സാക്ഷി - കവിത
text_fieldsമിഴിയടക്കാതെയെന്നുമീ സാഗരം
മൂകസാക്ഷിയാണിന്നുമെന്നും
ചീറിയടിച്ചെത്ര തിരമാലകൾ
മായ്ച്ചുകളയുന്നു കാൽപാടുകൾ
മോഹങ്ങളും മോഹഭംഗങ്ങളും
പിന്നെത്രയോ പൂവിട്ടു പ്രണയങ്ങളും
ഞെട്ടറ്റിരുവഴി യാത്രയായി പിന്നെ
നീയതിനൊക്കെയും സാക്ഷിയായി
നൊമ്പരക്കാറ്റെത്ര വീശി നിന്നിൽ
തീരത്തടിഞ്ഞെത്ര പാഴ്ക്കിനാക്കൾ
വിസ്മയകാഴ്ചകളെത്ര കണ്ടൂ പിന്നെ
തീരത്തു പൂവിട്ട സ്വപ്നങ്ങളും
ചതിയാലിറുത്തിട്ടൊരെത്രയോ
സ്വപ്നങ്ങൾ നീയുമിത്തീരവും
നേർസാക്ഷിയല്ലയോ......
സർവം മറയ്ക്കുന്ന മൂകസാക്ഷി
ഇപ്രഹേളികക്കെന്ത് ചൊല്ലൂ
മൗനവും മൂകവുമൊന്നു ചേർന്നാൽ
ഇത്രമേൽ സമ്മിശ്ര പാദചിത്രം
കണ്ടവൾ നീമാത്രമീയുലകിൽ
കണ്ടവൾ കേട്ടവൾ കൊണ്ടവൾ നീ
മായ്ച്ചുമറക്കുന്ന പെണ്ണൊരുത്തീ
ക്ഷുഭിതയാണെങ്കിലുമമ്മയായി
ഇക്കടലല്ലയോ സത്യസാക്ഷി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.