മരുഭൂമിയിലേയ്ക്കു പോകുന്നവൾ
text_fieldsപകൽവെയിലുകൊണ്ടു ചുരുങ്ങി മങ്ങിയ
രണ്ടു കണ്ണുകളുടെ ചിത്രമാണ്
നിന്റെയോർമ്മയായ് കാത്തുവെച്ചിരിക്കുന്നത്
ഒറ്റമരക്കൊമ്പിന്റെ നിഴൽ പോലുമില്ലാത്തയിടത്താണ്
തിളച്ച വെയിൽ
നീ കണ്ണിലൊഴിച്ച് കാത്തിരുന്നത്
അമ്മുവെന്നും തങ്കമെന്നും
ഞാൻ നിന്നെ വിളിച്ചു
പെൺമക്കൾക്കിണങ്ങുന്ന
ചെല്ലപ്പേരാണ് രണ്ടും;
പണ്ടുമിപ്പഴും ...
എന്തിനിങ്ങനെ
വെയിൽ കൊള്ളുന്നു നീ
തങ്കം, എന്റെയമ്മൂ
മരുഭൂമി തേടിയാണെന്റെ യാത്ര
വെയിൽ കുടിച്ചു
ശീലമാകട്ടെ കണ്ണുകൾക്ക്
ജലമുണർത്താത്ത
വേരുകൾ
ഇലതളിർത്തിടാത്ത
ശാഖികൾ
കരമുയർത്തി ഞാൻ നിന്നിടും
ജ്വലനമായീ
തീവെയിൽ ചോട്ടിൽ
അമ്മൂ, തങ്കം
എന്ന്
മാറിമാറി വിളിച്ചു ഞാൻ കരഞ്ഞിടുമ്പോൾ
കരുവാളിച്ച കണ്ണിൽ
എന്നോടുള്ള ദയനിറച്ച്
നീ പറയുന്നു
മരുഭൂമി തേടിയാണെന്റെ യാത്ര
അപ്പഴും ഞാൻ
കരഞ്ഞു വിളിച്ചു
തങ്കം, എന്റെയമ്മൂ...!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.