പേരും പോരും
text_fieldsനവോത്ഥാന നേതൃത്വമായി പിന്നീട് പ്രകാശം പരത്തിയ വൈകുണ്ഠം സ്വാമിക്ക് അച്ഛനും അമ്മയുമിട്ട പേര് ‘മുടിചൂടും പെരുമാൾ’ എന്നായിരുന്നു. എന്നാൽ, വൈകുണ്ഠം സ്വാമിയെന്ന പേര് സ്വന്തം കാലം അദ്ദേഹത്തിന് നൽകിയതും, അദ്ദേഹം സ്വയം സ്വീകരിച്ചതുമായ പേരാണ്. പക്ഷേ, അക്കാലത്തെ യാഥാസ്ഥിതികരായ ജാതിമേൽേകായ്മാ ശക്തികൾ മുടിചൂടും പെരുമാൾ എന്ന പേര് വെട്ടി ‘മുത്തുക്കുട്ടി’ എന്നാക്കി മാറ്റിയില്ലായിരുന്നുവെങ്കിൽ, ഇന്നും ‘വൈകുണ്ഠം സ്വാമികൾ’ ഒരുപക്ഷേ സാക്ഷാൽ ‘മുടിചൂടും പെരുമാൾ’ എന്ന പേരിൽതന്നെ നമുക്കിടയിൽ നിലനിൽക്കുമായിരുന്നു.
അങ്ങനെ സംഭവിക്കാതെപോയത് സ്വന്തം പേരിടാനുള്ള അവകാശംപോലും അടിസ്ഥാന ജനതക്ക് നിഷേധിക്കപ്പെട്ടതുകൊണ്ടാണ്. സ്വന്തം മക്കൾക്ക് ‘ഇഷ്ടമുള്ള’ എന്തുപേരും വിളിക്കാനുള്ള അവകാശത്തിനുവേണ്ടി നടന്ന സമരങ്ങൾകൂടി ഉൾപ്പെട്ടതാണ് നവോത്ഥാനം. ‘മംഗളകരമായ പേര്’ സവർണർക്കുമാത്രം പരിമിതപ്പെടുത്തുകയും അതിനെ ‘മതാടിസ്ഥാനത്തി’ൽ സാധൂകരിക്കുകയും ചെയ്ത വേറൊരു രാഷ്ട്രവും ലോകത്തിൽ ഉണ്ടായിട്ടുണ്ടാവുമെന്ന് തോന്നുന്നില്ല. സാമി ആനന്ദതീർഥൻ ‘അടിസ്ഥാന ജനവിഭാഗ’ത്തിലെ കുട്ടികളുടെ പേരിനൊപ്പം വാര്യർ, ശർമ, തമ്പുരാൻ എന്നീ പ്രകാരമുള്ള ‘ആഭിജാത്യ’ അവശിഷ്ടങ്ങൾ വെച്ചുപിടിപ്പിക്കാൻ ശ്രമിച്ചതും, ആ ശ്രമത്തിൽ അദ്ദേഹം വീണുപോയതും കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ കൗതുകകരമായ ഒരധ്യായമാണ്.
‘വാൽ’ എന്ന് കരുതപ്പെട്ട ജാതിപ്പേരുകൾ, ശരിക്കുള്ള പേരിനൊപ്പം ചേർത്താലും ഇല്ലെങ്കിലും അതൊരു ‘ശിരസ്സ്’ തന്നെയാണെന്നാണ് ആനന്ദതീർഥരുടെ ‘പേര് പ്രക്ഷോഭ പരിഷ്കരണ പരീക്ഷണം തെളിയിച്ചത്. ആരുടെയെങ്കിലും പേരിന്റെ കൂടെ ‘ചുമ്മാ’ ആഢ്യജാതിവാലുകൾ’ ചേർത്താലും ജാതിമേൽക്കോയ്മാ പ്രത്യയശാസ്ത്രം പ്രവർത്തിക്കുന്നിടത്തോളം കാലം അതിനു ആ ജാതി പ്രത്യയശാസ്ത്രത്തെ വെല്ലുവിളിച്ചുകൊണ്ട് ഒരു സജീവ പ്രവണതയായി ജാതി സമൂഹത്തിൽ നിലനിൽക്കാൻ കഴിയില്ല.
