35,000 കത്തുകൾ; ആകാശവാണിയാണ്, ആചാരി തിരുവത്രയുടെ ആനന്ദം
text_fieldsചാവക്കാട്: ആചാരി തിരുവത്ര. എഴുത്തിന്റെയും വായനയുടെയും വഴിയിലൂടെ സഞ്ചരിച്ച, റേഡിയോ ഇടനെഞ്ചിനൊപ്പം ചേർത്ത മലയാളിക്ക് സുപരിചിതമായ നാമം. കഥാകൃത്ത്, കവി, നിരൂപകൻ എന്നീ നിലകളിലെല്ലാം ആചാരി തിരുവത്ര എന്ന മോഹൻദാസ് ആചാരിയുടെ കൈയൊപ്പുണ്ട്. ഇതിനെല്ലാമുപരി 40 വർഷമായി റേഡിയോ ശ്രോതാക്കൾക്ക് സുപരിചിതമായ നാമമാണ് ആചാരിയുടേത്.
റേഡിയോ പംക്തികളായ ‘നിങ്ങളുടെ കത്തു’കളിലും, ‘എഴുത്തുപെട്ടി’യിലും അദ്ദേഹത്തിന്റെ പേര് നിരന്തരം കേൾക്കാം. ഇത്രയും വർഷം കൊണ്ട് ആചാരി തിരുവത്ര ആകാശവാണിയിലേക്ക് അയച്ച കത്തുകളുടെ എണ്ണം കേട്ടാൽ അതിശയിക്കുകയേ തരമുള്ളൂ. 35000 കത്തുകൾ താൻ ഇതിനകം ആകാശവാണിയുടെ വിവിധ ശാഖകളിലേക്ക് അയച്ചിട്ടുണ്ടെന്ന് ആചാരി പറയുന്നു.
സത്യസന്ധമായും നിഷ്പക്ഷമായും എഴുതുന്ന കത്തുകൾക്ക് എക്കാലവും ആകാശവാണി പ്രോത്സാഹനം തരുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. 13ാം വയസ്സ് മുതലാണ് റേഡിയോ കേൾക്കാൻ തുടങ്ങിയത്. ആകാശവാണിയുടെ തൃശൂർ, തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, മഞ്ചേരി, കണ്ണൂർ, ദേവികുളം, കൊച്ചി നിലയങ്ങളുമായി നല്ല ബന്ധമാണ് പുലർത്തുന്നത്.
ആകാശവാണി നിലയങ്ങളുടെ എല്ലാ പരിപാടികളും സ്ഥിരമായി കേൾക്കുന്ന അദ്ദേഹത്തിന് റേഡിയോ കൂടാതെയുള്ള സമയം വളരെ അപൂർവമാണ്. പല പരിപാടികളിലും പങ്കെടുത്തിട്ടുമുണ്ട് ഈ 65കാരൻ. സന്തതസഹചാരിയായി ഒരു പോക്കറ്റ് റേഡിയോ കരുതുന്നത് ഒരു ശീലമാണ്. ചാവക്കാട് തിരുവത്ര കുഞ്ചേരിയിൽ ഉഷ നന്ദിനിയാണ് ഭാര്യ. മകൾ അർച്ചന ദാസ് ഹോമിയോ മെഡിക്കൽ വിദ്യാർഥിനിയാണ്. അഖില കേരള റേഡിയോ ലിസണേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയന്റ് സെക്രട്ടറി കൂടിയാണ് ആചാരി തിരുവത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.