമേതം വീട്ടിൽ വിലസുന്നു.
ആദ്യ പാറ്റയെ കണ്ട ദിവസം അസ്വസ്ഥതയോടെ കാലുകൾ രണ്ടും ഞാൻ കട്ടിലിനു മുകളിലേക്ക് കയറ്റിെവച്ചുകൊണ്ട് നിശ്ശബ്ദനായി ഇരുന്നു. ആഴ്ചകൾ കടന്നുപോയപ്പോൾ പാറ്റകളുടെ കാര്യത്തിൽ ഗണ്യമായ വർധന ഉണ്ടായി. എന്റെ വീട്ടിൽ എന്നേക്കാൾ അധികാരത്തിൽ അവ വിലസി. ഞാൻ ഭാര്യയെ ഓർത്തു, അവൾ ഉണ്ടായിരുന്നുവെങ്കിൽ
കൂറേ കൂറേയെന്ന് നിലവിളിച്ചുകൊണ്ട് അവക്ക് പിറകിലോടി സകല എണ്ണത്തെയും അന്യായമായി വധിക്കുമായിരുന്നു.
എനിക്ക് കൊലപാതകങ്ങൾ നടത്തുന്നതിനോട് തീരെ താൽപര്യം തോന്നിയില്ല.
ആദ്യം പാറ്റകൾ എന്റെ അടുക്കള കൈയടക്കി
അതോടുകൂടി അടുക്കളയിൽ കയറുന്ന ശീലം ഞാൻ പാടെ ഉപേക്ഷിച്ചു. ഹോട്ടൽ ഭക്ഷണം പലപ്പോഴും ശൗചാലയത്തിലേക്കുള്ള എന്റെ സന്ദർശനം വർധിപ്പിച്ചു. അതിനോടൊപ്പംതന്നെ എന്റെ ശീലങ്ങൾ പലതും ഞാൻ വേണ്ടെന്നുവെച്ചും തുടങ്ങി. വല്ലപ്പോഴും ഒന്ന് കുളിക്കും, വസ്ത്രങ്ങൾ അലക്കാതെ മുഷിഞ്ഞുനാറിക്കൊണ്ട് വീടിന്റെ മുക്കിലും മൂലയിലും കിടന്നു. മുഷിഞ്ഞ വസ്ത്രങ്ങൾക്കു മുകളിൽ പാറ്റകളും കട്ടിലിനു മുകളിൽ ഞാനും കിടന്ന് രാത്രികൾ വെളുപ്പിച്ചു.
അങ്ങനെയൊരു രാത്രിയിലാണ്, കട്ടിലിൽ കിടക്കയുടെ ഓരത്തുനിന്നും ഞാൻ ഭാര്യയെ കണ്ടെത്തുന്നത്. അവൾ എന്നെ ഉറ്റുനോക്കിക്കൊണ്ട് അവിടെയങ്ങനെ ഇരിക്കുകയാണ്. നാശം കയറി കയറി കൂടെ കിടപ്പും തുടങ്ങിയോ. ഞാൻ അവൾക്കിട്ടൊരു തട്ട് വെച്ചുകൊടുത്തു. പക്ഷേ, ഞാനെത്രയൊക്കെ ആഞ്ഞുതൊഴിച്ചിട്ടും വീണ്ടും വീണ്ടും അതെന്റെ തലയണക്ക് ഓരം വന്നിരുന്നു. ഭാര്യക്ക് അല്ലാതെ മറ്റാർക്കും ഇതുപോലെ വീണ്ടും എന്റെ അരികിലേക്കു വരാൻ സാധിക്കില്ലെന്ന് ഞാൻ ഉറപ്പിച്ചു. ആ മുഖം ഞാൻ സസൂക്ഷ്മം വീക്ഷിച്ചു. വീക്ഷണങ്ങൾക്കൊടുവിൽ ഞാനതങ്ങോട്ട് ഉറപ്പിച്ചു.
ഭാര്യ ഒരു പാറ്റയായി പുനർജനിച്ചിരിക്കുന്നു. 'കൂറേ കൂറേ' എന്ന് വിളിച്ചുകൊണ്ട് അവൾ കൊന്നൊടുക്കിയ എണ്ണമറ്റ പാറ്റകളുടെ ശാപമാകാം. പാറ്റയെങ്കിൽ പാറ്റ, എനിക്ക് ഭാര്യയെ വീണ്ടും തിരിച്ചുകിട്ടിയതിൽ അതിയായ സന്തോഷം തോന്നി.
