എവറസ്റ്റ് കൊടുമുടിയും മോദിസ്റ്റേഡിയവും!
text_fieldsഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തിൽ, മനുഷ്യരാശി നേരിടേണ്ടിവരുന്ന നഷ്ടങ്ങളെ വിശകലന സൗകര്യത്തിന്, ആർക്കും സ്വന്തം സൗകര്യത്തിന്നനുസരിച്ച്, കൂട്ടുകയോ കുറക്കുകയോ ചെയ്യാവുന്നവിധം അഞ്ചായി തിരിക്കാവുന്നതാണ്. ചിലപ്പോൾ പഞ്ചനഷ്ടങ്ങൾ എന്നപേരിൽ അവ നാളെ സ്വയം അറിയപ്പെടാനും സാധ്യതയുണ്ട്! ഓർമനഷ്ടം, സ്വപ്നനഷ്ടം, വിശ്വാസനഷ്ടം, സൗഹൃദനഷ്ടം, നൈതികനഷ്ടം എന്നിങ്ങനെയുള്ള ആ അഞ്ചുനഷ്ടങ്ങളിൽ ഓർമനഷ്ടം തന്നെയാണ് മറ്റെല്ലാ നഷ്ടങ്ങളുടെയും വർത്തമാനവും ഭാവിയും നിശ്ചയിക്കുക! കാരണം ഓർക്കേണ്ടത്, ഓർക്കേണ്ട സമയത്ത് മറന്നുപോയാൽ, ജീവിതത്തിന് കരുത്തും കാന്തിയും നൽകുന്ന മറ്റെല്ലാ മൂല്യങ്ങളുടെയും നിറം മങ്ങിത്തുടങ്ങും.
സ്വന്തം വീടിന്റെ താക്കോൽ കണാരേട്ടന്റെ പീടികയിൽ വെച്ച് മറന്നതിനെക്കുറിച്ചല്ല, വീണ്ടെടുക്കാനാവാത്തവിധം തിരിച്ചറിവിന്റെ താക്കോൽ വീണുപോയതിനെക്കുറിച്ചാണ്, ഓർമനഷ്ടം എന്നുള്ളതുകൊണ്ട് വിവക്ഷിക്കുന്നത്. ജീവിതത്തിന് ചിലപ്പോഴെങ്കിലും ഊർജം നൽകുന്ന വ്യക്തിഗത മറവികളെക്കുറിച്ചല്ല, ഒരു ജനതയുടെ ഉയിർത്തെഴുന്നേൽപ്പിനെ താൽക്കാലികമായെങ്കിലും തടഞ്ഞേക്കാവുന്ന സാംസ്കാരിക മറവിയെക്കുറിച്ചാണ് പറയുന്നത്. ഓർമയുടെ ഇരുണ്ട മറുപുറമായി സദാസന്നിഹിതമാവാൻ സാധ്യതയുള്ള മറവിയെയല്ല; ഒന്നിനെക്കുറിച്ചും ചിന്തിക്കാതെ, ഒന്നിന്റെയും പരസ്പരബന്ധവും മാറ്റവും മനസ്സിലാക്കാതെ മനുഷ്യരിൽ ചിലർ നയിക്കുന്ന മാട് മോഡൽ അചരിത്ര ജീവിതത്തെയാണ്, സാംസ്കാരിക മറവി പ്രതിനിധാനംചെയ്യുന്നത്.
അവിടെവെച്ചാണ് കെ 15 എന്ന് ബ്രിട്ടീഷുകാർ അടയാളപ്പെടുത്തിയ ഹിമാലയത്തിലെ പർവതപ്രദേശമാണ്, ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയെന്ന് കണക്കുകൂട്ടി പ്രഖ്യാപിച്ച ബാബുരാധാനാഥ് സിക്ദാറും, വെറും ക്രിക്കറ്റിനെവിട്ട് രാഷ്ട്രീയക്കളിയുടെ വേദിയായി സ്റ്റേഡിയത്തെ മാറ്റിയ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടക്കുന്ന പേരുമാറ്റൽ നാടകവും തമ്മിലുള്ള ബന്ധം ഓർത്തെടുക്കേണ്ടിവരുന്നത്.
