ഒരു മത്സ്യത്തിന്‍റെ ആത്മഹത്യയുടെ കഥ
text_fieldsഎത്രയോ അലസമായ പകലുകൾ
മുഷിപ്പ് പിടിച്ച മദ്ധ്യാഹ്നങ്ങൾ
ഏകാന്തമായ സായാഹ്നങ്ങൾ
വിരസതയുടെ രാത്രികൾ, കടന്നുപോകുകയാണ്.
മാറ്റമേതുമില്ലാത്ത ജീവിതഗതി ആവർത്തനങ്ങളുടെ വിരസതകൾക്കൊപ്പം എന്നെയൊരു ഊഷരഭൂമിയാക്കിയിരിക്കുന്നു...
കാറ്റുകൾക്ക് കടന്നുവരാൻ സാധിക്കാത്ത മഴയോ മഞ്ഞോ വെയിലോ സ്പർശിക്കാത്ത ഊഷരഭൂമി. കാലത്തിന്റെ ഈ പരീക്ഷണ കാലഘട്ടത്തിൽ നിന്നും മോചനമാഗ്രഹിക്കുമ്പോൾ പൊഴിഞ്ഞു വീഴുന്ന എന്റെ ചിതമ്പലുകൾ മുജ്ജന്മങ്ങളുടെ ശേഷിപ്പുകൾ തേടിയെന്നത് പോലെ വെള്ളകെട്ടിന് മുകളിലേക്ക് സഞ്ചരിക്കും. ആരെയോ പ്രതീക്ഷിച്ചെന്നപോലെ മരണത്തിന്റെ നക്ഷത്രങ്ങളെങ്കിലും പൊഴിഞ്ഞു വീഴുമെന്ന പ്രതീക്ഷയാവാം.
വിഷാദത്തിന്റെ മണം നിറഞ്ഞു നിന്നിരുന്ന ഇരുണ്ട രാത്രിയിലാണ് മരണത്തിന്റെ നക്ഷത്രങ്ങൾ പൊഴിയുമെന്ന എന്റെ പ്രതീക്ഷകളുടെ ദയനീയതയിലേക്ക് മുങ്ങാംകുഴിയിട്ട് അവൾ കടന്നുവരുന്നത്. കാഴ്ചയിൽ യാതൊരു ഭംഗിയും സ്വന്തമാക്കാത്ത പെണ്ണ്. തടിച്ചദേഹം മുഴുവനും ഉണങ്ങി തുടങ്ങിയെന്ന് തോന്നിക്കുന്ന വിചിത്രമായ വരകൾ തെളിഞ്ഞു നിന്നു. വലിയ കണ്ണുകൾ തീവ്രവേദനയോടെ കിതക്കുന്നുണ്ടായിരുന്നു. എങ്കിലും കാലങ്ങൾക്ക് ശേഷം ശ്വസിക്കാൻ കഴിയുന്ന ഒരാളെയെങ്കിലും കണ്ടുമുട്ടാൻ കഴിഞ്ഞു എന്നതിനാൽ ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു. കാലങ്ങൾ എന്ന് പറയാൻ സാധിക്കുമോ എന്നെനിക്ക് അറിയില്ല. ചിലപ്പോൾ ദിവസങ്ങളുടെ മാത്രം ദൈർഘ്യമാവാം. ഒരുപക്ഷേ കാലങ്ങൾ കടന്നിരിക്കാം.
കൃത്യമായി പറഞ്ഞാൽ അതൊരു മധ്യാഹ്നമായിരുന്നു. ഒരു വേനലിന്റെ അലസമായ മധ്യാഹ്‌നം. പുഴവെള്ളം ചൂട് പിടിച്ച് കിടന്നിരുന്നു. ഞാനും പ്രണയിനിയും ഞങ്ങളുടെതായ സ്വകാര്യനിമിഷത്തിന്റെ ആനന്ദത്തിൽ മുഴുകിയിരിക്കുകയായിരുന്നു ആ സമയം. പാഞ്ഞു വന്ന വലയെ പ്രതിരോധിക്കാൻ ഞങ്ങൾക്കായില്ല. വിശാലമായ ലോകത്തിന്റെ, മഞ്ഞ വെളിച്ചത്തിലേക്ക് നിരാശയോടെ നോക്കി കൊണ്ട് ഞാനും അവളും വായ് ഭാഗം പാതിയും മൂടി കെട്ടിയ പ്ലാസ്റ്റിക് കവറിനുള്ളിൽ അവ്യക്തമായ ഭാവിയിലേക്കും നോക്കിയിരുന്നു.
