ലേബര്‍ റൂം
text_fieldsലേബർ റൂമിനു പുറത്തു നിൽക്കുന്ന പുരുഷന്‍റെ ചിന്തകൾ എന്തൊക്കെയായിരിക്കുമെന്ന് ആർക്കുമറിയില്ല. ഒരു ചരിത്രപുസ്തകത്തിലും സാഹിത്യത്തിലും അത് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല.
അല്ലെങ്കില്ത്തന്നെ ചരിത്രം എന്താണ് സത്യമായും കൃത്യമായും പറഞ്ഞിട്ടുള്ളത്? ഭാഷ വശമുള്ള, സർഗാത്മകതയുള്ള ഏതൊരാള്ക്കുംം ചരിത്രകാരനാവാം. നടക്കാത്ത കാര്യങ്ങള്‍ നടന്നതുപോലെയും കണ്ടതുപോലെയും ഭാവനയിൽ സൃഷ്ടിക്കണമെന്നുമാത്രം. ചരിത്രം നടന്ന കാര്യങ്ങളാവണമെന്നില്ല. അത് കൂടുതലും ഭാവനയാണ്.
അത് സായിപ്പിന് നന്നായിട്ടറിയാം. അതാണ് അവരതിനെ history എന്ന് വിളിച്ചത്. History 'his' 'story' യാണ്. ചരിത്രകാരന്‍റെ കഥ. ചരിത്രകാരന്‍റെ കല. കഥയും കലയും രേഖീയ വ്യത്യാസങ്ങളുള്ള ആശയങ്ങളാണിവിടെ.
ഒരു ചരിത്രകാരനും ഭാവനയില്‍ കാണാന്‍ കഴിയാത്ത, ചിന്തകളുടെ ആകെ തുകയാണ് ലേബർറൂമിന് വെളിയിലുള്ള പുരുഷന്‍!
അയാള്‍ താൻ ക്യാപ്റ്റനായി തോറ്റുപോയ ഒരു കളിയുടെ ചിന്തയിലായിരുന്നു. എന്തുകൊണ്ട് തോറ്റു?
പല കാരണങ്ങള്‍ പലയിടത്തുനിന്ന് ടീമംഗങ്ങൾ പിറുപിറുക്കുന്നത് കേൾക്കാം. ഒന്നിനും ഉറപ്പില്ല. അനുമാനങ്ങള്‍ മാത്രം. ക്യാപ്റ്റന്‍റെ 'മാനം' പോയതിന്‍റെ അനുമാനങ്ങൾ. ഒരു മാനത്തിന്‍റെ നഷ്ടത്തിൽ അനു'മാന'ങ്ങള്‍ ഉടലെടുക്കുന്നു.
ക്യാപ്റ്റന്‍ വിക്കറ്റ് കീപ്പറായാൽ ചില ദോഷങ്ങളൊക്കെയുണ്ട്. നേരിട്ട് ഓരോ ബോളിനുമിടയില്‍ ബൗളര്ക്ക് നിര്ദ്ദേശം നൽകാൻ കഴിയാതെ പോകുന്നു. ഫലം? മാനഹാനി, അനുമാനങ്ങള്‍...
വാതില്‍ തുറക്കുകയും അടയുകയും ആരൊക്കെയോ പുറത്തേക്കു പോവുകയും തിരിച്ചു കേറുകയും. ലേബര്‍ റൂം സജീവമാണ്.
പ്രസവം എന്തുകൊണ്ടാണ് സായിപ്പന്മാർക്ക് ലേബർ ആയത്? എന്തു തൊഴിലാണിവിടെ നടക്കുന്നത്?
ആലോചിച്ചാല്‍ സംഗതി ശരിയാണ്. ഡോക്ടറും നേഴ്സുമാരുമൊക്കെ അവരുടെ തൊഴില്‍ ചെയ്യുന്നു. പക്ഷേ ഇവിടെ ലേബര്‍ അതിലും വലിയ അർത്ഥമാണ് തരുന്നത്. സ്ത്രീ എല്ലാക്കാലവും അവളുടെ തൊഴില്‍ എന്നപോലെ പ്രസവിക്കുന്നു. പ്രസവം തൊഴിലാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യ തൊഴില്‍.
തൊഴിലാകുമ്പോള്‍ മുതലാളിയും തൊഴിലാളിയും മൂലധനവും ഉൽപാദനവും ലാഭവുമൊക്കെ വേണം. ഇവിടെയും അതൊക്കെയുണ്ട്. മുതലാളി വെളിയില്‍ നിൽക്കുന്നവൻ തന്നെ. തൊഴിലാളി അകത്ത് ഞെരിപിരി പണിയെടുക്കുന്നവൾ. മൂലധനം ആ വാക്കില്‍ തന്നെയുണ്ടല്ലോ!
