മറിയച്ചേടത്തി
text_fieldsഒരൊഴിവുദിവസം
ഊണുകഴിച്ച ശേഷം
വെറുതെയിരുന്ന ഉച്ചനേരത്താണ്
ഒരു പ്രകോപനവും കൂടാതെ
മറിയച്ചേടത്തി, ഓടിക്കേറിവന്നത്.
ചൂരൽക്കസേരയിൽ
ചെറുതായി ആടിക്കൊണ്ടിരുന്ന
ഞാൻ അത്ഭുതപരവശതയിലായി.
നാൽപതാണ്ടു പിറകിൽ
നിറം മങ്ങിയ ചട്ടയും, മുണ്ടുമിട്ട്
മുഖത്തെ ചുളിവുകളുമായി
എൽ.പി സ്കൂളിലെ അടുക്കളയിൽ
തന്‍റെ തലേലെഴുത്തിനെ പഴിച്ചു,
തീ പുകച്ച്, ഉപ്പുമാവുണ്ടാക്കുന്ന മറിയച്ചേടത്തി.
പുകയടിച്ച്, ചുവന്നകണ്ണുകളും
കവിളിൽ, നീരൊഴുക്കുമായി
മറിയച്ചേടത്തി.
അലൂമിനിയം ബക്കറ്റിൽനിന്ന്, കുഴുതലുകൊണ്ട്
കോരി, കുനിഞ്ഞ് പാത്രത്തിലേക്ക്
ഉപ്പുമാവിട്ടു തരുന്ന മറിയച്ചേടത്തി.
ഹെഡ്മാസ്റ്റർ ജോസ് മാഷിന്
കുട്ടൻനായരുടെ കടയിൽ നിന്നും ചായ
കൊണ്ടുവരുന്ന മറിയച്ചേടത്തി.
മരിച്ചു മണ്ണടിഞ്ഞിട്ട് ഏറെക്കാലം
കഴിഞ്ഞിരിക്കുന്നു.
കുടിച്ചു കൂത്താടി, കരളു തകർന്ന
അവരുടെ മകൻ വറുതുണ്ണി പോലും
പെറ്റതള്ളയെ മറന്ന, ഇക്കാലത്ത്
ഇതെന്തു മറിമായം, മറിയച്ചേടത്തി
എന്‍റെ ഓർമ്മയിലേക്ക്
പൊടുന്നനെയെത്താൻ
എന്നു ഞാൻ ആശ്ചര്യപ്പെട്ടു.
എന്‍റെ മാതാപിതാക്കൾപ്പോലും
ഇങ്ങനെ കേറി വന്നില്ലല്ലോ
എന്നു ഖേദിച്ച്, കണ്ണു നിറഞ്ഞപ്പോൾ
പൂമുഖത്തെ ചുമരിൽ
മാലയിട്ടുവച്ച ഫോട്ടോകളിലേക്കുനോക്കി.
ഒരുവേള ഉപ്പുമാവു മണം പോയി
ചുണ്ടിൽ മുലപ്പാലിന്‍റെ മധുരം
തുടകളിൽ ചൂരൽപ്പാടിൽ നിന്നും നീറ്റം.
എന്‍റെ മറിയച്ചേടത്തി, എന്‍റെ മറിയച്ചേടത്തി
പരലോകത്തു നിങ്ങൾ സുഖമായിരിക്കട്ടെ
എന്ന്, ഉള്ളിലൊരു, ഇത് തേട്ടി.
എന്നിട്ടും ഇതെന്താണപ്പാ
ഒട്ടും നിനക്കാത്തനേരത്ത്
മറിയച്ചേടത്തിയുടെ ഈ വരവ്
എന്നൊരാന്തൽ ബാക്കി.
ഇതെന്താ, കണ്ണുനിറഞ്ഞതെന്ന്
മകൻ ചോദിച്ചപ്പോൾ
കരടു പോയതെന്ന് കള്ളം
പറഞ്ഞു, ഞാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.