ഭാവനയുടെ ആ രസതന്ത്രം രഹസ്യമാണ്- ബെന്യാമിൻ
text_fieldsലോകമെങ്ങും എത്തുകയും അവിടുത്തെ ആശുപത്രികളിലെ രോഗികള്‍ക്ക് സാന്ത്വനസാന്നിധ്യമായി ജീവിക്കുകയും ചെയ്യുന്ന മലയാളി നഴ്സുമാരുടെ സഞ്ചാരകഥയാണ് ബെന്യാമിന്‍റെ പുതിയ നോവലായ നിശബ്ദസഞ്ചാരങ്ങള്‍. പുരുഷപ്രവാസാനുഭങ്ങള്‍ മാത്രം രേഖപ്പെടുത്തിയ ചരിത്രത്തില്‍ നിശബ്ദരാക്കപ്പെട്ട മലയാളി നഴ്സുമാരുടെ ശബ്ദങ്ങളെ അടയാളപ്പെടുത്തുകയാണ് ബെന്യാമിന്‍ ഈ നോവലിലൂടെ.
കേരളം പോലൊരു ദേശത്തുനിന്ന് മലയാളഭാഷയും അന്യജീവനോടുള്ള സഹാനുഭൂതിയും കൈമുതലാക്കി പ്രതിസന്ധികള്‍ സധൈര്യം തരണം ചെയ്തു പുറപ്പെട്ടുപോയ അവരുടെ ലോകം കീഴടക്കലിന്‍റെ ആഖ്യാനം കൂടിയാണിത്. നിശബ്ദഞ്ചാരങ്ങളുടെ പശ്ചാത്തലത്തില്‍ ബെന്യാമിന്‍ സംസാരിക്കുന്നു.
നിശബ്ദ സഞ്ചാരങ്ങള്‍ എന്ന നോവല്‍ എഴുതിയിരിക്കുന്നത് യാത്രികനായ ബെന്യാമിനാണോ? നിരന്തരമായി യാത്രചെയ്യുന്നയാള്‍ക്കുമാത്രം സാധ്യമായ ആഖ്യാനമാണ് നോവലിന്‍റേത്. ഈ നോവലിനെ യാത്രകള്‍ എങ്ങനെയൊക്കെ സഹായിച്ചത്?
ഈ നോവൽ രണ്ടു തരത്തിൽ യാത്രകളുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഒന്ന് ഇത് യാത്രകളെക്കുറിച്ചുള്ള നോവലാണ്. രണ്ട് ഇത് യാത്രകളുടെ രൂപത്തിൽ എഴുതപ്പെട്ട നോവലാണ്. ഇതിനെ ഒരു റോഡ് നോവൽ എന്ന് വിശേഷിപ്പിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. നിശ്ചയമായും ഞാൻ നടത്തിയിട്ടുള്ള യാത്രകൾ, അതിൽ നിന്ന് ലഭിച്ചിട്ടുള്ള അനുഭവങ്ങൾ, അതിനെ സംബന്ധിച്ച വിചാരങ്ങൾ, അതിനിടെ കണ്ടുമുട്ടിയ മനുഷ്യർ ഒക്കെ ഇതിൽ ഉൾച്ചേർന്നിട്ടുണ്ട്. ഞാൻ യാത്രികൻ അല്ലായിരുന്നു എങ്കിൽ ഇങ്ങനെ ഒരു നോവൽ എന്നിൽ നിന്ന് ഉണ്ടാവുമായിരുന്നില്ല.
മധ്യതിരുവിതാംകൂറില്‍ നിന്നും നഴ്‌സുമാരായി തലമുറകളായി തുടരുന്ന യാത്രയുടെ ചരിത്രം ഒരു നോവലായി വളര്‍ന്നതെപ്പോഴാണ്?
നേരത്തെ തന്നെ ചരിത്രത്തെ സംബന്ധിച്ച് ഒരു ധാരണ എനിക്ക് ഉണ്ടായിട്ടുണ്ട്. മുൻപ് പല പ്രസംഗങ്ങളിലും ലേഖനങ്ങളിലും എല്ലാം പെൺപ്രവാസത്തെക്കുറിച്ച്, അതിൽ മദ്ധ്യതിരുവിതാംകൂറിൽ നിന്ന് ഉണ്ടായിട്ടുള്ള നേഴ്സ് പ്രവാസത്തെക്കുറിച്ച് ഒക്കെ ഞാൻ സൂചിപ്പിട്ടുണ്ട്. എന്നാൽ അന്നൊന്നും ഇതൊരു നോവൽ ആയി വികസിപ്പിക്കാം എന്ന് എനിക്ക് ധാരണ ഉണ്ടായിരുന്നില്ല. അതിന്റെ സാധ്യത ഞാൻ കണ്ടെത്തിയിരുന്നുമില്ല.
മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വർഷങ്ങൾക്ക് ശേഷം പ്രവാസവർഷങ്ങൾ എഴുതണമല്ലോ എന്നാലോചിച്ചപ്പോഴാണ് ആൺ യാത്രകളെക്കുറിച്ചും ആൺ പ്രവാസത്തെക്കുറിച്ചും ധാരളം രചനകൾ വന്നിട്ടുണ്ടല്ലോ എന്നൊരു ആകുലത എന്നെ വന്നു പൊതിയുന്നത്. അതിനെക്കുറിച്ച് വീണ്ടും എങ്ങനെ എഴുതും? അപ്പോഴാണ് ഇംഗ്ലീഷ് പ്രസാധകരായ ജഗർനട്ടിന്റെ എഡിറ്റർ ചിക്കി സർക്കാരിനെ കാണാൻ ഞാൻ ഡൽഹിയിലെ അവരുടെ വീട്ടിൽ പോകുന്നത്. അന്നത്തെ ഞങ്ങളുടെ സംസാരത്തിനിടയിൽ എങ്ങനെയോ നേഴ്സുമാരുടെ യാത്ര ഒരു വിഷയമായി. അവരാണ് അതിൽ ഒരു നോവലിന്റെ സാധ്യത എനിക്ക് തെളിച്ചു തരുന്നത്. അവരുടെ ഹൗസിങ് കോളനിയിൽ നിന്ന് പുറത്ത് എത്തിയപ്പോഴേക്കും ഈ നോവലിന്റെ വലിയൊരു ഭാഗം എന്റെ ഉള്ളിൽ തെളിഞ്ഞു കഴിഞ്ഞിരുന്നു. കാരണം അതെന്റെ ഉള്ളിൽ കാലങ്ങളായി അടിഞ്ഞു കിടന്നതു തന്നെയാണ്. അതിനെ തെളിച്ചെടുക്കുക എന്ന വലിയ ദൌത്യമാണ് അവർ നിർവ്വഹിച്ചത്.
രചനാപ്രക്രിയയെങ്ങനെയാണ്?
ഒട്ടും രേഖീയമായ ഒരു പ്രവർത്തിയല്ല അത്. അവിടെ നിന്നും ഇവിടെ നിന്നും ഒക്കെയാണ് ഞാൻ എഴുതി തുടങ്ങുക. ഏത് ഏതുഭാഗത്ത് വരുന്നത് എന്നുപോലും എനിക്കപ്പോൾ ധാരണ ഉണ്ടാവില്ല. വിവരശേഖരണഘട്ടം എന്നാണ് ഞാനതിനെ വിശേഷിപ്പിക്കുന്നത്. അനുഭവങ്ങൾ, ഓർമ്മകൾ, ഡോക്യുമെന്റുകൾ എന്നിവയെ ചെറിയ കഥാസന്ദർഭങ്ങളാക്കി മാറ്റുന്ന പ്രാഥമിക ഘട്ടമാണത്.
തുടർന്നുള്ള ഘട്ടങ്ങളിലാണ് അതിനെ ഒരു നോവലിന്റെ ചട്ടക്കൂട്ടിലേക്ക് കൊണ്ടുവരുന്നതും ഈ ചെറിയ കഥാസന്ദർഭങ്ങളെ പരസ്പരം വിളക്കിച്ചേർക്കുന്നതും. തുടർന്നുള്ള ഘട്ടങ്ങൾ അതിനെ കൂടുതൽ മോടിപിടിപ്പിക്കലും യുക്തിഭദ്രമാക്കലും ആണ്. കഥാപാത്രങ്ങളുടെ പ്രായം, കാലഗണന, ചരിത്രവുമായി അതിനെ കൃത്യമായ ബന്ധിപ്പിക്കൽ ഒക്കെ ഇവിടെയാണ് നടക്കുന്നത്. ഒടുവിൽ തൃപ്തിയാവോളമുള്ള തിരുത്തിയെഴുതലുകൾ ആണ്. അത് എത്ര തവണ വേണമെങ്കിലും ആവാം. തുടക്കത്തിൽ തന്നെ നോവലിനെ സംബന്ധിച്ച് ഒരു കൃത്യമായ ധാരണ ഉണ്ടെങ്കിൽ മാത്രമേ ഇതെല്ലാം സാധ്യമാകൂ.
