Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightഇരുളരുടെ പാട്ടും...

ഇരുളരുടെ പാട്ടും ചുവടും

text_fields
bookmark_border
nanjamma and palaniswamy
cancel
camera_alt

നഞ്ചമ്മയും പഴനിസ്വാമിയും

ട്ടിണിയിൽ പിടഞ്ഞൊടുങ്ങുന്ന കുരുന്നുകളുടെ നിലവിളികളും പരിഷ്കൃതരായ ചൂഷകരാൽ ഊറ്റിപ്പിഴിയപ്പെടുന്ന ഗോത്രമനുഷ്യരുടെ നെടുവീർപ്പുകളുമാണ് വാർത്തകളായി നിരന്തരം അട്ടപ്പാടിയുടെ മലയിറങ്ങി വരാറ്. അവഗണനയുടെയും അരികുവത്കരണത്തിന്‍റെയും കയ്പുനീരിങ്ങനെ എന്നും മോന്തേണ്ടി വരുന്ന ആ ഊരുകളിൽ നിന്ന് ഇതാ ഉദിച്ചുയർന്നിരിക്കുകയാണ് രണ്ട് ഭാഗ്യതാരങ്ങൾ. അവരും അവരുടെ വിശേഷങ്ങളും വാർത്താപ്രവാഹമായി മാറിയതോടെ അട്ടപ്പാടിക്കാരുടെ കഷ്ടവൃത്താന്തങ്ങളെല്ലാം തത്കാലത്തേക്കെങ്കിലും പിറകിലേയ്ക്ക് തള്ളിമാറ്റപ്പെടുകയാണ്. പുറംനാടുകളിൽ നിന്ന് നിത്യേനെ അട്ടപ്പാടിച്ചുരം വളഞ്ഞു കേറുന്ന പരശ്ശതം ചുറ്റിയടിക്കാർ എതാണ്ടെല്ലാവരും ഇവിടെയുള്ള സവിശേഷമായ കാഴ്ചകൾ മാത്രമല്ല, ഈ താരങ്ങളെ കൂടി തേടി വരികയാണിപ്പോൾ. ഊരുകളുടെ ഇട്ടാവട്ടത്തിലൊതുങ്ങി, പുറംലോകമറിയാതെ നിന്ന ഇരുളരുടെ കലാതിശയങ്ങളിലെ ചില ചീന്തുകൾ അഭ്രപാളി വഴി നാടായ നാടൊക്കെ പരന്നൊഴുകിയതോടെയാണ് നഞ്ചമ്മയും അവർക്ക് വഴിയൊരുക്കിയ പഴനിസ്വാമിയും അട്ടപ്പാടിയുടെ കണ്ണും കരളുമായി മാറിയത്.


ഇരുളരുടെ പാട്ടും ചുവടുമായി മലയാളക്കരയാകെയും അതിനപ്പുറവും ഇന്നറിയുന്ന പേരുകളാണ് യഥാക്രമം നഞ്ചമ്മയും പഴനിസ്വാമിയും. 'അയ്യപ്പനും കോശിയും' എന്ന ഒരൊറ്റ ചിത്രത്തിൽ ചുണ്ടനക്കാൻ കിട്ടിയ അവസരമാണ് നഞ്ചമ്മയെന്ന പാട്ടത്ഭുതത്തെ പുറം ലോകത്തെത്തിച്ചത്. ആ സിനിമയുടെ സംവിധായകൻ സച്ചിയുടെ ആഗ്രഹപ്രകാരം ഇവരെ കണ്ടെടുത്ത് സ്റ്റുഡിയോയിലെത്തിച്ച പഴനിസ്വാമി ആ ദൗത്യത്തിനൊപ്പം ഇതേ സിനിമയിൽ ശ്രദ്ധേയമായ വേഷമിടുക കൂടി ചെയ്തതോടെ അട്ടപ്പാടിയുടെ വേറൊരു ഹീറോ ആയി. ഒന്നാന്തരം ഇരുളനർത്തകനായി, അതിന്‍റെ പ്രചാരകനായി രണ്ടു പതിറ്റാണ്ടോളമായി നമുക്കിടയിലുണ്ട് ഈ ആദിവാസി യുവാവ്. എന്നിട്ടും നമ്മളാൽ തിരിച്ചറിയപ്പെടാതിരിക്കുകയായിരുന്നു ഊരിലെ ഈ മാണിക്യം. ഗോത്ര മനുഷ്യരുടെ ഉള്ളിലൂറിക്കൂടി നിൽക്കുന്ന ഏത് മാറ്റുള്ള കലാരൂപവും, സിനിമയുടെ മാന്ത്രിക സ്പർശമേൽക്കാതെ അംഗീകരിക്കപ്പെടില്ലെന്ന സത്യത്തിന് അടിവരയിടുക കൂടി ചെയ്യുന്നുണ്ട്, ഇവരിരുവരുടെയും ജീവിതം.



