വിഷുക്കാല മാറ്റങ്ങളും കാലമറിയാത്ത കൃഷി വകുപ്പും
text_fieldsഗതകാല കാർഷിക സംസ്കൃതിയുടെ അടയാളം, വിളവെടുപ്പുത്സവം, ഐശ്വര്യത്തിന്റെ, സമൃദ്ധിയുടെ വിളംബരം എന്നെല്ലാം വിശേഷിപ്പിക്കുമ്പോഴും വിഷു അടിസ്ഥാനപരമായി ഒരു ഹൈന്ദവ ആഘോഷമാണ്. എന്നാൽ, ആ ഉത്സവം രാജ്യത്തെ വിവിധ ദേശങ്ങളിൽ വൈശാഖി, ബിഹു, പുത്താണ്ടു, പൊഹേലാ ബൊയ്ഷാഖ് എന്നിങ്ങനെ പല പേരുകളിലായി ആചരിക്കപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്. ഐതിഹ്യങ്ങൾക്കപ്പുറം ജ്യോതിശാസ്ത്രപരമായ പ്രാധാന്യം ആ ദിവസത്തിന് ഉണ്ടായിരുന്നതുകൊണ്ടാകാം ഈ ദേശകാല വ്യത്യാസം ഇല്ലായ്മ.
ഭാരതീയ ജ്യോതിശാസ്ത്രജ്ഞരായിരുന്ന ആര്യഭടൻ, വരാഹമിഹിരൻ തുടങ്ങിയവരുടെ കാലത്ത്, ക്രിസ്തുവർഷം അഞ്ചാം നൂറ്റാണ്ടിൽ, രാപ്പകലുകൾ ഏകദേശം തുല്യമാകുന്ന, സൂര്യൻ ഭൂമധ്യരേഖക്കു മുകളിൽ വരുന്ന മഹാവിഷുവം ഏപ്രിൽ 14, 15 ദിവസങ്ങളിലായിരുന്നു. അക്കാലത്ത് കൊല്ലവർഷം ആരംഭിച്ചിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ അന്ന് മേടം ഒന്ന് ആകുമായിരുന്നു. സൂര്യൻ മീനം രാശിയിൽനിന്ന് മേടം രാശിയിലേക്കു കടക്കുന്ന മേടസംക്രമ ദിവസവുമാണത്. അങ്ങനെ സവിശേഷതകളുള്ള ഒരു ദിവസത്തെ മതം ഐതിഹ്യങ്ങളുടെ പരിവേഷങ്ങൾക്കൊപ്പം ചേർത്തുവെച്ചതാകാനും സാധ്യതയുണ്ട്. വിഷുവുമായി ബന്ധപ്പെടുത്തിയിരിക്കുന്ന കൃഷ്ണസങ്കൽപം ശക്തിപ്രാപിച്ചത് ക്രിസ്തുവിനുശേഷം അഞ്ചാം നൂറ്റാണ്ടോടെയാണെന്ന് വിഖ്യാത ചരിത്രകാരൻ ഡി.ഡി. കൊസാംബി നിരീക്ഷിച്ചിട്ടുണ്ട്.
മാറിയ വിഷുക്കാലം
ഐശ്വര്യത്തിന്റെ പൊൻകണിയാകേണ്ട വിഷു ഇത്തവണ കേരളത്തിലെ കൃഷിക്കാരന്റെ കണ്ണുതുറപ്പിക്കുന്നത് വെള്ളത്തിൽ മുങ്ങിയ വിളഞ്ഞ നെല്ലിന്റെയും ഒടിഞ്ഞുതൂങ്ങിയ കുലവാഴകളുടെയും കാഴ്ചയിലേക്കാണ്. കാലംതെറ്റിയ മഴ തിമിർക്കുന്നു. വിളകളെ നിലംപരിശാക്കി ചെറുകൊടുങ്കാറ്റുകൾ തുടരെ വീശുന്നു.
