തലക്കെട്ടില്ലാത്ത കവിത
text_fieldsഇട തെറ്റാതെ ഉയരുകയും
ചൂടുപിടിപ്പിച്ച് താഴുകയും,
ഭൂമിയുടെ ജാരനായിരിക്കണം
സൂര്യൻ.
സംശയമില്ല,
ചന്ദ്രൻ ഭർത്താവ് തന്നെ.
നോക്കൂ.
തണുപ്പാണ് അന്നേരം ഭൂമി.
ഒളിപ്പിച്ചുവെച്ച
തണുത്ത ചുഴികളോ
ഇരുണ്ട കുറ്റിക്കാടുകളോ
ഭൂമിയുടെ
ജലാശയങ്ങളിൽ
കണ്ടിട്ടേയില്ല,
ജാരനായിട്ടും
സൂര്യൻ !
ചന്ദ്രനാണെങ്കിൽ
തിളച്ചുതൂവുന്ന
പുറന്തട്ടുകൾപോലും.
എന്നിട്ടും
ചന്ദ്രനിൽനിന്ന്
സൂര്യനിലേക്കോ
തിരിച്ചോമാത്രം
കറങ്ങിയുമുറങ്ങിയും
മുറിവൊന്നുമുണങ്ങാതെയും
അച്ഛതണ്ടിൽ
തൂങ്ങിയാടുന്നു
പാവം ഭൂമി.
കനം കുറയ്ക്കാനത്രേ
അവതാരങ്ങൾ,
അവതാളങ്ങൾ,
തീ തുപ്പുമോക്കാനങ്ങൾ,
മൂരി നൂർത്തുമനക്കങ്ങൾ,
സർവം നനച്ചാണ്ടുകുളി
ഒറ്റാന്തടിയെന്ന ജലപ്രഖ്യാപനം.
കനമുണ്ടോ കുറയുന്നു ?
കുഞ്ഞുങ്ങളമ്മിഞ്ഞയിൽ വരച്ച-
ങ്ങാടിയിൽ കലിച്ചപ്പാടെയും
കുലച്ച,തിന്മേൽ തൂറിയ-
തുതന്നെ തിന്നും മുഖത്താകെ-
യാക്കിയും ലീലാരസത്തിൽ
തിമർക്കവെ,
മാസത്തിലൊന്ന് (ശമ്പളദിനമാം)
തെളിഞ്ഞുദ്യോഗാൽ-
പിന്നെ ക്ഷയിച്ച്
ചന്ദ്രൻ ചുമച്ചുതുപ്പും
കഫക്കട്ടകൾ തുടച്ചെത്തും
ജാരന,ല്ലേറെ ചാരൻ മറ്റവൻ
നിറുകിൽ ചിരിക്കിലും
വന്യമാം തിരയൊന്നു
ചുരമാന്തിയമറുന്നു
ഏറെ കനക്കുന്നു നാൾക്കുനാൾ
തണ്ടിലച്ഛൻ ചിരിക്കുന്നു
അമ്മമാരെല്ലാം പതംപറഞ്ഞടിയുന്നു.
വയ്യ
കനമേറി മുടിയുന്നു
തക്കം തിരക്കുന്നു
തന്തയെക്കൊല്ലാൻ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.