സിക്ദാർ കൊടുമുടി എവറസ്റ്റിന്റെ പേരിലായതിന്റെയും, അഹ്മദാബാദിലെ മൊറാട്ട സ്റ്റേഡിയം മോദിയുടെ പേരിലായതിലും ഒരേ ചരിത്രനിഷേധം തന്നെയാണ്, ചെറിയ വകഭേദങ്ങളോടെ പ്രവർത്തിക്കുന്നത്. മൊറാട്ട സ്റ്റേഡിയത്തിന്റെ പേര് ഇതുവരെ പട്ടേൽ സ്റ്റേഡിയം എന്നായിരുന്നു എന്നും പട്ടേലിന് ക്രിക്കറ്റുമായോ സ്റ്റേഡിയവുമായോ എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ എന്നും ന്യായമായും ചോദിക്കാവുന്നതാണ്. പട്ടേലിനെ പ്രതിമയിൽ അഡ്ജസ്റ്റ് ചെയ്ത് ബോട്ടാപട്ടേൽ എന്ന അപരനാമത്തിൽ പ്രശസ്തനായ നരേന്ദ്ര മോദി ആ പേര് സ്വയം ഇങ്ങ് എടുക്കുകയാണ് എന്നും പറയാം! കള്ളുഷാപ്പിന് മഹാത്മാഗാന്ധിയുടെ പേരിട്ടാൽ ഗാന്ധിജിക്ക് മാത്രമല്ല, ഷാപ്പിനും അതവമാനമാവും! കള്ളിൽനിന്നും അവമാനഭാരം സഹിയാതെ ലഹരി മുഴുവനായി ഇറങ്ങിപ്പോവും! പിന്നെ അത് കുടിക്കാൻ അവിടെ ആര് കേറും?
കഴുതകളെക്കുറിച്ചും കുതിരകളെക്കുറിച്ചുമുള്ള പഴയ അർഥകൽപനകളൊക്കെയും ഏറക്കുറെ പൊളിഞ്ഞു കഴിഞ്ഞിട്ടുണ്ട്. പൊതുജനം കഴുത എന്നുറപ്പിച്ചവർ േശ്രഷ്ഠകുതിര ജന്മങ്ങളായി സ്വയം കരുതിയിരിക്കണം. അതൊക്കെ മുമ്പ്. ഇന്ന് കുതിരക്ക് കുതിരക്കഴിവ്, കഴുതക്ക് കഴുതക്കഴിവ്. ഒന്ന് മറ്റൊന്നുമായി പൂർണമായും പോയിട്ട് ഭാഗികമായിപോലും വെച്ചുമാറുക പ്രയാസമാണ്. എന്നിരുന്നാലും ഭാഷയിലെ കഴുത/കുതിര പദങ്ങൾ വലുപ്പചെറുപ്പത്തെയും, മികവ്-കൊള്ളരുതായ്മകളെയും അടയാളപ്പെടുത്തുന്നത് അഭംഗുരം തുടരും!
അതിനാൽ കെ.ജി.എസിന്റെ കവിതയിൽ പറയുന്നതുപോലെ, കഴുതകളായി കഴിയേണ്ടിവരുന്ന കുതിരകളും, കുതിരകളായി നടിക്കുന്ന കഴുതകളും തമ്മിലുള്ള ഇടച്ചിലും തുടരും! അതായത് അത്രയൊന്നും അർഹതയില്ലാത്തവർ ആഘോഷിക്കപ്പെടുമ്പോൾ, വേണ്ടതിലേറെ പല നിലകളിൽ അർഹതയുള്ളവർ അവഗണിക്കപ്പെടും. അപ്പോൾ കാവ്യഭാഷയിൽ കുതിരകൾ കഴുതകളും, കഴുതകൾ കുതിരകളുമാവും! ഓർമിക്കപ്പെടേണ്ടവർ വിസ്മരിക്കപ്പെടുകയും പ്രത്യേകമായി ഓർമിക്കേണ്ടതില്ലാത്തവർ, കരിങ്കല്ലിൽ കൊത്തിയപോലെ ഓർമിക്കപ്പെടുകയും ചെയ്യും!