പതിയപ്പതിയെ പാറ്റകളോട് മുഴുവൻ എനിക്ക് അൽപസ്വൽപം സ്നേഹമൊക്കെ തോന്നിത്തുടങ്ങി. എന്റെ വീടൊരിക്കലും ആളില്ലാതെ ഒഴിഞ്ഞു കിടന്നില്ല. ഭാര്യയും കൂട്ടുകാരിത്തികളും ആഹ്ലാദപൂർവം അവിടെ താമസിച്ചുപോന്നു. വൈകുന്നേരങ്ങളിൽ ഞാനും ഭാര്യയും ഏറെ നേരം സംസാരിച്ചിരിക്കും. അവൾ മറുപടിയൊന്നുമില്ലാതെ എന്നെ കേട്ടിരിക്കും.
ഒരു ദിവസം ഞാൻ ഭാര്യയോട് ചോദിച്ചു,
'നിന്റെ കൂട്ടുകാരിത്തികൾക്ക് സ്വന്തമായി ഭർത്താക്കന്മാരൊന്നുമില്ലേ?'
ഞങ്ങളുടെ സ്വകാര്യതയിൽ അവരെല്ലാം കയറിമേയുന്നതിൽ എനിക്ക് ബുദ്ധിമുട്ട് തോന്നിത്തുടങ്ങിയിരുന്നു.
പക്ഷേ, എന്റെ ചോദ്യം അവളെ സങ്കടത്തിലാക്കിയിരിക്കണം. എന്റെ അരികിൽനിന്നുമവൾ വേഗത്തിൽ ഇറങ്ങിപ്പോയി. പണ്ടുമുതലേ ഞങ്ങൾക്കിടയിലെ പിണക്കങ്ങൾക്ക് മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടാവാറുള്ളൂ. പതിവിന് വിപരീതമായി മണിക്കൂറുകൾ ദിവസങ്ങൾക്കു വഴിമാറി. അവൾ തിരികേ മടങ്ങിയില്ല. കട്ടിലിൽ തലയിണയുടെ ഓരം ഒഴിഞ്ഞുകിടന്നു. എനിക്ക് അതീവ ദുഃഖം തോന്നി. ഞാൻ വീട് മുഴുവൻ അവളെ അരിച്ചുപെറുക്കി. മറ്റു പാറ്റകൾക്കിടയിൽനിന്നും അവളെ കണ്ടെത്തുകയെന്നത് ശ്രമകരമായ ഒന്നായിരുന്നു. എങ്കിലും പ്രതീക്ഷയോടെ ഞാൻ അവളെ അന്വേഷിച്ചുകൊണ്ടേയിരുന്നു.
അങ്ങനെ ആകെ സങ്കടം ബാധിച്ച അവസ്ഥയിലാണ് രാത്രിയുറക്കത്തിൽ ഞാൻ ഭാര്യയെ സ്വപ്നം കാണുന്നത്. അവൾ ദേഷ്യംപിടിച്ച ഭാവത്തിൽ എന്നെ നോക്കിക്കൊണ്ട് നിൽക്കുകയാണ്. പാറ്റകളെ കൊല്ലാൻ അവൾ സ്വയം രൂപകൽപന ചെയ്തുവെച്ചിരുന്ന പരന്ന പലകക്കഷ്ണം വെച്ചായിരുന്നു എനിക്കുള്ള ആദ്യത്തെ അടി വീണത്. പിന്നീട് ഉതിർന്നുവീണ മുടിയിഴകളെ മുകളിലേക്ക് ഉയർത്തി കെട്ടിവെച്ചതിനുശേഷമാണ് അവളെന്നെ ആഞ്ഞുതൊഴിച്ചത്. പ്രായം അറുപത്തിയെട്ടിൽ ഒരു പുരുഷൻ തൊഴി കൊള്ളാൻ പ്രാപ്തനാണോ അറിയില്ല. ഞാൻ കട്ടിലിന്റെ മൂലക്ക് ചുരുണ്ടുകൂടി കിടന്നു. അവളെന്നെ ഒറ്റ കൈയിൽ തൂക്കിയെടുത്തു. അടുക്കളയുടെ ഇറയത്ത് തിരുകി വെച്ചിരുന്ന ചൂലെടുത്ത് കൈയിൽ തന്നു. ഭാര്യ നോക്കിനിൽക്കെ ഞാൻ വീടും പരിസരവും തൂത്ത് മെനയാക്കി.