മാതാപിതാക്കൾ, സഹോദരങ്ങൾ, എല്ലാം ഉപേക്ഷിക്കപ്പെട്ട് ഞങ്ങൾക്ക് പുതിയ ജീവിതം ആരംഭിക്കേണ്ടി വന്നു. ആദ്യ ദിനങ്ങളിലെ അപരിചിതത്വം നീങ്ങിയതോടെ പുതിയ ചുറ്റുപാടിനോടും സൗഹൃദങ്ങളോടും ഞങ്ങൾ പതിയെ ഇണങ്ങി തുടങ്ങി. ഞങ്ങൾ സന്തോഷങ്ങൾ കണ്ടെത്താൻ തുടങ്ങിയിരുന്നു.
'എന്നാണ് നമ്മൾ വിവാഹിതരാകുന്നത്...'
ഇടക്കവൾ എന്നോട് ചോദിക്കും
'അധികം വൈകാതെ..'
എന്ന മറുപടിയിൽ ഞാനവളെ തൃപ്തയാക്കും.
പക്ഷേ നശിച്ചൊരു ദിവസത്തിന്റെ സായാഹ്നത്തിൽ വീണ്ടുമൊരു വല ഞങ്ങളെ തേടി വന്നു. അശ്രദ്ധയോടെ നീന്തി കളിച്ചിരുന്ന സുഹൃത്തുക്കൾ മുഴുവനും വലയിൽ കുരുങ്ങി. മുൻ അനുഭവത്തിന്റെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ലാത്തതിനാലാവണം ഞാനുമവളും വളരെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറി നിന്നു. ആ തീരുമാനം ജീവിതത്തിൽ ഞങ്ങൾക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമായിരുന്നുവെന്ന് പിന്നീടുള്ള ദിവസങ്ങളിൽ വ്യക്തമായി.
ഞങ്ങൾ ഒറ്റപ്പെടുകയായിരുന്നു. ഭക്ഷണം പോലും ലഭിക്കുന്നുണ്ടായിരുന്നില്ല. പകലിന്റെ ചൂടും രാത്രിയുടെ തണുപ്പും മാറി മാറി വന്നു. ദിവസങ്ങൾ നീങ്ങുന്നത് മാത്രം അറിയാൻ കഴിഞ്ഞു.
എന്താണ് സംഭവിക്കുന്നതെന്ന് അവൾ എന്നോട് ചോദിക്കും. അവളുടെ സുന്ദരമായ വെള്ളിചിറകുകൾ എന്റെ ദേഹത്തോട് പറ്റി കിടക്കും. മനുഷ്യരാൽ ഉപേക്ഷിക്കപ്പെട്ട സുന്ദരരായ മത്സ്യങ്ങളാണ് നാം എന്ന് ഞാൻ അവളോട് പറയും. മറുപടിയിൽ അക്ഷമയോടെ അവൾ കരയും.
വേദനയോടെ അവൾ എന്നോട് സംസാരിക്കും.
'ഈ അശാന്തമായ ശാന്തതയിൽ ഞാൻ മരിച്ചു പോയാൽ, പ്രിയപ്പെട്ടവനെ നിന്നെയോർത്ത് ഞാൻ വേദനിക്കുന്നു. വിശപ്പിലും ദയനീയമാണത്...'
പോകെ പോകെ അവളാകേയും തളർന്നിരുന്നു. ഒരു രോഗിയെ പോലെ അവളുടെ ഉടൽ ചോർന്നു തുടങ്ങി. പ്രിയപ്പെട്ടവളുടെ അവസാന സമയങ്ങളിലേക്ക് നിസ്സഹായതയോടെ ഞാൻ നോക്കിയിരുന്നു. ചിറകുകളുള്ള മരണമായിരുന്നുവത്. വെള്ളത്തിന് മുകളിലേക്ക് ചത്തു പൊന്തിയ അവളുടെ ഉടൽ ബലികാക്കയുടെ കൂർത്ത ചുണ്ടുകളിൽ അമർന്നിരുന്നു. മരണത്തിന്റെ ചിറകുകളിലവൾ ആകാശത്തിന്റെ ഏതോ കോണിലേക്ക് ഉയർന്നു പറന്നു.
