അകാല മരണം - കവിത
text_fieldsആയുസ്സ് എത്താതെ
മരണപ്പെട്ടവരുടെ
അരികിൽ പോയിരുന്നിട്ടുണ്ടോ...?
സ്വപ്‌നങ്ങൾ നീലിച്ചുറങ്ങുന്ന
അവരുടെ മുഖത്തേക്ക് ഉറ്റുനോക്കിയിട്ടുണ്ടോ എന്നെങ്കിലും...?
ഇനിയും പോകാനേറെ ദൂരമുണ്ടായിരുന്നെന്ന്
അവരുടെ ചുണ്ടുകൾ
മൗനമായ് മന്ത്രിക്കുന്നത് കേട്ടിട്ടുണ്ടോ...?
കാണാനിനിയും കാഴ്ചകൾ
ഒത്തിരിയെന്ന് ചൊല്ലി
പണിമുടക്കിയ ഹൃദയം വീണ്ടും
മിടിച്ചുകൊണ്ടിരിക്കുന്നത് കേട്ടിട്ടുണ്ടോ...?
നടന്നും ഓടിയും
കൊതിതീർന്നില്ലെന്ന് ചൊല്ലി
പാദങ്ങൾ വിറകൊള്ളുന്നതായി തോന്നിയിട്ടുണ്ടോ...?
കണ്ട് കൊതിതീരാത്ത മുഖങ്ങളും കാഴ്ചകളും
ഒരായിരമുണ്ടെന്ന് ഉറങ്ങിക്കിടക്കുന്ന
കണ്ണുകൾ വിലപിക്കുന്നത് അറിഞ്ഞിട്ടുണ്ടോ ...?
ചെയ്തുതീർക്കാൻ
ഇനിയും നൂറുകൂട്ടം ജോലികളുണ്ടെന്ന്
ചലനമറ്റ കൈകൾ
പറയാതെ പറഞ്ഞ് പരിതപിച്ചത്
അറിയാൻ സാധിച്ചിട്ടുണ്ടോ...?
മിഴികൾ ചിമ്മാതെ
മൊഴികൾ പതറി
തന്നെയോർത്ത് വിലപിച്ചും പരിതപിച്ചും കരയുന്ന
കൺകളിലെ കണ്ണീരൊപ്പാൻ
വെമ്പുന്ന ഹൃദയത്തിൻ നോവ്
അറിയാൻ കഴിഞ്ഞിട്ടുണ്ടോ...?
ഉറ്റവരിൽനിന്നുമെന്നെ
അടർത്തിമാറ്റല്ലേയെന്നും
ഈ ഉലകത്തിൽനിന്നുമെന്നെ
പിഴുതെറിയല്ലേയെന്നും
ഉള്ളുരുകിക്കരയുന്ന
നെഞ്ചകത്തിൻ നോവ്
അനുഭവിച്ചറിയാൻ സാധിച്ചിട്ടുണ്ടോ...?
മരണപ്പെട്ടവന്റെ
അരികിലായ് തന്നെ
അല്പസമയം ഇരിക്കൂ...
കേൾക്കാം...
പറയാതെ പറയുന്ന മൊഴികളും...
കാണാം...കരയാതെ കരയുന്ന കണ്ണുകളും...
- നസ്‌റിയ ഹബീബ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.