വെള്ളം ബക്കറ്റിലെടുത്ത് തുടച്ചുവെടിപ്പാക്കി.
തുണി മുഴുവൻ കഴുകാൻ എടുത്തപ്പോഴാണ് അടുത്ത അടി വീഴുന്നത്. ഇത്തവണ കൈവെച്ച് പുറത്തായിരുന്നു അടി.
കാരണം ഇതായിരുന്നു
കഴുകാൻ എടുത്ത തുണികൾക്കിടയിൽ എന്റെ പഴ്സ് ചിരിച്ചുകൊണ്ട് കിടക്കുന്നു.
ഭാര്യ വേഗത്തിൽ അതെടുത്ത് നോക്കി. ഞങ്ങൾ രണ്ടുപേരും വളരെ ശോഭനത്തിലും യൗവനത്തിലും കഴിഞ്ഞുകൂടുമ്പോൾ എടുത്ത മനോഹരമായൊരു ഫോട്ടോ അതിനകത്തുണ്ട്. പക്ഷേ, നിർഭാഗ്യകരം എന്നു പറയട്ടെ ഫോട്ടോയിൽനിന്നും ഭാര്യയുടെ സുന്ദരമായ തലയും എന്റെ വിശാലമായ ഉടലും കൂറകൾ തിന്നുതീർത്തിരിക്കുന്നു. മാത്രമല്ല, കഴിഞ്ഞ ദിവസങ്ങളിൽ കാണാതെപോയ പാറ്റഭാര്യ അതിനകത്തു കിടന്ന് ആമോദത്തോടെ ഉറങ്ങുകയാണ്.
മറ്റൊന്നും ഓർത്തില്ല, പാറ്റഭാര്യയെ ഞാൻ ഒറ്റചവിട്ടിന് കൊന്നു.
സ്വപ്നത്തിൽ അക്രമം അഴിച്ചുവിട്ടശേഷം ഭാര്യ താക്കീത് തന്ന് മടങ്ങി. നേരം വെട്ടംവീണതും ഞാൻ ആദ്യം തിരഞ്ഞത് എന്റെ പഴ്സായിരുന്നു. ഭാഗ്യം, ഫോട്ടോ പഴയതിലും ഭംഗിയോടെ എന്നെ നോക്കി ചിരിച്ചു. രണ്ടു ദിവസങ്ങൾ എടുത്ത് ഞാൻ വീടും പരിസരപ്രദേശങ്ങളും വൃത്തിയാക്കി. ദീർഘനേരം കുളിച്ചു. അടുക്കളയിൽ കയറി സുന്ദരമായൊരു ചായയിട്ട് കുടിച്ചു. ടി.വി ഓൺ ചെയ്ത് വാർത്തകൾ കേട്ടു. ഉമ്മറത്ത് കസേരയിൽ നീണ്ടുനിവർന്നിരുന്നുകൊണ്ട് ബാല്യകാലസഖി വായിച്ചു കണ്ണീർപൊഴിച്ചു.
വൈകുന്നേരം പാടവരമ്പത്തെ കാറ്റേറ്റ് നടക്കാൻ ഇറങ്ങി.
രാത്രിയിൽ ഭാര്യ സ്വപ്നത്തിൽ വീണ്ടും വന്നു. അവൾ അടിച്ചിടവും തൊഴിച്ചിടവും എണ്ണ പുരട്ടിത്തന്നു. സ്നേഹത്തോടെ എന്നെ മടിയിൽ കിടത്തി. മധുരവർത്താനങ്ങൾ പറഞ്ഞു. ഞങ്ങൾ മധുരവർത്താനങ്ങൾ പറയുമ്പോൾ അയൽപക്കത്തു നിന്നും ശബ്ദം കേട്ടു.
''കൂറേ... കൂറേ...''
ഭാര്യ ഉറക്കെ ചിരിച്ചുകൊണ്ടു പറഞ്ഞു
''കൂറേ... കൂറേ...''
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.