തോട്ടിയുടെ മകന് ‘മോഹനൻ’ എന്ന് പേരിട്ടപ്പോഴുണ്ടായ ‘ഭൂകമ്പം’ തകഴി മുമ്പെഴുതിയത് പുതിയ കാലത്തിന് ആ വിധം ബാധകമല്ലാതായി മാറിയത്, നിരവധി പ്രക്ഷോഭങ്ങൾക്കു ശേഷമാണെന്ന് മറന്നുപോയാൽ, നവഫാഷിസ്റ്റുകൾ കളിക്കുന്ന ‘പേര് വട്ട’കളികളിൽ മനുഷ്യർ അറിയാതെ വീണുപോവും!
ഒരു രാജാവെന്ന നിലയിൽ ‘രാജവാഴ്ചക്കാലത്തെ’ പരിമിതികൾ ടിപ്പു സുൽത്താനിലും തെളിഞ്ഞുകാണാനാവും. എങ്കിലും ഞാനൊരു പ്രജയല്ലെന്ന് സാമ്രാജ്യത്വ-രാജഭരണ കാലത്ത് പ്രഖ്യാപിച്ച്, സ്വന്തം തലസ്ഥാനത്ത് ഫ്രഞ്ച് വിപ്ലവം ആഘോഷിച്ച് ‘സ്വാതന്ത്ര്യത്തിന്റെ ചെടി നട്ട’ ജാതിമേൽക്കോയ്മയുടെ മർമം പൊളിക്കുംവിധമുള്ള ഭൂപരിഷ്കരണം നടപ്പിലാക്കിയ അപമാനകരമായ ‘മാറുമറയ്ക്കൽ നികുതി’ ‘വെട്ടിമാറ്റിയ’, സാമ്രാജ്യത്വത്തെ കിടിലംകൊള്ളിക്കും വിധം പൊരുതി, സ്വയം രക്ഷപ്പെടാൻ പഴുതുകളേറെയുണ്ടായിട്ടും ധീരമായി അവസാനംവരെ പ്രതിരോധിച്ച ടിപ്പു സുൽത്താനെ മാറ്റിനിർത്തി, ഒരാധുനിക കേരള ചരിത്രമെഴുതുക അസാധ്യമാവും. ടിപ്പു കൊല്ലപ്പെട്ടുവെന്ന് ഉറപ്പായപ്പോൾ, ബ്രിട്ടീഷ് സാമ്രാജ്യത്വാനുകൂലികൾ, അതാഘോഷിച്ചത് കുടിച്ചുകൂത്താടിയാണ്. ഇന്ത്യയിൽ മാത്രമല്ല, ബ്രിട്ടനിലും!
സ്വന്തം ‘ശൗര്യമുള്ള’ പട്ടിക്ക് ‘ചരിത്രബോധമില്ലാത്തവർക്ക്’ എന്തുകാര്യം! കൊണ്ടായാലും ‘ടിപ്പു’ എന്ന് പേരിടാവുന്നതാണ്. അത് ശരിയായാലും തെറ്റായാലും അതവരുടെ സ്വാതന്ത്ര്യം! എന്നാൽ, സ്വന്തം ഉടമയെ ഒറ്റുകൊടുക്കുന്ന, വേണ്ടിവന്നാൽ കടിച്ചുകൊല്ലുന്ന പട്ടിക്ക് ‘ചരിത്രബോധമുള്ളവർക്ക്’ ഗോദ്സെ എന്ന് പേരിടാവുന്നതാണ്! അത്ഭുതം! ഇതുവരെയും ആ പേരിൽ എനിക്കൊരു പട്ടിയെ കാണാൻ കഴിഞ്ഞിട്ടില്ല. ആൾക്കാർക്കൊക്കെ ചരിത്രബോധം കൂടിയതുകൊണ്ടാണോ, അതല്ലെങ്കിൽ ഒരു പട്ടിയെപ്പോലും ആ പേരിട്ട് അവഹേളിക്കേണ്ടെന്ന് അവർ കരുതിയതുെകാണ്ടാവുമോ, ആവോ!
