രാജാരവിവര്‍മയുടെ ചിത്രത്തിന് അന്ന് 500രൂപ വില: ഇന്ന് ലേലത്തില്‍ ലഭിച്ചത് 2.6 കോടി
text_fieldsമുംബൈ: രാജാരവിവര്‍മയുടെ ചിത്രത്തിന് ലേലത്തില്‍ ലഭിച്ചത് 2.6 കോടി. രവിവര്‍മ്മ വരച്ച ഹൈദരാബാദ് നൈസാം മഹബൂബ് അലിഖാന്‍ അസഫ് ജാ ആറാമന്റെ ചിത്രമാണ് മുംബൈ പുണ്ടോള്‍ ആര്‍ട്ട് ഗാലറിയിലെ ലേലത്തില്‍ 2.6 കോടിക്ക് വിറ്റത്. ഹൈദരാബാദ് നൈസാം 500 രൂപ വിലയിട്ട ചിത്രമാണിത്. നൈസാം വാങ്ങിയ ചിത്രം അതേപടി പിന്നീട് രവിവര്‍മ്മ ഓയില്‍ പെയിന്റില്‍ വരച്ചിരുന്നു.
19x11 ഇഞ്ച് വലിപ്പമുള്ള ഈ ചിത്രമാണ് ലേലത്തിനുവെച്ചത്. ഇതോടൊപ്പം, ഗണപതിയുടെ മടിയില്‍ ഭാര്യമാര്‍ ഇരിക്കുന്ന ‘റിദ്ധി സിദ്ധി ഗണപതി’ എന്ന ചിത്രം 16 കോടിക്ക് വിറ്റു. ജര്‍മനിയിലെ ഫ്രിറ്റ്സ് ഷ്ളിച്ചര്‍ കുടുംബാംഗങ്ങളുടെ ശേഖരത്തിലുള്ളതാണ് ഈ ചിത്രങ്ങള്‍.
കൊട്ടാരം ഫോട്ടോഗ്രാഫര്‍ രാജാ ദീന്‍ദയാലാണ് നൈസാമിന്റെ ഫോട്ടോ വരക്കാൻ ഹൈദരാബാദിലേക്ക് രവിവര്‍മയെ ക്ഷണിച്ചത്. രവിവര്‍മയും സഹോദരന്‍ രാജരാജവര്‍മയും 1902 ജനുവരി 22-ന് അവിടെയെത്തി. എന്നാല്‍, പലതവണ ശ്രമിച്ചിട്ടും നൈസാമിനെ കാണാനായില്ല. പിന്നീട്, ജോണ്‍സ്റ്റണ്‍ ആന്‍ഡ് ഹോഫ്മാന്‍ എടുത്ത നൈസാമിന്റെ ഫോട്ടോ മാതൃകയാക്കി അഞ്ചു ചിത്രങ്ങള്‍ വരച്ച് കൊട്ടാരത്തില്‍ ഏല്‍പ്പിച്ച് മടങ്ങി.
1000 രൂപ വില നിശ്ചയിച്ചിരുന്ന ചിത്രത്തിലൊന്നാണ് നൈസാം 500 രൂപക്ക് വാങ്ങിയത്. പിന്നീട് രവിവര്‍മയുടെ ലോണാവാലയിലെ പ്രസ് വാങ്ങിയ ഷ്ളിച്ചര്‍ അവിടെയുണ്ടായിരുന്ന പെയിന്റിങ്ങുകള്‍ കൂടി സ്വന്തമാക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.