മഞ്ഞ ബസ് മരണങ്ങൾ
text_fieldsഓടിക്കളിച്ചിരുന്ന പാതകൾ
മതിൽക്കെട്ടിനപ്പുറത്ത്
അനാഥരായി
വെയിലും മഴയുമേറ്റു കിടക്കുന്നു.
കലപിലകളെ പണിപ്പെട്ട്
മൂടി വെച്ചിരുന്ന
ഗ്ലാസ്ജാലകങ്ങൾ നെടുവീർപ്പിടുന്നു.
'പതുക്കെ' എന്നു തല തിരുമ്മിക്കോണ്ടിരുന്ന പടവുകൾ
ചുരുണ്ടുകൂടിപ്പോയിരിക്കുന്നു.
യൂണിഫോം ചിറകുകളുടെ തലവെട്ടം കാണാതെ
ഹതാശരായ ചക്രങ്ങൾ
തല പൂഴ്ത്തിയിരിക്കുന്നു.
കുഞ്ഞിക്കൈ സ്പർശനങ്ങളുടെ ഓർമ്മയിൽ
ഹോണിന് ഇടയ്ക്കിടെ ഉറക്കം ഞെട്ടുന്നു.
കുഞ്ഞുകൂന്തൽ വാലുകളിലും
പൗഡർക്കവിളുകളിലും
'തൊട്ടേ- പിടിച്ചേ'
കളിച്ചിരുന്ന കാറ്റോ,
സങ്കടംവന്നാ മൈതാനത്തു കുത്തിയിരിക്കുന്നു.
അപ്രതീക്ഷിതവും അതിദീർഘവുമായൊരു
മഞ്ഞുകാലം
ചുറ്റിലും പെയ്തുകൊണ്ടിരിക്കുന്നതുനോക്കി
ആ മഞ്ഞപ്പക്ഷി വിറങ്ങലിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.