ചമയങ്ങളില്ലാത്ത ഒരു കവിയുടെ ബദൽ ജീവിതം
text_fieldsകവിതയാണോ പ്രധാനം? കവിയാണോ?
സത്യം പറഞ്ഞാൽ കവി എന്നൊക്കെ പറയാൻ തുടങ്ങിയിട്ട് എത്രകാലമായിട്ടുണ്ടാവും? കവി ഉണ്ടായിട്ട് എത്ര കൊല്ലമായിട്ടുണ്ടാവും? എനിക്ക് തോന്നുന്നത് നൂറുകൊല്ലമൊക്കെയേ ആയിട്ടുണ്ടാവൂ. എഴുത്തച്ഛെൻറ കാലത്ത് കവിയുണ്ടോ? കവിതയേ ഉള്ളൂ. പൂന്താനത്തിെൻറ കാലത്ത് കവിയുണ്ടോ? പക്ഷേ, കവിയുണ്ട് എന്ന് വിചാരിച്ചിരുന്ന ആളുകൾ അക്കാലത്തും ഉണ്ടായിരുന്നു. മേൽപ്പത്തൂർ നാരായണ ഭട്ടതിരി എെൻറ കവിത നല്ലതും നിെൻറ കവിത മോശവും എന്ന് വിചാരിച്ചിരുന്നല്ലോ. കവിത മാത്രം വിചാരിച്ച് സ്വന്തം പേര് പോലും ഒാർമിക്കാതെ പോയ ആളുകളും ഉണ്ടാവും. നാടൻ പാട്ടുകൾ, നമ്മുടെ വയൽപ്പാട്ടുകൾ, അമ്മമാർ പാടിയിരുന്ന പാട്ടുകൾ. സുന്ദരമായ, അതിമനോഹരമായ, ഏത് മീറ്റർ എടുത്ത് പരിശോധിച്ചാലും ഒന്നാന്തരം കവിതയാണെന്ന് ഭാഷാപരമായിട്ടും കഥയിലും ആഖ്യാനത്തിലുമൊക്കെ മികച്ച് നിൽക്കുന്ന ഇവയൊക്കെ ആരാണ് പാടിയത്? ആരാണ് എഴുതിയത്? അവർ സൂക്ഷിച്ചുവെച്ചോ? അവർ ഞാൻ എന്ന കാര്യത്തെ പേറിയോ? സത്യം പറഞ്ഞാൽ ജീവിതം സ്വാഭാവികമായി മുന്നോട്ടുപോവുേമ്പാൾ അതിെൻറ അലകൾ, ഒഴുക്കുകൾ, നാരുകൾ വേറെ വേറെയായിട്ട് ചിതറുന്നില്ല. ഒരു പുഴയിലെ ഒാളങ്ങൾ വേറെ വേറെയായിട്ട് ചിതറാത്തപോലെ. ഒരു പുഴയുടെ പാട്ട് ഏത് ഒാളം പാടിയ പാട്ടാണ്? ഒരുപക്ഷേ, ഏതോ ഒരു ഒാളമായിരിക്കും കല്ലിൽ കൂടുതൽ ഭാഗം ഇടിക്കുന്നത്. അത് കൂടുതൽ ശബ്ദമുണ്ടാക്കിയിട്ടുണ്ടാവും. പക്ഷേ, നമ്മൾ അത് കേൾക്കുന്നത് ഒരു ഒാളത്തിെൻറ പാട്ടായിട്ടല്ല. ഒരു പുഴയുടെ പാട്ടായിട്ടാണ്. മനുഷ്യ ജീവിതഗാനം മാത്രമേയുള്ളൂ. അതുകൊണ്ടാണല്ലോ വൈലോപ്പിള്ളി ഏകലോകത്തെക്കുറിച്ചുള്ള പാട്ട് പാടുന്നത്. മനുഷ്യെൻറ പാട്ടാണത്. ഏത് കാലത്തെയും മനുഷ്യെൻറ പാട്ട്. ഒരുപാട് പേർ കവിതയെഴുതുന്നുണ്ട്, ആ കവിതകളിലെല്ലാം ചേർത്ത് ഒരു മനുഷ്യഗാനം വേണമെങ്കിൽ നമുക്ക് സങ്കൽപിച്ചുകൂടെ? അപ്പോൾ കവി എന്ന് പറയുന്ന ഒരുതരം സംഗതിയെ, ഒരുതരം പാക്കറ്റിനെ നമ്മൾ ഒഴിവാക്കിക്കഴിഞ്ഞാൽ പാക്കറ്റിലൊക്കെയുള്ളത് ജലം മാത്രമാണ്.
കവിക്ക് സമൂഹത്തിൽനിന്ന് വേണ്ടത്ര പരിഗണന കിട്ടുന്നുണ്ടോ?
