Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightപെരിയാറും ഭാര്യ...

പെരിയാറും ഭാര്യ നാഗമ്മയും പുതുലോകത്തിന്റെ വഴികാട്ടികൾ -മുഖ്യമന്ത്രി; തന്തൈ പെരിയാർ സ്മാരകം നാടിന് സമർപ്പിച്ചു

text_fields
bookmark_border
Thanthai Periyar
cancel
camera_alt

വൈക്കത്ത് തന്തൈ പെരിയാർ സ്മാരക ഉദ്ഘാടനത്തിനെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പുഷ്പാർച്ചന നടത്തുന്നു

കോട്ടയം: കോട്ടയം: ​തന്തൈ പെരിയാറും ഭാര്യ നാഗമ്മയും പുതുലോകത്തിന്റെ വഴികാട്ടികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈക്കത്ത് അമ്പലത്തിന് ചുറ്റും നടക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടത് മലയാളികൾക്കായിരുന്നു. അത്, കേവലം മലയാളികളുടെ പ്രശ്നമായല്ല കണ്ടത്. അത്, രാജ്യത്താകെയുള്ള പ്രശ്നമായാണ് കണ്ടത്. അതാണ് പെരിയാറിന്റെ മഹത്വം. ഭാര്യ നാഗമ്മയു​ം ഇത്തരം സമരങ്ങളുടെ ഭാഗമായി. സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ പ്രശ്നങ്ങളിൽ തമിഴ്നാടും തമിഴ്നാടിന്റെ പ്രശ്നങ്ങളിൽ കേരളവും പരസ്പരം കൈത്താങ്ങാവുകയാണെന്നും സഹകരണാത്മക ഫെഡറലിസത്തിന്റെ യഥാർത്ഥ ദൃഷ്ടാന്തമാണ് ഇരു സംസ്ഥാനങ്ങളും മുന്നോട്ടുവെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാക്കുകളിൽ ഒതുങ്ങുന്നതല്ല പ്രവൃത്തിയിൽ വെളിവാകുന്ന സഹകരണമാണിത്. സാമ്പത്തിക സ്വയംഭരണമടക്കമുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കു മേൽ, നിരന്തര കൈ കടത്തലുകൾ ഉണ്ടാവുന്ന ഈ ഘട്ടത്തിൽ കൂടുതൽ സംസ്ഥാനങ്ങളുടെ ഇടയിൽ ഈ സഹകരണം വ്യാപിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


അതിർവരമ്പുകൾക്കതീതമായ സഹവർത്തിത്വവും സഹകരണവുമാണ് വൈക്കം സത്യഗ്രഹത്തിൽ നമ്മൾ കണ്ടത്. ആ സഹവർത്തിത്വവും സഹകരണവും തുടർന്നുകൊണ്ടു പോവുകയാണ് കേരളവും തമിഴ്നാടും ചെയ്യുന്നത്. പെരിയാർ വ്യക്തികളുടെ സ്വാഭിമാനത്തിനായി നിലകൊണ്ടെങ്കിൽ സംസ്ഥാനങ്ങൾ അവയുടെ സ്വാഭിമാനത്തിനായി നിലകൊള്ളണം എന്നതാണ് കാലം ആവശ്യപ്പെടുന്നത്. കാലം ആവശ്യപ്പെടുന്ന തരത്തിലുള്ള സഹകരണം കേരളവും തമിഴ്നാടും മുന്നോട്ടു കൊണ്ടുപോകും എന്ന കാര്യത്തിൽ സംശയമില്ല.