ബത്തേരി എന്ന വാക്ക് പീരങ്കിത്താവളം എന്നർഥമുള്ള ഒരു പോർചുഗീസ് വാക്കാണ്. അതെങ്ങനെ വന്നു, എപ്പോൾ വന്നു, എന്നൊക്കെ വിശദമായി അന്വേഷിക്കാവുന്നതാണ്. ‘സുൽത്താൻ ബത്തേരി’ എന്ന ഇപ്പോഴറിയപ്പെടുന്ന വിസ്തൃത പ്രദേശത്തിനകത്ത് ‘ഗണപതിവട്ട’ത്തിനും ‘ശാശ്വതമായി’ വിശ്രമിക്കാവുന്നതാണ്. എന്നാൽ, ആ പ്രദേശത്തെ ജനങ്ങളുടെ സർവതോമുഖമായ അഭിവൃദ്ധിക്ക് നിലവിലെ ഏക തടസ്സം ടിപ്പു സുൽത്താന്റെ സ്മരണകൾ ഇരമ്പുന്ന ആയൊരു പേരാണെങ്കിൽ, ആ പേര് ഒരവശിഷ്ടംപോലും ബാക്കിവെക്കാതെ പറിച്ചെറിയുകതന്നെ വേണം.
ഒരൊറ്റ ഗാരന്റി! അതോടെ സുൽത്താൻ ബത്തേരിയിലെ വന്യജീവിശല്യം ഒഴിവാകണം, തൊഴിലവസരങ്ങൾ വർധിക്കണം, സാമുദായിക സൗഹാർദം ശക്തമാവണം. അപ്രസക്ത പ്രശ്നങ്ങളുടെ വെള്ളപ്പൊക്കം ഉണ്ടാക്കി ജീവൽപ്രശ്നങ്ങളെ മുക്കിക്കൊല്ലുന്ന സ്ഥിരം നവ ഫാഷിസ്റ്റ് പ്രവണതകൾ അവസാനിക്കപ്പെടണം. എങ്കിൽ, എങ്കിൽമാത്രം, എന്തുപേരിട്ടാലും ഒരു കുഴപ്പവുമില്ല! അല്ലെങ്കിലും മുമ്പേ പൊരുതിമരിച്ച ധീര സുൽത്താൻ പോട്ടെ, പകരം ആര് വേണമെങ്കിലും വരട്ടെ, ആ പ്രദേശത്തിനാകെ ഒരു ‘ഐശ്വര്യം’ വന്നുചേരുമെങ്കിൽ!
ഇത്രയും പറയാൻ കാരണം, മുഗൾസരായ് സ്റ്റേഷനിലും പിന്നീട് ‘ദീനദയാൽ ഉപാധ്യായ’ സ്റ്റേഷൻ എന്ന് ആ സ്റ്റേഷന്റെ പേര് മാറ്റിയ ഉടനെയും അവിടെ പോവാൻ അവസരം ലഭിച്ചിരുന്നു. മുഗളന്മാർ പോയി ‘ഉപാധ്യായ’ വന്നിട്ടും ആ സ്റ്റേഷന് ഒരുയർച്ചയുള്ളതായി തോന്നിയില്ല. ചുരുണ്ടുകിടക്കുന്ന പട്ടികൾ, അലഞ്ഞുനടക്കുന്ന പശുക്കൾ, ദുർഗന്ധം വമിക്കുന്ന പരിസരം... പഴയ ആ മുഗൾസരായ് സ്റ്റേഷന് ഒരു മാറ്റവുമില്ല. പേരിൽ മാത്രമാണ് മാറ്റമുണ്ടായിട്ടുള്ളത്! ഇത് ദീനദയാൽ ഉപാധ്യായയോട് ചെയ്യുന്ന അന്യായമാണ്. പേര് മാറ്റത്തോടെ ഡി.ഡി.യു സ്റ്റേഷന്റെ സൗകര്യം വർധിച്ചിരുന്നെങ്കിൽ, പേരുമാറ്റത്തോട് എതിർപ്പുള്ളവർപോലും പറയുമായിരുന്നു: സംഗതി കൊള്ളാം, ‘ചരിത്രം പോയി തുലഞ്ഞാലും’ മനുഷ്യർക്ക് മൂക്കുപൊത്താതെ നിൽക്കാനാവുമെന്ന ഒരവസ്ഥയെങ്കിലും വന്നല്ലോ എന്ന്! വെറും വൈകാരിക ഗുണ്ട് മാത്രം പൊട്ടിച്ചതുകൊണ്ട് ഒരു കാര്യവുമില്ല. വൈവിധ്യത്തിനുവേണ്ടി ഇടക്കൊരു സൗഹൃദത്തിന്റെ പൂത്തിരിയുമാവാം. എന്താലേ!