സത്യത്തിൽ, വിഷു അഥവാ വിഷുവംതന്നെ കാലംതെറ്റി നിൽക്കുകയാണ്. ഇക്കൊല്ലം മാർച്ച് 20നായിരുന്നു സൂര്യൻ ഭൂമധ്യരേഖക്കു മുകളിൽ വരുന്ന രാപ്പകലുകൾ ഏകദേശം തുല്യമാകുന്ന ദിവസം. അഥവാ യഥാർഥ മഹാവിഷുവം ( കൊച്ചിയിലെ ഉദയാസ്തമന സമയപ്രകാരം കേരളത്തിൽ രാപ്പകലുകൾ തുല്യമായി വന്ന ദിവസം മാർച്ച് 8 ആണ്). അല്ലാതെ കൊല്ലവർഷ കലണ്ടർ അനുസരിച്ച് നമ്മൾ വിഷു ആഘോഷിക്കുന്ന ഏപ്രിൽ 15ന് അല്ല.
ഇക്കൊല്ലം വിഷു ആഘോഷിക്കുന്നത് മേടസംക്രമദിവസമായ മേടം ഒന്നിനല്ല. രണ്ടാം തീയതിയാണ്. മേടസംക്രമം നടക്കുന്നത് ഉദയത്തിനുമുമ്പാണെങ്കിൽ അന്നാണ് വിഷു. ഉദയത്തിനുശേഷമാണെങ്കിൽ വിഷു പിറ്റേന്നാകും എന്ന അടിസ്ഥാനത്തിൽ. മേടം രാശിയിൽ ഉദിച്ചുയരുന്ന സൂര്യനെയാണ് കണികാണേണ്ടത് എന്നുമുണ്ട്.
യഥാർഥ വിഷുവും നമ്മൾ ആഘോഷിക്കുന്ന വിഷുവും തമ്മിൽ 37 ദിവസത്തെ വ്യത്യാസമുണ്ട്. വിശ്വാസാചാരാനുഷ്ഠാനങ്ങൾക്ക് അത് വിഷയമല്ലെങ്കിലും കൃഷിക്കാര്യം വരുമ്പോൾ ഇതിന് വലിയ പ്രാധാന്യമുണ്ട്. നമ്മുടെ കൃഷിക്കാര്യങ്ങൾ, വിത്ത് വിതക്കുന്നതും വാഴ നടുന്നതും മറ്റു വിളകൾ പാകുന്നതുമെല്ലാം മലയാള മാസങ്ങളെ ആധാരമാക്കിയാണ്. കലണ്ടറും പഞ്ചാംഗവും നോക്കി ഇതിനെല്ലാം നല്ല നക്ഷത്രങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യും. എന്നാൽ, നിശ്ചലമായി നിൽക്കുന്ന ആ കാലഗണന കൃഷിക്കാരന് ദോഷമായിത്തീർന്നിരിക്കുന്നു. മഴപെയ്യേണ്ട മാസങ്ങളിൽ വരൾച്ചയും വേനലിൽ കൊടുംമഴയും നേരിടേണ്ട അവസ്ഥ. ഇടവപ്പാതി പിഴച്ചു, തുലാവർഷം ചതിച്ചു എന്നിങ്ങനെ. ഫലം ഒന്നുകിൽ വിളകൾ മുളയിലേ കരിഞ്ഞുണങ്ങുന്നു. അല്ലെങ്കിൽ വിളവെടുപ്പിനു തൊട്ടുമുമ്പ് കാറ്റിലും മഴയിലും നശിച്ചൊടുങ്ങുന്നു. സൂര്യന്റെ ചംക്രമണത്തിലും അയനങ്ങളിലും വന്ന വ്യത്യാസം അടിസ്ഥാനമാക്കി മലയാളിയുടെ കാർഷിക കലണ്ടർ തിരുത്തി ക്രമീകരിക്കേണ്ടിയിരിക്കുന്നു.
മേൽപറഞ്ഞ 37 ദിവസത്തെ വ്യത്യാസം കണക്കാക്കിയാൽ ഇന്ന് കുട്ടനാട്ടിലെ മഹാഭൂരിപക്ഷം പാടശേഖരങ്ങളിലെയും കൊയ്യാറായ നെല്ല് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ദുർഗതി ഉണ്ടാകില്ലായിരുന്നു.
