ചമയങ്ങളില്ലാത്ത ഒരു കവിയുടെ ബദൽ ജീവിതം
text_fieldsവി.ടി. ജയദേവെൻറ വീട്ടിലേക്ക് നിർണിതമായ വഴികളില്ല. കോഴിക്കോട് കൊയിലാണ്ടിക്കടുത്ത ചെേങ്ങാട്ടുകാവിലിറങ്ങി ആരോട് ചോദിച്ചാലും മാഷിെൻറ വീട് അറിയാം. ടാറിട്ട റോഡ് പിന്നിട്ട് ഇടവഴി കയറിയാൽ കാണുന്ന ഏത് വഴിയും 'സോളിറ്റ്യൂഡി'ലേക്കാണ്. ശാന്തത നിറഞ്ഞ ആ മണ്ണിൽ നമ്മെ ആരോ കാത്തിരിക്കുകയാണെന്ന് തോന്നും. കരിയിലയിലൂടെ ഇതാ ഇപ്പോൾ ഒരു ചേര കടന്നുപോയതേയുള്ളൂ, മരത്തിൽ ഒരു വണ്ണാത്തിക്കിളി പാടിയതേയുള്ളൂ. പറമ്പിന് അതിരുകളോ വീടിന് അടച്ചിട്ട വാതിലുകളോ ഇല്ല 'സോളിറ്റ്യൂഡി'ൽ. ഇഷ്ടികകൾകൊണ്ട് പടുത്ത മുറികളിലൊന്നും ഫാനില്ല. ജനലുകൾപോലും വേണ്ടാത്തവിധം കാറ്റ് എവിടെനിന്നും വന്ന് തലോടുന്നു. ഒരു നീണ്ട കോലായ, രണ്ടു മുറി, ഒരു അടുക്കള ഇത്രമാത്രം. ആകെ മൂന്ന് ബൾബുകൾ. സ്വന്തമായി നിർമിച്ച, നിറയെ ജലസമ്പത്തുള്ള കുളക്കരയിലിരുന്ന് അദ്ദേഹം പുതിയ ലോകം സ്വപ്നം കാണുന്നു. ഈ അമ്പത്തിയൊന്നാം വയസ്സിലും സുരക്ഷിതത്വത്തിെൻറ ആധി മനുഷ്യനെ തൊടുന്നില്ല. മലയാള സാഹിത്യത്തിലെ സൗമ്യ സാന്നിധ്യമായ വി.ടി. ജയദേവൻ കവിതയിൽ മൂന്നു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. കവിതകളും നാടകങ്ങളും പാട്ടുകളുമായി തൊണ്ണൂറുകളുടെ ആദ്യം മുതൽ എഴുതിത്തുടങ്ങിയ അദ്ദേഹത്തിെൻറ ആദ്യ കവിതാ സമാഹാരം 2006ലാണ് പുറത്തുവന്നത്. ആ നീളന് ചൂരൽ വടിയിൽ തളിരും പൂവും ആണ് ആദ്യ കവിതാ സമാഹാരം. കുറച്ചുകൂടി ഹരിതാഭമായ ഒരിടം, ഹരിത രാമായണം, വനാന്തരം, പഴക്കം, ജലമുദ്ര എന്നീ കവിതാ സമാഹാരങ്ങളും എറേച്ചി എന്ന നോവലും നൂറു സെൻ കഥകൾ എന്ന സമാഹാരവും ജെ. കൃഷ്ണമൂർത്തിയുടെ ധ്യാനങ്ങൾ എന്ന വിവർത്തനഗ്രന്ഥവും ഇദ്ദേഹത്തിേൻറതായുണ്ട്. ഈയിടെ അവളുടെ ആൾ എന്ന കവിതാസമാഹാരവും പുറത്തുവന്നു. അഞ്ച് വർഷം മുമ്പ് അധ്യാപനജോലി ഉപേക്ഷിച്ച് മുഴുസമയം കവിതക്ക് വേണ്ടി നീക്കിവെച്ചു. ജീവിതവും കവിതയും ഇത്രക്ക് ഇഴചേർന്ന അനുഭവം നമ്മുടെ സമകാലിക സാഹിത്യത്തിൽ അപൂർവം.