ഭാവനയും യഥാർഥ്യവും സമര്‍ത്ഥമായി ലയിക്കുന്ന കോക്ക് ടെയിലാണ് താങ്കളുടെ നോവലുകള്‍. നിശബ്ദ സഞ്ചാരങ്ങള്‍ വായിക്കുമ്പോഴും ലഹരിനിറഞ്ഞ ആ വിഭ്രമം അനുഭവിക്കാനും. നിശബ്ദ സഞ്ചാരങ്ങളില്‍ ഭാവനാ-യാഥാര്‍ത്ഥ്യങ്ങളുടെ അനുപാതമെങ്ങിനെയാണ്?
അതൊരിക്കലും വെളിപ്പെടുത്താനാവില്ല. കാരണം അതോടെ നിങ്ങൾ വായനയിൽ അനുഭവിക്കുന്ന ത്രിൽ നഷ്ടമാകും. നിങ്ങൾ ഒരു കഥാസന്ദർഭം വായിച്ചിട്ട് ഇത് യാഥാർത്ഥ്യമായിരിക്കും, ഇത് ജീവിച്ചിരുന്ന ആൾ തന്നെ, ഇയാൾ ഭാവനയാകാൻ സാധ്യതയുണ്ട് എന്നൊക്കെ സങ്കൽപ്പിക്കുകയും അത് വിശ്വസിക്കുകയും ചെയ്യുന്നതിൽ ഒരു സുഖമുണ്ട്. അതിനിടയിൽ എഴുത്തുകാരൻ കയറി ആ രസച്ചരട് മുറിക്കാൻ പാടില്ല. എന്തായാലും ഈ നോവലിലും ജീവിച്ചിരിക്കുന്നവരും സാങ്കല്പിക കഥാപാത്രങ്ങളുമുണ്ട്. യഥാർത്ഥ സംഭവങ്ങളും കെട്ടുകഥകളും ഉണ്ട്. ഏത് ഏതൊക്കെ എന്ന് ഒരു രഹസ്യമായി ഇരിക്കട്ടെ.
മൂന്നു വര്‍ഷം മുമ്പെഴുതിത്തുടങ്ങിയ നോവലില്‍ കോവിഡും ലോക്ഡൗണും യാത്രാവിലക്കുമെല്ലാം പശ്ചാത്തലമായി വരുന്നുണ്ട്. ഇവയില്ലായിരുന്നെങ്കില്‍, അല്ലെങ്കില്‍ ആദ്യം മനസ്സില്‍ പൂര്‍ത്തിയാക്കിയ നിശബ്ദ സഞ്ചാരങ്ങള്‍ എങ്ങനെയായിരുന്നു?
പലരൂപത്തിലാണ് നാം നോവലിനെ സങ്കല്പിച്ചു കൊണ്ടു വരിക. ആദിമ രൂപം ഇപ്പോൾ ഉള്ളതിൽ നിന്നൊക്കെ വളരെ വ്യത്യസ്തം ആയിരിക്കും. ഈ നോവൽ ആദിമരൂപത്തിൽ നിന്നും ആറു തവണയിലധികം മാറ്റിയെഴുതുകയോ അപ്ഗ്രേഡ് ചെയ്യുകയോ ചെയ്തിട്ടുണ്ട്. അപ്പോഴാണ് പുതിയപുതിയ സംഭവങ്ങൾ നോവലിലേക്ക് കയറി വരുന്നത്. ആദ്യത്തെ ഒന്നുരണ്ട് രൂപങ്ങളിൽ ഒഴിച്ച് (അപ്പോൾ നോവൽ ഇത്രയും വികസിക്കുകയും ഇത്രയും കഥാപാത്രങ്ങൾ രൂപം കൊള്ളുകയും ചെയ്തിരുന്നില്ല) ഏതാണ്ട് സമാനമായ ഒരു അവസാനമാണ് നേരത്തെയും എഴുതിയിരുന്നത്. എന്നാൽ ആ സാഹചര്യത്തോട് കോവിഡിനെ കൂടി ചേർത്തു വച്ചു എന്നുമാത്രം. രോഗങ്ങളുടെ കലവറയായ ആഫ്രിക്കയെക്കുറിച്ച് സമാനമായ മറ്റൊരു സാഹചര്യം സങ്കല്പിക്കാൻ ഒട്ടും പ്രയാസമുണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.