തൊണ്ണൂറു കൊല്ലം മുമ്പ് ഇന്ത്യയുടെ അഭിമാനമായ രവീന്ദ്രനാഥ് ടാഗോർ ‘പരിശുദ്ധാത്മ ദർശന’ത്തിന് പിറകിലെ ‘തിരോഭാവ കൗശല’ത്തെക്കുറിച്ച് പറഞ്ഞതും, 1968 മുതൽ ചരിത്രം തിരുത്തിയെഴുതാൻ പുരുഷോത്തം നാഗേഷ് ഓക് അനൗദ്യോഗികമായി നടത്തിയ ശ്രമങ്ങളും 2018 മാർച്ച് 18ന് ഇന്ത്യയിൽ ചരിത്രം തിരുത്താനുള്ള ഔദ്യോഗിക കമീഷൻതന്നെ നിലവിൽവന്നതും അതിനുമൊക്കെ എത്രയോ മുമ്പ് ഇന്ത്യൻ നവഫാഷിസം രൂപകൽപന ചെയ്ത ‘പുണ്യഭൂമി’യെന്ന കാഴ്ചപ്പാടും കൂടിച്ചേരുമ്പോഴാണ് ‘ഗണപതിവട്ട മോഡൽ’ വിവാദങ്ങൾക്ക് കൊഴുപ്പ് കൂടുന്നത്. അങ്ങനെയാണ് തോൽക്കുമെന്നുറപ്പുള്ള ഒരു സ്ഥാനാർഥി ‘ഒന്നാംവട്ട’ തെരഞ്ഞെടുപ്പിൽ ആയൊരു ഗുണ്ടുപൊട്ടിച്ച് ജയിച്ചുകയറുന്നത്. ഇന്ത്യൻ നവഫാഷിസം കുത്തുന്ന ചതിക്കുഴികൾ കാണുകതന്നെ വേണം. അതിനെ പ്രതിരോധിക്കുന്നവർ പക്ഷേ അതിൽ ചെന്ന് വീഴേണ്ട ഒരു കാര്യവുമില്ല.
ഭൂട്ടാനും നേപ്പാളും, എന്തിന് ആ ‘പാവം’ ബംഗ്ലാദേശ് പോലും ആഹ്ലാദത്തിന്റെ ആഗോളസൂചിക പട്ടികയിൽ നമ്മുടെ ഇന്ത്യക്ക് മുകളിലാണത്രെ! വിലക്കയറ്റവും തൊഴിലില്ലായ്മയും സാമൂഹിക അരക്ഷിതത്വവും വല്ലാതെ വർധിക്കുന്നതും നമ്മൾക്കിപ്പം അത്ര പ്രശ്നമല്ല. നമുക്ക് ‘ഗുർഗോൺ’, ഗുരുഗ്രാം ആയതും ‘മീവാത്ത്’ ‘നൂഹ്’ ആയതും ‘മിയാൻ കാ ബാര’ ‘മഹേശ് നഗർ’ ആയതും, ‘ഫൈസാബാദ്’ ‘അയോധ്യ’ ആയതും ഓർത്ത് ആഹ്ലാദിക്കാം. പേരിലും പൊരുളിലും പൂക്കളിലുമല്ല, എങ്ങനെയെങ്കിലും കലഹം വർധിപ്പിച്ചേക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചില പുരാണ ‘പേരുകളിലാണ്’ അധികാരികൾക്കിപ്പോൾ ഏറെ പ്രിയം!