ഒാടുന്നവർക്കിടയിൽ മെല്ലെ നടക്കുകയും ഗർജിക്കുന്നവർക്കിടയിൽ മന്ത്രിക്കുകയും ചെയ്യുന്ന കവിയെന്നാണ് സച്ചിദാനന്ദൻ വിശേഷിപ്പിച്ചത്. കവികളുടെ ആൾക്കൂട്ടങ്ങളിലോ കവിതയുടെ ബഹളങ്ങളിലോ ഇദ്ദേഹത്തെ നാം കാണില്ല. ആത്മീയതയുടെ ആഴം തേടുന്ന അന്വേഷകനായും സ്വാശ്രിത ജീവിതത്തിനായുള്ള ശ്രമങ്ങളിൽ മുഴുകുന്ന ബദൽ ജീവിതദർശിയായും സമരമുഖങ്ങളിൽ ആക്ടിവിസ്റ്റായും അദ്ദേഹം നമ്മുടെ ഇടയിലുണ്ട്. അസഹിഷ്ണുതയുടെ ഈ അധികാരകാലത്തും രാമെൻറ പ്രസക്തി അഹിംസയുടേതാണെന്ന് 'ഹരിതരാമായണ'ത്തിെൻറ കർത്താവായ ഈ കവി പറയുന്നു. അതേ രാമനെ അധികാരത്തിന് വേണ്ടി ഉപയോഗപ്പെടുത്തുന്നതിലെ യുക്തി ചോദ്യംചെയ്യുന്നു. എഴുത്തിലെയും ജീവിതത്തിലെയും വേറിട്ട വ്യക്തിത്വമായ വി.ടി. ജയദേവൻ കവിതയും ജീവിതവും നിലപാടുകളും വിശദീകരിക്കുന്നു.
ഒരുദിവസം ഫേസ്ബുക്കിൽ താങ്കൾ എഴുതി: എെൻറ വ്യക്തിപരമായ സംരക്ഷണ ചുമതലയിൽ ഇരുപതുകൊല്ലമായി ഇരുപത്തേഴു സെൻറ് ഭൂമി ഉണ്ട്. അന്നുള്ളതിനെക്കാൾ മണ്ണിെൻറ ജൈവപുഷ്ടി വർധിച്ചു. അന്നത്തെ കാലോതി ചൂട് ഇന്നില്ല. അനേകം മടങ്ങ് ജലമുണ്ട്. എെൻറ ജീവിതകാലം കുറച്ചുവർഷങ്ങൾകൂടി ഉണ്ടാകുന്ന പക്ഷം മൂന്നോ നാലോ പേർക്ക് ഈ അതിരിനു പുറത്തുപോകാതെ ജീവിക്കാനാവുന്ന ഭക്ഷ്യസമൃദ്ധി ഉണ്ടാക്കാനാവുമെന്ന് പ്രത്യാശിക്കുന്നു. എനിക്ക് മനുഷ്യനോടോ രാജ്യത്തോടോ ദൈവത്തോടോ വേറെ ഏതെങ്കിലും ഉത്തരവാദിത്തം ഉണ്ട് എന്ന് തോന്നുന്നില്ല. കവിതക്ക് പുറമെ ഒരു ബദൽ ജീവിത സങ്കൽപം മുന്നോട്ടുവെക്കുന്ന താങ്കൾ സ്വപ്നം കാണുന്ന ഭാവിലോകം എങ്ങനെയുള്ളതാണ്?
ഇന്നത്തെ ഒരു പ്രത്യേക പരിതഃസ്ഥിതിയിൽ മനുഷ്യെൻറ പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് അറിയാം. അതിനെ കോടാനുകോടി കൊണ്ട് പെരുക്കിയാൽ മാത്രമേ ഒരു ജീവി അനുഭവിക്കുന്ന സങ്കടം മനസ്സിലാകൂ. കരിയിലകൾ ഇല്ലാണ്ടാവുേമ്പാൾ ഒരു ചേരയുടെ യാത്രയെപ്പറ്റി ശങ്കരപ്പിള്ളയുടെ കവിതയിൽ ഉണ്ട്. ഒരു പുഴു ഇന്ന് അനുഭവിക്കുന്ന സംഘർഷം എന്തായിരിക്കും? താണിറങ്ങാൻ ഒരു ചില്ലയില്ലാതെ ദേശാടനപ്പക്ഷിയുടെ വ്യഥ എന്തായിരിക്കും? ഇതുമായി താരതമ്യം ചെയ്യുേമ്പാൾ ഒരു മനുഷ്യെൻറ വ്യഥ എത്രയോ തുച്ഛമാണ്. ഇൗ ഭൂമിയിലെ സർവചരാചരങ്ങളുടെയും വേദന അറിയുകയും അത് പരിഹരിക്കാൻ സ്വന്തം ജീവിതത്തെ സമർപ്പിക്കാൻ പറ്റുമോ എന്ന് പരിശോധിക്കുകയും ചെയ്യുകയാണ് ഇന്ന് മനുഷ്യെൻറ ബാധ്യത. ഒരട്ടിമണ്ണിൽ ഉൗന്നിനിന്നുകൊണ്ട്, കുറച്ചുകൂടി ജലവും തണുപ്പും ഉണ്ടാക്കാൻ കഴിയുമോ എന്നതാണ് നമ്മുടെ മുന്നിലുള്ള പ്രശ്നം. പരസ്പരം കലഹിച്ചതുകൊണ്ടോ പോരടിച്ചതുകൊണ്ടോ മൂപ്പിളമത്തർക്കംകൊണ്ടോ ഇത് പരിഹരിക്കാനാവില്ല എന്ന് നമ്മളെ എത്രയോ പ്രാവശ്യം പ്രകൃതി മനസ്സിലാക്കിത്തന്നിട്ടുണ്ട്.
