തിരമാലകൾ പാടുന്ന ഷാർജ മാരിടൈം മ്യൂസിയം
text_fieldsഷാർജയുടെ പൈതൃകത്തിന്റെയും വികസനത്തിന്റെയും അവിഭാജ്യ ഘടകമായ സമുദ്രജീവികളെ കേന്ദ്രീകരിച്ചുള്ള അറിവിന്റെ കേദാരമാണ് മാരിടൈം മ്യൂസിയം. ഷാർജയുടെ വളർച്ചയുടെ ഓരോ പടവുകളും കടലിൽനിന്ന് വായിച്ചെടുക്കാവുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന. പുരാതന കാലങ്ങളിൽ ഉപയോഗിച്ചിരുന്ന വള്ളങ്ങൾ മുതൽ മുങ്ങൽ വിദഗ്ധർ ഉപയോഗിച്ചിരുന്ന സാമഗ്രികൾ വരെ ഇവിടെ കാണാനാകും. ഷാർജ മാരിടൈം മ്യൂസിയം 2003 ഏപ്രിൽ ഒൻപതിന് അൽ മരീജയിൽ ആദ്യം തുറന്നു. തുടർന്ന്, അൽഖാനിലെ കടലോരത്തേക്ക് 2009 ജൂൺ ഏഴിന് മ്യൂസിയം മാറ്റി.
ഷാർജ മാരിടൈം മ്യൂസിയം ഷാർജ നിവാസികളുടെയും അവരുടെ സമുദ്ര പാരമ്പര്യങ്ങളുടെയും പൂർണ്ണമായ വിശദീകരണമാണ്. മ്യൂസിയത്തിലെ പ്രദർശനങ്ങളിലൂടെ, സന്ദർശകർക്ക് ഷാർജ എമിറേറ്റിലെ സമുദ്രജീവികളുടെ വിശദാംശങ്ങളെക്കുറിച്ച് അറിയാൻ കഴിയും. സമുദ്രജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഷാർജ മ്യൂസിയം ഡിപ്പാർട്ട്മെന്റിന്റെ ശ്രമത്തിന്റെ ഭാഗമായി, സ്വദേശികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും രേഖപ്പെടുത്തുകയും ചെയ്ത സമുദ്ര പൈതൃകമാണ് ഇവിടെ ശ്രദ്ധയോടെ അതിമനോഹരമായി ആവിഷ്ക്കരിച്ചിരിക്കുന്നത്.
ഷാർജ നിവാസികൾ ഭക്ഷണത്തിനും വെള്ളത്തിനും മറ്റ് പ്രദേശങ്ങളുമായുള്ള വ്യാപാരത്തിനും കടലിനെ ആശ്രയിച്ചിരുന്നതിനാൽ ആറായിരം വർഷത്തിലേറെയായി കടൽ ദൈനംദിന ജീവിതത്തിന്റെ പ്രധാന ഭാഗമായിരുന്നു. പരമ്പരാഗത മത്സ്യബന്ധന രീതികൾ, കടൽ പാട്ടുകൾ, ഡൈവിങ് യാത്രകൾ, മത്സ്യ വ്യാപാരം, മുത്ത് ശേഖരണം എന്നിവക്കായി ഉപയോഗിച്ചിരുന്ന പരമ്പരാഗത മരക്കപ്പലുകളിലൂടെ വിദൂര കടലുകളിലേക്കും സമുദ്രങ്ങളിലേക്കും ഉള്ള വാണിജ്യ യാത്രകൾ അവലോകനം ചെയ്യുന്നു. മ്യൂസിയത്തിന്റെ പ്രധാന കവാടത്തിൽ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മുത്തുകളും പുരാവസ്തുക്കളും കാണാം. ഏഴായിരം വർഷങ്ങൾക്ക് മുമ്പ് ഷാർജയിൽ ഉണ്ടായിരുന്ന ഒരു പുരാതന സെമിത്തേരിയുടെ ഭാഗത്ത് നടത്തിയ ഉത്ഖനത്തിൽ നിന്നാണ് ഈ മുത്ത് കണ്ടെത്തിയത്. മത്സ്യബന്ധന ഉപകരണങ്ങളിൽ കുന്തത്തിന്റെ ആകൃതിയിലുള്ള മൂന്ന് കൂർത്ത തലകളുള്ള നീഴ എന്നറിയപ്പെടുന്ന ഇരുമ്പിൽ തീർത്ത ഉപകരണമാണ് ഞണ്ടിനെയും പരുന്തിനെയും പിടിക്കാൻ ഉപയോഗിച്ചിരുന്നത്.
