ആ കൈനീട്ടം ഗമയോടെ സൂക്ഷിച്ചുവെക്കുമായിരുന്നു
text_fieldsകുഞ്ഞുനാൾ മുതലേ എന്നെ സംബന്ധിച്ചിടത്തോളം വിഷു വലിയ ആഘോഷം ഒന്നുമായിരുന്നില്ല. സാധാരണ ദിവസത്തേക്കാൾ ഒരൽപം സന്തോഷവും പ്രത്യേകതയും നിറഞ്ഞ ദിവസമാണെന്നു മാത്രം. അതുകൊണ്ടുതന്നെ വിഷുവിനെ കുറിച്ചോർക്കുമ്പോൾ എത്ര ആലോചിച്ചാലും അവിസ്മരണീയമോ അനർഘമോ ആയ നിമിഷങ്ങളോ ഓർമകളോ ഒന്നും ഉള്ളിൽ തെളിയില്ല.
ചെറുപ്പത്തിലെ വിഷുക്കാലത്തിന്റെ ആകെയുള്ള പ്രത്യേകത അമ്മയും അമ്മൂമ്മയും പറയുന്നതനുസരിച്ച് രാവിലെ തന്നെ കുളിച്ച് കോവിലിൽ പോവുന്നതാണ്. അവിടെ വരുന്ന പ്രമാണിമാരിൽ ചിലർ ഞങ്ങൾ കുട്ടികൾക്ക് ചെറിയ തോതിൽ വിഷുക്കൈനീട്ടം നൽകും. അന്നത്തെ ഏറ്റവും മൂല്യംകുറഞ്ഞ നാണയങ്ങളായിരിക്കും അവ. അത് രണ്ടു ദിവസം വലിയ ഗമയോടും അഭിമാനത്തോടും സൂക്ഷിച്ച് കൊണ്ടുനടക്കും. പിന്നെ അമ്മയെ ഏൽപിക്കും. വീട്ടിലെ സാഹചര്യങ്ങൾ മാത്രമല്ല, ആ പണം എങ്ങനെ ചെലവഴിക്കണമെന്ന നിശ്ചയമില്ലാത്തതും ഇതിനു കാരണമായിരുന്നു.
വിഷുക്കണി കാണുന്നതും സദ്യയുമെല്ലാം ഞങ്ങളെ സംബന്ധിച്ചിടത്തോളം ആഡംബരം തന്നെയായിരുന്നു. ഇത്തരം പരിപാടികളൊക്കെ കാണുന്നതോ സിനിമയിലൊക്കെ മാത്രം. ജോലിത്തിരക്കുകൾക്കിടയിലും മുതിർന്നപ്പോഴും വിഷു ആഘോഷത്തിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഒരു സമൃദ്ധിയുടെ ദിനം എന്നതിനപ്പുറത്തേക്ക് വലിയ പ്രാധാന്യം നൽകിയിട്ടുമില്ല. വീട്ടുകാരുടെ സ്ഥിതിയും അങ്ങനെതന്നെ. ഇടക്ക് സിനിമാ സെറ്റിൽ വിഷുദിനം വന്നാൽ, കൂടെയുള്ളവർ അങ്ങോട്ടുമിങ്ങോട്ടും വിഷുക്കൈനീട്ടം നൽകും.
വ്യക്തിപരമായി അത്ര ആഘോഷമില്ലെങ്കിലും വിഷു ഒരു നിറക്കാഴ്ചയുടെ വസന്തവും നന്മയുമാണ് പകരുന്നതെന്നാണ് എന്റെ കാഴ്ചപ്പാട്. ആ നിറക്കാഴ്ചയിലേക്ക് കൺതുറക്കുന്ന എല്ലാ മലയാളികൾക്കും ഹൃദ്യമായ വിഷു ആശംസകൾ.
തയാറാക്കിയത്: നഹീമ പൂന്തോട്ടത്തിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.