എവറസ്റ്റിനെ അറിയാത്തവർ ആരുമുണ്ടാവില്ല. എന്നാൽ, ബാബുരാധാനാഥ് സിക്ദാറിനെ അറിയുന്നവർ അധികമുണ്ടാവില്ല! കൽക്കത്തയിൽ ഹിന്ദുകോളജിൽ വിദ്യാർഥിയായിരിക്കുമ്പോൾ, പത്തൊമ്പതാമത്തെ വയസ്സിൽ, ബ്രിട്ടീഷ് സർവിസിൽ സ്വന്തം പ്രതിഭകൊണ്ട് വിസ്മയം സൃഷ്ടിച്ച മഹാനായ ഗണിതപ്രതിഭയാണ് രാധാനാഥ് സിക്ദാർ. കാഞ്ചൻജംഗയല്ല, ഹിമാലയത്തിലെ, കെ 15 എന്നറിയപ്പെട്ട പർവതശിഖരമാണ് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയെന്ന് കണ്ടെത്തിയ ആൾ! അതും ആ പർവതഭാഗം കാണാതെ വെറും കണക്ക് കൊണ്ടുമാത്രം ഉയരം കൃത്യം തിട്ടപ്പെടുത്തിയ മഹാഗണിതൻ. ജനിച്ചത് യാഥാസ്ഥിതിക ബ്രാഹ്മണകുലത്തിൽ, വളർന്നത് ഹിന്ദുകോളജിലെ യുവബംഗാൾ പ്രസ്ഥാനത്തിന്റെ സ്ഥാപകനും, അതേ കോളജിലെ അധ്യാപകനുമായ ഹെൻറി ഡെറോസിയോവിന്റെ വിപ്ലവ സംഘത്തിൽ!
എല്ലാ മാമൂലുകളെയും വലിച്ചെറിഞ്ഞ സിക്ദാർ സാമൂഹിക പുരോഗതിക്കും കണക്കിനും വേണ്ടി അവിവാഹിതനായി ജീവിതം സമർപ്പിച്ചു. സത്യത്തിൽ ബ്രിട്ടീഷുകാർ കെ 15 എന്നടയാളപ്പെടുത്തിയ പർവതശിഖരം ജോർജ് എവറസ്റ്റിന്റെ പേരിലല്ല, മറിച്ച് രാധാനാഥ്സിക്ദാറിന്റെ പേരിലായിരുന്നു ഏതർഥത്തിലും അറിയപ്പെടേണ്ടത്. സിക്ദാർപർവത് എന്നതിനു പകരം പ്രസ്തുത പർവതം എവറസ്റ്റ് കൊടുമുടിയായതിൽ പക്ഷേ ബ്രിട്ടീഷ് സർവേ ജനറൽ ആയിരുന്ന ജോർജ് എവറസ്റ്റിനൊരു പങ്കുമില്ല എന്നൊരു പക്ഷമുണ്ട്. എവറസ്റ്റിനതിൽ നല്ല പങ്കുണ്ടെന്ന് കരുതുന്നവരും ഉണ്ട്.
പർവതങ്ങൾ, കടലുകൾ, പുഴകൾ തുടങ്ങി പ്രകൃതിയിലെ വിസ്മയങ്ങൾക്ക് മനുഷ്യരുടെ പേര് നൽകുന്നതിനുതന്നെ ആ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ എതിരായിരുന്നു എന്ന് പറയപ്പെടുന്നു. എന്നാൽ, അദ്ദേഹത്തിന്റെ പിൻഗാമിയായി ചാർജെടുത്ത ആൻഡ്രേസ്ക്കോട്ട് വോഗാണ്, തന്റെ മുൻഗാമിയുടെ പേര് ആ പർവതഭാഗത്തിന് നൽകിയത് എന്നാണ് എവറസ്റ്റ് പക്ഷത്തിന്റെ വാദം!. രാധാനാഥ്സിക്ദാറാണ് യഥാർഥത്തിൽ ആ പർവതഭാഗത്തിന്റെ ഉയരം കൃത്യം അടയാളപ്പെടുത്തി, 1852ൽ, തന്റെ മുപ്പത്തിയൊമ്പതാം വയസ്സിൽ, ഇന്നത്തെ എവറസ്റ്റ് കണ്ടുപിടിച്ചത്! ജോർജ് എവറസ്റ്റിനും ആൻഡ്രൂവോഗിനും രാധാനാഥ് സിക്ദാറുടെ കഴിവിൽ വിശ്വാസവും അദ്ദേഹത്തോട് അഗാധമായ ആദരവും ഉണ്ടായിരുന്നു. എന്നിട്ടും പർവതത്തിന്റെ പേരിന്റെ പ്രശ്നം വന്നപ്പോൾ അവർ സ്വന്തം കോളനിയിലെ വെറും പ്രജ മാത്രമായി ഒരു മഹാപ്രതിഭയെ ചുരുക്കി.
