തെക്കേ ഗോപുരവാതിൽ ഇന്ന് തുറക്കും, തൃശൂർ പൂരത്തിലേക്ക്
text_fieldsതൃശൂരുകാർക്ക് പൂരം ബുധനാഴ്ച സാമ്പ്ൾ വെടിക്കെട്ടോടെ തുടങ്ങി. വെള്ളിയാഴ്ച രാവിലെ മുതൽ ശനിയാഴ്ച ഉച്ച വരെയുള്ള 30 മണിക്കൂറിലാണ് കലണ്ടർ പ്രകാരം തൃശൂർ പൂരം. സാമ്പിളിൽനിന്ന് പ്രധാന വെടിക്കെട്ടിന്റെ ലക്ഷണമറിയാൻ സ്വരാജ് റൗണ്ടിനു ചുറ്റും തടിച്ചുകൂടിയവർ വ്യാഴാഴ്ച രാവിലെ വടക്കുന്നാഥന്റെ തെക്കേ ഗോപുരവാതിലിന് പുറത്ത് ഉദ്വേഗത്തോടെ കാത്തുനിൽക്കും; അപൂർവമായി മാത്രം തുറക്കുന്ന ഗോപുരവാതിൽ കടന്ന് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി കൊമ്പൻ എറണാകുളം ശിവകുമാർ പുറത്തേക്ക് എഴുന്നള്ളുന്നത് കാണാൻ. അത് തൃശൂരുകാർക്ക് മറ്റൊരു പൂരാനുഭൂതിയാണ്.
പകൽച്ചൂടിനെ അവഗണിച്ച് അവർ കാത്തുനിൽക്കുന്ന തെക്കേ ഗോപുരച്ചെരിവ് വെള്ളിയാഴ്ച സന്ധ്യ മയങ്ങുന്നതോടെ കുടമാറ്റത്തിന്റെ വർണക്കാഴ്ചകളിൽ മയങ്ങാനുള്ളതാണ്. അവിടെ പൂരാസ്വാദകരുടെ പ്രളയമായിരിക്കും. പുലർച്ചെ വടക്കുന്നാഥനെ വണങ്ങിയിറങ്ങാൻ എത്തുന്ന കണിമംഗലം ശാസ്താവ് മുതലുള്ള ദേവതകൾ നഗരത്തെ പ്രത്യേക അനുഭൂതിയിലാഴ്ത്തും.
തിരുവമ്പാടിയിൽനിന്ന് പുറപ്പെട്ട് മഠത്തിലേക്കുള്ള വരവും ഇറക്കി പൂജ കഴിഞ്ഞ് മഠത്തിൽനിന്നുള്ള വരവും പാറമേക്കാവിൽനിന്ന് പുറപ്പെട്ട് വടക്കുന്നാഥന്റെ മതിലകത്തെ ഇലഞ്ഞിത്തറയോരത്ത് പെയ്യുന്ന മേളമഴയും കഴിഞ്ഞ് പുലരാറാവുമ്പോൾ ദിഗന്തം വിറപ്പിക്കുന്ന വെടിക്കെട്ട് നടക്കും. ശേഷം പകൽ വടക്കുന്നാഥന്റെ ശ്രീമൂലസ്ഥാനത്ത് പല കാലങ്ങൾ താണ്ടുന്ന മേളവും ചെറിയ കുടമാറ്റവും ദേവതകളുടെ ഉപചാരംചൊല്ലലും മറ്റൊരു സാമ്പ്ൾ വെടിക്കെട്ടുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.