തൃക്കാക്കരയപ്പന് പെരുമയിൽ കൊടകര; വിശ്രമമില്ലാതെ പരമ്പരാഗത തൊഴിലാളി കുടുംബങ്ങള്‍
text_fieldsകൊടകര: തിരുവോണത്തെ വരവേല്‍ക്കാന്‍ മുറ്റം അലങ്കരിക്കാനുള്ള തൃക്കാക്കരയപ്പന് നിര്‍മാണത്തില്‍ സജീവമാണ് കൊടകര കുംഭാരത്തറയിലെ കുടുംബങ്ങള്‍. പരമ്പരാഗതമായി മണ്‍പാത്ര നിര്‍മാണം നടത്തുന്ന പതിനഞ്ചോളം കുടുംബങ്ങളിലാണ് തൃക്കാക്കരയപ്പന് നിര്‍മാണം നടക്കുന്നത്.
തിരുവോണ പുലര്‍ച്ചെ വീടുകളില്‍ പ്രതിഷ്ഠിക്കാനുള്ള തൃക്കാക്കരയപ്പന് നിര്‍മാണം ജില്ലയുടെ പലഭാഗങ്ങളിലും നടക്കുന്നുണ്ടെങ്കിലും കൊടകരയില്‍ മെനഞ്ഞെടുക്കുന്നവക്ക് ആവശ്യക്കാര്‍ കൂടുതലാണ്. കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള മാളുകളിലേക്കടക്കം ഇവിടെ നിന്നുള്ള തൃക്കാക്കരയപ്പന് കൊണ്ടുപോകുന്നുണ്ട്. ഇക്കാര്യത്തില്‍ ദേശീയപാതയുടെ സാമീപ്യവും ഇവര്‍ക്ക് അനുഗ്രഹമാണ്.
കര്‍ക്കടകം പിറക്കുന്നതുതൊട്ടുതന്നെ കൊടകരയിലെ കുംഭാര സമുദായക്കാരുടെ കുടുംബങ്ങളില്‍ തൃക്കാക്കരയപ്പന് നിര്‍മാണം തുടങ്ങും. ഓരോ വീടുകളിലും തൃക്കാക്കരയപ്പന്റെ നൂറുകണക്കിനു കളിമണ്‍രൂപങ്ങളാണ് ഉണ്ടാക്കുന്നത്. പാടങ്ങളില്‍നിന്ന് കളിമണ്ണ് ലഭ്യമാവാതെ വന്നതോടെ ഓട്ടുകമ്പനികളില്നിന്ന് അരച്ചെടുത്ത കളിമണ്ണ് വാങ്ങികൊണ്ടുവന്നാണ് ഇവയുടെ നിര്‍മാണം. പല വലുപ്പത്തില്‍ തൃക്കാക്കരയപ്പനെ മെനഞ്ഞടുക്കുന്നുണ്ടെങ്കിലും ഏഴു മുതല്‍ 13 ഇഞ്ച് വരെ ഉയരമുള്ളവക്കാണ് കൂടുതല്‍ ഡിമാന്‍ഡ്.
ഓണത്തിന് ഒരുമാസം മുമ്പേ കച്ചവടക്കാരെത്തി ഓര്‍ഡര്‍ നല്‍കുന്നതനുസരിച്ചാണ് ഇവിടത്തെ കുടുംബങ്ങള്‍ തൃക്കാക്കരയപ്പന് പണിതീര്‍ക്കുന്നത്. വലുപ്പത്തിനനുസരിച്ച് 80 രൂപ മുതല്‍ 250 രൂപ വരെ വിലയിട്ടാണ് വില്പന. മുന്‍കാലങ്ങളില്‍ നന്ന് വ്യത്യസ്തമായി വിവിധതരത്തിലുള്ള ഡിസൈനുകള്‍ നല്‍കിയാണ് തൃക്കാരയപ്പന് നിര്‍മിക്കുന്നത്. ഇത്തരത്തില്‍ അലങ്കാരങ്ങലോടുകൂടി തൃക്കാക്കരയപ്പന് നിര്‍മിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെങ്കിലും അധ്വാനത്തിന് അനുസരിച്ചുള്ള പ്രതിഫലം ലഭിക്കുന്നില്ലെന്നാണ് ഈ തൊഴില്‍ ചെയ്യുന്നവരുടെ പരാതി.
യന്ത്രത്തില്‍ അരച്ചെടുത്ത കളിമണ്ണുപയോഗിച്ച് തൃക്കാക്കരയപ്പന്റെ രൂപം മെനഞ്ഞെടുക്കാന്‍ മിനിറ്റുകള്‍ മതിയെങ്കിലും ഇവക്ക് ഡിസൈന്‍ നല്കി ഉണക്കി ചായം തേച്ച് തയാറാക്കിയെടുക്കാന്‍ കൂടുതല്‍ സമയം വേണം. വെയിലത്ത് ഉണക്കിയാല്‍ എളുപ്പം പൊട്ടിപോകുമെന്നതിനാല് തണലിലാണ് ഇവ ഉണക്കിയെടുക്കുന്നത്. ഓരോ വര്‍ഷം കഴിയുന്തോറും ഗുണനിലവാരമില്ലാത്ത കളിമണ്ണാണ് ഓട്ടുകമ്പനികളില്നിന്ന് വാങ്ങാന്‍ കിട്ടുന്നതെന്ന് ഇവര്‍ പറയുന്നു. നിര്‍മാണത്തിനാവശ്യമായ കളിമണ്ണിനും പെയിന്റിനും വിലകൂടുന്നതിനനുസരിച്ച് ഉല്പന്നത്തിന് വിലകിട്ടുന്നില്ല എന്ന സങ്കടവും തൃക്കാരയപ്പന് നിര്‍മാണം നടത്തുന്നവര്‍ പങ്കുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.