പക്ഷേ അപ്പോഴും ജോർജ് എവറസ്റ്റും, ആൻഡ്രൂവോഗും സർവേപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചവരാണെന്ന വസ്തുത വസ്തുതയായി തുടരും. സിക്ദാറിന്റെ പേര് ഇടുന്നില്ലെങ്കിൽ, അതേ മണ്ഡലത്തിൽ ആത്മാർഥമായി പ്രവർത്തിച്ചവർ എന്ന നിലയിൽ ഇടാവുന്ന പേരുതന്നെയാണ് പരിമിതികളും കുതികാൽവെട്ടും ഏറെയുണ്ടെങ്കിലും ജോർജ് എവറസ്റ്റിന്റേത്! പോരാത്തതിന് ബ്രിട്ടീഷ് ഇന്ത്യയും! എന്നാൽ ഇപ്പോഴത്തെ ഇന്ത്യൻ അവസ്ഥ അതല്ല. പുരാണപേരുകൾ ചരിത്രപേരുകൾക്കു പകരംവെച്ച് പേരുമാറ്റൽ മഹോത്സവം ഭരണകൂട നേതൃത്വത്തിൽ തിരക്കിട്ട്, നടക്കുന്ന കാലമാണ്. പക്ഷേ എവറസ്റ്റ് ആരും തൊടുന്നില്ല, ആരും തൊടുകയില്ല!
രാധാനാഥ് സിക്ദാർ ജാതിവ്യവസ്ഥയെയടക്കം വെല്ലുവിളിച്ചതാവുമോ കാരണം? ബീഫ് തിന്നാൻ ആഹ്വാനം ചെയ്തതാവുമോ? സ്ത്രീവിമോചനത്തിനു വേണ്ടി ശബ്ദമുയർത്തിയതാവുമോ? തൊഴിലാളിപക്ഷത്ത് ഉറച്ചുനിന്നതാവുമോ? മതനിരപേക്ഷവാദിയായതാവുമോ? അതോ പുരാണത്തിൽ നിന്നും പകിട്ടേറിയ പറ്റിയ പേര് പെട്ടന്ന് കണ്ടെത്താൻ അധികാരികൾക്ക് കഴിയാതെ പോയതുകൊണ്ടാവുമോ? അദ്ദേഹത്തിന്റെ മരണംപോലും ഒരു ഹിമാലയൻ മിസ്റ്ററിയായി മാറിയതും ഇതുകൊണ്ടൊക്കെയാവുമോ?
ക്രിക്കറ്റിന് കാര്യമായി ഒരു സംഭാവനയും അർപ്പിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലാണ്, അഹ്മദാബാദിലെ മൊറാട്ടോ ക്രിക്കറ്റ് സ്റ്റേഡിയം ഇനി മുതൽ അറിയപ്പെടുക! അതിന് പ്രധാനമന്ത്രിയെ നിരുപരാധികമായി പിന്തുണക്കുന്ന ഒരാൾ പറഞ്ഞ ന്യായം സൈഫ്അലിഖാനും കരീന കപൂർഖാനും അവരുടെ മകന് തിമൂർ എന്ന് പേരിട്ടതാണ്! അവർക്ക് അവരുടെ കുട്ടിക്ക് ഇഷ്ടമുള്ള പേരിടാമെങ്കിൽ സ്റ്റേഡിയത്തിന് മോദിയുടെ പേര് ഇട്ടാലെന്താ എന്നാണയാൾ ചോദിക്കുന്നത്! തിമൂർ അലിഖാൻ പേരിന്റെ ഭാരം താങ്ങാനാവാതെ പ്രതിസന്ധിയിലാണ്!
