ഒരു പട്ടുപാവാടക്കാരി കിനാവിൽ വിരുന്നെത്തുന്ന ഓണക്കാലം
text_fieldsഓർമകളിൽ ഓണത്തിനെന്നും വാട്ടിയ വാഴയിലയുടെ മണമാണ്. പത്തു ദിവസത്തിന് സ്കൂൾ അടച്ചാൽ ഉമ്മമ്മ വന്നു കൂട്ടികൊണ്ട് പോകും.
ഓണാഘോഷങ്ങൾ ഉമ്മാന്റെ വീട്ടിൽ ആണ്. എനിക്ക് ഓർമവെച്ച കാലം മുതൽ അവിടെ ഉമ്മമ്മക്ക് സഹായത്തിന് ഭാരതി ചേച്ചിയുണ്ട്. പറമ്പിലെ പണിക്ക് അവരുടെ ഭർത്താവ് ഗോപാലേട്ടനും.
നാഴികകൾക്കിപ്പുറത്തിരുന്ന് തിരുവോണ ദിവസം ഞാൻ അവരെ ഓർക്കാറുണ്ട്.തിരുവോണത്തിന്റെ അന്ന് ഞാനും മേമയും അനിയനും അവിടെപ്പോകും, ചാണകം മെഴുകിയ നിലത്ത് കൃഷ്ണ കിരീടം പൂവ് ചൂടി മണ്ണ് കുഴച്ചുണ്ടാക്കിയ തൃക്കാക്കര അപ്പന്മാരുണ്ടാകും. പൂക്കളമൊരുക്കൻ പൂവുകൾ തേടി കുന്നിക്കുരു പൂക്കുന്ന കാട്ടിൽ വരെ പോയെന്ന് അവിടത്തെ കുട്ടി അമ്മു വീമ്പു പറയും. അപ്പോഴേക്കും സദ്യ ഉണ്ണാൻ ഭാരതി ചേച്ചി വിളിക്കും. സാമ്പാറും ഓലനും അവിയലും ഒക്കെ കൂട്ടിയുള്ള അടിപൊളി സദ്യ. അത് കഴിഞ്ഞാൽ ഉണക്കല്ലരിയുടെ പായസം. പോകുമ്പോൾ തിന്നാൻ കായ വറുത്തതും ശർക്കര ഉപ്പേരിയും പൊതിഞ്ഞു തരും ഭാരതി ചേച്ചി.
'ഞാൻ എങ്ങനെ വെച്ചാലും ഉണക്കല്ലരിയുടെ പായസത്തിന് ചേച്ചി വെക്കുന്ന ടേസ്റ്റ് ഇല്ല.'
ഒരിക്കൽ നാട്ടിൽ ചെന്നപ്പോൾ ഭാരതി ചേച്ചിയോട് പരാതി പറഞ്ഞു.
'കുട്ടി അരി എങ്ങനെ വേവിക്കും'
'കുക്കറിൽ'
'പിന്നെ എങ്ങനെ നന്നാകും'
ഇപ്പോൾ ഉള്ള പെൺകുട്ടികൾക്ക് ഒക്കെ എളുപ്പപ്പണിയാണ്. പാതി പല്ലും കൊഴിഞ്ഞു പോയ മോണകാട്ടി ഭാരതി ചേച്ചി ചിരിക്കും. ഭാരതി ചേച്ചിയുടെ വീട്ടിലെ സദ്യ കഴിഞ്ഞു തിരികെയെത്തുമ്പോൾ ഉമ്മമ്മയുടെ കൂട്ടുകാരികളുടെ പായസമടങ്ങിയ തൂക്കു പാത്രം കൊണ്ട് ഡെയിനിങ് ടേബിൾ നിറഞ്ഞിരിക്കും.
അടപ്പായസം അടങ്ങിയ തൂക്കു പാത്രം ഞാൻ കൈക്കലാക്കും.
മുറ്റത്തെ ചെറിമരത്തിന്റെ ചോട്ടിൽ ഇരുന്ന് കുടിക്കും
'നിനക്ക് വല്ലതും പറ്റും പെണ്ണേ.. മുഴുവനും ഒന്നിച്ചു കുടിച്ചാൽ.'
ഉമ്മമ്മ താക്കീത് നൽകും.
