മഞ്ഞയുടുത്ത വിഷുക്കാലം
text_fieldsവീണ്ടും വിഷുക്കാലം വരുമ്പോൾ കൊന്നപ്പൂവിലെ സ്വർണവർണമായ് ഓർമകൾ തിളങ്ങുന്നു. വിഷുവെന്ന വാക്കിൽതന്നെയുണ്ട് കവിതയുള്ളവരുടെ മനസ്സിൽ കയറിയിരിക്കാനുള്ള ഇനിമയും ചാരുതയും. ആ രണ്ടക്ഷരം കത്തിച്ചുതന്ന പൂത്തിരികൾ ഇന്നുമുണ്ട് ഉള്ളിൽ അണയാത്തതായി. എല്ലാ ഉത്സവങ്ങളും കുട്ടികൾക്കു വേണ്ടി ഉണ്ടായതാണെന്നു തോന്നും അതിന്റെ ആഘോഷം കാണുമ്പോൾ. വിഷുവിന് കുട്ടിക്കാലവുമായി പ്രത്യേകിച്ചൊരടുപ്പമുണ്ട്. മുതിർന്നവരിൽ നിന്നു കിട്ടുന്ന കൈനീട്ടമോ കാർഷിക രൂപകങ്ങളിലേക്കുള്ള കൺതുറപ്പോ മാത്രമല്ല ഓലപ്പടക്കവും കമ്പിത്തിരിയും ആട്ടുചക്രവും തീർക്കുന്ന വെളിച്ചത്തിന്റെ, ശബ്ദങ്ങളുടെ പ്രകമ്പനങ്ങൾകൂടി അതിനെ കുട്ടിക്കാലത്തിന്റെ ഉത്സവമാക്കുന്നു.
ഇല്ലായ്മക്കിടയിലും വിഷുവിന്റെ സന്തോഷത്തിനു കുറവു വരുത്താത്ത കൂട്ടുകാരുടെ വീടിനു നടുവിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. ആഘോഷങ്ങളെല്ലാം ഏറക്കുറെ ഒരുമിച്ചായിരുന്നു ആസ്വദിച്ചിരുന്നത്. വിഷുവെന്നു കേൾക്കുമ്പോൾ ആദ്യമോർമയിൽ വരുന്നത് പടക്കങ്ങളും പൂത്തിരിയും തന്നെ. പെൺകുട്ടികൾ കല്യാണം കഴിഞ്ഞുപോയശേഷം വീട്ടിലേക്ക് വിഷുത്തലേന്ന് ഭർത്താവിനൊപ്പം വരുമ്പോൾ ഒരു കുട്ട നിറയെയുണ്ടാകും പടക്കങ്ങൾ. അല്ലെന്നാൽ അമ്മാവനോ ഏട്ടന്മാരോ കൊണ്ടുവരും. രാത്രിയെ പകലാക്കുന്ന വർണ വിസ്മയത്തിന്, നടുക്കുന്ന ശബ്ദത്തിമിർപ്പിന് എത്രവട്ടം സാക്ഷിയായിരിക്കുന്നു! അവർ സമ്മാനിച്ച മത്താപ്പൂ കത്തിച്ച് എത്ര സന്തോഷിച്ചിരുന്നു.
ചെറിയ പെരുന്നാളിന് അളിയങ്ക കൊണ്ടുവരുന്ന പൂത്തിരി കൂട്ടുകാർക്കും കൊടുത്തിരുന്നു. ഒരിക്കൽ കെട്ടെന്നു കരുതി കൈയിലെടുത്ത പടക്കം പൊട്ടി കൺപീലികൾ കരിഞ്ഞതും കണ്ണിനു പരിക്കേറ്റതും ഉപ്പാവ എന്നെയുമെടുത്ത് ആശുപത്രിയിലേക്കോടിയതും ഓർമയുണ്ട്.
സ്കൂൾ പൂട്ടിയശേഷമുള്ള കളിക്കാലത്തിന്റെ കൊടിയേറ്റാണ് വിഷുക്കാലം. കൊയ്ത്തു കഴിഞ്ഞ പാടത്ത് പന്തുകളിക്കാൻ വാലാത്തന്മാരുടെ ഒരു സംഘം തന്നെ കാണും. വെള്ളരിപ്പാടത്തെ കണിവെള്ളരിക്ക് മൂപ്പാകും. 'ചക്കയ്ക്കുപ്പുണ്ടോ' എന്നു വിഷുപ്പക്ഷി പാടുംവഴികളിലെല്ലാം സ്വർണ നാണയങ്ങൾ നീട്ടി കൊന്നമരങ്ങൾ ഒരുങ്ങിനിൽക്കും. കൊന്നമരം എന്റെ ഇഷ്ട മരമാണ്. വൈലോപ്പിള്ളിയെ വായിച്ചുവായിച്ച് ആ ഇഷ്ടം മുതിർന്നു. കൃത്യം വിഷുക്കാലമാകുമ്പോൾ കൊന്ന പൂവുടുത്ത് സുന്ദരിയാകും. പൂമാത്രമായിത്തീരുന്ന ആ മരത്തിന്റെ മഞ്ഞപ്പകിട്ടിൽ എത്ര നോക്കി നിന്നാലും മതിയാവുകയില്ല. വെയിലിനെ ഉരുക്കി സ്വർണമാക്കുന്ന വിദ്യ അതിനു ഹൃദിസ്ഥം. ഞാനതിൽ വേനലിനോടുള്ള സർഗാത്മക കലഹത്തെ വായിക്കുന്നു.