പ്രിയപ്പെട്ടവളുടെ വേർപാടും ഒറ്റപ്പെടലിന്റെ നിരാശ്രയത്വവും എന്നെ പെരുമ്പാമ്പിന്റെ ഉദരത്തിലേക്കെന്ന പോലെ ശ്വാസം മുട്ടിച്ചു തുടങ്ങി. അങ്ങനെ പൂർണ്ണമായും തളർച്ചയുടെ വിളുമ്പിൽ പറ്റിപിടിച്ചിരുന്ന എനിക്ക് മുന്നിലേക്കാണ് വികൃതമായ ദേഹവുമായവൾ കടന്നു വന്നിരിക്കുന്നത്.
അവളാണ് ആദ്യം സംസാരിച്ചു തുടങ്ങിയതും.
"എന്റെ ഭർത്താവ് മരിച്ചു പോയി. ശവം ഉറുമ്പുകൾ പൊതിഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടന്നു... "
"മരിച്ചുപോയോ.. "
അമ്പരപ്പോടെ ഞാൻ ചോദിച്ചു.
"അതെ, വെറും മരണമല്ല മനുഷ്യർ നടത്തിയ കൊലപാതകം.
മനുഷ്യനോളം മോശമായതൊന്നും ദൈവം ഭൂമിയിൽ സൃഷ്ടിച്ചിട്ടില്ല.. "
ഞാനും ഓർത്തു, ശരിയാണ് മനുഷ്യരാണ് എന്റെ സന്തോഷങ്ങൾ മുഴുവനും തല്ലി കെടുത്തിയത്. മാതാപിതാക്കൾ, സഹോദരങ്ങൾ, പ്രണയം, അങ്ങനെ അങ്ങനെ എന്റെ സകല ജീവിത സൗഭാഗ്യങ്ങളും എന്നിൽ നിന്നും അകറ്റിയത് മനുഷ്യരാണ്.
എന്റെ ചിന്തകളെ മുറിച്ചു കൊണ്ട് അവൾ സംസാരം തുടർന്നു.
സായാഹ്നങ്ങൾ സുന്ദരമായിരുന്നു. ചക്രവാളം പ്രണയത്തിൽ മുങ്ങി നിവരുമ്പോഴൊക്കെയും ഞങ്ങൾ ഒന്നിച്ച് വയൽവരമ്പത്തുള്ള തോടിനോരം സമയത്തിന്റെ ഗതി പോലും മറന്നുകൊണ്ട് സംസാരിച്ചിരിക്കുകയായിരിക്കും. ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ജനിക്കുന്നതിനെ കുറിച്ച്, മക്കളുമൊത്തുള്ള സന്തോഷം നിറഞ്ഞ ജീവിതത്തെ കുറിച്ച് അങ്ങനെ പലതും. ഞങ്ങളുടേത് ഒരു പ്രണയ വിവാഹമായിരുന്നു. ഒട്ടും സുന്ദരിയല്ലാതിരുന്ന എന്നോട് അദ്ദേഹത്തിന് പ്രണയം തോന്നിയത് പോലും എന്നെ സംബന്ധിച്ച് മഹാഭാഗ്യമായിരുന്നു... '
ഒരു നെടുവീർപ്പോടെ തവള സംസാരം പാതിയിൽ അവസാനിപ്പിച്ചു.
എന്റെ തൊണ്ടകുഴിയിൽ സങ്കടം കനത്തു. ഓർമ്മകളിലൂടെ വെള്ളി ചിറകുകൾ പതിയെ അനക്കി പ്രിയപ്പെട്ടവൾ കടന്നുപോയി.
"ലോറി കയറിയതാണ്.. "
തവള വീണ്ടും പറഞ്ഞു.