സ്വന്തം വീട്ടുപറമ്പിനെ കല്ലുകെട്ടിയ പടവുകൾകൊണ്ട് നടവഴിയുമായി, റോഡുമായി, വാഹനവ്യൂഹവും വാണിഭവുമായി ഞാൻ കൂട്ടിയിണക്കിയിട്ടില്ല എന്നും താങ്കൾ പറയുന്നുണ്ട്?
ആത്യന്തികമായിട്ട്, മനുഷ്യെൻറ കേന്ദ്രപ്രശ്നമായിട്ട് ഞാൻ കാണുന്നത് ആധുനിക നാഗരികതയെ ആണ്. അത് ഉണ്ടാക്കാൻപോകുന്ന ഭീഷണിയെക്കുറിച്ച് ഗാന്ധിജിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ്, എത്ര വലിയ സ്വപ്നം അവതരിപ്പിച്ചാലും യന്ത്രനാഗരികതയെ തിരസ്കരിക്കുകയാണ് ശരിയെന്ന് അദ്ദേഹം പറഞ്ഞത്. സുഖാന്വേഷണം മാത്രമാണ് നാഗരികതയുടെ ലക്ഷ്യം. മനുഷ്യെൻറ ആത്മാന്വേഷണത്തിലൂന്നിയിട്ടുള്ള വേറൊരു ലക്ഷ്യമുണ്ട് എന്ന് മാറ്റിക്കാണാൻ കഴിഞ്ഞാൽ മാത്രമേ മനുഷ്യന് വേറൊരു ജീവിതം ഉണ്ടാക്കാൻ കഴിയൂ. നഗരത്തിെൻറ കടന്നുകയറ്റം മനുഷ്യനെ നയിക്കുന്നത് വ്യാപാരത്തിലേക്കാണ്. മനുഷ്യബന്ധങ്ങളെപ്പോലും കച്ചവടവും അതിെൻറ സ്വപ്നങ്ങളും മായികതയുമാക്കുകയാണ്. നമ്മുടെ സ്വപ്നങ്ങൾ പരസ്യപ്പലകകളാവുന്നു. നമ്മുടെ പ്രണയത്തിെൻറ മൂർത്തചിഹ്നങ്ങൾ മുഴുവൻ പരസ്യങ്ങളിലെ ബിംബങ്ങളോ അതിലെ നായകന്മാരോ നായികമാരോ ൈകയേറുന്നു. നേർമയുള്ള, തണുപ്പുള്ളതെല്ലാം മനുഷ്യന് നഷ്ടപ്പെടുന്നു. എന്താണ് അടിസ്ഥാനപരമായിട്ട് മനുഷ്യെൻറ പ്രശ്നം എന്ന ചോദ്യമുണ്ട്. അത് മനുഷ്യൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വഴിയാണോ വലിയ വീടുകളാണോ എന്ന് നാം അന്വേഷിക്കേണ്ടതാണ്. അപ്പോൾ നമുക്ക് മനസ്സിലാകും, നമ്മൾ പോകുന്ന വഴി ഒരുപക്ഷേ, മാറ്റിയുണ്ടാക്കേണ്ട വഴിയാണ് എന്ന്.
