നർമരസം
01
നമ്മൾ എല്ലാ പണികളും ബംഗാളികളെക്കൊണ്ട് ചെയ്യിപ്പിക്കുന്നു. എന്തുകൊണ്ട് കഥയും കവിതയും അവരെക്കൊണ്ട് എഴുതിപ്പിച്ചുകൂടാ?
നല്ല ചോദ്യം. ഇനി അതിന്റെ ഒരു കുറവേയുള്ളൂ.
ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഇപ്പോൾ ആരെയാണ്?
സംശയമെന്ത്? ബംഗാളികളെയും കവികളെയുമാണ്. ഇവരെ ഉരസിയിട്ട് നടക്കാൻ വയ്യ.
കഴിഞ്ഞദിവസം കാർപെന്റർ ജോലിക്കുവന്ന ബംഗാളി ചോദിച്ചു; സേട്ടനും കവിയാണോ?
ബുക്ക് ഷെൽഫാണ് അവൻ നേരെയാക്കുന്നത്. അങ്ങനെ ചോദിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. അതിനിടയിൽ അവൻ മറ്റൊന്നുകൂടി പറഞ്ഞു; ഈ കവികളെല്ലാം വെറും കഞ്ഞികളാണ്. അങ്ങനെയുള്ള അനുഭവങ്ങളും അവനുണ്ടത്രേ.
അത് എനിക്കിട്ട് കൊട്ടിയതാണ്. പറഞ്ഞ കാശ് കൊടുക്കില്ലെന്ന ഭാവത്തിൽ. ഞാൻ പറഞ്ഞു; കവികൾ ദീർഘവീക്ഷണ പരാഗങ്ങളാണ്.
പണിനിർത്തി പുതിയ കവിത കേട്ടതുപോലെ അവൻ അന്തംവിട്ടു. അപ്പോൾ സാന്ത്വനഗീതംപോലെ ഞാൻ പറഞ്ഞു; തും അച്ചാ ആദ്മി.
അതുകേട്ട് അവൻ സർഗപുളകിതനായി.
ഇവിടത്തെ കാറ്റിനു കവിതയുടെ മണമാണ്. താമസിയാതെ എല്ലാ പണികളും നിർത്തി അവനും കവിത എഴുതിത്തുടങ്ങും.
02
അധികം മൂക്കാത്ത ഒരു ആധുനികൻ ചോദിക്കുന്നു; തെക്കൻ അവാർഡോ വടക്കൻ അവാർഡോ നിങ്ങൾക്കിഷ്ടം?
ഏറെ ആലോചനകളൊന്നുമില്ലാതെ അയാൾ പറഞ്ഞു. രണ്ടും ഇഷ്ടമല്ല.
ഉത്തരം കേട്ട് ആധുനികൻ പൊട്ടിച്ചിരിച്ചു. എന്നിട്ട് തന്റെ ഒരനുഭവം പറഞ്ഞു.
വർഷാവർഷം വളരെ പ്രസിദ്ധനായ ഒരെഴുത്തുകാരന്റെ പേരിൽ കൊടുക്കുന്ന അവാർഡ്. അതിനു കൃതികൾ ക്ഷണിച്ചു. മൂന്നുകോപ്പി അയക്കണം. കൈയിൽ രണ്ടേയുള്ളൂ. അവാർഡ് കമ്മിറ്റിയെ വിളിച്ചു കാര്യം പറഞ്ഞു. കമ്മിറ്റി ഉടനെ മറുപടി കൊടുത്തു. ഈ വർഷം നിങ്ങൾ അയക്കേണ്ട. കമ്മിറ്റിയുടെ മറുപടി കേട്ട് ആധുനികൻ ചിരിച്ചു.
താനെന്താടോ ഇങ്ങനെ ചിരിക്കുന്നത്?
ആധുനികൻ മറുപടിയൊന്നും പറഞ്ഞില്ല. പറഞ്ഞത് തന്നോടുതന്നെയായിരുന്നു. വിലപ്പെട്ട അവാർഡുകളൊക്കെ ഇങ്ങനെ ഭാഗംവെക്കപ്പെടുന്നുവല്ലോ.
സത്യത്തിൽ ആധുനികൻ ഏറെ മോഹിച്ച അവാർഡായിരുന്നു അത്. താൻ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന പ്രിയപ്പെട്ട എഴുത്തുകാരന്റെ പേരിലുള്ള അവാർഡ്.
ആധുനികന് ആരോടും വലിയ വിധേയത്വമില്ല. നിരന്തരം ആനുകാലികങ്ങളിൽ നിറഞ്ഞുനിൽക്കണമെന്നോ അഴിഞ്ഞാടണമെന്നോ താനെഴുതുന്നതാണ് ലോകോത്തരമെന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കണമെന്നോ എഴുതിപ്പിക്കണമെന്നോ അങ്ങനെയുള്ള യാതൊരു വ്യാകുലമോഹങ്ങളും.
03
മലയാള സിനിമ ഇപ്പോൾ വടക്കൻ മണ്ണിലാണല്ലോ?