അൽ-മന്താബ് എന്ന കട്ടിയുള്ള വടികളാണ് മത്സ്യങ്ങളെ പിടിക്കാൻ ഉപയോഗിച്ചിരുന്നത്. മത്സ്യബന്ധന ഉപകരണമായ അൽ-മക്സർ അതായത് മത്സ്യബന്ധന വല, പരുത്തി നൂലുകൾ കൊണ്ട് നിർമ്മിച്ച മത്സ്യബന്ധന വലയായ അൽ-ലിഖ് എന്നിവയും ഇവിടെ കാണാം. സ്രാവുകളെ പിടിക്കാൻ ഉപയോഗിക്കുന്ന കൊളുത്ത് ശ്രദ്ധേയമാണ്. ഈയ കട്ടികളുടെ സഹായത്തോടെയാണ് ഈ കൊളുത്ത് താഴേക്ക് കൊണ്ടപോകുന്നത്.
സാലറ്റ് എന്നറിയപ്പെടുന്ന ചരടുകളാണ് ഇതിൽ ബന്ധിപ്പിച്ചിരിക്കുന്നത്. ‘ഗർഗൂർ’ എന്നപേരിൽ അറിയപ്പെടുന്ന താഴികക്കുടത്തിന്റെ രൂപത്തിലുള്ള ഒരു നൂതന കെണിയാണ്, മത്സ്യത്തെ ഉപദ്രവിക്കാതെ പിടിക്കാൻ ഉപയോഗിച്ചിരുന്നത്. ആനക്കൊമ്പുകൾ കൊണ്ട് നിർമ്മിച്ച ഒരു ചീപ്പ് ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിന്റെ കൂടി അടയാളമാണ്. ഇന്ത്യയിൽ നിന്നാണ് ഇത്തരം വസ്തുക്കൾ എത്തിയിരുന്നത്.
ഓരോ കാഴ്ച്ചകളും കണ്ടാസ്വദിക്കുവാനായി തയ്യാറാക്കിയ മുറികൾ പെട്ടെന്ന് കടലായി രൂപാന്തരപ്പെടുന്നതും കാഴ്ച്ചക്കാർ ഒരു വേള പഴമയിലേക്ക് തിരിച്ചുപോകുന്നതുമായി തോന്നുന്ന വിധത്തിലാണ് ഇവിടെ ഓരോ മുറിയും ചിട്ടപ്പെടുത്തിയിരിക്കുന്നത്. തിരമാലകളുടെ സംഗീതം കാതിൽ നിന്ന് ഒഴിഞ്ഞുപോകാൻ കൂട്ടാക്കുകയില്ല. കടൽ കാക്കൾ തലക്ക് മുകളിൽ വട്ടമിട്ട് പറക്കുന്നുണ്ടോയെന്ന് തോന്നിപ്പോകും. സാങ്കേതിക വിദ്യകൾ വിരളമായിരുന്ന കാലത്ത് മുത്തുകൾ തേടി കടലാഴങ്ങളിലേക്ക് പോയവരുടെ ചങ്കുറപ്പിന്റെ രസതന്ത്രം വിസ്മയപ്പെടുത്തും. യു.എ.ഇയുടെ പുരോഗതിയുടെ ഓരോ പടവുകളിലും കടൽ പാട്ടുകളുടെയും തിരമാലകളുടെയും സാന്നിധ്യം വായിച്ചറിയുമാവാനുള്ള കേന്ദ്രമാണ് ഷാർജ മാരിടൈം മ്യൂസിയം. കുടുംബത്തോടൊന്നിച്ച് ഒരിക്കലെങ്കിലും ഇവിടെ എത്തണം. നഗരങ്ങളെ വളർത്തിയെടുത്ത തിരമാലകളുടെ ചരിത്രം കാണണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.