തമസോമാ ബഷീർ ഗമയ
text_fieldsമിഴിപൂട്ടി,
മനസ്സിന്‍റെ വാതിൽ തുറക്കുമ്പോൾ
ഒരു ചാരുകസേര
നിങ്ങൾക്കു ദൃശ്യമാകും;
ഇടയ്ക്കിടെ
'എടിയേ' എന്ന്
പുറംലോകത്തോടു സംവദിക്കുന്ന
ഒരു ചാരുകസേര.
അതിനു ചുറ്റുമുള്ള ഭ്രമണപഥത്തിലേക്ക് മുഴുവനിടങ്ങളും ചുരുങ്ങുമ്പോൾ,
'വൈലാലിൽ വീട്' എന്ന
ലോകത്തിൻ വിലാസമേ,
നിനക്കു വേറെ ബസ്റ്റോപ്പുകളെന്തിന്?
മാങ്കോസ്റ്റിൻ മരങ്ങളേ,
ഭൂമിയുടെ അവകാശികളെ,
എവിടെ നിങ്ങളുടെ നാഥൻ?!
നീയും ഞാനും എന്ന യാഥാർത്ഥ്യത്തിൽ നിന്ന് അവസാനം നീ മാത്രം അവശേഷിച്ചുവോ?
അറംപറ്റിയ പഴുത്തിലകൾ
താഴേക്കൂർന്നു വീഴുന്നുവോ?
എന്തുകൊണ്ടാണെന്നറിയില്ല
എഴുതുന്ന അങ്ങയേയല്ല,
അദൃശ്യജിന്നുകളോടെതിരിടുന്ന
അങ്ങയെയാണെനിക്കിഷ്ടം!
(മറഡോണയുടേതല്ല,
ആ കത്തി പിടിച്ചുവാങ്ങിയ
പുനലൂർ രാജേട്ടന്‍റെയാണ് ദൈവത്തിൻറെ കൈ!)
നിന്‍റെ ബീഡിത്തുണ്ടിൻ സൗന്ദര്യാത്മകതയാർന്ന
പുകച്ചിൽ !
ആ ഭ്രമണനൃത്തം!
എവിടെപ്പോയ് അതിൻറെ
അസ്ഥിത്വ ദുഃഖങ്ങൾ? ശബ്ദങ്ങൾ!
'വെളിച്ചത്തിനെന്തൊരു വെളിച്ചം'
എന്ന് അങ്ങെഴുതിയത് ഞാനിതാ തിരുത്തിയെഴുതുന്നു:
എന്തൊരു നീയാണ് നീ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.