പെരിയാർ സ്മാരകത്തിന്റെ നവീകരണത്തിലും ആ സഹകരണ മനോഭാവം തന്നെയാണ് പ്രകടമാകുന്നത്. അതിനെ കൂടുതൽ ശക്തിപ്പെടുത്താൻ വരും കാലങ്ങളിൽ ഇരു സംസ്ഥാനങ്ങൾക്കും കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയിലാകെയുള്ള സാമൂഹിക പരിഷ്കർത്താക്കളുടെ മുൻനിരയിലാണ് പെരിയാർ എന്ന ഇ വി രാമസ്വാമി നായ്ക്കരുടെ സ്ഥാനം. ശ്രീനാരായണനെ കേരളീയരാകെ ആദരവോടെ ഗുരു എന്നു വിളിക്കുന്നതുപോലെ തന്നെ ഇ വി ആറെ തമിഴരാകെ ആദരവോടെ പെരിയാർ എന്നു വിളിക്കുന്നു. വൈക്കം മഹാദേവ ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളിലൂടെ അവർണർക്ക് നടക്കുന്നതിനുള്ള അവകാശത്തിനായി നടന്ന സത്യഗ്രഹത്തിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു പെരിയാർ.

നടക്കാൻ ഉള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നത് മലയാളികളുടെ മാത്രം പ്രശ്നമായി ചുരുക്കി കാണുകയല്ല രാജ്യത്തിന്റെ ജനങ്ങളുടെയാകെ പ്രശ്നമായാണ് പെരിയാറും മറ്റും നേതാക്കളും കണ്ടത്. 1924 ഏപ്രിൽ 13 ന് പെരിയാർ വൈക്കം സത്യഗ്രഹത്തിന്റെ നേതൃത്വം ഏറ്റെടുത്തു. അതോടെ ജനസാഗരം തന്നെ വൈക്കത്തേക്ക് ഒഴുകിയെത്തി. തിരുവിതാംകൂർ ഭരണസംവിധാനത്തിന്റെ നിർദേശപ്രകാരം അദ്ദേഹത്തെ അറസ്റ്റു ചെയ്ത് അരുക്കുറ്റിയിലെ ജയിലിലാക്കി. അതറിഞ്ഞയുടൻ അദ്ദേഹത്തിന്റെ ഭാര്യ നാഗമ്മ വൈക്കത്തെത്തി. സ്ത്രീകളെ പങ്കെടുപ്പിച്ച് അവർ സത്യഗ്രഹത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രചാരണം നടത്തി.

സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനും അവർ സ്വന്തം നിലയ്ക്ക് ഭർത്താക്കന്മാരെ തെരഞ്ഞെടുക്കാനും വിവാഹമോചനം നേടാനും പെരിയാർ നടത്തിയിട്ടുള്ള ഇടപെടലുകൾ ചരിത്രപരമായിരുന്നു. പെരിയാറിന്റെ അത്തരം ഇടപെടലുകളിലെല്ലാം തുല്യ പങ്കാളിയായിരുന്നു നാഗമ്മ. ആ പങ്കാളിത്തം വൈക്കത്തും കാണാൻ കഴിയും.

അരുക്കുറ്റിയിൽ നിന്ന് ജയിൽ മോചിതനായ പെരിയാർ വീണ്ടും സത്യഗ്രഹത്തിൽ സജീവമായതോടെ ഭരണകൂടം അദ്ദേഹത്തിന് ദേശഭ്രഷ്ട് കൽപിച്ചു. ഉത്തരവ് പെരിയാർ ലംഘിച്ചതോടെ തിരുവിതാംകൂർ ഭരണകൂടം അദ്ദേഹത്തെ വീണ്ടും ജയിലിലടച്ചു. രാജാവിന്റെ മരണത്തോടനുബന്ധിച്ചാണ് പിന്നീട് പെരിയാറിനെയും മറ്റു സത്യഗ്രഹികളെയും മോചിപ്പത്. ഈ വിധത്തിൽ ത്യാഗ്വോജ്ജ്വലമായ നേതൃത്വമാണ് വൈക്കം സത്യഗ്രഹത്തിന് പെരിയാർ നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടു സംസ്ഥാനങ്ങളിലെയും മന്ത്രിമാരടക്കമുള്ള നേതാക്കളെയും ഉന്നത ഉദ്യോഗസ്ഥരെയും സാക്ഷി നിർത്തി വൈക്കം തന്തൈ പെരിയാർ സ്മാരകവും പെരിയാർ ഗ്രന്ഥശാലയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നാടിനു സമർപ്പിച്ചു. വൈക്കം ബീച്ചിൽ നടന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി. വൈക്കം പുരസ്കാരം ജേതാവ് കന്നട എഴുത്തുകാരൻ ദേവനൂര മഹാദേവനെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആദരിച്ചു.