വിഷു ആഘോഷിക്കാൻ കൃഷി വകുപ്പ് എന്തിന്
വിഷു ആഘോഷമാക്കുന്നത് കൃഷി വകുപ്പിന്റെ ഒരാചാരമാണ്. പക്ഷേ, മാറ്റം സംഭവിച്ച ഒരു കാലഗണന സമ്പ്രദായം അനുസരിച്ച് കർഷകരെ കൃഷിയിറക്കാൻ വിടുന്ന ഒരു വകുപ്പിന്റെ കാര്യക്ഷമത തീർച്ചയായും ചോദ്യംചെയ്യപ്പെടേണ്ടതാണ്. കൃഷിനാശത്തിന് കാലാവസ്ഥ വ്യതിയാനത്തെ മാത്രം കുറ്റം പറഞ്ഞിട്ടെന്തു കാര്യം. സാങ്കേതികമായി നവീകരിക്കപ്പെടാൻ മടികാണിക്കുന്ന വകുപ്പാണത്.
ഒരുദാഹരണം പറയാം: കുലച്ചതും വിളയാറായതുമായ നൂറുകണക്കിന് വാഴകൾ കാറ്റിൽ ഒടിഞ്ഞുകിടക്കുന്ന ദയനീയ കാഴ്ചയുടെ ചിത്രങ്ങളാണ് സമീപ ദിവസങ്ങളിലെല്ലാം വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ, വാഴകൾ ഇങ്ങനെ കൂട്ടത്തോടെ ഒടിഞ്ഞുവീഴുന്നത് തടയുന്ന സംവിധാനത്തിന് മലയാളി ഗവേഷകർക്ക് പേറ്റന്റ് കിട്ടിയിട്ടുണ്ട്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗത്തിലെ അസോസിയേറ്റ് പ്രഫസർ ഡോ. സന്തോഷ് കുമാർ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വിഭാഗം മുന്‍ മേധാവിയും പ്രഫസറുമായ ഡോ. ബി. കണ്ണൻ, കൊച്ചിൻ യൂനിവേഴ്സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ് കുട്ടനാടിലെ മുന്‍ പ്രിന്‍സിപ്പലും സിവിൽ എൻജിനീയറിങ് വിഭാഗം മേധാവിയുമായ പ്രഫ. ഡോ. എന്‍. സുനില്‍കുമാർ എന്നിവർ ചേർന്ന് വികസിപ്പിച്ച സംവിധാനമാണത്.
പ്രകൃതിയില്‍തന്നെ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചാണ് ഇതിന്റെ നിർമാണം. പാഴ്വസ്തുക്കളില്‍നിന്ന് നിര്‍മിച്ച ഒരു കോളര്‍ ബെല്‍റ്റും വാഴപ്പോളയില്നിന്ന് ഉൽപാദിപ്പിക്കുന്ന ചരടുമാണ് പ്രധാന ഭാഗങ്ങള്‍. ഈ കോളര്‍ ബെല്‍റ്റ് വാഴകളുടെ വണ്ണത്തിനനുസരിച്ച് ക്രമീകരിക്കാനാകും. വിളകള്‍ തമ്മിലും നങ്കൂരത്തിലേക്കും വലിച്ചുകെട്ടാൻ വാഴപ്പോളയില്നിന്ന് ഉൽപാദിപ്പിക്കുന്ന ചരടുകളാണ് ഉപയോഗിക്കുന്നത്. മരങ്ങളുള്ള തോട്ടങ്ങളാണെങ്കില്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് നങ്കൂരം നിര്‍മിക്കേണ്ട കാര്യമില്ല. വലിയ മരങ്ങൾ മതിയാകും.