എല്ലാവരും വീടുകൾക്ക് വേണ്ടി ലക്ഷങ്ങൾ ചെലവാക്കുേമ്പാഴാണ് ഒരു ലക്ഷം രൂപയുടെ വീട്ടിൽ സുഖമായി കഴിയുന്നത്? അതിെൻറ രാഷ്ട്രീയം എന്താണ്?
വ്യക്തിജീവിതത്തിൽ സമാധാനമുണ്ടാക്കാൻ ഒരാൾക്ക് ഉത്തരവാദിത്തമുള്ളപോലെ സമൂഹജീവിതത്തിൽ സമാധാനമുണ്ടാക്കാനുള്ള വഴിയെയാണ് രാഷ്ട്രീയം എന്ന് പറയുന്നത്. മതവും ആത്മീയതയും വ്യക്തിജീവിതത്തിൽ സമാധാനമുണ്ടാക്കാനുള്ള ഒരുപകരണം എന്നപോലെയാണിത്. ഒരു വീട്ടിൽ സമാധാനം കിട്ടണമെങ്കിൽ അവിടെ ധാരാളം കാറ്റും വെളിച്ചവും തണുപ്പുമുണ്ടാവണം. സുരക്ഷിതത്വത്തെക്കുറിച്ചുള്ള തെറ്റായ സങ്കൽപത്തിൽനിന്നാണ് മനുഷ്യൻ വലിയ വീടുകൾ ഉണ്ടാക്കുന്നത്. എന്നത്തേക്കും നിലനിൽക്കുന്നതായിരിക്കണം എന്നനിലയിലാണ്. ആ സങ്കൽപം നമ്മെ കൊണ്ടെത്തിക്കുന്നത് മിഥ്യയായ ഒരു സ്ഥലത്താണ്. ഇൗ വീട് എനിക്ക് തുറന്നിട്ടിട്ടുംപോകാം. ഇവിടെ കള്ളന്മാർക്ക് വരേണ്ട ഒരാവശ്യവുമില്ല. ഒരു കോലായ ഉണ്ടായാൽ ഒരു കൂട്ടമാളുകൾക്ക് സുഖമായി ജീവിക്കാം. എനിക്കിത് മതി എന്ന പ്രാപ്തി ഒരാൾക്ക് ഉണ്ടായാൽ അതിന് നമ്മൾ നന്ദി പറയണം. അങ്ങനെ തോന്നിയില്ലായിരുന്നെങ്കിൽ കഷ്ടപ്പെട്ടുപോവുമായിരുന്നു. മനുഷ്യർ കഷ്ടപ്പെട്ട് പോവുന്നത് അവർ അമ്പതും അറുപതും ലക്ഷത്തിെൻറ വീട് ഉണ്ടാക്കുന്നതോടെയാണ്. അതോടെ ഒരാൾ അടിമയായി, ജീവിതം മുഴുവൻ ബാധ്യതക്കാരനായി. ഇൗ വീടുണ്ടാക്കാൻ പോവുേമ്പാൾ കരാറുകാരനോട് ഞാൻ പറഞ്ഞത് എെൻറ കൈയിൽ 75,000 രൂപയേ ഉള്ളൂ, കടംവാങ്ങി വീടുണ്ടാക്കാൻ കഴിയില്ല എന്നായിരുന്നു. ഇപ്പോൾ ഇരുപത് വർഷമായി. ഈ വീടിന് പെയിൻറടിക്കേണ്ട. മെയിൻറനൻസിന് പൈസ വേണ്ട. തുടക്കത്തിൽ ചിലയാളുകൾക്ക് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാവർക്കും കാര്യങ്ങൾ മനസ്സിലായി. വീടിന് ചുറ്റും കുറെ മരങ്ങൾ നട്ടു. മണ്ണ്കൊത്തിയിളക്കിയില്ല. അതിനാൽ സ്വാഭാവികമായി മരങ്ങൾ വേഗം വളർന്നു. അതുകൊണ്ട് നല്ല തണുപ്പുണ്ട്.
മാഷിെൻറ ജീവിതരീതികൾ എന്തൊക്കെയാണ്?