ഉൽപാദനം അല്പം കഴിഞ്ഞാൽ പിടികിട്ടും. ലാഭം പലതാണ്. അവൾക്കൊരു 'പണി' കൊടുത്ത സന്തോഷവും സംതൃപ്തിയും തൊട്ട് വിശ്വോത്തര കർമമെന്നോ നടപ്പിലാകുന്ന ഏക വിപ്ലവമെന്നോ അവളിലെ നിയന്ത്രണമെന്നോ അങ്ങനെ അങ്ങനെ.... എന്തായാലും സംഗതി ഇത് 'ലേബര്‍' റൂം തന്നെ.
ഇത്തവണ വാതില്‍ തുറന്നടഞ്ഞപ്പോൾ അകത്തുനിന്നും ഒരു നിലവിളിയുടെ പൊട്ട് പുറത്തേക്ക് തെറിച്ചുവീണു.
നിലവിളിയോ? അല്ല. ക്യാച്ച്!
ആദ്യത്തെ ഓവറിലെ ആദ്യ പന്താണ്. എതിര്‍ ടീമിന്‍റെ ഓപ്പണർ ആത്മവിശ്വാസത്തിനായി ഒരു റിസ്കി ഷോട്ട് കളിച്ചു. ബാറ്റിലുരസിയ പന്ത് മിന്നായം പോലെ നേർക്കു വരുന്നു. ഗ്ലൗസ്സ് തുറന്നടഞ്ഞു. ടീമംഗങ്ങള്‍ അലറുന്നതു കേട്ടു.
ക്യാച്ച്!
പക്ഷേ....
പന്ത് ഗ്ലൗസിലുരസി മുഖം കോട്ടി പിന്നിലെ ബൗണ്ടറിയിലേക്ക് കുതിച്ചു.
എന്തുപറ്റി?
പോട്ടെ! പോട്ടെ! കമോണ്‍... ഈസി....
ക്യാപ്റ്റനെ ചീത്ത പറയാന്‍ പറ്റാത്ത ദേഷ്യംമുഴുവൻ മേല്പ്പറഞ്ഞ വാക്കുകളിലാക്കി ടീം പഴയ പൊസിഷനിലെത്തി. ബാറ്റ്സ്മാന്‍ ഹാഫ് സെഞ്ച്വറിയടിച്ച് സൂപ്പർ സ്റ്റാറായി.
ക്യാപ്റ്റനോ?
ആ ക്യാച്ച് എങ്ങനെ മിസ്സായി?
അശ്രദ്ധ!
അല്ല. അതു തെറ്റായ പ്രയോഗമാണ്. ഭാഷയില്‍ തന്നെ. അശ്രദ്ധയല്ല. മറ്റെന്തിലോ കൂടുതല്‍ ശ്രദ്ധിച്ചു.
എന്തില്‍?
എല്ലാ പുരുഷനേയും പോലെ ഏതോ പെണ്ണുടലില്‍.
മനസ്സിലപ്പോള്‍ ഏത് പെണ്ണുടലായിരുന്നു? പുരുഷന്മാരായ പുരുഷന്മാരൊക്കെ ഇത്രമാത്രം ശ്രദ്ധിക്കാൻ പെണ്ണിലെന്താണുള്ളത്?
ഏതായാലും ക്യാപ്റ്റന്‍ കൂടുതൽ ശ്രദ്ധിച്ചപ്പോൾ ടീമിലെ 10 പേരുടെ ശ്രദ്ധ പാഴിലായി. എവിടെയൊക്കെ എത്രപേര്‍ കൂടുതൽ ശ്രദ്ധിക്കുന്നു! എത്രപേര്‍ പാഴാവുന്നു! ഒരു ചരിത്രകാരനും എഴുതാത്ത എത്രയെത്ര ചരിത്രങ്ങൾ....
വീണ്ടും കതകു തുറന്നപ്പോള്‍ കയ്യിലൊരു കുഞ്ഞുമായി നേഴ്സ്. ബന്ധുക്കള്‍ ഓടിയടുത്ത് കുഞ്ഞിനെ നോക്കുന്നു. ദീർഘനിശ്വാസത്തോടെ പിരിയുന്നു. പിന്നെ ഫോണ്‍ വിളിയാണ്.
ആ.... പെറ്റു... സുഖപ്രസവം. അല്ല. ഓപ്പറേഷനല്ല. സുഖപ്രസവമാണ്.... ആണ്കുട്ടി... അതെയതെ.... നന്നായി... ഇല്ലെങ്കില്‍.... ഒന്നും പറയണ്ട. കാലമിതല്ലേ.
ആലോചിച്ചാൽ അവിടെയും ഒരു പ്രശ്നമുണ്ടല്ലോ. സുഖപ്രസവമാണത്രെ. ആ സ്ത്രീ സഹിച്ച വേദനയുടെ പുറത്തേക്ക് തെറിച്ച ഒരു പൊട്ടുപോലും അസഹനീയമാണ്. അപ്പോള്‍ അവരുടെ അവസ്ഥ? എന്നിട്ടും സുഖപ്രസവാത്രെ!