നഞ്ചമ്മ


ഇരുളരുടെ പാട്ടമ്മ

കുന്നും മലയും കേറി ആടുമേച്ചു നടന്ന, അക്ഷരാഭ്യാസം പോലുമില്ലാത്ത നഞ്ചമ്മയെന്ന ഗോത്രവൃദ്ധയെ അടുത്തറിയുമ്പോഴാണ് അവർ പേറി നടക്കുന്ന പാട്ടുഭാണ്ഡത്തിന്‍റെ കനവും കഴമ്പും നമ്മെ വിസ്മയപ്പെടുത്തുക.

തമിഴ് കന്നട മിശ്രണമുള്ള ലിപിയില്ലാത്തൊരു സവിശേഷ ഭാഷയാണ് ഇരുളരുടേത്. ആ ഗോത്രഭാഷയിൽ എന്നോ ആരാലോ പടച്ചുണ്ടാക്കപ്പെട്ടതും കാതോടു കാതോരം പകർന്നെത്തിയതുമായ നാനാതരം വരികൾ ശേഖരിച്ചു സൂക്ഷിച്ചിരിക്കുന്ന വലിയൊരു പാട്ടറയാണ് അവർ. ഓർമയുടെ അറ ചികഞ്ഞ് നഞ്ചമ്മ ഓരോന്നു പാടുമ്പോൾ, വാക്കും പൊരുളും തിരിഞ്ഞില്ലെങ്കിലും, വല്ലാത്തൊരു ഫീലാണ് കാതുവഴി ആർക്കും അകത്തു കേറുക!

'കലക്കാത്ത സന്ദന മേരം...' എന്നു തുടങ്ങുന്ന, സിനിമയിൽ ഹിറ്റായ ഗോത്രപ്പാട്ടിന് ലക്ഷക്കണക്കിന് പേർ ഇപ്പോഴും ആവേശത്തോടെ താളം പിടിച്ചുകൊണ്ടിരിക്കുനതിന്‍റെ കാരണത്തിലുണ്ട് ആ പ്രത്യേകാനുഭൂതിയുടെ പൊരുൾ.


താരപ്പിറവിയുടെ കഥയിങ്ങനെ

ഇനി, ആദിവാസിക്കുടിലിൽ പൊടുന്നനെ പൊട്ടിവീണ ഈ താരോദയങ്ങളുടെ കഥ ആരംഭം തൊട്ട് കെട്ടഴിക്കാം. അക്കഥയുടെ നായകൻ പഴനിസ്വാമി തന്നെ അതു പറഞ്ഞു തുടങ്ങട്ടെ...

