രണ്ട് ചിത്രങ്ങൾ
text_fieldsഇന്ന്
ഞാനൊരു ചിത്രം വരച്ചു
പുഴകളിൽ പക്ഷികളേയും
ആകാശത്തിൽ മത്സ്യങ്ങളേയും
നിലത്ത് മേഘങ്ങളേയും
വീടിനുള്ളിൽ ഒട്ടകങ്ങളേയും
മരച്ചില്ലകളിൽ നക്ഷത്രങ്ങളേയും വരച്ചു
മലമുകളിൽ നിന്നും ആകാശത്തേക്ക് പെയ്യുന്ന
മഴ വരച്ച്
മരങ്ങളെ തലകീഴായി തൂക്കിയിട്ടു
പറക്കാൻ വയ്യെന്ന് പക്ഷികളും
ശ്വസിക്കാൻ വയ്യെന്ന് മത്സ്യങ്ങളും
ആകാശത്തേക്ക് മടങ്ങണമെന്ന് മേഘങ്ങളും
നിലവിളിച്ചു
അടച്ചിട്ട വീടുകളിൽ നിന്നും ഒട്ടകങ്ങൾ
മരുഭൂമിയിലേക്കുള്ള വഴി
അന്വേഷിച്ചുകൊണ്ടിരുന്നു
വായുവിൽ
താഴേയ്ക്ക് തൂക്കിയിട്ട മരങ്ങളുടെ അടിവേരുകൾ
പിരിഞ്ഞുപോകാത്ത
അവസാനത്തെ മൺതരിയേയും
ഇറുക്കിപ്പിടിച്ചു
ചില്ലകളിലെ നക്ഷത്രങ്ങൾ
നഷ്ടമായ രാത്രികളേക്കുറിച്ച് വിലപിച്ചു
എന്നിട്ടും
തിരുത്തി വരയ്ക്കില്ലയെന്ന്
ചിത്രത്തിന്‍റെ ഏറ്റവുമടിയിൽ
അവസാനവാക്കുപോലെ
ഞാനെന്‍റെ ഒപ്പുകൂടിചേർത്തു
അപ്പോഴാണ്,
ഒരു വലിയ അഗ്നിഗോളത്തിനുള്ളിൽ
ചുവന്ന കളർപ്പെൻസിലുകൊണ്ട്
അയലത്തെ നാലുവയസ്സുകാരൻ
എന്നെ വരച്ചിട്ടത്!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.