എന്റെ ബാപ്പ ചെറിയതോതിൽ പലചരക്ക് കച്ചവടം നടത്തിയിരുന്നു. സ്കൂൾ വിട്ട് വന്നാൽ, സാധനങ്ങൾ എടുത്തുകൊടുക്കാൻ ഞാനും അക്കാലങ്ങളിൽ അദ്ദേഹത്തെ സഹായിക്കാറുണ്ടായിരുന്നു. അന്നൊക്കെ പാടത്തും പറമ്പിലും പണികഴിഞ്ഞ് വരുന്ന തൊഴിലാളികൾ നേരെ പീടികയിലേക്ക് വരും. കുപ്പായമൊന്നും ശരിക്കും ഇട്ടിട്ടുണ്ടാവില്ല. കൈനീട്ടി തലയിൽ പൊത്താൻ ‘കാകുയിൽ’ എണ്ണ ചോദിക്കും. ഒഴിച്ചുകൊടുക്കുന്ന എണ്ണകൊണ്ടവർ തലയിൽ പൊത്തും മേലും തേക്കും! എത്ര തിരക്കുണ്ടെങ്കിലും, കൈനീട്ടിപ്പിടിച്ചുനിൽക്കുന്ന തൊഴിലാളിക്ക് ആദ്യം എണ്ണ ചോദിച്ചതിലും കുറച്ചധികം ഒഴിച്ചുകൊടുക്കും. മാഷുമ്മാരൊക്കെ സാധനങ്ങൾ വാങ്ങാനുള്ള ലിസ്റ്റുമായി അപ്പുറത്തു നിൽക്കുന്നുണ്ടാവും. അതൊന്നും പ്രശ്നമല്ല. വളരെ കാലങ്ങൾക്കുശേഷം ആ കാക്കുയിൽ ഞാൻ കണ്ടത് പ്രശസ്ത കവി എൻ.പി. ചന്ദ്രശേഖരന്റെ ഒരു കവിതയിൽ ‘അലിവുപാത്രം’ എന്ന പേരിലാണ്. ശരിക്കുള്ള കാക്കുയിൽ കാണണമെങ്കിൽ ഇന്ന് മ്യൂസിയത്തിൽ പോവണം. അതിൽ പ്രശ്നമില്ല. എന്നാൽ, കവി ‘അലിവുപാത്രം’ എന്ന് ശരിക്കും മനസ്സറിഞ്ഞ് വിളിച്ച ആ ‘കാക്കുയിൽ സ്നേഹ മാനസികാവസ്ഥ’ ‘മ്യൂസിയം പീസായാൽ’ പിന്നെ നാം നമ്മളെ മനുഷ്യരെന്ന് വിളിച്ചുനടന്നിട്ട് ഒരു കാര്യവുമില്ല. ചിലരുടെയൊക്കെ പോക്ക് കണ്ടിട്ട് ഇതിവിടംകൊണ്ടൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ല.
പ്രദേശങ്ങൾക്ക്, റോഡുകൾക്ക്, സ്ഥാപനങ്ങൾക്ക്, കപ്പൽ-റോക്കറ്റുകൾക്ക്, വിമാനത്താവള-തുറമുഖങ്ങൾക്ക്, സ്കൂൾ-സർവകലാശാലകൾക്ക് കൊടുക്കാവുന്ന, കൊണ്ടാടാവുന്ന, ജനകീയത ഇരമ്പുന്ന എത്രയെത്ര പേരുകളുണ്ട്? അഭിമാനത്തോടെ, അതിലേറെ ആവേശത്തോടെ ആഘോഷിക്കേണ്ട എത്രയെത്ര ഓർമകളുണ്ട്. ‘ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചിലർക്ക് എന്നിട്ടും ചോരയിൽ’ പ്രിയം എന്ന പതിവ് വാക്യം ഇന്നത്തെ ഇന്ത്യൻ-ഭാരത അവസ്ഥയിൽ രണ്ട് കാര്യങ്ങളാൽ അപര്യാപ്തമാണ്. ഒന്നാമത്തേത് കൊതുകിന് സത്യത്തിൽ വളരെ കുറഞ്ഞ ചോര മതി. ചോരപ്പുഴയൊന്നും, പാവം അതിന്റെ അജണ്ടയിലില്ല. രണ്ടാമത്തേത് ക്ഷീരമുള്ള പശുവും അതിന്റെ അകിടും ആണ്, മുമ്പെന്നപോലെ ഇന്നത്ര സുരക്ഷിതമെല്ലന്ന് മാത്രമല്ല ചോരപ്പുഴ ഒഴുക്കും വിധം അപകടകരവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.