'അട്ടപ്പാടി പശ്ചാത്തലമാകുന്ന 'അയ്യപ്പനും കോശിയും' സിനിമ കൊഴുപ്പിക്കാൻ വമ്പുള്ള നാലുവരി ആദിവാസിപ്പാട്ട് വേണ്ടിയിരുന്നു സംവിധായൻ സച്ചിക്ക്. പറ്റിയ പാട്ടും പാടാനാളെയും സംഘടിപ്പിക്കാൻ, ആസാദ് കലാസംഘത്തിന് നേതൃത്വം നൽകുന്ന ആളെന്ന നിലയ്ക്ക് ആരോ പറഞ്ഞറിഞ്ഞ് അദ്ദേഹം എന്നെ തേടി വന്നു. വേണ്ട പാട്ടിനെക്കുറിച്ച് സച്ചി സാർ വിശദീകരിച്ചപ്പോൾ, നഞ്ചമ്മച്ചേച്ചി എന്ന ഒറ്റച്ചോയ്സേ എന്‍റെ മുന്നിലുണ്ടായിരുന്നുള്ളൂ. ഫോണിലുണ്ടായിരുന്ന അവരുടെ ചില പാട്ടുകൾ അപ്പോൾ തന്നെ അദ്ദേഹത്തെ കേൾപ്പിച്ചു. വ്യത്യസ്തമായ ചില പാട്ട് കണ്ടെത്തി, അവരെയും കൂട്ടി കൊച്ചിയിലെ സ്റ്റുഡിയോയിലെത്താനായിരുന്നു അടുത്ത നിർദേശം. അതിനു മുമ്പേ തന്നെ ചേച്ചിയുടെ പാട്ടിന്‍റെ ചില വിഡിയോകൾ മ്യൂസിക്‌ ഡയറക്ടർ ജാക്സ് ബിജോയ്ക്കു അയച്ചുകൊടുത്തിരുന്നു. ഞാനും ചേച്ചിയും കൂടിയാണ് കൊച്ചിക്ക് തിരിച്ചത്.



(പൃഥ്വിരാജ്, സച്ചി, ബിജു മേനോൻ എന്നിവർ. നഞ്ചമ്മ -ഇടത്)

'ദൈവമകളേ...' എന്ന പാട്ടാണ് ചേച്ചിയവിടെ ആദ്യം പാടിക്കേൾപ്പിച്ചത്. പാട്ട് കേട്ടതും വികാരാവേശം പൂണ്ട ബിജോയ് എന്നെ സന്തോഷാതിരേകത്താൽ കെട്ടിപ്പുണർന്നു. ആ എക്‌സൈറ്റ്മെൻറിൽ അപ്പോൾ തന്നെ സച്ചിസാറിനെ സ്റ്റുഡിയോയിലേക്ക് വിളിച്ചു വരുത്തുക കൂടി ചെയ്തു ബിജോയ്. മനസിൽ കണ്ടതിനപ്പുറമുള്ള പാട്ടും പാട്ടുകാരിയും കയ്യിൽ കിട്ടി എന്നായിരുന്നു അവരിരുവരുടെയും ആഹ്ലാദം നിറഞ്ഞ കമന്‍റ്. അങ്ങനെയാണ് മലയാള ചലച്ചിത്രത്തിൽ ആദ്യമായി ഒരു ട്രൈബൽ സോങ് ടൈറ്റിൽ സോങ്ങായി വരുന്നത്. തുടർന്ന് മുൻ തീരുമാനങ്ങളൊക്കെ തിരുത്തി ചേച്ചിയുടെ ഒന്നിലേറെ പാട്ടുകൾക്ക് സിനിമയിൽ ഇടം നൽകുകയായിരുന്നു അതിന്‍റെ അണിയറ പ്രവർത്തകർ. നഞ്ചമ്മച്ചേച്ചിയെ കണ്ടെത്തിക്കൊടുത്തതിനു പിന്നാലെ, അഭിനയിക്കാനുള്ള എന്‍റെ ആഗ്രഹവും മുൻ സിനിമാനുഭവങ്ങളും വെളിപ്പെടുത്തിയപ്പോൾ, തെറ്റില്ലാത്ത ഒരു റോൾ തന്നെ സസന്തോഷം തന്ന് സച്ചിസാർ എന്നെയും സിനിമയിൽ ഒപ്പം കൂട്ടി. ജൂനിയർ ആർട്ടിസ്റ്റുകളെ എത്തിക്കുന്നതുൾപ്പെടെ സിനിമയുടെ ചിത്രീകരണത്തിനു വേണ്ട സഹായങ്ങൾക്കും സച്ചിസാർ എന്നെയാണ് ആശ്രയിച്ചത്. ആ സിനിമ പിറന്നതിനിങ്ങോട്ട് മാറിമറിയുകയായിരുന്നു ഞങ്ങൾ രണ്ടു പേരുടെയും ജീവിതം'.

