ഷാർജയുടെ ഹൃദയം നിറയെ വിസ്മയം
text_fieldsതിരക്ക് പിടിച്ചോടുന്ന ഷാര്‍ജ റോളയോട് ചേര്‍ന്നാണ് ഹാര്‍ട്ട് ഓഫ് ഷാര്‍ജ. ഇതിനോട് ചേര്‍ന്ന് തന്നെയാണ് പരമ്പരാഗത ഗ്രാമം. ഇവയെ സംരക്ഷിച്ച് നില്ക്കുന്ന പൗരാണിക പ്രൗഢിയോട് കൂടിയ മതിലാണ് ഷാര്‍ജ മതില്. ഇതിനകത്തെ ലോകം തീര്‍ത്തും വ്യത്യസ്തമാണ്. ആധുനികതയുടെ അടയാളങ്ങളെ മാറ്റി നിറുത്തിയ കാഴ്ച്ചകളും നിര്‍മിതികളും കമ്പോളങ്ങളും അടങ്ങിയ പുരാതന തെരുവ്. ഈ മതിലിനകത്തൊരു സൂക്കുണ്ട്, അല്‍ അര്‍സാ. 300 വര്‍ഷത്തെ ചരിത്രം പേറുന്ന സൂക്ക് തനിമ നഷ്ടപ്പെടുത്താതെ അറ്റകുറ്റ പണികള്‍ നടത്തി സംരക്ഷിച്ച് പോരുകയാണ് ഷാര്‍ജ. ഇന്ത്യയുമായി അടുത്ത ബന്ധമാണ് ഈ സൂക്കിനുള്ളത്. അരിയും മറ്റുമായി ഇന്ത്യയില്‍നിന്ന് പത്തേമാരികള്‍ സൂക്കിന് തൊട്ടടുത്തുള്ള ഖാലിദ് തുറമുഖത്ത് നങ്കൂരമിടും. കഴുതകളും ഒട്ടകങ്ങളും ചരക്ക് വഹിച്ച് സൂക്കിലെത്തിക്കും. പകരം മുത്തും പവിഴവും ഈത്തപ്പഴങ്ങളുമായി പത്തേമാരികള്‍ ഇന്ത്യയിലേക്ക് മടങ്ങും. ഇറാനില്‍ നിന്നും ഇവിടേക്ക് ധാരാളം പത്തേമാരികള്‍ എത്തിയിരുന്നു. ഇന്നത്തെ സൂക്കും അന്നത്തെ സൂക്കും തമ്മില്‍ പറയത്തക്ക വ്യത്യാസങ്ങള്‍ ഒന്നുമില്ല.
സൂക്കിലെ സ്ഥാപനങ്ങളില്‍ വില്ക്കുന്നതത്രെയും പുരാതന വസ്തുക്കളാണ്. പഴയ കാലത്തെ തേപ്പ്പ്പെട്ടി, ഫോണ്‍, വാള്, ഉറുമി, ആഭരണങ്ങള്‍, അടയാഭരണങ്ങള്‍, കല്ലുകള്‍, ചൈനീസ് പിഞ്ഞാണങ്ങള്‍, കത്തി, മണ്ണണ്ണയില്‍ പ്രവര്‍ത്തിച്ചിരുന്ന പങ്ക, തെരുവ് വിളക്കുകള്‍, പരമ്പരാഗത വസ്ത്രങ്ങള്‍ തുടങ്ങി ഇവിടെ കിട്ടാത്തതായി ഒന്നുമില്ല. ഇതിനകത്ത് ഇന്ന് നില നില്ക്കുന്ന സ്ഥാപനങ്ങളില്‍ വെച്ച് ഏറ്റവും പഴക്കമുള്ളത് തുറത്ത് ടുബാക്കോ ട്രേഡിങ്ങാണ്. 120 വര്‍ഷത്തെ പഴക്കമുണ്ട് ഈ സ്ഥാപനത്തിന്. പൂർവികരില്‍ നിന്ന് മക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട കച്ചവട കേന്ദ്രങ്ങളാണ് ഇതിനകത്തുള്ളതെല്ലാം. ഒമാനില്‍ നിന്ന് വരുന്ന നാടന്‍ പുകയിലക്ക് ആവശ്യക്കാര്‍ അനവധിയാണ്. ബദുവിയന്‍ ജീവിതത്തിന് ഒഴിച്ച് കൂടാനാവാത്തതാണ് ഈ പുകയില. കിലോക്ക് 100 ദിര്‍ഹമാണ് വില. തൂക്കവും തര്‍ക്കങ്ങളും ഒന്നുമില്ലാത്ത തീര്‍ത്തും പരമ്പരാഗത കച്ചവടം. ഒരു വലിയ അല്ലി പുകയില പ്ളാസ്റ്റിക് ചാക്കിലാക്കി നല്‍കും. തൂക്കം കൂടിയാലും കുറഞ്ഞാലും കച്ചവടക്കാരനും വാങ്ങുന്നവനും പരാതിയുമില്ല. കച്ചവടക്കാരനായ അലിയോട് പേര് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ടുബാക്കോ മാന്‍ എന്നായിരുന്നു. ഇന്ത്യയില്‍ പോലും കാണാത്ത പഴയ തേപ്പ് പെട്ടികള്‍ ഇവിടെ ധാരാളം കാണാം. മലപ്പുറം ശൈലിയിലുള്ള ധാരാളം കത്തികള്‍ ഇവിടെയുണ്ട്. കടലാഴത്തില്‍ നിന്ന് കൊണ്ട് വരുന്ന മുത്തുകളുടെ വിപണിയും സജീവം. മുത്തിന്റെ മാറ്റ് നോക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച സ്വദേശി കച്ചവടക്കാരനുണ്ട്. തിരക്കൊഴിഞ്ഞ് സംസാരിക്കാൻ പോലും നേരമില്ലാതെ. കൂറ്റന്‍ മരവാതിലുകള്‍ കടന്നാണ് സൂക്കിന്റെ അകത്തേക്ക് കയറേണ്ടത്. ഈന്തപ്പനയുടെ തടിയും ഓലയും കൊണ്ട് നിര്‍മിച്ച മച്ചുകള്‍, മര ജനാലകള്‍ തുടങ്ങിയവയാണ് സൂക്കിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
അറ്റകുറ്റ പണികള്‍ നടത്തിയിട്ടുണ്ടെങ്കിലും തനിമ തെല്ലും നഷ്ടപ്പെടുത്തിയിട്ടില്ല. ഇന്ന് കാണുന്ന സൂക്ക് പഴയ സൂക്കിന്റെ ചെറിയൊരു ഭാഗം മാത്രമാണ്. റോള (പേരാല്‍) മരങ്ങള്‍ തണല്‍ വിരിച്ച് കിടന്നിരുന്ന പ്രദേശത്തന്ന് ദൂരദിക്കുകളില്‍ നിന്ന് കച്ചവടത്തിന് വന്നവരുടെ ഒട്ടകങ്ങളും കഴുതകളും മേഞ്ഞ് നടന്നിരുന്നു. തമ്പുകളുണ്ടാക്കിയാണ് കച്ചവടക്കാര്‍ രാപ്പാർത്തിരുന്നത്. കച്ചവട തര്‍ക്കങ്ങള്‍ പറഞ്ഞ് തീര്‍ത്തത് പേരാലിന് ചുവട്ടിലിരുന്നായിരുന്നു. സൂക്കിന്റെ ചുവരുകളില്‍ ഇബ്രാഹിം മുഹമ്മദ് ആല് മിദ്ഫ എന്ന യു.എ.ഇയിലെ ആദ്യ പത്രാധിപരുടെ കൈയെഴുത്ത് പത്രവും സ്ഥലം പിടിച്ചിരുന്നു. സൗത്ത് സഫീര്‍ എന്നായിരുന്നു ഇതിന്റെ പേര്. ചുവരുകളില്‍ ഒട്ടിച്ച് വെക്കുന്ന പത്രം വായിക്കാന്‍ ആളുകള്‍ കാത്ത് നിന്നിരുന്നുവെന്നാണ് ചരിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.