കഴിയുന്നത്ര കുറച്ച് ആവശ്യങ്ങൾ ഉണ്ടായിരിക്കുക എന്നതാണ്. വളരെ ചെലവു കുറച്ചു ജീവിക്കുക. ഉപയോഗിക്കുന്ന സാധനങ്ങൾ കഴിയുന്നത്ര ഉണ്ടാക്കി ജീവിക്കുക. കൃഷിചെയ്യുക. വളരെക്കുറച്ച് വസ്ത്രങ്ങൾ ഉപയോഗിക്കുക, ആർഭാടങ്ങൾ പൂർണമായിട്ട് ഒഴിവാക്കുക. ഇതൊക്കെ മനുഷ്യന് സ്വാതന്ത്ര്യം ഉണ്ടാക്കുന്നു. വളരെക്കുറച്ച് ആവശ്യങ്ങൾ ഉള്ള ഒരാൾ വളരെ കൂടുതൽ സ്വതന്ത്രനായിരിക്കും. അപ്പോൾ ജീവിതം അത്രത്തോളം സന്തോഷകരമായിരിക്കും. ഞാൻ പച്ചക്കറികൾ കൃഷിചെയ്യുന്നുണ്ട്. നെൽകൃഷി ചെയ്യാനുള്ള പദ്ധതിയുണ്ട്. ഞങ്ങൾക്കിവിടെ പാടമുണ്ട്. ഞാൻ തന്നെ കുഴിച്ചുണ്ടാക്കിയ ഒരു കുളമുണ്ട്. കുറച്ചു വർഷം മുമ്പ് അധ്യാപകരുടെ ഒരു മാസത്തെ സമരം ഉണ്ടായപ്പോൾ ആ ദിവസങ്ങൾ മുഴുവൻ ഇൗ കുളം നിർമാണത്തിനാണ് ഞാൻ ഉപയോഗിച്ചത്. അടുക്കള വളരെക്കുറച്ച് മാത്രമേ ഉപയോഗിക്കാറുള്ളൂ. വിശക്കുേമ്പാൾ മാത്രം എന്തെങ്കിലും ഭക്ഷണമുണ്ടാക്കിതിന്നുക എന്നതാണ് എെൻറ രീതി.
അധ്യാപനം ഉപേക്ഷിച്ച് മുഴുസമയ എഴുത്തിലേക്ക് തിരിയുകയായിരുന്നല്ലോ. എന്തായിരുന്നു ആ തീരുമാനത്തിന് പിന്നിൽ?
എനിക്ക് സ്കൂളിൽ ജോലി ചെയ്യുേമ്പാഴുള്ള ഒരു പ്രശ്നം, മുഴുവനായിട്ട് അതിെൻറ ഭാഗമാകാൻ കഴിയുന്നില്ല എന്നതായിരുന്നു. സ്കൂൾ പ്രത്യേകിച്ചും ചെറിയ കുട്ടികളുള്ള സ്കൂൾ ഒരു വ്യക്തി പൂർണമായി അർപ്പിച്ചാൽ മാത്രം വിജയം കാണുന്ന ഒന്നാണ്. ഒരു അധ്യാപകന് വേറെ ഒഴിവുകഴിവുകളൊന്നുമില്ല. ജീവിതത്തിൽ പ്രത്യേകമായിട്ടുള്ള ലക്ഷ്യങ്ങളുള്ള ഒരാൾക്കും ഒരു നല്ല അധ്യാപകനാവാൻ കഴിയില്ല എന്നാണ് ഞാൻ വിചാരിക്കുന്നത്. കവിയോ എഴുത്തുകാരനോ പ്രാസംഗികനോ ആരായാലും. അയാളുടെ മുഴുവൻ സമയവും, ഒരമ്മ തെൻറ ശരീരം തന്നെ കുഞ്ഞിന് ഭക്ഷണമായി കൊടുക്കുന്നപോലെ നൽകാൻ കഴിയുന്നവർക്കേ നല്ല അധ്യാപകനാവാൻ കഴിയൂ. അതായത്, സ്കൂളിൽ ജോലി ചെയ്യുകയാണെങ്കിൽ, എെൻറ മുഴുവൻ ക്രിയേറ്റിവിറ്റിയും കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ ബാധ്യസ്ഥനാണ്. എെൻറ സമയവും മാനസികാവസ്ഥകളും അവർക്ക് വേണ്ടി മാറ്റണം. അതേസമയം, എനിക്ക് എഴുത്തിന് ഒത്തിരിസമയവും സമർപ്പണവും ആവശ്യമുണ്ട്. അതിന് ഒഴിവുകഴിവുകൾ പാടില്ല. ഒന്നും എഴുതിയിട്ടില്ലെങ്കിൽപോലും സമയമെന്ന മഹാ ഒഴുക്കിന് നേരെ നോക്കി നിൽക്കേണ്ടവനാണ് എഴുത്തുകാരൻ. എല്ലാ സാധ്യതകളെയും എല്ലാ കുഴമറിച്ചിലുകളെയും തുറന്ന കണ്ണുകളോടെ നോക്കിയിരിക്കേണ്ടതുണ്ട്. അങ്ങനെ തുറന്ന് നോക്കിയിരിക്കാനുള്ള ആവശ്യം എനിക്കുണ്ടായിരുന്നു. ഇതിെൻറ ഇടയിലുള്ള സമരസപ്പെടൽ എന്ന തരത്തിലാണ് ഞാൻ സ്കൂൾ ഒഴിവാക്കിയത്.