ഇരുളനൃത്തത്തിന്‍റെ വഴിയേ

ഒരു കാലത്ത് അട്ടപ്പാടി ഊരുകളിൽ നിറഞ്ഞു നിന്നിരുന്ന കലാരൂപമായിരുന്നു ഇരുള നൃത്തം. ആണും പെണ്ണുമെല്ലാം കൂടി വട്ടത്തിൽ നിന്നാണിതിൽ ചുവടുവെയ്ക്കുക. മരണച്ചടങ്ങായാണ് മുഖ്യമായും കളി. ശവത്തിനു ചുറ്റും നിന്ന് രാപ്പകലുടനീളം പാട്ടുപാടി നൃത്തം ചെയ്യലാണിതിന്‍റെ രീതി. പൊറ, ദവി, കൊഗൽ, ജൽട്ര എന്നീ സ്പെഷ്യൽ വാദ്യങ്ങൾ ഉപയോഗിച്ചാണീ ഗോത്ര നൃത്തം.

കാലം പോകെപ്പോകെ ഇരുള നൃത്തത്തിന്‍റെ പ്രഭ മങ്ങാൻ തുടങ്ങി. ഗോത്രസംസ്കൃതിയുടെ അടയാളങ്ങൾ ഓരോന്നായി കൈവിട്ട്, പുതുതലമുറ പല പുതുവഴികളിലേയ്ക്കും നീങ്ങിത്തുടങ്ങിയതോടെയാണ് ഇരുള നൃത്തത്തിന്‍റെ ഭാവി ഇരുളടഞ്ഞു തുടങ്ങിയത്.

ഇരുളരുടെ ഗോത്രാഭിമാനമായ പാട്ടും നൃത്തവും അതിന്‍റെ തനിമയോടെ പരിരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി പഴനി സ്വാമി തന്നെ മുൻകൈയെടുത്താണ് 2004ൽ ആസാദ് കലാസംഘത്തിനു രൂപം നൽകുന്നത്. പല ഊരുകളിൽ നിന്നായി നർത്തകരും കലാപ്രേമികളുമായ ഒരു കൂട്ടം ചെറുപ്പക്കാരെ കൂട്ടിന് കിട്ടിയപ്പോൾ സംഘം ഉഷാറായി. 'നമുക്ക് നാട് മെലെനാട്' എന്ന പേരിൽ പതിനാറ് ഗോത്രപ്പാട്ടുകളുടെ ഓഡിയോ സീഡിയിറക്കിയാണ് സംഘത്തിന്‍റെ പ്രവർത്തനം തുടങ്ങിയത്. ആ സീഡിക്കന്ന് വലിയ പ്രചാരം കിട്ടി. വിനോദ സഞ്ചാര വകുപ്പുമായും ഫോക് ലോർ അക്കാദമിയുമായും ബന്ധപ്പെട്ട് നടന്ന എണ്ണമറ്റ ഗോത്രകലാവേദികളിൽ ഇരുളരുടെ പാട്ടും നൃത്തവും അവതരിപ്പിച്ചു വരികയാണ് കലാസംഘത്തിന്‍റെ പ്രവർത്തകർ. സ്ത്രീകൾ ഉൾപ്പെടെ ഒന്നര ഡസനോളം അംഗങ്ങളുണ്ട് സംഘത്തിൽ. ഡൽഹിയിൽ നടന്ന നാഷണൽ ട്രൈബൽ ഫെസ്റ്റിവലിൽ മൂന്നു തവണ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട് ഇവർ.



പഴനിസ്വാമി

ഊരുകളിലെ കലയുണർവ്വ്

അന്യംനിന്നു പോയേക്കുമെന്ന് ഞങ്ങളൊക്കെ ഭയപ്പെട്ട ഇരുള കലകളിൽ പുതിയൊരു ഉണർവ്വ് സാധ്യമായിരിക്കുന്നു എന്നാണ് പഴനിസ്വാമിയുടെ നിരീക്ഷണം. ഞങ്ങളുടെ സ്വത്വവും സംസ്കാരവും സ്പന്ദിക്കുന്ന ഗോത്രപ്പാട്ടുകൾ പാടുന്നതും നൃത്തച്ചുവടുകൾ വെയ്ക്കുന്നതും കുറച്ചിലായി കാണുന്നില്ല ഊരിലെ കുട്ടികളിപ്പോൾ. ഇടക്കാലത്ത് പിടികൂടിയ അപകർഷതാ ചിന്ത അവരെ വിട്ടൊഴിഞ്ഞിരിക്കുന്നു.

