‘ഓംചേരി പ്രഭ’യിൽ ഡൽഹി
text_fieldsന്യൂഡൽഹി: നാടകാചാര്യനായ ഓംചേരി എൻ.എൻ. പിള്ളയുടെ സംഭാവനകൾ മലയാളം വേണ്ടവിധം തിരിച്ചറിഞ്ഞിട്ടില്ലെന്ന് കവി മധുസൂദനൻ നായർ. കേരളീയ സദസ്സുകളിൽ ഓംചേരി നാടകങ്ങളുടെ പുനരവതരണം സാധ്യമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നൂറുവയസ്സിലേക്ക് കടക്കുന്ന നാടകാചാര്യൻ ഓംചേരി എൻ.എൻ. പിള്ളക്ക് ആദരമർപ്പിച്ച് ന്യൂഡൽഹി കാനിങ് റോഡ് കേരള സ്കൂളിൽ ഡൽഹി മലയാളികൾ ഒരുക്കിയ ‘ഓംചേരി പ്രഭ’ സദസ്സിൽ സംസാരിക്കുകയായിരുന്നു മധുസൂദനൻ നായർ.
ബംഗാൾ രാജ്ഭവനിലെ ലൈബ്രറിയിൽ ഓംചേരി കോർണർ ഒരുക്കുന്നതിനായുള്ള പുസ്തകങ്ങൾ പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസിന് ഓംചേരി കൈമാറി.ഓംചേരി ഡൽഹി മലയാളികളുടെ അംബാസഡറാണെന്നും സമൂഹത്തിന് ഇനിയും ഏറെ സംഭാവനകൾ അദ്ദേഹത്തിന് നൽകാനാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ശബ്ദസന്ദേശത്തിൽ പറഞ്ഞു.
സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാർ, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ. നായർ, കേരള ചീഫ് സെക്രട്ടറി വി.പി. ജോയ്, ജോൺ ബ്രിട്ടാസ് എം.പി, ലീല ഓംചേരി എന്നിവർ സംസാരിച്ചു. ഓംചേരി എൻ.എൻ. പിള്ള മറുപടി പ്രസംഗം നടത്തി. ആഘോഷത്തിന്റെ ഭാഗമായ പിറന്നാൾ കേക്കും ഓംചേരി മുറിച്ചു.
ഡൽഹിയിലെ രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിനെത്തി. ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള ഇരട്ട കേളിയോടെ ആരംഭിച്ച ചടങ്ങിൽ ഓംചേരി രചിച്ച മൈക്രോ നാടകം ‘പ്രാർഥന’ അരങ്ങേറി.അദ്ദേഹത്തിന്റെ യേശുവും ഞാനും, വരാൻ ധൃതി കൂട്ടണ്ടാ, പ്രളയം എന്നീ മൂന്ന് നാടകങ്ങളിലെ പ്രധാന ഭാഗങ്ങൾ കോർത്തിണക്കിയുള്ള നാടകാവിഷ്‍കാരവും അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.