മാലാഖയുടെ പീഡാനുഭവങ്ങൾ
text_fieldsഒരു രാത്രിയിലെ
മുഴുവനായി വിരിച്ചിട്ട
കൂരിരുട്ടിനെ ചുരുട്ടിക്കെട്ടി
ഭാണ്ഡക്കെട്ടും പേറി
ഓക്കുമരത്തിൻ രൂപവുമായി
ഗോൽഗോഥകയറുന്നവൾ
വഴിമധ്യേ തൂങ്ങിയാടുന്ന
ഉണക്കച്ചില്ലകൾ
നാണം മറയ്ക്കുവാനായി മാത്രമുള്ള
ബാക്കിയായ പച്ചച്ചിറകുകൾ
അഴുകിത്തുടങ്ങിയ വേരുകൾ
ഒരഴകൊഴമ്പൻ ചിത്രപ്പാടുകൾ
മണ്ണിൽ വരച്ച് നിരങ്ങി നിരങ്ങി
ഓരോ ചാട്ടവാറടിയിലും
നിശ്ശബ്ദതയുടെ തിമിരം ഉടലോടു ചേർന്നൊഴുകിയൊഴുകി
ആരൊക്കെയോ
നിർമിച്ചു നൽകിയ
പ്രകാശവലയം വൃഥാ
പൊയ്ക്കണ്ണീർ പൊഴിച്ച്
വളഞ്ഞുകുത്തിയ തായ്ത്തടി
കാഴ്ചമറച്ച്
നുകത്താൽ ബന്ധിക്കപ്പെട്ട്
എല്ലായ്പ്പോഴും തലകുനിച്ചു കുനിച്ച്
ഒരേയൊരു വഴിമാത്രം
കണ്ടു വലിഞ്ഞു കയറിക്കയറി
തൊണ്ടക്കുഴിയിലേ-
ക്കാഴത്തിലടിച്ചിറക്കുന്ന ആണികൾ..
കുരിശുമരണത്തിനു
തൊട്ടടുത്തനിമിഷമുള്ള
ഉയിർത്തെഴുന്നേൽപ്
തുടർന്നുകാണുന്ന
നാലു വശത്തേക്കുള്ള പാതകൾ
പരസ്പരം താങ്ങാവുന്ന
ചിറകുകൾ
മാലാഖ ഇങ്ങനെ മൊഴിഞ്ഞു
'' ഹേ... പെണ്ണുങ്ങേള,
നിങ്ങളുടെ നാലു ചിറകുകളും
വിടർത്തുവിൻ..
ചുറ്റിനുമുള്ള ദിക്കുകളെ
കാണുവിൻ
ഓരോ ശ്വാസകണികയിലും
നിങ്ങളുടെകൂടി
നാമമുണ്ടെന്നറിയുവിൻ''
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.