മണ്ണിലൊക്കെ കൊള്ളാം. പക്ഷേ, ചളിയിലാവാതിരുന്നാൽ മതി. അതൊക്കെ സഹിക്കാം. സഹിക്കാനാവാത്തത് വടക്കൻ മണ്ണിനെ കുറ്റം പറയുമ്പോഴാണ്.
ഏറ്റവും വലിയ ലഹരിയെന്നു പറയുന്നത് വടക്കിന്റെ ഈ ഭൂപ്രകൃതിയാണ്. പച്ചപ്പ്, മല, കുന്ന്, പുഴ, കൃഷി. തീർന്നില്ല, ഇവിടത്തെ നിഷ്കളങ്കരായ ജനങ്ങൾ. അവരുടെ മനസ്സ്. കൂട്ടത്തിൽ എൻഡോസൾഫാന്റെ കരച്ചിലുമുണ്ടിവിടെ.
04
അയാളെന്തിനാണ് കാണുന്നവരെയെല്ലാം ഇങ്ങനെ വാരിപ്പുണരുന്നത്?
അതൊരു കഥയാണ്. അയാൾക്ക് പണ്ട് അരിക്കച്ചവടമായിരുന്നു. എല്ലാം നഷ്ടപ്പെട്ട് കാലം മാറിയപ്പോൾ അയാൾക്ക് തോന്നി കാണുന്നതെല്ലാം അരിച്ചാക്കാണെന്ന്. ഇതിൽ ചില അരിച്ചാക്കുകൾ അതിബുദ്ധിമാന്മാരാണ്. ചിലപ്പോൾ അരിച്ചാക്ക് അയാളെക്കൊണ്ടുതന്നെ എടുപ്പിക്കും. നടത്തിക്കും. അതിനിടയിലും അയാൾ വാരിപ്പുണരാൻ ശ്രമിക്കും.
05
നിങ്ങൾ പോകുന്ന യോഗത്തിൽ അധ്യക്ഷനെ ശ്രദ്ധിച്ചിട്ടുണ്ടോ?
ഇല്ല.
എന്നാൽ ഇനി ശ്രദ്ധിക്കണം. അയാൾ ഒരു സ്ഥിരം അധ്യക്ഷനായിരിക്കും. സ്ഥിരം അഭിനേതാവ് എന്നു പറയുംപോലെ. അയാൾക്ക് ഇഷ്ടപ്പെട്ട വേഷമൊക്കെ ആദ്യം അഭിനയിച്ചുതീർക്കും. ബാക്കിവരുന്നവരുടെ വേഷങ്ങൾ അവസാന ഭാഗത്തേക്ക് നീക്കിവെക്കും.
ഇപ്പോൾ തിരിഞ്ഞില്ലേ? അധ്യക്ഷതയും ഒരു യോഗയാണ്. സ്ഥിരം പ്രകടനംപോലെ.
06
കവി പറയുന്നു. നിങ്ങൾക്ക് ചുറ്റും ശത്രുക്കളാണല്ലോ.
എനിക്കു ചുറ്റും വെള്ളപ്പൊക്കമാണെന്നു പറഞ്ഞാൽ ഞാൻ വിശ്വസിക്കും. കാരണം, എനിക്കു നീന്താനറിയില്ല. എന്നാൽ, ഇത്രയും ശത്രുക്കൾ എവിടുന്ന് ഒഴുകിവന്നു?
ഞാനിപ്പോൾ ഉടയാടകൾ മാറ്റുന്നു. വേഷം മാറി തെയ്യമാകുന്നു. ചോര കുടിക്കുന്ന തെയ്യം. ഹ ഹ ഹ ഹാ...
ഇല്ലടോ. ചോരക്കും വലിയ ചോപ്പില്ല. ശത്രുക്കൾക്കാണ് കടുംനിറം. ചിലരിൽ വർഗീയം. ചിലരിൽ രാഷ്ട്രീയം. ചിലരിൽ പക. ചിലരിൽ വിദ്വേഷം. ചിലരിൽ മനുഷ്യനേ ഇല്ല.
07
ഒരു സാംസ്കാരിക പ്രവർത്തകന്റെ വീട്ടിൽ തൂക്കിയ പ്രശസ്തിപത്രം.
മരണാനന്തര അവാർഡുകളൊന്നും സ്വീകരിക്കപ്പെടുന്നതല്ല.
എന്തൊരു വിരോധാഭാസം. െഫ്രയിം ചെയ്തു തൂക്കിയാലും വന്മരങ്ങളും കടപുഴകും.
08
കവിയരങ്ങിലൊന്നും കാണാറില്ലല്ലോ?
ഇല്ല. ഞാൻ വടയരങ്ങിനുമാത്രമേ പോകാറുള്ളൂ. എന്തൊരു ബഹളം. നല്ല കവിത കേൾക്കുമ്പോഴായിരിക്കും വടയും ചായയും വരുക. അപ്പോൾ തോന്നും. കവിതവേണ്ട. വടമതി.