‘അക്ഷരം’ മ്യൂസിയത്തിന്റെ ആദ്യഘട്ടം മേയിൽ; ഉയരുന്നത് രാജ്യത്തെ ആദ്യ സമുച്ചയം
text_fieldsകോട്ടയം: സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്‍റെ നേതൃത്വത്തിൽ നിർമിക്കുന്ന ‘അക്ഷരം’ മ്യൂസിയത്തിന്റെ ആദ്യഘട്ടം മേയിൽ പൂർത്തീകരിക്കുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ.നാട്ടകം മറിയപ്പള്ളിയിൽ നിർമാണ പ്രവർത്തനങ്ങളും പുരോഗതിയും നേരിട്ട് വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. സർക്കാറിന്‍റെ രണ്ടാം വാർഷികത്തിൽ ആദ്യഘട്ടം പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നാട്ടകം മറിയപ്പള്ളിയിൽ എം.സി റോഡരികിലുള്ള നാലേക്കർ സ്ഥലത്താണ് 25,000 ചതുരശ്രയടിയിൽ അക്ഷരം മ്യൂസിയം ഉയരുക. പുസ്തകം തുറന്നുവെച്ച മാതൃകയിലാണ് കെട്ടിടത്തിന്‍റെ രൂപകൽപന.രാജ്യത്തെ ആദ്യത്തെ അക്ഷരം മ്യൂസിയമായിരിക്കുമിത്. അന്തർദേശീയ നിലവാരത്തിൽ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പരിസ്ഥിതി-ഭിന്നശേഷി സൗഹാർദമായാണ് നിർമാണം.
‘വരയിൽനിന്ന് ശ്രേഷ്ഠതയിലേക്ക്’, ‘കവിത’, ‘ഗദ്യസാഹിത്യം’, ‘വൈജ്ഞാനിക സാഹിത്യം’, ‘വിവർത്തനം’ എന്നിങ്ങനെ നാലു ഘട്ടങ്ങളിലായാണ് മ്യൂസിയം സ്ഥാപിക്കുക.രണ്ടാം ഘട്ടത്തിൽ സംഘകാല കവിതകളിലൂടെയുള്ള സഞ്ചാരമാണ് വിഭാവനം ചെയ്തിരിക്കുന്നത്. നാടൻപാട്ട്, സംഘകാല സാഹിത്യം, തമിഴകം ശാസനങ്ങൾ എന്നിവയിൽ തുടങ്ങി സമകാലിക കവിതകളിൽ വരെ എത്തിനിൽക്കുന്ന ദൃശ്യ, ശ്രാവ്യ പ്രദർശനമുണ്ടാകും.
മൂന്നാം ഘട്ടത്തിൽ കഥാസാഹിത്യവും നോവൽ സാഹിത്യവും ഉൾപ്പെടുത്തും. യക്ഷിക്കഥകൾ, മിത്തുകൾ, ഐതിഹ്യങ്ങൾ എന്നിവയുടെ ഓഡിയോ, വിഡിയോ, അനിമേഷൻ കാർട്ടൂണുകൾ ഉണ്ടാകും. നാടകശാഖക്കായി പ്രത്യേകം ഇടം മാറ്റിവെക്കും. നോവലുകളിലെ കഥാപാത്രങ്ങളുടെ രേഖാചിത്രങ്ങളും എഴുത്തുകാരുടെ ജീവചരിത്രവും പ്രദർശിപ്പിക്കും.
വൈജ്ഞാനിക സാഹിത്യകാലമെന്ന നാലാം ഘട്ടത്തിൽ ഭാഷ വിജ്ഞാനീയം, മലയാള വ്യാകരണ പഠനം, വൃത്തശാസ്ത്രം, അലങ്കാര ശാസ്ത്രം, നിഘണ്ടുക്കൾ, വിജ്ഞാനകോശം, നാട്ടറിവ് പഠനം, ചലച്ചിത്ര പഠനം, മനഃശാസ്ത്രം, മതം, തത്ത്വചിന്ത, ഭൂമിശാസ്ത്രം തുടങ്ങിയ വിവര വിജ്ഞാനരീതികൾ ഉൾപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.