കൊറോണക്ക് പറയാനുള്ളത്...
text_fieldsദൈവം കൊറോണയെ വിളിക്കുന്നു:
വാനിന്റെ നീലമേലാപ്പിന്നുമപ്പുറം,
നാകത്തിലന്നാ പകലിന്നറുതിയിൽ,
ദൈവം വിളിച്ചൂ കൊറോണയെ മെല്ലവേ,
"ചൊൽക നീ,യെന്തുണ്ട് ഭൂവിശേഷം?
കൊറോണ:
"നോവായി നെഞ്ചകം കീറിപ്പിളർന്നു ഞാൻ,
മൃതിയായി ഭൂവിനെയിറുകെ പുണർന്നു ഞാൻ,
പിടയുന്ന പ്രാണൻറെ ചിതറും കുറുകലിൽ,
ഉടയുന്ന ജീവൻറെ സ്പന്ദനം കേട്ടു ഞാൻ.
കാറ്റായി, ജീവശ്വാസത്തിൻ വഴികളിൽ,
നീരായി, കണ്ഠ താപത്തിന്നറുതിയിൽ,
കാണാമറയത്തു ചാവിൻറെ സ്പർശമായ്,
മർത്യനെത്തീണ്ടി ഭൂവാകെ ഞാനാർത്തിയിൽ."
"വലിയവൻ ചെറിയവനെന്നില്ല എന്നിലേ-
ക്കേവരും താണ്ടിയൊരേകദൂരം,
ധരയാമടർക്കളമാകെ പടർന്നു ഞാൻ,
വിജയധ്വജമിന്നുയർത്തി നിൽക്കെ,
ആരുമില്ലെൻ നേർക്കൊരമ്പു തൊടുത്തുകൊ-
ണ്ടെന്നശ്വമേധക്കുതിപ്പു തടുക്കുവാൻ..."
"വറുതിയിൽ നാമ്പിട്ടൊരാൾദൈവമൊക്കെയും,
പ്രാണനെപ്പേടിച്ചു മണ്ടിടുമ്പോൾ,
ചാവിനുമാളില്ല, ടക്കിനുമാളില്ല,
ചാകാൻ കിടപ്പോർക്കരികിലുമാളില്ല.
മംഗളമെല്ലാ, മമംഗളമായി പോൽ,
ആഘോഷമെല്ലാമതെങ്ങോ മറഞ്ഞു പോൽ,
മാസ്കിട്ട,കലവും പാലിച്ചു മർത്യരിന്നോരോ-
ദിനങ്ങളും തള്ളിനീക്കീടുന്നു,
എന്നെത്തടുക്കുവാൻ, നെട്ടോട്ടമോടുന്നു,
ഇവ്വിധം മാനുഷൻ പാരിലേവം"
പക്ഷെ-
"പരശ്ശതം ജീവനെത്തീണ്ടി ഞാനെങ്കിലും,
പലകോടി ബാക്കിയാണുർവ്വിയി,ലൊരുമയിൽ,
കാണ്മൂഞാൻ, എന്നെത്തുരത്തുവാൻ മാനുഷർ,
കല്മഷം വിട്ടു കൈ കോർത്തിടുന്നു!
ഭൂവിലെ ദൈവാലയങ്ങളോരോന്നിനും,
താഴിട്ടുപൂട്ടി ഞാൻ കോൾമയിർ കൊള്ളവേ-
ഭൂവിലിന്നോരോ ഭവനവും മാനുഷർ,
ദൈവാലയങ്ങളായ് മാറ്റിടുന്നു!
വാക്സിനായൊരുമിച്ചു ശാസ്ത്രലോകം!
പ്രാണനായൊരുമിച്ചു വൈദ്യലോകം!
ഹൃത്തിലിന്നൊരുമിച്ചു ലോകമേകം!
ഇവ്വിധം ദൈവമേ അരുമയോടൊരുമയിൽ
നിന്നിലേയ്ക്കണയുന്നു ലോകമൊന്നായ്!
മാറ്റുന്നിതേവരും ധാത്രി ധരിത്രിയെ,
പുത്തനാം ഒരുമയുടെ തീരങ്ങളായ്!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.