ധാരാളം പേർ പാട്ടു പഠിക്കാനും പാടാനും മുന്നോട്ടു വന്നതോടെ ഊരുകൾ, ഗോത്ര കലാപ്രകടനങ്ങളാൽ മുഖരിതമായ പഴയ നാളുകളിലേയ്ക്കു തിരിച്ചുപോകുകയാണ്. പതിറ്റാണ്ടിലേറെയായുള്ള കലാസംഘത്തിന്‍റെ പ്രവർത്തനമാണ് ഈ മാറ്റത്തിന് നിദാനം. സിനിമാസാന്നിധ്യവും അത്യാവേശകരമായ ആസ്വാദകാംഗീകാരവും കൂടി ഒപ്പമെത്തിയപ്പോൾ ആ ഉണർവ്വ് ഉച്ചസ്ഥായിയിലേക്ക് എത്തുകയാണ് -പഴനി സ്വാമി പറയുന്നു.

ഇനിയും ഉയരങ്ങളിലേക്ക്

സിനിമ കൊണ്ടുവന്ന പേരും പെരുമയും പുതിയ കുറെ അവസരങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുകയാണ് ഇവർ രണ്ടുപേരെയും. വിദേശത്തടക്കം പരിപാടികൾക്ക് ക്ഷണമുണ്ടായെങ്കിലും അതെല്ലാം കോവിഡ് മുടക്കിക്കളഞ്ഞ വിഷമത്തിലാണവർ. എങ്കിലും ഗോത്രകലയ്ക്ക്, അവസരങ്ങളുടെ പുതിയ വാതായനങ്ങൾ ഇവർ വഴി തുറക്കപ്പെടുകയാണ്. മ്, സ്റ്റേഷൻ ഫൈവ്, ചെക്കൻ എന്നീ സിനിമകളിലും ഒരു ടിവി സീരിയലിന്‍റെ ടൈറ്റിൽ സോങ്ങായും നഞ്ചമ്മ തന്‍റെ പാട്ടുയാത്ര തുടരുകയാണ്. ദുൽഖറിന്‍റെ റോഷൻ ആൻഡ്രൂസ് ചിത്രമായ 'സല്യൂട്ട്' ആണ് പഴനിസ്വാമി ശ്രദ്ധേയ വേഷത്തിലെത്തുന്ന പുതിയ ചിത്രം. അയ്യപ്പനും കോശി'യിലും കിട്ടിയ പോലൊരു പൊലീസ് ഓഫിസറുടെ റോളാണ് അതിലും. പഴശ്ശിരാജ, പൂമ്പാറ്റകളുടെ താഴ് വാരം, വെളുത്ത രാത്രികൾ, അൻവർ, സപ്തമശ്രീ തസ്കര തുടങ്ങിയ ചിത്രങ്ങളിൽ മുമ്പ് മുഖം കാണിച്ചിട്ടുണ്ട് അദ്ദേഹം. ഇരുള കലാകാരൻ എന്ന നിലയ്ക്ക് 2012ൽ 'ഗോത്രായനം' പരിപാടിയിൽ പ്രത്യേക പുരസ്കാരവും 2015ൽ സംസ്ഥാന ഫോക് ലോർ അവാർഡും നേടിയിട്ടുണ്ട്. വനംവകുപ്പിൽ റിസർവ് ഫോറസ്റ്റ് വാച്ചറായി ജോലി ചെയ്യുകയാണിപ്പോൾ. കോട്ടത്തറ ചൊറിയന്നൂർ ഊരിലാണ് താമസം. ബന്ധു കൂടിയായ നഞ്ചമ്മയാകട്ടെ ഗൂളിക്കടവിലെ നക്കുപ്പതി തിരിവ് ഊരിലും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AttappadiPalaniswamyNanjamma
News Summary - story of nanjamma and palaniswamy
Next Story