പ്രാര്‍ത്ഥന
text_fieldsഅവളൊരു
ഭ്രാന്തിയായിരുന്നു.
അയാളോ, അവളുടെ കറങ്ങുന്ന ഭ്രാന്തിന്‍റെ കൂട്ടും.
ഇനിയൊരിക്കലും
പ്രണയമില്ലെന്ന് പരസ്പരമറിഞ്ഞിട്ടും
തണ്ടൊടിഞ്ഞിരുന്ന നേരങ്ങളില്‍
അയാളവളെ വാടാതെ ചേര്‍ത്ത് പിടിച്ചു.
പ്രണയം വറ്റിവരണ്ട രണ്ടു നദികളായ് മാറിയിട്ടും
പ്രാണന്‍ മുറിഞ്ഞ് പോകുമെന്ന്
തോന്നിയ നിമിഷങ്ങളിലെല്ലാം
അയാള്‍ അവളിൽ കരുതലിന്‍റെ മഴ നിറച്ചുകൊണ്ടേയിരുന്നു.
അവൾ
അയാളുടെ നെഞ്ചിൽ ചേർന്നുകിടന്നു. വാത്സല്യത്തിന്‍റെ തുടിപ്പറിഞ്ഞു.
മരുന്ന് തളര്‍ത്തിയ
പ്രേതാധരങ്ങള്‍
അവളുടെ പ്രണയത്തെ മന്ത്രംപോലെ ഉരുവിട്ടുകൊണ്ടേയിരുന്നു.
അയാളുടെ ചെവികളാകട്ടെ
അത് കേട്ടതേയില്ല. പ്രണയം ഭയമായിരുന്നു അയാൾക്ക്.
ഇടയ്ക്ക്
ഭ്രാന്ത് പൂത്ത നിമിഷങ്ങളിലെപ്പോഴോ അവൾ അയാളുടെ കൈവിരലിൽ
അമര്‍ത്തി
കടിച്ചു.
ആരൊക്കയോ
അയാളുടെ കയ്യിലെ മുറിവിനെക്കുറിച്ച് ചോദിച്ചപ്പോൾ
സ്നേഹത്തിന്‍റെ മുറിവെന്ന് അയാൾ വെറുതെ ചിരിച്ചു.
അവൾക്കുള്ള വെളിപാടുകളും വെളിച്ചവും
ഭ്രാന്തെന്ന് പറയേണ്ടതില്ലെന്ന് അയാൾക്ക് മാത്രം തോന്നി
അവളുടെ
പ്രതീക്ഷ നഷ്ടപ്പെട്ട ആത്മാവിനെ
ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് അയാൾ പതുക്കെ നിർത്തി.
അവളെ
കുഞ്ഞിനെപ്പോലെ കുളിപ്പിക്കുകയും ഊട്ടുകയും ഉറക്കുകയും ചെയ്തു.
അയാളിലൂടെ തിരികെ വന്ന
കവിതയും സംഗീതവും അടഞ്ഞുപോയിരുന്ന അവളുടെ ഉള്ളങ്ങളെ ഉണർത്തി.
അയാൾ അവളെ കേൾപ്പിച്ചിരുന്ന ദർവിഷിന്റെ പാട്ടുകൾ ക്രമരഹിതമായിരുന്ന കാലുകളിൽ നൃത്തതിന്‍റെ വട്ടം തീർത്തു.
കടൽത്തീരങ്ങളും കോഫീഷോപ്പുകളും സായാഹ്നങ്ങൾക്ക് നഷ്ടപ്പെട്ട നിറങ്ങളെ തിരിച്ചുനൽകി.
ഭ്രാന്തൊഴിഞ്ഞ നാളുകളിലൊന്നിൽ അവൾ അയാളോട് പറഞ്ഞു.
"പ്രണയത്തിൽ നിങ്ങളെന്നെ പരിഗണിക്കുന്നേയില്ല. എന്നാൽ, എന്‍റെ മസ്തിഷ്കം പൂക്കുമ്പോൾ നിങ്ങൾ എന്‍റെ കാവൽക്കാരനാകുന്നു. വീണുപോകാതെ നിങ്ങളെന്നെ ചേർത്തുപിടിക്കുന്നു. എന്താണിത്?"
"ഭ്രാന്ത്..." അയാൾ വെറുതെ ചിരിച്ചു. സ്നേഹത്തിന്‍റെ ഭ്രാന്ത് അയാളുടെ കണ്ണുകളിൽ ജ്വലിക്കുന്നത് അവൾ കണ്ടു.
"എന്നെ എന്‍റെ ഭ്രാന്തില്‍ തന്നെ നിലനിര്‍ത്തേണമേ...,
അയാളേയും..."
അവൾ പ്രാർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.