വിഷുക്കാലമല്ലേ കണിക്കൊന്നയല്ലേ
പൂക്കാതിരിക്കാ-
നെനിക്കാവതില്ലേ!
എന്ന് അയ്യപ്പപ്പണിക്കർ.
വിഷുവിനോടുള്ള എന്റെ മമതയിൽ വേനലിനോടുള്ള ഇഷ്ടവും കലർന്നിരിക്കുന്നു. മഴക്കാലത്തെ പച്ച യൂനിഫോമിട്ട പ്രകൃതിയേക്കാൾ പല നിറം കൊണ്ടതിജീവിക്കുന്ന മരങ്ങളെ വേനൽ കാട്ടിത്തരുന്നു. ഋതുസംക്രമണത്തിന്റെ ധന്യവേളകൂടിയാണത്.
കലയുടെ കൊലുസ് കിലുങ്ങുന്ന ഒച്ചയും വിഷു ഓർമ കേൾപ്പിക്കുന്നുണ്ട്. നരയംകുളത്തെ ഞങ്ങൾ കുട്ടികൾക്ക് ജവഹർ സഖ്യമായിരുന്നു കലയുടെ അരങ്ങും കളരിയും. പരീക്ഷയെല്ലാം കഴിഞ്ഞ് സഖ്യം വാർഷികാഘോഷത്തിനൊരുങ്ങുമ്പോൾ വിഷു സമാഗതമായിട്ടുണ്ടാകും. വിഷുത്തലേന്ന് കലയുടെ കേളികൊട്ടിൽ നാടുറങ്ങാതിരിക്കും. പേരാമ്പ്ര വയനാട് ടാക്കീസിൽ ഹിറ്റ് ചിത്രത്തിന്റെ റിലീസ് വിവരം ചെണ്ടകൊട്ടിയറിയിക്കുന്ന ദിവസം അടങ്ങാത്ത സന്തോഷമാണ്. വിഷുക്കാലം അങ്ങനെ സിനിമാക്കാലമായി ആഘോഷിക്കാൻ ഞങ്ങൾ തിടുക്കം കൂട്ടും.
രൂപകങ്ങൾ സമൃദ്ധമായ കവിതയെന്ന് ജീവിതത്തെ വിളിക്കാൻ തോന്നുന്നു. അനുഷ്ഠാനങ്ങളിൽനിന്ന് ഭക്തിയുടെ അംശം മാറ്റിയാലും ബാക്കി നിൽക്കുന്ന കാവ്യാംശത്തെ വിഷുവും ഉൾവഹിക്കുന്നു. അപ്പോൾ കണി കാണൽ, അന്നം തരുന്ന മണ്ണിനെ, വിശപ്പാറ്റുന്ന കായ്കനികളെ ബഹുമാനപുരസ്സരം അഭിവാദ്യം ചെയ്യലായി മാറുന്നു. ഭാവിക്കായുള്ള വിത്തിനെ ഉള്ളിൽ വഹിക്കുന്ന പുലർകാല സ്വപ്നമുണ്ടതിൽ.
ഉത്സവങ്ങൾ സാമുദായികമായ ഉള്ളടക്കം ഉള്ളവയാകാം. എന്നാലും അതിൽ നിന്നുദിക്കുന്ന വെളിച്ചത്തിന്റെ പരിധി അതിരുകൾക്കപ്പുറത്തേക്കും പ്രസരിക്കുന്നു. കൊന്നയുടെ മഞ്ഞയായി, മത്താപ്പൂവിന്റെ തിളക്കമായി, വിത്തും കൈക്കോട്ടും തിരയുന്ന വിഷുക്കിളിപ്പാട്ടായി വിഷുവും ഒന്നാണു നമ്മളെന്ന സ്വപ്നത്തെ ഗാഢമാക്കുന്നു. ആ വിധമുള്ള വെളിച്ചങ്ങൾ കൊണ്ടല്ലോ ഈ നാട് ഇന്നോളം അതിജീവിച്ച് പോന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.