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. ബലിക്കാക്കയുടെ ചുണ്ടുകൾ കൊത്തി വലിച്ച പ്രിയപ്പെട്ടവളുടെ ദേഹത്തിന്റെ സമൃദ്ധമായ കാലഘട്ടം ഞാൻ ഓർത്തു.
വിരഹത്തിന്റെ മുറിവ് ഉണക്കാൻ ഒറ്റമൂലികൾ ഉണ്ടോ. എനിക്കൊന്നും അറിയാൻ കഴിയുന്നില്ല എങ്ങനെ ജീവിക്കുന്നുവെന്ന് പോലും.
'നിങ്ങൾക്കറിയുമോ, ഞാൻ എന്റെ പ്രിയപ്പെട്ടവനെ അതിതീവ്രമായി ആഗ്രഹിക്കുന്നു. ഒരുപക്ഷേ ഭൂമിയിൽ നിന്നും മഴ ആകാശത്തിലേക്ക് പെയ്യുന്നത് പോലെ പ്രയാസകരമായിരിക്കാമത് എങ്കിലും ഞാൻ ഈ പർവ്വതത്തിന്റെ കാഠിന്യം ഒഴിഞ്ഞു കിട്ടുവാൻ കാത്തിരിക്കുന്നു.. ഞാൻ എന്റെ ആത്‌മാവിന്റെ നിത്യമായ മോചനത്തിനുള്ള സമയങ്ങൾ ചിട്ടപ്പെടുത്തുന്നു..'
'ആത്മാവിന്റെ നിത്യമായ മോചനമോ..? '
എന്റെ ശബ്ദം ചെറിയൊരു മുരൾച്ച പോലെ പുറത്തേക്ക് ചിന്തി.
അവളുടെ കണ്ണുകൾ, എന്നെ ഉറ്റുനോക്കി
'അതെ, എല്ലാ വേദനകളിൽ നിന്നുമുള്ള മോചനം.. '
'മരണമെന്നാണോ..'
'മരണവും....
ഏകാന്തതയിലൂടെ ക്ഷുദ്രജീവികൾ നമ്മളിലേക്ക് ഇറങ്ങി വരും. ഇന്നെന്നോ ഇന്നലെയെന്നോ വ്യത്യാസമില്ലാതെ അവ നമ്മെ വേട്ടയാടും. നമുക്ക് സദാനേരവും കരയുന്ന കണ്ണുകളും ഉറങ്ങാത്ത ഹൃദയവുമുണ്ടാകും. ഏകാന്തതകളെ മറികടക്കാൻ മനുഷ്യർ പോലും മരണത്തെ തിരഞ്ഞെടുക്കുന്നു.. '
'മനുഷ്യർ മരണം തിരഞ്ഞെടുക്കുമോ..'
എന്റെ ശബ്ദം അത്ഭുതം കൊണ്ട് ധൃതിപ്പെട്ടിരുന്നു.
അവൾ വികൃതമായൊന്ന് പുഞ്ചിരിച്ചു.
'അവർ സ്വയവും കൊലപാതകങ്ങൾ ചെയ്യുന്നു. മരിക്കാൻ തുടങ്ങുന്ന മനുഷ്യരെ എത്രയോ വട്ടം ഞാൻ കണ്ടിരിക്കുന്നു. മനോഹരമാണ് അവരുടെ ചെയ്തികൾ. ഭയത്തോടെയുള്ള സമീപനങ്ങൾ... ശ്വാസം നിലക്കുമ്പോഴും വിഡ്ഢികളെ പോലെ ചിലർ പ്രേമഭാജനത്തിന്റെ പേര് വിളിക്കും.... '
മറ്റൊരു ചോദ്യമോ ഉത്തരമോ പ്രതീക്ഷിക്കുന്നില്ലയെന്ന മട്ടിലവൾ പുറത്തേക്ക് ചാടി എങ്ങോ മറഞ്ഞു. വരണ്ട ആകാശത്തിലൂടെ ഏകാന്തതയെന്നെ പൊതിഞ്ഞു. ക്ഷുദ്രജീവികൾ എനിക്ക് ചുറ്റും വട്ടമിട്ടു. അവരെന്റെ ചിറകുകൾ അരിഞ്ഞു, കണ്ണുകൾ പിഴുതെടുത്തു, എന്റെ ശരീരം കഷ്ണങ്ങളാക്കി.