വൈകുന്നേരം പല ക്ലബ്ബുകളുടെയും നേതൃത്വത്തിൽ മത്സരങ്ങൾ ഉണ്ടാകും. സുന്ദരിക്ക് പൊട്ടു കുത്തൽ ആണ് ഞങ്ങൾ കുട്ടികൾക്ക് ഉണ്ടാകാറുള്ള മത്സരം.
പതിവുപോലെ സുന്ദരിയുടെ പുരികത്തിനു മുകളിൽ പൊട്ടുകുത്തി ഞാൻ തോൽവി ഏറ്റുവാങ്ങും.
വേരറ്റു പോയ കുറെ കാട്ടുപൂക്കളുടെ നിറവും മണവും ഓരോ ഓണക്കാലവും ഓർമിപ്പിക്കുന്നു.
നാടൻ പൂവുകൾ കൊണ്ടുള്ള പൂക്കൾ ആണെങ്കിൽ പൂക്കള മത്സരത്തിൽ ഒന്നാമതാകാം എന്ന് എല്ലാ കൊല്ലവും ടീച്ചർ പറയും. അങ്ങനെ പൂവുകൾ തേടിയുള്ള അലച്ചിലിനിടയിൽ കണ്ടെത്തിയ കുറെ കാട്ടു പൂക്കളുണ്ട്. ഇളം വയലറ്റ് നിറത്തിൽ വള്ളിപടർപ്പുകളിൽ പൂത്ത് നിന്നിരുന്ന ഒരു പൂവുണ്ടായിരുന്നു.
അത് ഭ്രാന്തൻ പൂവാണ് പറിച്ചാൽ നിനക്ക് ഭ്രാന്ത് പിടിക്കുമെന്ന് കൂട്ടുകാരി വിലക്കി.
പിറ്റേന്ന് അവളുടെ ക്ലാസ്സിലെ പൂക്കളത്തിന്റെ രണ്ടാമത്തെ വരിയിൽ ആ ഭ്രാന്തൻ പൂവ് പൂത്തത് കണ്ട് ഞാൻ അമ്പരന്നു.
കഴിഞ്ഞ തിരുവോണത്തിന്റെ അന്നും വിളിച്ചപ്പോൾ ഉമ്മമ്മ പറഞ്ഞു. ഭാരതി ചേച്ചിയും ലക്ഷ്മി ചേച്ചിയും ഒക്കെ പായസം കൊണ്ട് വന്നിരുന്നു, ഉമ്മമ്മ നിന്നെ ഓർത്തു. ഇവിടെ ആര് കുടിക്കാനാണ് ഞങ്ങൾക്ക് രണ്ടാൾക്കും ഷുഗർ അല്ലെ..
ഓരോ ഓണക്കാലത്തും ചുകന്ന പട്ടുപാവാടയിട്ട ഒരെട്ടു വയസ്സുകാരി ശർക്കരയുപ്പേരിയും കൊറിച്ചെന്റെ കിനാവിൽ വന്നിരിക്കും. പൂക്കളമത്സരത്തിന് തോറ്റപ്പോൾ അപ്പുറത്തെ ക്ലാസ്സിലെ പയ്യന്മാരുടെ കൂവലിൽ കരഞ്ഞുപോയ ഒരു സ്കൂൾകുട്ടിയെ ഞാനോർക്കും.
മൂന്നുബസ്സും കയറി വേണം കോളേജിൽ എത്താൻ എന്നറിഞ്ഞിട്ടും കോളേജിലെ ഓണ പ്രോഗ്രാമിന് സെറ്റ് സാരി ഉടുത്ത് കോളേജ് എത്തുവോളം അത് അഴിഞ്ഞു പോകാതിരിക്കാൻ നേർച്ചപ്പെട്ടിയിൽ പൈസ ഇട്ട ഒരു കൗമാരക്കാരിയെ ഓർത്ത് ചിരിവരും.
വർഷങ്ങൾ എത്ര കഴിഞ്ഞാലും ഓർമകളിലെ ഓണകാലങ്ങളുടെ നിറം മങ്ങുന്നില്ല. കണ്ണടച്ചാൽ ഇന്നും വാട്ടിയ വാഴയിലയുടെ മണം മൂക്കിലെത്തുന്ന, ഹൃദയത്തിൽ ഒരായിരം കാട്ടു പൂക്കൾ ഒന്നിച്ചു പുക്കുന്ന ഓണക്കാലങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.