അക്വേറിയത്തിൽ പ്രണയമെന്ന് പേരായ രണ്ട് മീനുകൾ
text_fieldsവാക്കിന്‍റെ
കണ്ണാടി പോലെ
തെളിച്ചമുള്ള
ജലത്തിൽ
പ്രണയമെന്ന് പേരായ
രണ്ട് മീനുകൾ
ചുണ്ടുകൾ കോർത്ത്
കവിത നെയ്തു,
ഉടൽ ചിറകിനാൽ
രതിയുടെ ആകാശത്ത്
പാറി.
ദാഹമെന്ന് പേരിൽ,
കണ്ണുകൾ കൊണ്ട്
മൊത്തികുടിച്ചയാൾ
ചതുരജലവടിവിലേക്ക്
തീറ്റയിട്ടു കൊണ്ടിരുന്നു.
രാവിലെ,
ഉച്ചയ്ക്ക്,
രാത്രി.
ഒഴുവു ദിവസങ്ങളിലേറെ നേരവും
കണ്ണാടിയ്ക്കു മുന്നിലെന്നപോലെ
അക്വേറിയത്തിനടുത്തെത്തി.
'ന്‍റെ പ്രണയ മീനുകളേയെന്ന്'
ഉള്ളിൽ ലാളനയേറ്റി.
തന്നെ തന്നെ കാണുന്ന
കണ്ണാടിപോലെ
അക്വേറിയം,
അയാളുടെ ആനന്ദമായി.
കടൽ പോലെ
സന്ധ്യ പോലെ
മടുപ്പില്ലാത്തൊരു കാഴ്ച,
ആവേശത്തിന്‍റെ തിര,
അനുഭൂതിയുടെ വാതിൽ.
സ്കൂൾ,
ക്യാമ്പസ്,
ആൽത്തറ,
ബസ്‌സ്റ്റോപ്പ്
ഉള്ളിൽ പൂമരക്കാട് പൂക്കുന്നു.
കത്ത്,
ഫോൺകോൾ
നേരിൽ കാണാനാവാത്ത,
എത്രകേട്ടാലും മതിവരാത്ത,
വായിച്ചാലും മടുക്കാത്ത
വാക്കിന്‍റെ വിസ്മയതീരം,
പ്രണയമെന്ന ഉടൽ.
പാത്രം കഴുകുന്നതിനിടയിൽ
വാക്കിനുള്ളിലെ കൗമാരക്കാരനെ
വീണ്ടെടുത്തയാൾ
അവളെ തൊട്ടു.
നാല്പതുകളെ
പ്രണയമെന്ന കടൽ
വിഴുങ്ങി കളഞ്ഞു.
അക്വേറിയത്തിലെ മീനുകളെന്ന
കവിതയിൽ
പ്രണയത്തിന്‍റെ ചതുരവടിവിനെപ്പറ്റി
പെൺബുദ്ധൻ,
മുലതുമ്പുകൊണ്ടയാളുടെ നാവിലെഴുതി.
കുതിരമീനുകളുടെ ഉടലിനാൽ
ചതുരവടിവിനെ
മറികടക്കുന്നു
പ്രണയമീനുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.