എന്‍റെ പൊളിറ്റിക്സുമായി ഒത്തുപോകണം, എങ്കിലേ വിവർത്തനം സാധ്യമാകൂ- ജയശ്രീ കളത്തിൽ
text_fieldsഇന്ത്യയിൽ നിരോധനത്തെ അതിജീവിച്ച നോവൽ 'മീശ' വായന'ലോക'ത്തിെൻറ തുറസ്സിലേക്ക് വളരുകയാണ്. അതിനുള്ള വാതായനമാണ് ഹാർപർ കോളിൻസ് പ്രസിദ്ധീകരിച്ച 'മീശ'യുടെ വിവർത്തനമായ 'മസ്റ്റാഷി'ന് ലഭിച്ച ജെ.സി.ബി പുരസ്കാരം. പുരസ്കാരത്തിലൂടെ എഴുത്തുകാരൻ ആദരിക്കപ്പെടുന്ന ഏതാണ്ട് തുല്യ അളവിൽതന്നെ വിവർത്തനം നിർവഹിച്ച വ്യക്തിയും ആദരിക്കപ്പെടുന്നു എന്നതാണ് ജെ.സി.ബി സാഹിത്യപുരസ്കാരത്തിെൻറ പ്രത്യേകത. ഇത്തവണ മീശ വിവർത്തനം ചെയ്തതിലൂടെ ആദരിക്കപ്പെട്ടത് ലണ്ടനിൽ താമസിക്കുന്ന മലപ്പുറം കോട്ടക്കൽ സ്വദേശി ജയശ്രീ കളത്തിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരത്തിന് നൽകുന്ന തുക 25 ലക്ഷമാണ്. വിവർത്തകക്ക് 10 ലക്ഷവും ലഭിക്കും.
വിവർത്തനത്തിൽ തൊട്ടതെല്ലാം പൊന്നാക്കുന്നവളാണ് ജയശ്രീയെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. ജയശ്രീയുടെ ആദ്യ വിവർത്തന കൃതി 'ഡയറി ഒാഫ് എ മലയാളി മാഡ്മാൻ' ('ഒരു മലയാളി ഭ്രാന്തെൻറ ഡയറി'യടക്കം എൻ. പ്രഭാകരെൻറ അഞ്ചു നോവല്ലകളുടെ സമാഹാരമാണീ കൃതി) ക്രോസ്വേഡ് ബുക്സിെൻറ മികച്ച ഇംഗ്ലീഷ് വിവർത്തനത്തിനുള്ള ബഹുമതി നേടിയിരുന്നു. രണ്ടാമത്തെ കൃതിയാണ് 'മസ്റ്റാഷ്'.
പുരസ്കാരം മലയാള ഭാഷക്കുള്ള അംഗീകാരമാണെന്നും മലയാളം ലോകത്തിലെ മറ്റേതു ഭാഷയുമായും കിടപിടിക്കാൻ കെൽപുള്ളതാണെന്ന് ഒരിക്കൽകൂടി തെളിയിക്കാൻ കഴിഞ്ഞെന്നുമാണ് ബഹുമതി വിവരമറിഞ്ഞപ്പോൾ സന്തോഷം പ്രകടിപ്പിച്ച് ജയശ്രീ പങ്കുവെച്ചത്. കൃതിയിലെ വിവാദത്തെക്കുറിച്ചും വിവർത്തനത്തെക്കുറിച്ചും ജയശ്രീ കളത്തിൽ സംസാരിക്കുന്നു.
വിവാദം
ഒരു പുസ്തകത്തിൽ കഥാപാത്രങ്ങളും ഉപകഥാപാത്രങ്ങളുമുണ്ടാവും. സമൂഹത്തിൽ നല്ലവരും ചീത്തവരുമുണ്ടാവും. രണ്ടു പേർ തമ്മിലെ സംഭാഷണശകലമാണ് വിവാദമാക്കിയത്. ഹരീഷ് തെൻറ കഥകളിൽ ആണത്തം വിവരിച്ചിട്ട് അതിനെ പിച്ചിച്ചീന്തുകയാണ് ചെയ്യുന്നത്. 'മീശ'യിലും 'ടോക്സിക് മാസ്കുലിനിറ്റി'(വിഷം തീണ്ടുന്ന ആണത്തം)യെ പൊളിച്ചെഴുതുകയാണ് ഹരീഷ്. അതിനെ വിവരിക്കാതെ പൊളിച്ചെഴുത്ത് നടക്കില്ല. പുസ്തകം വായിച്ച ആർക്കും അതിനെ സ്ത്രീവിരുദ്ധമെന്ന് ആരോപിക്കാൻ കഴിയില്ല. വായിക്കാത്തവരാണ് വിവാദങ്ങൾക്കു പിന്നിൽ.