ദ്രാവിഡ കഴക അധ്യക്ഷൻ കെ. വീരമണി വിശിഷ്ടാഥിതിയായി. സഹകരണ-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ, ഫിഷറീസ് -സാംസ്‌കാരികം-യുവജനക്ഷേമവകുപ്പുമന്ത്രി സജി ചെറിയാൻ, തമിഴ്‌നാട് ജലസേചനവകുപ്പ് മന്ത്രി ദുരൈ മുരുകൻ, തമിഴ്‌നാട് പൊതുമരാമത്തുവകുപ്പുമന്ത്രി എ.വി. വേലു, തമിഴ്‌നാട് ഇൻഫർമേഷൻ വകുപ്പുമന്ത്രി എം.പി. സ്വാമിനാഥൻ, അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി., സി.കെ. ആശ എം.എൽ.എ, സംസ്ഥാന സർക്കാർ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, തമിഴ്‌നാട് സർക്കാർ ചീഫ് സെക്രട്ടറി എൻ. മുരുകാനന്ദം, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, വൈക്കം നഗരസഭാധ്യക്ഷ പ്രീതാ രാജേഷ്, നഗരസഭാംഗം രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.

പെരിയാർ സ്‌മാരകം

വൈക്കം സത്യഗ്രഹത്തിൽ തന്തൈപെരിയാർ എന്ന ഇ വി രാമസ്വാമി പങ്കെടുത്തതിന്റെയും അദ്ദേഹത്തിന്റെ ധീരോദാത്തമായ പ്രവർത്തനങ്ങളുടെയും ഓർമകളുണർത്തുന്ന സ്‌മാരകവും ഗ്രന്ഥശാലയും 8.14 കോടി രൂപ ചെലവിട്ടാണ്‌ തമിഴ്‌നാട്‌ സർക്കാർ നവീകരിച്ചത്‌. സ്റ്റാലിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ തമിഴ്നാട് പൊതുമരാമത്തു വകുപ്പാണ് പെരിയാർ സ്‌മാരക നവീകരണം പൂർത്തിയാക്കിയിരിക്കുന്നത്. പെരിയാർ പ്രതിമയ്‌ക്കു പുറമേ അദ്ദേഹത്തിന്റെ ജീവിതമുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ള മ്യൂസിയം, ലൈബ്രറി, കുട്ടികളുടെ പാർക്ക്‌, ഓപ്പൺ എയർ തീയറ്റർ ഉൾപ്പെടെയുള്ള വിപുലമായ സ്‌മാരകമാണ്‌ ഒരുക്കിയിരിക്കുന്നത്‌.

6.09 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മ്യൂസിയവും 84.20 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ലൈബ്രറിയുമാണുള്ളത്‌. വൈക്കം പോരാട്ടത്തിന്റെയും പെരിയാർ നടത്തിയതുൾപ്പെടെയുള്ള വിവിധ പോരാട്ടങ്ങളെയും അടയാളപ്പെടുത്തുന്ന ബഹുഭാഷാ പുസ്‌തങ്ങളുടെ വിപുലമായ ശേഖരം ലൈബ്രറിയിലുണ്ടാവും. വൈക്കം നഗരത്തിന്റെ ഹൃദയഭാഗത്ത്‌ കേരള സർക്കാർ വിട്ടു നൽകിയ 70 സെന്റ്‌ സ്ഥലത്ത്‌ 1985ലാണ്‌ പെരിയാർ പ്രതിമ തമിഴ്‌നാട്‌ സ്ഥാപിച്ചത്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MK StalinPinarayi VijayanThanthai Periyar
News Summary - Thanthai Periyar Memorial dedicated to the nation
Next Story