Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightവിപ്ലവ വഴിയിൽ തോപ്പിൽ...

വിപ്ലവ വഴിയിൽ തോപ്പിൽ ഭാസിക്ക് കരുത്തായ അമ്മിണിയമ്മ

text_fields
bookmark_border
amminiyamma
cancel
camera_alt

അമ്മിണിയമ്മ മക്കളായ അജയനും സോമനും ഒപ്പം

കായംകുളം: 'നിന്‍റെ പേരെന്തുവാ' എെമ്മൻ ചോദിച്ചു. 'അമ്മിണി' അവൾ പറഞ്ഞു. 'ഒരു ഗ്ലാസ് പച്ചവെള്ളം കൊണ്ടുവാ...' പെണ്ണുകാണലിന് പച്ചവെള്ളം കൂടി അനുപേക്ഷണീയമായ ഒരു ഘട്ടമാണല്ലോ, അതിന്‍റെ ചിട്ടവട്ടങ്ങളെല്ലാം എെമ്മനറിയാം. എത്രയോ വിവാഹങ്ങളൂടെ സംഘാടകനാണ് ഇഷ്ടൻ. അവൾ വെള്ളം കൊണ്ടുവന്നപ്പോഴും ഞങ്ങൾ വീണ്ടും ചിരിയടക്കി ശ്വാസംപിടിച്ചു. അവൾ പോയി. -അമ്മിണിയമ്മയെ പെണ്ണ് കണ്ടതിനെ കുറിച്ച് ഒളിവിലെ ഒാർമകളിൽ തോപ്പിൽ ഭാസി ഇങ്ങനെയാണ് തുടങ്ങുന്നത്.



ജ്വലിക്കുന്ന വിപ്ലവ വഴികളിലും പിന്നീടുള്ള സാഹിത്യവഴിയിലും തോപ്പിൽ ഭാസിക്ക് കരുത്ത് പകർന്നിരുന്ന അമ്മിണിയമ്മയും ഒാർമയായി. വിപ്ലവത്തിന് വിത്ത് പാകിയ എണ്ണക്കാട് കൊട്ടാരത്തിൽ നിന്നും വിപ്ലവകാരിയുടെ ജീവിതസഖിയായി ഒപ്പം കൂടിയവളെ കുറിച്ച് ഒളിവിലെ ഒാർമകളിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. 1951ലാണ് അമ്മിണിയെ ഭാസി ജീവിത സഖിയാക്കുന്നത്. കമ്മ്യൂണിസ്റ്റുകാരെ നേരിടുന്നതിനിടയിൽ പല്ലന പാണ്ടവത്തെ വീടിന് നേരെ 1949ലുണ്ടായ പൊലീസ് അതിക്രമത്തെ തുടർന്ന് പഠിപ്പ് നിർത്തിയത് മുതലാണ് അമ്മിണിയിലെ കമ്മ്യൂണിസ്റ്റുകാരി പിറവിയെടുക്കുന്നത്. 1948ൽ ജന്മിത്വത്തെ എതിർത്ത കർഷക തൊഴിലാളികളെ പിന്തുണച്ചത് മുതലാണ് എണ്ണക്കാട് കൊട്ടാരത്തിലെ കമ്മ്യൂണിസം പുറത്തേക്ക് വരുന്നത്. തുടർന്ന് അമ്മിണിയമ്മയുടെ അമ്മാവനായ ശങ്കരനാരായണൻ തമ്പി അടക്കമുള്ള കുടുംബാങ്ങൾക്ക് ഒളിവിൽ പോകേണ്ടി വന്നു. പിന്നീടാണ് പല്ലനയിലെ പാണ്ഡവത്തു വീട്ടിലേക്ക് താമസം മാറിയത്.

