അരണ
text_fieldsചിരുതയും കോരനും എന്റെ മറവിയിൽ
കണ്ടുമുട്ടാതെയായോ?
മറവി ഞരമ്പുകളെ വലിച്ചുമുറുക്കുമ്പോൾ
അന്നയ്ക്കും ദസ്തയേവ്‌സ്കിയ്ക്കും അവിടെ
ശ്വാസം കിട്ടാതെയായോ?
കടിക്കാൻ മറന്നുപോയ ഒരു അരണ മുറ്റത്തുനിന്നും എന്നെ തുറിച്ചു നോക്കി.
ജനൽച്ചില്ലിൽ കൊത്തിക്കൊണ്ടിരുന്ന
ചകോരക്കൂട്ടങ്ങൾ തലപൊക്കി നോക്കി
എവിടെയോവച്ചു കണ്ടുമറന്ന ഓർമ പുതുക്കിയതായിരിക്കും.
ഞരമ്പുകളിലെ പിരിമുറുക്കം മെല്ലെ
കൂടിക്കൂടി വന്നു
അതിൽ അകപ്പെട്ടുപോയ അരണ
കണ്ണെടുക്കാതെ നോക്കികൊണ്ടേയിരുന്നു.
ഭയമായിരുന്നു
എല്ലാം മറന്നുകൊണ്ടിരിക്കുന്നവന്റെ ഭയം.
ഇഷ്ടമായിരുന്നു
മറവിയിലും കൂടെയുണ്ടായിരുന്ന ഓർമകളോടുള്ള ഇഷ്ടം.
മരണത്തിലേക്ക് തള്ളിവിടാതെ കൂടെനിർത്തിയ
മറവിയോടുള്ള ഇഷ്ടം.
മറവിയുടെ പിരിമുറുക്കങ്ങളില്ലാത്ത
ഞരമ്പുകൾ എവിടെയോ ബാക്കിയുണ്ട്
അംഗൻവാടിയിൽ പോകുന്നവഴി തിരിച്ചോടി
വന്നപ്പോഴുണ്ടായ അമ്മയുടെ ഉറുമ്പിൽകൂടിൻ
പ്രയോഗവും
അച്ഛന്റെ പോക്കറ്റിൽ നിന്നും കട്ടെടുത്ത ഒരു രൂപ നോട്ടിന്റെ മണവും
കോപ്പിയടിക്കാൻ കൊണ്ടുപോയ തുണ്ടുകടലാസ്
അലക്കുമ്പോൾ അമ്മകൊണ്ടുതന്നതും,
ശാസിച്ചതും..
ലളിച്ചതും...
എല്ലാം....
മറവിയിൽ അകപ്പെട്ടുപോകാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
ചുറ്റുമുള്ളവർക്കറിയില്ല എന്റെ മറവിയിൽ
അവരും പെട്ടുപോയിട്ടുണ്ടെന്ന്
പ്രണയവും
വിരഹവും
ആഗ്രഹവും
എല്ലാം മറവിയിൽ കത്തിയെരിഞ്ഞു.
മറവിയുടെ ചൂട് അകാലനരയെ കരിച്ചുകൊണ്ടിരുന്നു.
കണ്ണിലെ ശൂന്യത പറക്കാൻ മറന്നുപോയ
പരുന്തിനോട് സാമ്യമുള്ളതായി മാറിക്കഴിഞ്ഞു.
എന്റെ മറവിയിൽ എരിഞ്ഞില്ലാതായത്
ഞാൻ മാത്രമായിരുന്നില്ല..
പ്രിയപെട്ടവരായിരുന്നു.
ഓർമകളുടെ വഴുക്കുകൾ പിടിച്ചുവലിച്ച് അപ്പോഴേക്കും
കടിക്കാനെന്നവണ്ണം അരണ മുന്നിലേക്ക് വന്നെത്തിയിരുന്നു
സ്വപ്നം പോലെ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.