വിശ്വാസവും വിനോദവും ഒത്തുചേർന്ന് ശൈഖ് ഹുമൈദ് മസ്ജിദ്
text_fieldsവിശ്വാസികളോടൊപ്പം വിനോദ സഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ആരാധനാലയമാണ് അജ്മാനിലെ ശൈഖ് ഹുമൈദ് മസ്ജിദ്. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമിയുടെ നാമധേയത്തിലുള്ളതാണ് ഈ മനോഹരമായ ആരാധനാ കേന്ദ്രം. പുരാതന അൻഡലൂഷ്യൻ നാഗരികതയും ഇസ്ലാമിക വാസ്തുശില്‍പ്പവിദ്യ കലയും അറേബ്യന്‍ വാസ്തുശില്‍പ്പവിദ്യ കലയും സംയോജിപ്പിച്ച് പണികഴിപ്പിച്ചതാണീ പ്രാര്‍ഥനാ മന്ദിരം. അജ്മാനിലെ അൽ സഫ ഏരിയയിലാണ് ഈ പള്ളി നിലകൊള്ളുന്നത്. ആരെയും ആകര്‍ഷിക്കുന്ന അതിമനോഹരമായ നിർമിതിയാണിത്. പള്ളി എന്നതിനോടൊപ്പം ഒരു വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയില്‍ കൂടി രാജ്യത്തിന്റെ സങ്കല്‍പ്പങ്ങളെ അക്ഷരാര്‍ഥത്തില്‍ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് പ്രകൃതി രമണീയമായ സ്ഥലത്ത് ഈ പള്ളി നിർമിച്ചിരിക്കുന്നത്. ഇരു നിലകളിലായി സ്ത്രീകള്‍ക്കടക്കം ആയിരത്തി അഞ്ഞൂറിലേറെ പേര്‍ക്ക് നമസ്കരിക്കാന്‍ ഈ പള്ളിയില്‍ സൗകര്യമുണ്ട്. അറൂസ് മാതൃകയിലാണ് അറുപത് മീറ്റര്‍ ഉയരമുള്ള ഈ പള്ളിയുടെ മിനാരം രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്. പള്ളിയുടെ മിഹ്റാബിനോട് ചേര്‍ന്ന് വിവിധ ഫല വൃക്ഷങ്ങളോടും പൂച്ചെടികളോടും കൂടിയ ഒരു തോട്ടം തന്നെയാണ് ഇവിടെ നിർമിച്ചിരിക്കുന്നു എന്നതാണ് മറ്റു പള്ളികളെ അപേക്ഷിച്ച് ഈ മസ്ജിദിനെ ഏറെ വിത്യസ്തമാക്കുന്നത്. റമദാന്, ഈദ് പോലുള്ള വിശിഷ്ട സന്ദര്‍ഭങ്ങളില്‍ പ്രാര്‍ഥനകള്‍ക്ക് വിദൂരങ്ങളില്‍ നിന്ന് വരെ സ്ഥിരമായി വിശ്വാസികള്‍ ഇവിടെ എത്തിച്ചേരാറുണ്ട്. മധുര മനോഹരമായ ഖുർആന്‍ പാരായണത്തിന്റെ അകമ്പടിയോടെയുള്ള പ്രാര്‍ത്ഥന വിശ്വാസികളെ ഏറെ ആകര്‍ഷിക്കും. പള്ളിയുടെ പുറത്ത് വിശാലമായ കാര്‍ പാര്‍ക്കിങ് എരിയയോട് ചേര്‍ന്ന പ്രദേശത്ത് പൂച്ചെടികളുടെ വലിയ തോട്ടം ഇവിടം ഏറെ ആകര്‍ഷണീയമായ കാഴ്ച്ചയാണ് സമ്മാനിക്കുന്നത്.
പള്ളിയുടെ അകത്തളങ്ങളിലേക്ക് സൂര്യപ്രകാശം പ്രവേശിപ്പിക്കാന്‍ ഇതിന്റെ മനോഹരമായ നിര്‍മ്മാണ വൈദഗ്ദ്യത്തിന് കഴിഞ്ഞിട്ടുണ്ട്. മരവും മാര്‍ബിളും ഉപയോഗിച്ചാണ് ഈ പള്ളിയുടെ ആര്‍ച്ചുകളും കുബ്ബയും നിർമിച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ശുചീകരണ മുറിയും മറ്റൊരു ആകര്‍ഷണീയതയാണ്. അജ്മാന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ ഏറെ സ്ഥാനം നേടിയ ഈ പള്ളി 2012 അവസാനത്തൊട് കൂടിയാണ് നിർമാണം പൂര്‍ത്തീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.