നോവൽ പ്രസിദ്ധീകരിച്ചുതുടങ്ങിയപ്പോൾതന്നെ വായിച്ചിരുന്നു. പിന്നീട് വിവാദമായതും നോവൽ പ്രസിദ്ധീകരണം നിർത്തിവെച്ചതും വാർത്തകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അറിഞ്ഞു. അങ്ങനെയിരിക്കെയാണ് പ്രസാധകരായ ഹാർപർ കോളിൻസ് 'മീശ' മൊഴിമാറ്റം നടത്താമോ എന്നുചോദിച്ചത്. നോവൽ വായിച്ചിട്ടില്ലെന്നറിയിച്ചപ്പോൾ അവർതന്നെ പുസ്തകം അയച്ചുതന്നു. ഒരു പുസ്തകം സ്വയം ഇഷ്ടപ്പെടാതെ വിവർത്തനം നടത്താനാവില്ല. മാത്രമല്ല, ആ രചനയുടെ പൊളിറ്റിക്സും എെൻറ പൊളിറ്റിക്സും യോജിച്ചുപോവുകയും വേണം. വായിച്ചപ്പോൾ ആത്മവിശ്വാസം വർധിച്ചു.
വിവർത്തനം
പ്രാദേശിക ഭാഷ മലയാളത്തിനെന്നപോലെ ഇംഗ്ലീഷിനുമുണ്ട്. കുട്ടനാടൻ ഭാഷയെ ലണ്ടൻ ഭാഷയിലേക്കോ മാഞ്ചസ്റ്റർ ഭാഷയിലേക്കോ മാറ്റുകയായിരുന്നില്ല. കേരളത്തിെൻറ മണ്ണിലടിഞ്ഞതുപോലുള്ള ശൈലിയിലാണ് ഹരീഷിെൻറ രചന. ആ രീതിയിൽതന്നെ വിവർത്തനവും നിർവഹിക്കാനാണ് ശ്രമിച്ചത്. വെല്ലുവിളികളുണ്ടായിരുന്നു. ദലിതരുടെ സംഭാഷണത്തിെൻറ മൊഴിമാറ്റം പ്രയാസമുണ്ടാക്കി. വിവർത്തനത്തിൽ പൂർണ തൃപ്തിവരാത്ത ഒരു ഭാഗം നോവലിലുണ്ടായിരുന്നത് നാടൻപാട്ടുകളുടേതാണ്. നാടൻ പാട്ടുകൾ മലയാളത്തിലെ താളത്തിൽതന്നെയാണ് എെൻറ മനസ്സിൽ തങ്ങിനിന്നത്. വഴിമുട്ടി നിന്നപ്പോൾ ഹരീഷിനെ തന്നെ വിളിച്ചു. ഹരീഷ് പറഞ്ഞത്, അവ ഞാനെഴുതിയ പാട്ടുകളല്ല. പലരും പലയിടത്തും പല രീതിയിൽ പാടിയ പാട്ടുകളാണെന്നാണ്. ആ വാക്കുകൾ ധൈര്യം തന്നു. ഒമ്പതു മാസമെടുത്താണ് മൊഴിമാറ്റം പൂർത്തിയാക്കിയത്.
കോഴിക്കോട് ഫാറൂഖ് കോളജിൽ പഠിക്കുേമ്പാൾ വി.സി. ഹാരിസ് സാറും ഹൈദരാബാദിലെ 'ഇഫ്ളു'വിൽ പിഎച്ച്.ഡി ഗൈഡായിരുന്ന പ്രഫ. സൂസി താരുവുമായിരുന്നു വിവർത്തനത്തിന് പ്രോത്സാഹനം നൽകിയത്. വിവർത്തനവുമായി മുന്നോട്ടുപോകാൻതന്നെയാണ് ആഗ്രഹം. എൻ. പ്രഭാകരെൻറ 'തിയ്യൂർ രേഖകൾ' മൊഴിമാറ്റത്തിെൻറ അവസാനഘട്ടത്തിലാണ്. അടുത്ത വർഷം ഏപ്രിലിൽ പുസ്തകം പുറത്തിറങ്ങും. ഷീല ടോമിയുടെ 'വല്ലി'യും ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. ഒരു സ്വന്തം കൃതിയും രൂപപ്പെട്ടുവരുന്നുണ്ട്.