ഞാൻ മൗനത്തിന്റെ മഹാഗർത്തത്തിലേക്ക് ഊർന്ന് പോയി.
തുടർന്നുള്ള ദിവസങ്ങളിലും അവൾ എനിക്കരികിൽ വന്നു. മിക്കപ്പോഴും എനിക്കുള്ള ഭക്ഷണവും കരുതിയാകും അവൾ വരിക. ആദ്യമൊക്കെ പ്രിയപ്പെട്ടവരുടെ വേർപാടുകൾ മാത്രമായിരുന്നു ഞങ്ങൾക്കിടയിലെ വാക്കുകൾ. പതിയെ ആനന്ദത്തിന്റെ വർത്തമാനങ്ങളും ഞങ്ങൾ പങ്കുവെച്ചു തുടങ്ങിയിരുന്നു. വിരഹത്തിന്റെ മുറിവ് ഉണക്കുന്ന മരുന്നുകൾ പോലെ ഞങ്ങൾ പരസ്പരം മാറിക്കഴിഞ്ഞിരുന്നു.
അവളുടെ വികൃതമായ വരകൾക്കു പകരം വെള്ളിച്ചിറകുകൾ മുളച്ചു വരുന്നത് ഞാൻ സങ്കല്പ്പിച്ചു തുടങ്ങി. ദുഃഖനിർഭരമായ എന്റെ സമയങ്ങൾക്ക് അസ്തമയമായെന്ന് ഞാൻ കരുതി. അവളുടെ മിഴികളിൽ നിന്നും വിഷാദത്തിന്റെ നിഴൽ മാഞ്ഞുപോയിരുന്നു. അത് സന്തോഷം കൊണ്ട് തൃപ്തിപ്പെടുന്നുവെന്ന് എനിക്ക് തോന്നി.
ജീവനുള്ള ജഡമായിരുന്ന എനിക്ക് ചുറ്റും പ്രതീക്ഷകളുടെ പ്രഭാതങ്ങൾ ഉണ്ടാവുകയും രാത്രികളിൽ അവ അസ്തമിക്കുകയും ചെയ്തു. മറ്റൊരു പ്രഭാതത്തിന് വേണ്ടിയുള്ള എന്റെ കാത്തിരിപ്പ് യുഗങ്ങൾ നീളുന്നത് പോലെ തോന്നിച്ചു.
പക്ഷേ എന്തുകൊണ്ടോ പ്രതീക്ഷകൾക്ക് നിറം മങ്ങി തുടങ്ങി. അവൾ എനിക്കരികിൽ വരുന്നതിന് ഇടവേളകൾ ഉണ്ടായി. ഇടവേളകൾക്ക് ദൈർഘ്യം കൂടി. ദൈർഘ്യത്തിന്റെ ആ കാലങ്ങളോ പറന്നുപോയി. ഞാൻ കണ്ടെത്തിയെന്ന് അഹങ്കരിച്ചിരുന്ന സാന്ത്വനങ്ങൾക്ക് അന്ത്യമായ വിധിയുണ്ടായി.
ജഡമായിരുന്ന എന്റെ അവശിഷ്ടങ്ങൾ വീണ്ടും ഏകാന്തതയിലൂടെ ക്ഷുദ്രജീവികൾ ഭക്ഷിച്ചു തുടങ്ങി. കഠിനമായ വേദനകളുടെ തിരിച്ചു വരവായിരുന്നു അത്.
അവൾക്ക് എന്തും സംഭവിച്ചിരിക്കാം. മറ്റൊരു വിവാഹമായിരിക്കാം. ചക്രവാളം ചുവപ്പ് പടരുന്ന സായാഹ്നങ്ങളിൽ അവൾ പ്രിയപ്പെട്ടവനുമൊത്ത് പ്രണയം പറഞ്ഞിരിക്കുന്നുണ്ടാവാം. അല്ലെങ്കിൽ കൊടും വേനലിലിന്റെ ചാട്ടവാറടിയിൽ നിന്നും മറ്റെങ്ങോ ഓടി മറഞ്ഞതാവാം. അതുമല്ലെങ്കിൽ ലോറിയുടെ കനമുള്ള ചക്രങ്ങൾ അവളുടെ തടിച്ച ദേഹത്തിന് മുകളിലൂടെ അനായാസം കടന്നുപോയിരിക്കാം. മരണത്തിന്റെ കാലടിയിൽ അവൾ എന്നെ ഓർത്തുകാണുമോ.