കമ്മ്യൂണിസ്റ്റുകളായ ഇവർക്ക് പല്ലനയിലെ ജന്മി കുടുംബങ്ങൾ വിലക്ക് ഏർപ്പെടുത്തി. വീടുകളിലേക്കുള്ള പ്രവേശനവും സാധനങ്ങൾ ലഭിക്കുന്നത് തടഞ്ഞുമുള്ള നിരോധനം വീടിന്‍റെ അവസ്ഥയെ വല്ലാതാക്കിയിരുന്നു. ദുരിതം നിറഞ്ഞ അക്കാലത്ത് വീട്ടുകാർക്കും വിശന്നുവലഞ്ഞ് എത്തിയിരുന്ന ഒളിവിലെ സഖാക്കൾക്കും ഭക്ഷണം ഒരുക്കിയതിന് പിന്നിൽ അമ്മിണി എന്ന 12 വയസുകാരിയുടെ കരുത്തായിരുന്നു നിറഞ്ഞുനിന്നത്. പറമ്പിൽ വീഴുന്ന നാളീകേരം കുട്ടയിലാക്കി കിലോമീറ്ററുകൾ ചുമന്നുകൊണ്ടുപോയി വിറ്റാണ് ഇൗ പെൺകുട്ടി വീട്ടുസാധനങ്ങൾ എത്തിച്ചിരുന്നത്. അമ്മാവന്മാരെല്ലാം ഒളിവിൽ. മാതൃസഹോദരി സുഭദ്രാമ്മ തങ്കച്ചി ജയിലിൽ. പൊലീസിന്‍റെ നിരന്തരമുള്ള വീട് പരിശോധന. ജന്മിമാരുടെയും കൂട്ടാളികളുയെും വിലക്ക്, ഇതെല്ലാം അതിജീവിച്ച് വളർന്ന അനുഭവകരുത്താണ് അമ്മിണിയമ്മയിലെ കമ്മ്യൂണിസ്റ്റിനെയും വളർത്തിയത്.

ശൂരനാട് സംഭവത്തിൽ ഒളിവിലായിരുന്ന ഭാസിയും അമ്മിണിയമ്മയും തമ്മിലുള്ള വിവാഹം അർധരാത്രിയിലായിരുന്നു. ചടങ്ങ് കഴിഞ്ഞുടൻ ഭാസി വീണ്ടും ഒളിവിലേക്ക് തന്നെ പോയി. ഏതപകടവും ഏതവസരത്തിലും സംഭവിക്കാവുന്ന ഒരാളാണ് എന്ന ബോധ്യത്തോടെ തന്നെയായിരുന്നു വിവാഹത്തിന് സമ്മതം മൂളിയതെന്നാണ് അമ്മിണിയമ്മ പറഞ്ഞിരുന്നത്. എനിക്ക് എന്ത് വന്നാലും, ഞാൻ നശിച്ചാലും, എന്നെ വിവാഹം കഴിക്കണമെന്ന ഒരാശ ഉണ്ടെങ്കിൽ സാധിച്ചുകൊള്ളട്ടെ എന്ന് കരുതിയിരുന്നതായും ഇവർ പറയാറുണ്ടായിരുന്നു.

1992ൽ ഭാസിയുടെ മരണത്തോടെ നിരാശയുടെ ലോകത്തായിരുന്നു. മൂന്ന് വർഷം മുമ്പ് പെരുന്തച്ചൻ സിനിമയുടെ സംവിധാകയൻ എന്ന നിലയിൽ പ്രശസ്തനായിരുന്ന മകൻ അജയന്‍റെ വിയോഗവും ഇവരെ വല്ലാതെ തളർത്തിയിരുന്നു. മറ്റൊരു മകൻ രാജനും നേരത്തെ കാലയവനികക്കുള്ളിൽ മറഞ്ഞു. ഇതിന്‍റെ നൊമ്പരങ്ങളെ വിപ്ലവത്തിന്‍റെ കനലെരിയുന്ന മാനസിക കരുത്തിലൂടെയാണ് അമ്മിണിയമ്മ നേരിട്ടിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thoppil BhasiAmminiyamma
Next Story