മുഴുസമയ എഴുത്തുകാരിൽ കവികൾ വളരെ അപൂർവമായേ ഉള്ളൂ. ഒരു തിരഞ്ഞെടുപ്പിെൻറ ധൈര്യംകൂടി അതിൽവരുന്നുണ്ട്?
എഴുത്തുകാരനാവുക എന്നാൽ കൂടുതൽ എഴുതുകയോ കൂടുതൽ ധനികനാവുകയോ കൂടുതൽ പ്രസിദ്ധനാവുകയോ ഒന്നും ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഒരെഴുത്തുകാരനാവുക എന്നതിെൻറ അർഥം കൂടുതൽ ശ്രദ്ധയുള്ള ആളാവുക എന്നാണ്. കൂടുതൽ സാക്ഷിയാവാൻ പ്രാപ്തനാവുക. വിട്ടുനിൽക്കാൻ പ്രാപ്തനാവുക. ഒരുപക്ഷേ, ഒരു വാക്ക് മാത്രമേ ഒരാൾ എഴുതുന്നുള്ളൂ എങ്കിൽപോലും ജീവിതം മുഴുവൻ സാക്ഷിയാകാൻ കഴിഞ്ഞാൽ അതുമതി. അയാൾക്ക് ഒരൊറ്റ കവിതയെങ്കിലും എഴുതാൻ പറ്റിയെന്നേയുള്ളൂ. അതായത്, എഴുത്തുകാരൻ എന്ന ജോലിക്ക് സമയം ആവശ്യമുള്ളതുകൊണ്ടല്ല ഞാൻ ജോലി ഉപേക്ഷിച്ചത് എന്നാണ് ഞാൻ ഉദ്ദേശിച്ചത്. എഴുത്തുകാരനാവുക എന്നാൽ സാവകാശമുള്ള, ക്ഷമയുള്ള ഒരാളാവാനുള്ള ശ്രമത്തിന് സന്നദ്ധനാവുക എന്നാണ്.
ഇപ്പോഴത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ്?
കാലാകാലമായി വിദ്യാഭ്യാസം എന്ന പേരിൽ നമ്മൾ കൊടുത്തുകൊണ്ടിരിക്കുന്നതെല്ലാം തെറ്റായ സംഗതികളാണ്. എന്താണ് നമ്മുടെ വിദ്യാഭ്യാസത്തിെൻറ ആറ്റിക്കുറുക്കിയുള്ള സത്ത? ഒന്ന് മത്സരമാണ്. ലക്ഷ്യം ജയിക്കലാണ്. ഒരാൾ കുതിരപ്പുറത്ത് പോവുന്ന കഥയുണ്ടല്ലോ. വഴിക്ക് വെച്ച് തന്നെക്കൂടി കയറ്റാമോ എന്ന് മറ്റൊരാൾ ചോദിക്കുന്നു. കയറിപ്പോകുേമ്പാൾ അയാൾക്ക് കുതിരയിൽ മോഹമുണ്ടായി. കുതിരയെ കൊടുക്കില്ലെന്ന് പറഞ്ഞതോടെ ഉടമയെ മർദിച്ച് കൊല്ലാനാക്കിയിട്ടു. അപ്പോൾ ഉടമ പറയുന്നത് ഇതാണ്: നിങ്ങൾ ഇതെന്തിന് എന്നോട് ചെയ്തുവെന്ന് ആരോടും പറയരുത്. കാരണം, നാളെ ഒരാളോട് മറ്റൊരാൾ സഹായം ചോദിച്ചാൽ അയാൾ ചെയ്യില്ല. ആ കഥയിൽ ഒരു പാഠമുണ്ട്. അതായത്, തെറ്റായ അനുഭവങ്ങളെ പാഠമാക്കി വെക്കരുത്. നമ്മുടെ ഗുണപാഠകഥകളെടുത്തു നോക്കുക. മിക്കവാറും ഗുണപാഠകഥകളും പുരാണകഥകളുമെല്ലാം ആത്യന്തികമായി വയലൻസാണ്. മറ്റുള്ളവരെ വിശ്വസിക്കരുത്. പ്രതികാരം ചെയ്യണം എന്നിങ്ങനെയാണത് പറയുന്നത്. അജ്ഞാനത്തെ ജ്ഞാനമായി നമ്മൾ എത്രയോ കാലമായി ശേഖരിച്ച് സൂക്ഷിച്ചിരിക്കുന്നു. നമ്മുടെ ഒരു മതത്തിനോടും മുതലാളിത്തത്തിന് സ്പർധ ഇല്ലാത്തത് എന്തുകൊണ്ടാണ്? അമേരിക്കയിലൊക്കെയുള്ള വലിയ കമ്പനികൾ മാനേജർമാരെ പരിശീലിപ്പിക്കുന്നത് ഒരാളെ എങ്ങനെ ഉപയോഗിക്കാം എന്നാണ്. മാസം മൂന്നോ നാലോ ലക്ഷം ഉണ്ടാക്കുന്ന ഒരു തസ്തികയിൽ എെൻറ കുഞ്ഞിനെ കൊണ്ടുപോയി പ്രതിഷ്ഠിക്കുകയാണ് എല്ലാ രക്ഷാകർത്താക്കളുടെയും മുന്നിലുള്ള അജണ്ട. കുട്ടികളെ ഏതോ വിദേശ മുതലാളിത്ത കമ്പനികളുടെ കണക്കെടുപ്പുകാരാക്കുകയാണ് ഇന്നത്തെ വിദ്യാഭ്യാസം. അവർ വെറും കണക്കപ്പിള്ളമാരായി പണി ചെയ്യുകയാണ്. മറ്റുള്ളവരുടെ കണക്ക് നോക്കുന്നതിൽ അപ്പുറം ഒന്നും അവർ സൃഷ്ടിക്കുന്നില്ല. ഒരു മെഴുകുതിരി വെളിച്ചംപോലും. നമ്മുടെ െഎൻസ്റ്റൈൻമാരെയും ബുദ്ധന്മാരെയും സിദ്ധാർഥന്മാരെയുമെല്ലാം നാം അവരുടെ അടുപ്പിൽ കൊണ്ടുപോയി വെച്ചുകൊണ്ടിരിക്കുകയാണ്. ഒരു പാറക്കല്ലുപോലുള്ള മനുഷ്യനെയാണ് അത് ഉണ്ടാക്കുന്നത്. എനിക്ക് അറിയുന്നതാണ് ശരി, ഞാനാണ് ശരി എന്ന വിശ്വാസം വന്നാൽ പിന്നെ ചോദ്യമില്ല.
പരാജയം ഭയക്കുന്നതുകൊണ്ടല്ലേ ആളുകൾ ചോദ്യങ്ങൾ ചോദിക്കാൻ ധൈര്യപ്പെടാത്തത്?
പരാജയം എന്ന വാക്കിനെ എങ്ങനെയാണ് നാം വിലയിരുത്തുന്നത്? ഇന്നത്തെ ലോകം എടുത്തു നോക്കിയാൽ നന്മയുള്ളവരായി നാം ഗണിക്കുന്നവരെല്ലാം പരാജയമല്ലേ? ബുദ്ധനടക്കം എല്ലാ മഹാന്മാരും പരാജയമല്ലേ? ക്രിസ്തു പരാജയമല്ലേ? മുഹമ്മദ് നബി പരാജയമല്ലേ ഇൗയർഥത്തിൽ? കരുണ ചെയ്യാനല്ലേ അദ്ദേഹം പറഞ്ഞത്? ഒരു ജൂതെൻറ ശവഘോഷയാത്ര കടന്നുപോകുേമ്പാൾ നമസ്കരിക്കൂ അത് ജൂതെൻറ ശവമല്ല; ഒരു മനുഷ്യനാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ജൈനൻ തോറ്റു. ബുദ്ധൻ തോറ്റു. തോൽവിയാണ് മനുഷ്യെൻറ ജീവിതം തന്നെ. ഇന്ന് എവിടെയൊക്കെയോ യുദ്ധമുണ്ടാകുന്നത് കേട്ട് നമ്മൾ കരയുന്നുണ്ടെങ്കിൽ അത് മുഹമ്മദിെൻറയും രാമെൻറയും ബുദ്ധെൻറയും പേരിലാണ്. മതത്തെ ഇന്ന് പ്രതീകമാക്കിയിരിക്കുന്നു. മുതലാളിത്തത്തിന് എല്ലാം പ്രതീകങ്ങളാണ്. പുതിയ കാലത്ത് രതിപോലും പ്രതീകങ്ങളിലൂടെയാണ് നടക്കുന്നത്. നമുക്ക് റിയാലിറ്റിയില്ല. ഭക്ഷണമില്ല, ഭക്ഷണത്തിെൻറ പ്രതീകം മാത്രം. പ്രണയമില്ല, പ്രണയത്തിെൻറ പ്രതീകം മാത്രം. നമുക്ക് പ്രതീകങ്ങൾ എത്ര വേണമെങ്കിലും ഉണ്ടാക്കാം. മുതലാളിത്ത ലോകം നമുക്ക് സൃഷ്ടിച്ചു നൽകുന്നത് എണ്ണമില്ലാത്ത പെരുക്കങ്ങളാണ്. ഇത്രയധികം ചാനലുകൾ, ഇത്രയധികം സോഫറ്റ് വെയറുകൾ... സൂപ്പർ മാർക്കറ്റിലൊക്കെയുള്ള സാധനങ്ങൾ നോക്കൂ. കൂടുതലും നമുക്ക് ആവശ്യമില്ലാത്തതാണ്. മിഥ്യക്കേ പെരുക്കങ്ങൾ ഉണ്ടാവൂ. സത്യത്തിന് പെരുക്കം ഉണ്ടാവില്ല. സത്യം ഒന്നേ ഉണ്ടാവൂ.
എനിക്ക് തോന്നുന്നത്, സ്നേഹം എന്നൊരു മൂല്യം ഉണ്ടല്ലോ. അതൊരു സങ്കൽപമാണെന്ന് നാം വിചാരിക്കും. അതിലൊരു സത്യമുണ്ട്. നമ്മൾ ബസിൽ പോകുേമ്പാൾ തൊട്ടടുത്തിരിക്കുന്ന ഒരാൾ നമ്മുടെ തോളിലേക്ക് ചാഞ്ഞ് മയക്കംകൊള്ളുന്നു. രണ്ട് തരത്തിൽ നമുക്കയാളെ സമീപിക്കാം. ഒന്നുകിൽ തട്ടിമാറ്റാം. അല്ലെങ്കിൽ നമ്മുടെ തോൾ ഒന്നുകൂടി ചായ്ച്ച് അയാൾക്ക് ഉറങ്ങാൻ സൗകര്യപ്പെടുത്തിക്കൊടുക്കാം. ഇങ്ങനെ ചെയ്യുേമ്പാൾ അറിയാതെ രണ്ട് മനുഷ്യർ തമ്മിൽ സംഭവിക്കുന്ന മനുഷ്യാതീതമായ ഒരു വിങ്ങലുണ്ട്. ആ വിനിമയത്തെയാണ് ഞാൻ ആത്മീയത എന്ന് പറയുന്നത്. അതിനെയാണ് ഞാൻ പ്രണയം എന്ന് വിളിക്കുന്നത്. ആ വിനിമയമാണ് എെൻറ രാഷ്ട്രീയം. സത്യം പറഞ്ഞാൽ സ്നേഹത്തിെൻറ ഏറ്റവും മനോഹരമായ വികാരം തന്നെയാണ് പ്രണയം. പ്രണയത്തിൽ അല്ലെങ്കിൽ സ്നേഹത്തിൽ മനുഷ്യെൻറ ആത്മീയതയുണ്ട്. ആ ആത്മീയത തന്നെയാണ് ലോകത്തിന് മുന്നിലുള്ള ഒരേയൊരു വിമോചനാത്മക രാഷ്ട്രീയമെന്നും ഞാൻ വിചാരിക്കുന്നു. പ്രണയത്തെ ഒഴിവാക്കിക്കൊണ്ട്, സ്നേഹത്തെ ഒഴിവാക്കിക്കൊണ്ട്, എന്തെങ്കിലും ആത്മീയത ഉണ്ടാക്കുകയാണെങ്കിൽ അത് മരിച്ച ആത്മീയത ആയിരിക്കും. സ്നേഹത്തെയും പ്രണയത്തെയും ഒഴിവാക്കിക്കൊണ്ട് നിങ്ങൾ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുകയാണെങ്കിൽ അത് ശവകുടീരങ്ങളുടെ രാഷ്ട്രമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.