കവിയുടെ ലക്ഷ്യം ഇൗ വ്യവസ്ഥയെ തകർക്കലാണ്. ഞാൻ നിങ്ങളെ തകർക്കാൻ ശ്രമിക്കുന്നു. അങ്ങനെയുള്ള ഞാൻ നിങ്ങളുടെ അംഗീകാരം ആഗ്രഹിക്കുകയെങ്കിലും ചെയ്യരുത്. നിങ്ങളുടെ വീട് ഞാൻ തകർക്കാൻ പോവുകയാണ്. നിങ്ങളെന്നെ അവിടെ അതിഥിയായിട്ട് വിളിക്കണം എന്ന് ആഗ്രഹിക്കുന്നതിൽ അർഥമുണ്ടോ? അന്വേഷകരായ ആ കാലത്തിെൻറ സ്പന്ദനം പേറുന്ന ഒരു പറ്റത്തെ ഒഴിച്ചാൽ ഒരു കവിയും സമകാലിക സമൂഹത്തിെൻറ മൂല്യങ്ങളാൽ അംഗീകരിക്കപ്പെട്ടിട്ടില്ല. സമൂഹത്താൽ മൊത്തം അംഗീകരിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ കവി ഉണ്ടാവില്ല എന്ന് ഞാൻ വിചാരിക്കുന്നു. കാരണം, കവിയുടെ ആത്യന്തികമായ ലക്ഷ്യം നിലനിൽക്കുന്ന ഘടന -ഏത് ഘടനയായിക്കോെട്ട- അതിനെ തകർക്കുക എന്നതാണ്. അങ്ങനെ ചെയ്താൽ മാത്രമേ പുതിയത് ഉണ്ടാവൂ. ഒന്നിനെ പിളർത്തിയാലേ പുതിയതിനെ കാണാൻ കഴിയൂ. വിത്തിനെ പിളർത്തിയിട്ട് വൃക്ഷമാകുന്ന പോലെ, നിലനിൽക്കുന്ന ജീവിതവ്യവഹാരത്തെ പിളർത്താൻ ഒരാൾക്ക് എന്ന് കെൽപ്പ് നഷ്ടപ്പെടുന്നോ, അന്ന് അയാളിലെ കവിജീവിതം അവസാനിച്ചു എന്ന് പറയാം.
ജീവിതത്തിലും കവിതയിലും വേറിട്ട അടയാളമാണ് വി.ടി. ജയദേവൻ. കവികളുടെ ബഹളങ്ങളിൽ താങ്കളെ അധികം കാണാറില്ല. വലിയ വലിയ മുദ്രാവാക്യങ്ങൾ പേറുന്നില്ല താങ്കളുടെ കവിതകളും. കവി, യോഗി, അധ്യാപകൻ, ആക്ടിവിസ്റ്റ്... ഏത് വിശേഷണമാണ് താങ്കൾക്ക് നന്നായി ചേരുക?
സ്വയം നിർവചിക്കേണ്ട ബാധ്യത ഒരാൾക്കുമില്ല. സത്യം പറഞ്ഞാൽ, മനുഷ്യൻ എന്ന് പറഞ്ഞാൽ എന്താണ്? ഏത് മനുഷ്യനും ജീവിതത്തിൽ ആത്മീയാന്വേഷകൻ അല്ലേ? ഒരു മരണം നടന്നു. ആത്മീയമായ ഒരു ബോധോദയം ഇല്ലാതെ ഏറ്റവും അടുത്ത ബന്ധു മരിക്കുേമ്പാൾ ദുഃഖമില്ലാതെ ഇരിക്കുമോ? വേദനയില്ലാത്ത ഒരാളുമില്ല. ആത്മീയമായിട്ടുള്ള ഒരു വെളിച്ചം ഉള്ളിൽ ഇല്ലെങ്കിൽ കഠിനമായിട്ടുള്ള ഒരു ഉൗർജം അയാൾക്കുണ്ടാവില്ല. ഏത് സമയവും നമുക്ക് ഒരു രോഗം വരാം. കിടപ്പായിപ്പോകാം. നമ്മുടെ ഇൗ ഭംഗിയൊക്കെ പൊയ്പ്പോകില്ലേ? നമ്മുടെ ധനം നഷ്ടമാകില്ലേ? നമ്മൾ അശരണരാകില്ലേ ഏത് നിമിഷവും? ജീവിതം എത്ര അനിശ്ചിതമാണ്? ആ അനിശ്ചിതത്വത്തെ അഭിമുഖീകരിക്കാനുള്ള പ്രാപ്തി ഒാരോ മനുഷ്യനും ആവശ്യമുണ്ട്. ആ ആവശ്യമുള്ളതുകൊണ്ട് ഒാരോ മനുഷ്യനും ആത്മീയാന്വേഷകൻ അല്ലേ? ആ അന്വേഷണത്തിലൂടെ അയാൾക്ക് എന്തെങ്കിലും ഉത്തരങ്ങൾ കിട്ടുന്നുണ്ടാവില്ലേ? ജീവിതം നിരന്തരം ഒരാൾക്ക് ഒാരോ അറിവുകൾ നൽകുന്നുണ്ടാകും. അങ്ങനെ ജീവിതം കൊടുക്കുന്ന അറിവുകൾ എല്ലാവർക്കുമുള്ളതുകൊണ്ട് സത്യംപറഞ്ഞാൽ എല്ലാവരും കവിയല്ലേ? ചിലർ നിശ്ശബ്ദതയിലൂടെയാവാം, ചിലർ വാക്കുകളിലൂടെയാവാം, ചിലർ മറ്റു മാർഗങ്ങൾ ഉപയോഗിക്കുന്നുണ്ടാകാം. അങ്ങനെ തന്നെത്തന്നെ ആവിഷ്കരിക്കാത്ത ഏതെങ്കിലും മനുഷ്യരുണ്ടോ? ഏത് മരവും ഒരുഘട്ടത്തിൽ പൂക്കുന്നതുപോലെ ഏത് മനുഷ്യനും ഒരു ഘട്ടത്തിൽ കവിയാകും. അതുകൊണ്ട്, സാധാരണക്കാരായ മനുഷ്യർപോലും ആത്മീയാന്വേഷകനും കവിയും അയാളുടെ മക്കളുടെ കാര്യത്തിലെങ്കിലും അധ്യാപകനുമായിരിക്കും. ഏത് മനുഷ്യനും ആത്മീയാന്വേഷകനാണ്. കവിയാണ്. ആക്ടിവിസ്റ്റുമാണ്.
(ഫോേട്ടാ: കെ.എസ് പ്രവീൺ കുമാർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.