അപ്പോള്‍ എന്താണ് സുഖവും അസുഖവും? ഓപ്പറേഷന്‍ താരതമ്യേനെ വേദനാരഹിതമാണ്. യഥാർത്ഥത്തിൽ അതാണ് സുഖകരം. പക്ഷേ കാലങ്ങളായി സ്ത്രീയുടെ വേദന സുഖമായി കണക്കാക്കാനാണ് എല്ലാവര്ക്കും താല്പര്യം.
ഏയ്.... അല്ലല്ല. ഓപ്പറേഷനല്ല. ഒരു പ്രശ്നവുമില്ല. സുഖപ്രസവം.
ഫോൺ വിളികൾ സുഖിച്ചു മുന്നേറുന്നു.
ഫൈനല്‍ വരേയും ജയിച്ച ക്യാപ്റ്റൻ ഒരു ദിവസംകൊണ്ട് തോറ്റ ക്യാപ്റ്റനാവുന്നു. ക്യാപ്റ്റന്‍ തലകുനിക്കുന്നു. ടീമംഗങ്ങള്‍ തലകുനിക്കുന്നു. ഒരു ഭാഗത്ത് വിജയിച്ച ടീമിന്‍റെ ആഹ്ലാദം. ഫോൺ കളികള്‍. സുഖവിജയം. വിജയസുഖം.
ലേബര്‍ റൂമിന് വെളിയിൽ, ലേബർ റൂമിനും വെളിയിലെ പുരുഷനും വെളിയിൽ, ലേബർ റൂമിനും പുരുഷനും ആശുപത്രിക്കും വെളിയിൽ അപ്പോൾ മഴ പെയ്തു. വിജയിച്ച ടീമിന്‍റെ സന്തോഷമാണ് പെയ്യുന്നത്!
വീണ്ടും വാതില്‍ തുറന്നടഞ്ഞു. ഇത്തവണ ക്യാപ്റ്റന്‍റെ ഊഴമാണ്.
കഴിഞ്ഞു. ഹസ്ബന്‍റിനോട് റൂമിലേക്ക് വരാൻ പറഞ്ഞു, ഡോക്ടര്‍.
ക്യാപ്റ്റന്‍ നടന്നു. തോറ്റതിന്‍റെ ട്രോഫി വങ്ങാൻ ആദ്യം വിളിക്കപ്പെടുന്നു.
ആദ്യം വിളിക്കുന്നത് കളിയാക്കലാണ്. ഡോക്ടര്‍ കാത്തിരിക്കുന്നു. ഡോക്ടറും പറഞ്ഞു.
കഴിഞ്ഞു. ഇനി ഉടനെ ശ്രമിക്കരുത്. ബോഡി വീക്കാണ്. റിക്കവര്‍ ചെയ്യട്ടെ.
ശരിയാണെന്ന് ക്യാപ്റ്റനും അറിയാം. വീക്കാണ്. റിക്കവര്‍ ചെയ്യാൻ സമയമെടുക്കും. എന്നാലും എന്തുകൊണ്ട് തോറ്റു? ചോദിച്ചില്ല. പക്ഷേ ഡോക്ടര്‍ തുടർന്നു...
പ്രശ്നം നിങ്ങളുടേതാകാം. ബീജങ്ങളുടെ കരുത്ത് കുറവായിരിക്കാം. രണ്ടാം മാസം തന്നെ അലസിപ്പോകാന്‍ അങ്ങനെയും സാധ്യതയുണ്ട്. സാരമില്ല. ട്രീറ്റ് ചെയ്യാം. നിങ്ങള്‍ ചെറുപ്പമല്ലേ. സമയമുണ്ടല്ലോ.
ഡോക്ടര്‍ മതിയാക്കി എഴുന്നേറ്റു.
ക്യാപ്റ്റന്‍ തോറ്റതിന്‍റെ ട്രോഫി വാങ്ങി.
നന്നായി പ്രാക്ടീസ് ചെയ്യണം. അടുത്ത തവണ വിജയിക്കണം. എന്നിട്ട് ട്രീറ്റ് ചെയ്യണം.
ട്രോഫി തന്നയാള്‍ കൈകുലുക്കി കളിയാക്കി. സ്റ്റേജിലും പുറത്ത് ഗ്രൗണ്ടിലുമുള്ള മുഴുവന്‍ പേരും കയ്യടിച്ച് കളിയാക്കി.
കളിയാക്കലുകൾക്കിടയിൽ തോറ്റ ക്യാപ്റ്റൻ ഒറ്റയ്ക്ക് നടന്നു.
തൊഴിലാളിയും മുതലാളിയും മാത്രമല്ല മൂലധനവും പ്രധാനമാണ്.
നന്നായി പ്രാക്ടീസ് ചെയ്യണം. അടുത്ത തവണ വിജയിക്കണം.
ബീജങ്ങളുടെ കരുത്ത് കുറവായിരിക്കാം.
തൊഴിലാളികള്‍ സമരം ചെയ്യാതെയും കമ്പനികൾ പൂട്ടിപ്പോകുന്നു.
ചിലത് നന്നായി തയ്യാറെടുത്ത് വീണ്ടും തുറക്കാന്‍. ചിലത്...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.