പലരും കാറ്റില്‍ ഒടിയാന്‍ സാധ്യതയുള്ള വാഴകളെ കയര്‍ ഉപയോഗിച്ച് മറ്റൊരു വാഴയിലേക്കാണ് കെട്ടുന്നത്. പുതിയ സംവിധാനം ആ പ്രദേശത്ത് വീശുന്ന കാറ്റിന്റെ വേഗം കണക്കാക്കി രൂപകൽപന ചെയ്യുന്നതിനാൽ കാറ്റുവീശുമ്പോള്‍ ഒരു വാഴക്കു മാത്രമായി കാറ്റ് മുഴുവന്‍ വന്നടിച്ച് വാഴകള്‍ ഒടിയുന്നത് തടയാന്‍ കഴിയും. അതേ തോട്ടത്തിലോ മറ്റൊരു തോട്ടത്തിലോ ഇത് പുനരുപയോഗിക്കാനാകുമെന്ന വലിയ സൗകര്യവുമുണ്ട്.
കുറച്ച് ചെലവുവരുന്ന ഈ നൂതനപദ്ധതി സർക്കാർ ഏറ്റെടുത്ത് കർഷകർക്കിടയിൽ പ്രചരിപ്പിക്കണമെന്നഭ്യർഥിച്ച് കൃഷി വകുപ്പിനെ സമീപിച്ചെങ്കിലും താൽപര്യപൂർവമുള്ള സമീപനം ഉണ്ടായില്ല. നോക്കാം എന്ന അലസ മറുപടി മാത്രം. ഏറ്റവും ഫലപ്രദമായ സംവിധാനം തദ്ദേശീയമായി ലഭ്യമായിട്ടും പ്രയോജനപ്പെടുത്താൻ ആകുന്നില്ലെങ്കിൽ കൃഷിമന്ത്രിയും വകുപ്പും വിഷു ആശംസ നേർന്നിട്ട് എന്തു പ്രയോജനം?
കൃഷിക്കാർ, സർക്കാർ, വ്യാപാരികൾ, മറ്റു കാർഷിക സഹകാരികൾ എന്നിവർ തമ്മിലെ ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനുള്ള നൂതന സംവിധാനവും ഡോ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചിട്ടുണ്ട്. ഇതും പേറ്റന്റ് സ്വന്തമാക്കിയ തനത് സംവിധാനമാണ്. അതും സർക്കാർ ധനസഹായമില്ലാതെ വികസിപ്പിച്ചത്. ഈ വിഷുവിന് കൃഷി വകുപ്പിന് കൃഷിക്കാർക്ക് നൽകാനുള്ള കൈനീട്ടം വിളനാശത്തിനുള്ള നഷ്ടപരിഹാരമാണ്. ഭാവിയിൽ അങ്ങനെ ആകാതിരിക്കണമെങ്കിൽ ചില കാര്യങ്ങൾ ചെയ്യുകതന്നെ വേണം.
സൗര കലണ്ടർ അഥവാ ഗ്രിഗോറിയൻ കലണ്ടർ അടിസ്ഥാനമാക്കി കാർഷിക കലണ്ടർ സമഗ്രമായി പുനഃക്രമീകരിക്കുക. കാലാവസ്ഥ വ്യതിയാനവും കണക്കിലെടുക്കണം. കൃത്യമായ കാലാവസ്ഥ മുന്നറിയിപ്പുകൾ കാലേക്കൂട്ടി ലഭ്യമാക്കുക. ആധുനിക സാങ്കേതികവിദ്യകൾ, പ്രത്യേകിച്ച് തദ്ദേശീയമായി ലഭ്യമായവ, ഉപയോഗിച്ച് കൃഷിനാശം തടയുക. വിവരസാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി കാർഷിക മേഖലയിലെ സഹകാരികൾ തമ്മിലെ നിരന്തര ആശയവിനിമയം ഉറപ്പാക്കുക തുടങ്ങിയവ.
അല്ലെങ്കിൽ മലയാള കർഷകന് വിഷു ഗതകാല സ്മരണകളിൽപോലും സന്തോഷം സമ്മാനിക്കാത്ത ഒന്നാകും. അത് സംഭവിച്ചുകൂടാ. കർഷകനും മനംനിറഞ്ഞ് പൊൻകണി കാണാനാകുന്ന വിഷുക്കാലങ്ങൾ വന്നേതീരൂ. നമ്മൾ വിചാരിച്ചാൽ വരുകതന്നെ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.