ഷേക്സ്പിയറുടെ പ്രശസ്തമായ ജൂലിയസ്സീസർ നാടകത്തിലെ ആൾക്കൂട്ടം സിന്നയെന്ന് പേരുള്ള ഒരു കവിയെ പിടികൂടി ആക്രമിക്കുമ്പോൾ, അയാൾ ദയനീയമായി പറയുന്നുണ്ട്, ഞാൻ നിങ്ങൾ തിരയുന്ന ഗൂഢാലോചനക്കാരൻ സിന്നയല്ല, ഞാൻ കവിയായ സിന്നയാണ്, എന്നെ വെറുതെ വിടൂ എന്ന്! ഉന്മത്തമായ ആൾക്കൂട്ടം ആ നിലവിളി കേട്ടില്ല, കവിയായാലും വേണ്ടില്ല, കിവിയായാലും വേണ്ടില്ല അവനിൽനിന്നും ആ സിന്നയെന്ന പേരിനെ പറിച്ചെറിഞ്ഞേക്ക് എന്നേത്ര അവർ ആേക്രാശിച്ചത്. തിമൂർ അലിഖാന്റെ മാതാപിതാക്കളും 1398ൽ ഡൽഹി കൊള്ള ചെയ്ത തിമൂറല്ലയിത്, എന്റെ പഴയൊരു സുഹൃത്തിന്റെ ഓർമക്കിട്ട പേരാണിത് എന്നൊക്കെ പറഞ്ഞുനോക്കുന്നുണ്ടെങ്കിലും ഒന്നും പൂർണമായി ഏശിയമട്ടില്ല. അതിന്റെ തെളിവാണ് മോദിസ്റ്റേഡിയത്തിന് ന്യായീകരണമായി, തിമൂർ അലിഖാന്റെ പേര് കടന്നുവരുന്നത്!.
നിങ്ങൾക്ക് നിങ്ങളുടെ മകന് വിദേശിയും യുദ്ധക്കൊതിയനുമായ തിമൂറിന്റെ പേരിടാമെങ്കിൽ, ഞങ്ങളുടെ പ്രധാനമന്ത്രിയുടെ പേര് എന്തുകൊണ്ട് ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിനിട്ടുകൂടാ എന്നതിലെ താരതമ്യംപോലും വളരെ കുഴപ്പം പിടിച്ചതാണ് എന്നുപോലും മോദിഭക്തർ ആവേശത്തിൽ മറന്നുപോവുന്നു!. അതൊരു രാഷ്ട്രത്തിനും, എന്തിന് പ്രധാനമന്ത്രിക്കുപോലും പരിക്കേൽപ്പിക്കുംവിധം അവമാനകരമാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വ ഇന്ത്യയിലാണ്, രാധാനാഥ് സിക്ദാർ പലതരത്തിൽ അവഹേളിക്കപ്പെട്ടത്. മരണാനന്തരവും അദ്ദേഹം അർഹിക്കുംവിധം ഓർമിക്കപ്പെട്ടില്ല.