ഭ്രാന്ത്
വിഭ്രമാത്മക മനസ്സുകളെ അറിയാനുള്ള ആഗ്രഹം കുട്ടിക്കാലത്തേ മനസ്സിൽ രൂപപ്പെട്ടതാണ്. അമ്മ പറഞ്ഞുതന്ന നാറാണത്തു ഭ്രാന്തെൻറ കഥകളും കോട്ടക്കലിൽ ജീവിച്ചിരുന്ന 'ചാക്കുപ്രാന്തെൻറ' ജീവിതവും ആ താൽപര്യം വർധിപ്പിച്ചു. ആദ്യ കൃതിതന്നെ ചാക്കുപ്രാന്തനെക്കുറിച്ചായിരുന്നു. 'ദി സാക്ക്ലോത്ത് മാൻ' ഡി.സി ബുക്സാണ് പ്രസിദ്ധീകരിച്ചത്. ഭ്രാന്തിനെക്കുറിച്ചുള്ള ആദ്യ ബാലസാഹിത്യ നോവലായിരുന്നു അത്. ഇംഗ്ലീഷിലെഴുതിയ നോവൽ പിന്നീട് മലയാളത്തിലേക്ക് ഞാൻ തന്നെ പരിഭാഷപ്പെടുത്തി. തെലുങ്കിലും ഹിന്ദിയിലും വിവർത്തനങ്ങളുണ്ടായി.
ഹൈദരാബാദിലെ 'ഇഫ്ളു'വിൽ പിഎച്ച്.ഡി വിഷയത്തിൽ ജനപ്രിയ സിനിമകളിലെ സ്ത്രീവിഭ്രാന്തി ഉൾപ്പെടുത്തിയിരുന്നു. എൻ. പ്രഭാകരെൻറ 'ഒരു മലയാളി ഭ്രാന്തെൻറ ഡയറി'യുടെ വിവർത്തനത്തിലേക്കെത്തിച്ചതും ഇൗ താൽപര്യമായിരുന്നു. പ്രഭാകരൻ വിഭ്രാന്തിയെ കണ്ടത് മറ്റൊരു രീതിയിലായിരുന്നു. എല്ലാവരിലും മനോവിഭ്രാന്തിയുണ്ട്. സമൂഹം ഭ്രാന്തന്മാരെയും ഭ്രാന്തിനെയും കാണുന്നതുപോലെയല്ല, ഭ്രാന്തന്മാർ ഭ്രാന്തിനെയും സമൂഹത്തെയും എങ്ങനെ കാണുന്നു എന്നാണ് അറിയാൻ, പഠിക്കാൻ ശ്രമിച്ചത്, ശ്രമിക്കുന്നത്. ആ അന്വേഷണം ഭ്രാന്ത് വിഷയമാക്കിയ കൃതികളിലും അവയുടെ വിശകലനത്തിലും വിവർത്തനത്തിലുമെത്തിച്ചു.
