കാർഷിക സംസ്കൃതിയുടെ വെള്ളരി നാടകം; അണിയറ പ്രവർത്തകർക്കൊപ്പം കാഴ്ചക്കാരും നാടകത്തിെൻറ ഭാഗമായി
text_fieldsമുക്കം: കൃഷിയും ഉത്സവവും വെടിക്കെട്ടുമെല്ലാം പശ്ചാത്തലമാക്കിയ വിത്തും കൈക്കോട്ടും നാടകത്തിന് മാമ്പറ്റയിൽ തുടക്കമായി. ജൈവ പച്ചക്കറി കൃഷിയും മൺതിട്ടകൊണ്ട് സ്റ്റേജും നിർമിച്ച് വെള്ളരിപ്പാടം തിയറ്റേഴ്സാണ് നാടകം അവതരിപ്പിക്കുന്നത്. ജില്ലയിൽ ആദ്യമായെത്തുന്ന വെള്ളരി നാടകം കാണാനായി നിരവധിപേരാണ് എത്തിയിരുന്നത്. കാഴ്ചക്കാരും അണിയറ പ്രവർത്തകർക്കൊപ്പം നാടകത്തിലെ കഥാപാത്രങ്ങളായത് വേറിട്ട അനുഭവമായി.
കാർഷിക മേഖലയിലെ പ്രശ്നങ്ങളും പ്രതിസന്ധികളും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് നാടകം ചർച്ച ചെയ്തത്. പഴയകാലത്തെ കൃഷിയിടങ്ങളെ ഓർമിപ്പിക്കുംവിധം നാട്ടുരാജാവ് നാടകം കളിക്കാൻ അനുമതി നൽകിയതോടെ നാടകത്തിന് തുടക്കമായി. രത്നവ്യാപാരിയുടെ വിലപിടിപ്പുള്ള രത്നമാല കുരങ്ങൻ മോഷ്ടിക്കുന്നതും കുരങ്ങനെ പിടിച്ചുകെട്ടി രാജാവിന് മുന്നിൽ ഹാജരാക്കുന്നതുമെല്ലാം ഏറെ തന്മയത്വത്തോടെയാണ് അവതരിപ്പിച്ചത്.
മോഷ്ടിക്കാനുണ്ടായ കാരണം കുരങ്ങൻ വിശദീകരിച്ചപ്പോൾ രത്നവ്യാപാരിയെ നാട്ടുകാർ കൂവിവിടുകയായിരുന്നു. മുക്കാലിയിൽ കെട്ടി അടിക്കുന്നതും മണ്ണിൽ കുഴിച്ചുമൂടിയുള്ള ശിക്ഷയുമെല്ലാം പ്രകൃതിയോടും കാർഷിക വൃത്തിയോടും ചെയ്യുന്ന പാതകങ്ങൾക്കെതിരെയുള്ള മുന്നറിയിപ്പായി.
ഒരു വിത്തെങ്കിലും വിതക്കണമെന്ന ചിന്ത ഓരോരുത്തരുടെയും മനസ്സിൽ ബാക്കിയാക്കിയാണ് നാടകം അവസാനിക്കുന്നത്. കേരളത്തിൽ മുമ്പ് സജീവമായിരുന്ന വെള്ളരിനാടകം വർഷങ്ങൾക്കിപ്പുറം തനത് രൂപത്തിൽ അവതരിപ്പിക്കുന്നത് ഇതാദ്യമാണ്.
മുക്കം മാമ്പറ്റയിൽ ചാലിയാർ അബ്ദുവിന്റെ ഉടമസ്ഥതയിലുള്ള 1.2 ഏക്കർ സ്ഥലത്താണ് നാടകത്തിന്റെ പശ്ചാത്തലമായുള്ള പച്ചക്കറി കൃഷിയും മൺതിട്ട കൊണ്ടുള്ള സ്റ്റേജും ഒരുക്കിയത്. 200 രൂപയാണ് പ്രവേശന ഫീസ്. ലിന്റോ ജോസഫ് എം.എൽ.എ നാടകം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.ടി. ബാബു അധ്യക്ഷതവഹിച്ചു. ഡോ. ജയിംസ് പോൾ, സലാം കാരമൂല, പാറമ്മൽ അഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.