സാമ്രാജ്യത്വം ബോധപൂർവം വരുത്തിയ മാപ്പർഹിക്കാത്ത തെറ്റ് തിരുത്താൻ, സ്വാതന്ത്ര്യാനന്തര ഇന്ത്യൻ ഭരണകൂടങ്ങളൊന്നും തയാറായില്ല. മുമ്പ് ഭരിച്ച സർക്കാർ സ്റ്റാമ്പും മറ്റും ഇറക്കിയെന്നുള്ളത് സത്യമാണ്! ചരിത്രബോധമില്ലാത്ത പലരും കരുതുന്നത് തിബറ്റുകാർ കോമോലും എന്നും നേപ്പാളികൾ സാഗാർമാതാ എന്നും ചൈനക്കാർ ക്വാമോലാൻഗ്മാ (Qomolangma) എന്നും ആദരവോടെ വിളിക്കുന്ന ഈ കൊടുമുടി പിറന്നതുതന്നെ എവറസ്റ്റ് എന്ന പേരും പേറിക്കൊണ്ടാണെന്നാണ്! അത്രമേൽ ആഴത്തിൽ ആ പേരിന്ന് ജനമനസ്സുകളിൽ പതിഞ്ഞുകഴിഞ്ഞു! അധികാരത്തിന്റെയൊരു ഊക്ക്! എന്നിട്ടും ഒന്നരനൂറ്റാണ്ടിന് മുമ്പ്മാത്രം കൃത്രിമമായി ഉണ്ടാക്കിയ ഒരു പേരാണിതെന്നുപോലും ഓർക്കാത്തവിധം മറവി മനുഷ്യരിൽ പലരെയും അടിമുടി മൂടിക്കഴിഞ്ഞു! ഇതിനെ, ചരിത്രം തിരുത്തൽ എന്നതിനേക്കാൾ, സ്വന്തം സങ്കുചിത അധികാര താൽപര്യങ്ങൾക്കനുസരിച്ച് ചരിത്രം നിർമിക്കൽ എന്നാണ് വിളിക്കേണ്ടത്. രണ്ടും ഏറക്കുറെ ഒന്നാണെങ്കിലും!
ഒന്നര നൂറ്റാണ്ടുമുമ്പ് എവറസ്റ്റ് എന്നൊരു പേര് ഈ കൊടുമുടിക്കുണ്ടായിരുന്നില്ലെന്നും, എന്നാൽ അന്നും ഈ കൊടുമുടി ശിരസ്സുയർത്തി നിന്നിരുന്നുവെന്നും, കാവ്യാത്മകമായ, ഒട്ടുമേ അധികാരമുദ്ര പതിയാത്ത പലപേരുകൾ അപ്പോഴും അതിനുണ്ടായിരുന്നുവെന്നും ചരിത്രബോധമുള്ളവർ മറക്കരുത്. ചരിത്രബോധത്തിന് ചിതലെടുത്താൽ മനുഷ്യർ പർവതത്തിന്റെ പേര് മാത്രമല്ല സ്വന്തം പൊരുളും മറന്നുതുടങ്ങും. അത്തരം മറവിമക്കളുടെ എണ്ണം കൂടുന്ന മുറക്ക്, അധികാരികൾക്ക് ഏതുതരത്തിലുള്ള വിഭ്രമിപ്പിക്കുന്ന സർക്കസും ജനത്തിന്റെ ചെലവിൽ നന്നായി സംഘടിപ്പിക്കാനും കഴിയും? പിന്നല്ലേ സ്റ്റേഡിയം?
പോത്തന്നൂർ, തിരൂർ റെയിൽവേ സ്റ്റേഷനുകൾക്ക് വാഗൺ കൂട്ടക്കൊല സ്മാരക സ്റ്റേഷൻ എന്നും, കനോലി കനാലിന് കമ്പളം ഫസൽ തങ്ങൾ കനാൽ എന്നും മറ്റുമുള്ള ചരിത്രം ഇരമ്പുന്ന പേരുകൾ ഇടണമെന്ന് പറയാൻപോലും പേടിക്കുന്നവർ, ഏതു സ്റ്റേഡിയത്തിലിരുന്നും കളി കണ്ടുകൊണ്ടേയിരിക്കും. രാധാനാഥ്സിക്ദാറിന് പിറകിൽ അലറിമറിയുന്ന എൺപത് ശതമാനം ജനം ഇല്ലാത്തതിനാൽ, ഇന്നത്തെ ഇന്ത്യയിൽ അദ്ദേഹത്തിന് സിന്ദാബാദ് വിളിക്കാൻ ആളുകൾ കുറയും! എങ്കിലും നാളെ എവറസ്റ്റ് കൊടുമുടി സിക്ദാർ കൊടുമുടിയാവും. ആ സ്റ്റേഡിയമോ വെറും സ്റ്റേഡിയവും! ഇന്ത്യൻ ചക്രവാളത്തിൽ ജനായത്ത പ്രതീക്ഷയുടെ പ്രകാശം പതുക്കെയാണെങ്കിലും പരന്ന് തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.