ഇപ്പോൾ ഭ്രാന്തന്മാർക്കായുള്ള അന്താരാഷ്ട്ര മൂവ്മെൻറിെൻറ ഭാഗമാണ്. ലണ്ടനിൽ 'സർവൈവർ റിസർച്' എന്ന സ്ഥാപനം നടത്തുന്നു. മനഃശാസ്ര്തത്തെയും സമൂഹം കൽപിച്ചുനൽകിയ ഭ്രാന്തിനെയും മറികടന്നവർ എന്നാണ് 'സർവൈവർ' എന്ന വാക്കുകൊണ്ട് സ്ഥാപനം ഉദ്ദേശിക്കുന്നത്. ഭ്രാന്തിനെക്കുറിച്ചുള്ള വിജ്ഞാനം വർധിപ്പിച്ചുകൊണ്ടിരിക്കയാണ്. ഒരാൾ നോർമൽ ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് സമൂഹമാണ്. അതിനെയാണ് ചോദ്യംചെയ്യുന്നത്. 120 കൊല്ലമായി ഭ്രാന്തിനെക്കുറിച്ച് ഗവേഷണം നടന്നുവരുന്നുണ്ട്. ഇന്നും ഭ്രാന്തിനെ ഒരു രോഗമായി കണ്ടെത്താനായിട്ടില്ല. ഏറെക്കാലം മരുന്നുകഴിച്ചാൽ അതുതന്നെ രോഗകാരണമാവുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. എന്തുകൊണ്ടാണ് മനോവിഷമം വരുന്നത്, അതെങ്ങനെ പരിഹരിക്കാമെന്നാണ് നോക്കുന്നത്.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ
സ്ത്രീകളോടുള്ള വിവേചനങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും എല്ലായിടത്തുമുണ്ട്. നമ്മുടെ നാട്ടിലെപോലെ മോറൽ പൊലീസിങ് ബ്രിട്ടനിലില്ലെന്നു മാത്രം. അവിടെ നിയമം ആർക്കും കൈയിലെടുക്കാവുന്ന അവസ്ഥയുണ്ട്. ഇവിടെ നിയമം കർശനമായി നടപ്പാക്കപ്പെടുന്നുണ്ട്. കോവിഡ് സാഹചര്യത്തിൽ ബ്രിട്ടനിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചിരിക്കയാണ്. ആളുകൾ വീടുകളിൽതന്നെ കഴിയുന്നതുകൊണ്ടാണിത്. ബ്രിട്ടനിൽ പീഡനങ്ങൾക്കിരയാവുന്ന ദക്ഷിണേഷ്യക്കാരായ സ്ത്രീകളെ സഹായിക്കുന്നതിനായി 'ആശ' എന്ന സംഘടന ഇവിടെ പ്രവർത്തിക്കുന്നുണ്ട്. '80കളിൽ തുടങ്ങിയ പ്രസ്ഥാനത്തിന് അതിക്രമങ്ങൾക്കിരയാവുന്ന സ്ത്രീകളെ പാർപ്പിക്കാൻ വിവിധ കേന്ദ്രങ്ങളിൽ ഷെൽട്ടറുകളുമുണ്ട്. സംഘടനയുടെ ട്രസ്റ്റിയാണ് ഞാൻ.
കുടുംബം
കോട്ടക്കൽ പാണ്ടമംഗലത്ത് പരേതനായ മേലാത്ര ജനാർദന പണിക്കരുടെയും കളത്തിൽ ശ്രീകുമാരിയുടെയും ഇളയ മകളാണ് ജയശ്രീ. ഒഡിഷയിൽ 'ഗ്രാം വികാസ്' എന്ന സന്നദ്ധ സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുേമ്പാൾ സംഘടനയെ െഎ.ടി കാര്യങ്ങളിൽ സഹായിക്കാൻ ബ്രിട്ടനിൽനിന്നെത്തിയ ആഡ്ലി സിദ്ദീഖിയെ പരിചയപ്പെടുകയും അദ്ദേഹത്തിെൻറ ജീവിതസഖിയായി 2003ൽ ലണ്ടനിലേക്ക് കൂടുമാറുകയുമായിരുന്നു. ആഡ്ലി സിദ്ദീഖി ലണ്ടനിൽ െഎ.ടി സ്ഥാപനം നടത്തുകയാണ്. ജയശ്രീയുടെ ഏക സഹോദരി കോട്ടക്കൽ പറപ്പൂർ ഹൈസ്കൂൾ മലയാളം അധ്യാപികയായ ശ്രീജയാണ്. സൈന്യത്തിലായിരുന്ന അച്ഛൻ വിരമിച്ച ശേഷം ഏറക്കാലം കോട്ടക്കൽ ആര്യവൈദ്യശാലയിലായിരുന്നു. ലെപ്രസി കൺട്രോൾ യൂനിറ്റിൽനിന്ന് വിരമിച്ച അമ്മ ശ്രീകുമാരി, മൂത്തമകൾ ശ്രീജയോടും ഭർത്താവ് സാമൂഹിക പ്രവർത്തകനായ ടി.കെ. രവിയോടുമൊപ്പം കോട്ടക്കൽ പാണ്ടമംഗലത്തുതന്നെയാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.