പ്രിയപ്പെട്ടവളെ, നീയും മരിച്ചുവെന്നാണെങ്കിൽ പെട്ടെന്നൊരു നദി വറ്റിപോകും പോലെ ക്രൂരമായ വിധിയായിരിക്കുമത്.
ഒരിക്കൽ നീ എന്നോട് ആത്മാവിന്റെ മോചനത്തെ കുറിച്ച് സംസാരിച്ചു. എങ്കിൽ അതെങ്ങനെയാണെന്ന് ഞാൻ ഈ നിമിഷം അറിയാൻ ആഗ്രഹിക്കുന്നു. വെള്ളിചിറകുകളുള്ള കാമുകിയുണ്ടായിരുന്നു എനിക്ക്.
അതിമനോഹരമായ കണ്ണുകൾ ഉള്ളവൾ. എന്റെ ഉടലുകളിൽ ഒഴുകി നടന്നവൾ. വെളുത്ത ഉടുപ്പിട്ട് വിശന്നു മരിച്ചവൾ. കിതപ്പുകളോടെ ഞാൻ ആകാശത്തിലേക്ക് നോക്കുന്നു. വികൃതമായ നിന്റെ തടിച്ച ദേഹം മേഘങ്ങൾക്കൊപ്പം ഒഴുകുന്നു. ഞാൻ നിന്നേയും പ്രണയിക്കാൻ ശീലിച്ചിരിക്കുന്നു. എനിക്ക് ഈ യാചനയുടെ ലോകത്തിൽ നിന്നും മോചനം വേണം. പരാജിതനായ കാമുകൻ സ്വയം ഹത്യ ചെയ്യണമെന്ന് ഒരിക്കൽ നീ എന്നെ ഓർമിപ്പിച്ചു. അല്ലെങ്കിൽ മരണത്തിന് വേണ്ടിയുള്ള മടുപ്പിക്കുന്ന കാത്തിരിപ്പിൽ തപസ്സു ചെയ്യണമെന്ന്.
എങ്കിൽ തപസ്സിന്റെ കാലയളവ് എന്നിൽ ഭയം നിറക്കുന്നതാണ്.
വേനലിന്റെ കാഠിന്യത്തിൽ പാതിയും വറ്റി കഴിഞ്ഞിരുന്ന വെള്ളക്കെട്ടിന് പുറത്തേക്ക് ഞാൻ മരണമാഗ്രഹിച്ച് കൊണ്ട് എടുത്ത് ചാടി. മരണത്തിന്റെ നിഴലനക്കം ഞാൻ കണ്ടു. വെള്ളിയുടുപ്പിൽ മനോഹരിയായ കാമുകിയുടെ ഗന്ധം മരണത്തിന്റെ നിഴലുകളാൽ എന്നെ പൊതിഞ്ഞു. പണ്ടെന്നോ നീന്തി തുടിച്ച പുഴയുടെ തണുപ്പിൽ ഞാൻ വിറച്ചു. അമ്മയുടെ വാലിന് കീഴെ കൊച്ചു കുഞ്ഞായി നീന്തി തുടിച്ചിരുന്ന സ്മൃതികളിൽ സ്പർശിച്ച് എന്റെ അവസാന ശ്വാസം മണ്ണിൽ പതിഞ്ഞു കിടന്നു.
കണ്ണുകളിൽ സ്വല്പം ജീവൻ ശേഷിക്കെ ഞാൻ അവളെ കണ്ടു. എനിക്കുള്ള ഇരയെ വായിൽ ഭദ്രമായി സൂക്ഷിച്ചു കൊണ്ട് വെള്ളക്കെട്ടിനകത്തേക്ക് മുങ്ങാംകുഴിയിടുകയായിരുന്നു അവളപ്പോൾ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.